കണ്ണൂർ:അഴീക്കോട് കാപ്പിലെപീടികയ്ക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്.സംഭവത്തിൽ കാപ്പിലെപീടിക സ്വദേശികളായ ലഗേഷ്(30),നിഖിൽ(23) എന്നിവർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.ഈ സംഭവത്തിന് പിന്നാലെ രാത്രി പതിനൊന്നരയോട് കൂടി പൂതപ്പാറയിൽ ബിജെപി ഓഫീസിനു നേരെയും അക്രമം നടന്നു. പൂതപ്പാറ സ്കൂളിന് സമീപത്തെ ബിജെപി ഓഫീസായ കെ.ടി ജയകൃഷ്ണനെ മാസ്റ്റർ സ്മാരകമാണ് അടിച്ചു തകർത്തത്.അക്രമങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ആക്രമണകാരികളായ നായയെ വളർത്തുന്നത് തടയാൻ സമഗ്ര നിയമനിർമാണ സാധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ആക്രമണകാരികളായ നായയെ വളർത്തുന്നത് തടയാൻ സമഗ്ര നിയമനിർമാണ സാധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി .വയനാട് വൈത്തിരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നായയുടെ കടിയേറ്റു മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നായ്ക്കളെ വളർത്തുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് എടുത്താൽ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴമാത്രമാണ് ശിക്ഷ.ഈ സാഹചര്യത്തിലാണ് നിയമ നിർമാണ സാധ്യതയെ കുറിച്ച് ആലോചിക്കുന്നത്.വയനാട്ടിൽ തൊഴിലുറപ്പ് തൊഴിലാളി വളർത്തുനായ്ക്കളുടെ കടിയേറ്റുമരിച്ച സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളർത്തുനായ്ക്കൾക്ക് നിയമപ്രകാരമുള്ള ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ വളർത്താൻ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്.
കെഎസ്ആർടിസി ഡ്രൈവറെ തെരുവുനായ്ക്കൾ കടിച്ചുകീറി
കായംകുളം:ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറെ തെരുവുനായ്ക്കൾ കടിച്ചു കീറി.കായംകുളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. ചെട്ടികുളങ്ങര പൊത്ത് വിളയിൽ മധുക്കുട്ടൻ (48 )നാണ് മാരകമായി കടിയേറ്റത്. കാൽ മുട്ടിന്‍റെ ഒരുഭാഗം നായ്ക്കൾ കടിച്ചുകീറി.മധുക്കുട്ടനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം-പുനലൂർ വേണാട് ബസ്സിലെ ഡ്രൈവറാണ് മധുക്കുട്ടൻ.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു
തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് തീരുമാനം.ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞ വർഷം എടുത്ത തീരുമാനം ഇത്തവണ കർശനമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ മാനേജ്മെന്റുകൾ.വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ല.ഇങ്ങനെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തും.തുടർന്ന് പ്രവർത്തിക്കുന്ന ഓരോ ദിവസവും 10000 രൂപ വീതവും പിഴയായി അടക്കണം.അതേസമയം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അംഗീകാരം നല്കാൻ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അധ്യയന വർഷം സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു.മൂന്നു ഏക്കർ സ്ഥലം,കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി 300 കുട്ടികൾ,സ്ഥിരം കെട്ടിടം,യോഗ്യതയുള്ള അദ്ധ്യാപകർ എന്നിവയാണ് മാനദണ്ഡങ്ങൾ.ഇതിൽ അപേക്ഷിച്ച 3400 സ്കൂളുകളിൽ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നൽകിയിരുന്നു.
