തിരുവനന്തപുരം:ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ ആറുമാസമായി നടത്തി വരുന്ന സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് പണിമുടക്കുന്നു.പണിമുടക്കുന്ന പതിനായിരത്തിലേറെ നഴ്സുമാർ ഇന്ന് ചേർത്തലയിലെത്തി കെവിഎം ആശുപത്രിയിലെ സമരം നടത്തുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിക്കും.എന്നാൽ നഴ്സുമാർ സമരം അവസാനിപ്പിക്കാതെ ഇനിയൊരു ചർച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കെവിഎം ആശുപത്രി അധികൃതർ.അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് നടത്തുന്ന പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.നഴ്സുമാരുടെ പണിമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ നഴ്സുമാർ ഇത്തരത്തിൽ സമരം പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതി അത് തടഞ്ഞിരുന്നു.
ബസ് ചാർജ് വർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരും
തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മിനിമം ചാർജ് ഏഴുരൂപയിൽ നിന്നും എട്ടു രൂപയാക്കി വർധിപ്പിക്കും.മാർച്ച് ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനവില്ല.മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർധനയുടെ ഇരുപത്തഞ്ചു ശതമാനം നിരക്ക് വിദ്യാർത്ഥികൾക്കും കൂടും.വിദ്യാർത്ഥികൾക്ക് നാൽപതു കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയെ ഉണ്ടാകൂ.ഇന്ധന വിലയിലും സ്പെയർ പാർട്സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.
കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം;ആറുപേർക്ക് വെട്ടേറ്റു;കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ
വടകര:വടകര കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം.ഞായറാഴ്ച വൈകിട്ട് എട്ടോടെയാണ് കൊയിലാണ്ടി പുളിയഞ്ചേരിൽ സംഘർഷമുണ്ടായത്.സംഘർഷത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ആറു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.പുളിയഞ്ചേരി കെടിഎസ് വായനശാലയിൽ ഇരുന്നവർക്കു നേരെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം നടത്തിയ ഒരു ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.
പാനൂർ വള്യായിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
പാനൂർ:പാനൂർ വള്യായിയിൽ കല്യാണ വീട്ടിൽ ഉണ്ടായ സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകന് പരിക്കേറ്റു.സിപിഎം പ്രവർത്തകനായ പ്രവീണിനാണ് പരിക്കേറ്റത്.സംഘർഷത്തിനിടെ യുവാവിനെ ഒരുസംഘം കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതിനെ തുടർന്ന് പ്രവീണിന് സാരമായി പരിക്കേറ്റു. ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് പ്രവീൺ ആരോപിച്ചു.ഇതിനു ശേഷം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ മറ്റു മൂന്നുപേർക്കും മർദനമേറ്റു. വള്ള്യായി യുപി സ്കൂളിനടുത്തുള്ള വിവാഹവീട്ടിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
ഡൽഹിയിൽ വസ്ത്രനിർമാണശാലയിൽ തീപിടുത്തം; ഒരാൾ മരിച്ചു
ഡൽഹി:ഡൽഹിയിലെ വസ്ത്ര നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾബാഗിലെ വസ്ത്ര നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
എട്ടാമത് സഹകരണ കോൺഗ്രസ് ഇന്ന് കണ്ണൂരിൽ തുടങ്ങും
കണ്ണൂർ:എട്ടാമത് സഹകരണ കോൺഗ്രസ് ഇന്ന് കണ്ണൂരിൽ തുടങ്ങും.മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ സഹകരണ നയത്തിന് രൂപം നൽകുകയാണ് കോൺഗ്രസിന്റെ പ്രധാന അജണ്ട.സഹകരണ നേതാക്കൾ, ജനപ്രതിനിധികൾ,ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.കേരള സംസ്ഥാന സഹകരണ നയം സംബന്ധിച്ച് കരട് രേഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിക്കും.21 നിർദേശങ്ങളടങ്ങിയ കരട് രേഖയിൽ കേരളബാങ്ക് രൂപീകരണം പ്രതിപാദിക്കും. എട്ടാമത് സഹകരണ കോൺഗ്രസ്സിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ, സഹകരണ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധർ തുടങ്ങി 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.12 ന് കളക്റ്ററേറ്റ് മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിലും ഘോഷയാത്രയിലും ഒരുലക്ഷത്തോളം പേർ പങ്കെടുക്കും.അഞ്ചു വർഷത്തിൽ ഒരിക്കലാണ് സഹകരണ കോൺഗ്രസ് സംഘടിപ്പിക്കുക.
മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു
മധ്യപ്രദേശ്:മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു.ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പെറ്റമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മധ്യപ്രദേശ്,ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഭവം.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.യുവതി അടുക്കളയിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്.ഇത് അമ്മയെ അസ്വസ്ഥയാക്കുകയും തുടർന്ന് അരിവാളെടുത്ത് കുഞ്ഞിന്റെ കഴുത്തറുക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.കുറെ സമയം ഉറക്കെ കരഞ്ഞ കുട്ടി പെട്ടെന്ന് കരച്ചിൽ നിർത്തിയെന്നും യുവതി ഉടൻ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽവാസികൾ പോലിസിന് മൊഴി നൽകിയിരുന്നു.ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യിൽ കുഞ്ഞിനെ കാണാതിരുന്നത് സംശയത്തിനിടയാക്കിയതായും ഇവർ പറഞ്ഞു.ഇവർ ഇക്കാര്യം യുവതിയുടെ ബന്ധുവിനെ അറിയിച്ചു.തുടർന്ന് യുവതിയുടെ ഒരു ബന്ധു വന്ന് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് കുഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.നിരക്കുവർധന ഉടൻ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു.ഇതേ തുടർന്ന് മുഖ്യമന്ത്രിയുമായി ബസ്സുടമകൾ നടത്തിയ ചർച്ചയെ തുടർന്ന് ബസുടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചിരുന്നു. ബസുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു
കണ്ണൂർ:ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്.പയറ്റുചാൽ-ചെമ്പേരി റോഡിലെ പഴയ ക്വാറി വളവിൽ വെച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ സംരക്ഷണ ഭിത്തിയും സമീപത്തുണ്ടായിരുന്ന പ്ലാവും തകർത്ത് 30 അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ലോറി വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു മൂന്നുപേരെ തളിപ്പറമ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വ്യാപാരിയായ മഞ്ചേരി സ്വദേശി അലി ഒഴികെ മറ്റു മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്.കോയമ്പത്തൂരിൽ നിന്നും ചെമ്പേരി കോട്ടയിൽ ട്രേഡേഴ്സിലേക്ക് പ്ലാസ്റ്റിക് ബാരലുകളും കാനുകളുമായി വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്.
കൊല്ലത്ത് എ.സി വോൾവോ ബസ്സിന് തീപിടിച്ചു
കൊല്ലം:കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെയുആർടിസി എ.സി വോൾവോ ബസ്സിന് തീപിടിച്ചു.എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിനാണ് കൊല്ലം കളക്റ്ററേറ്റിന് സമീപത്തു വെച്ച് എൻജിനിൽ തീപിടുത്തമുണ്ടായത്.ഡ്രൈവിംഗ് പാനലിൽ അപായ മുന്നറിയിപ്പ് കാണിക്കുകയും കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ ഡ്രൈവർ ബസ് നിർത്തി.പരിശോധനയിൽ എൻജിന്റെ ഭാഗത്ത് തീപിടിച്ചത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.തുടർന്ന് ബസ്സിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമവും ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.