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം;15 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റം.കൊല്ലം കടയ്ക്കൽ കൊട്ടുങ്ങലിൽ വെച്ച് ഇന്നലെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിച്ചു മടങ്ങവെയാണ് സംഭവം.ആർഎസ്എസ് പ്രവർത്തകരാണ് തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരത്തെ കുറിച്ച് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.വടയമ്പാടി സമരത്തിൽ ബിജെപി സ്വീകരിച്ച നിലപാടുകളെ പറ്റി കുരീപ്പുഴ ചടങ്ങിൽ സംസാരിച്ചിരുന്നു. ഒരുസംഘം ആളുകൾ അസഭ്യം പറയുകയും കാറിന്റെ ഡോർ ബലമായി പിടിച്ചു അടയ്ക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇട്ടിവ പഞ്ചായത്ത് മെമ്പറും ബിജെപി പ്രവർത്തകനുമായ ദീപുവും ഇതിൽ ഉൾപ്പെടുന്നു.കൊട്ടാരക്കര റൂറൽ എസ്പി ബി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തിൽ കർശന നടപടി എടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂരിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്
കണ്ണൂർ:കണ്ണൂരിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്.തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിലെ വിദ്യാർഥികളായ വൈഷ (6), വിഷ്ണു (7) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഒന്പതുമണിയോട് കൂടി അലവിൽ പുതിയാപറമ്പ് കള്ളുഷാപ്പിനു മുൻവശം വച്ചാണ് അപകടമുണ്ടായത്.പയ്യാമ്പലം ഉർസുലിൻ സ്കൂളിന്‍റെ ബസും തളാപ്പ് മിക്സഡ് യുപി സ്കൂളിലെ ബസുമാണ് അപകടത്തിൽപെട്ടത്.രണ്ട് ബസിലും നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറി.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
മട്ടന്നൂർ:മട്ടന്നൂർ കോടതിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയായിരുന്നു അപകടം. എസ്എഫ്ഐ തലശ്ശേരി ഏരിയ വൈസ് പ്രെസിഡന്റും ഡിവൈഎഫ്ഐ മുഴപ്പിലങ്ങാട് മേഖല കമ്മിറ്റി അംഗവുമായ കൂടക്കടവ് ചേറാലക്കണ്ടി താഹിറ മൻസിലിൽ പി.കെ ഹർഷാദ്(22),സഹയാത്രികൻ തലശ്ശേരി റോയൽ റോബ്‌സിലെ സെയിൽസ്മാൻ എം.എം റോഡിൽ നെങ്ങതാൻ ഹൗസിൽ കെ.എം മുഹമ്മദ് സഫ്‌വാൻ(21) എന്നിവരാണ് മരിച്ചത്.കൂരൻമുക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പുറപ്പെട്ടതാണ് ഇരുവരും.റോഡിൽ തെറിച്ചു വീണ ഇവരെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ എ കെ ജി സഹകരണാശുപത്രി മോർച്ചറിയിൽ.
മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി
ആഫ്രിക്ക:മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി. വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നിന്നാണ് എം.ടി മീരാൻ എന്ന കപ്പൽ കാണാതായിരിക്കുന്നത്.ജനുവരി 30 നാണ് ബെനിൻ സമുദ്രാതിർത്തിയിലേക്ക് കപ്പൽ പ്രവേശിച്ചത്.പിറ്റേദിവസം കപ്പൽ കാണാതാവുകയായിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത 52 കോടിയുടെ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്.കാസർകോഡ് ഉദുമ പേരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയുമായ ജീവനക്കാരനുമാണ് കാണാതായ കപ്പലിലുള്ള രണ്ട് മലയാളികൾ.കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തതാകാമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ് മാനേജ്‌മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും.ജീവനക്കാരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കപ്പലിന് എന്ത് സംഭവിച്ചുവെന്ന് ഉറപ്പിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
കണ്ണൂർ:കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന പുതിയ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മട്ടന്നൂര്‍ സ്വദേശിയും തലശേരി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബൈജു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പലരില്‍ നിന്നും പണം വാങ്ങിയതായാണ് ആരോപണം.ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. വിമാനത്താവളത്തിലെ ജോലിക്കായി തലശേരി സ്വദേശിയില്‍ നിന്നും ഇയാള്‍ മൂന്ന് ലക്ഷം രൂപ കൈപ്പറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
കൊൽക്കത്തയിൽ അമിത വേഗതയിൽ വന്ന ബസ്സിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കൊൽക്കത്ത:കൊൽക്കത്തയിലെ തിരക്കേറിയ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസ്സിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.അമിത വേഗതയിലായിരുന്ന ബസ് ട്രാഫിക്ക് സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ കോളേജ് വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സഞ്ജയ് ബോനു,ബിസ്‍ജിത് ഭൂനിയ എന്നിവരാണ് മരിച്ചത്.അപകടത്തെ തുടർന്ന് പ്രകോപിതരായ ജനങ്ങൾ പോലീസിനും വാഹനത്തിനും നേരെ കല്ലെറിഞ്ഞു.നാല് വാഹനങ്ങൾ ജനക്കൂട്ടം കത്തിച്ചു.ഒരു പോലീസ് വാഹനത്തിനും ഫയർ എൻജിനും തീയിടുകയും ചെയ്തു.സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളം പോലീസ് റോഡ് അടച്ചിട്ടു.