കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured in manantheri koothuparamaba

കണ്ണൂർ:കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.കിഴക്കേ കതിരൂർ സ്വദേശി ഷാജനാണ്(42) വെട്ടേറ്റത്.പാൽ വിതരണത്തിനിടെയാണ് ഇയാൾക്ക് വെട്ടേറ്റത്.കാലിനു പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് മാനന്തേരി.

ചർച്ചയിൽ തീരുമാനമായില്ല;സ്വകാര്യ ബസ് സമരം തുടരും

keralanews the private bus strike will continue

കോഴിക്കോട്:കോഴിക്കോട് ഗസ്റ്റ്  ഹൗസിൽ  വെച്ച് ബസുടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നാണ് ചർച്ച അലസിയത്.ഇതോടെ ജനജീവിതം ദുസഹമാക്കി സ്വകാര്യബസുകളുടെ സമരം നാലാം ദിവസവും തുടരും.മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ നിലപാടെടുത്തു.വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം.എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.

ഷുഹൈബ് വധം;രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി

keralanews shuhaib murder case two cpm activists surrendered before the police

മട്ടന്നൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി.തില്ലങ്കേരി സ്വദേശികളായ ആകാശ്,റിജിന രാജ് എന്നിവരാണ് കീഴടങ്ങിയത്.പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.ഇതിൽ ആകാശ് തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രതികളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്.കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്.പതിനൊന്നരയോടെ സുഹൃത്തിന്‍റെ തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം ശുഹൈബിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ഷുഹൈബ് വധം;ആറുപേർ പോലീസ് കസ്റ്റഡിയിൽ

keralanews shuhaib murder case six under police custody

കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ ചോദ്യംചെയ്തു വരികയാണ്.ഇവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.പ്രതികളെ കണ്ടെത്തുന്നതിനായി പേരാവൂർ,ഇരിട്ടി മേഖലകളിൽ പോലീസ് ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ നാല് സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുനൂറോളം പോലീസുകാരാണ് തിരച്ചിൽ നടത്തിയത്.സിപിഎം പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.പ്രതികൾ മാലൂർ,മുഴക്കുന്നു സ്റ്റേഷൻ പരിധിയിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്.കണ്ണൂർ-മട്ടന്നൂർ റോഡിൽ വായന്തോട് എന്ന സ്ഥലത്തുള്ള ഒരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ണൂർ ഭാഗത്തു നിന്നും കാറിൽ വന്ന ഒരു സംഘം മറ്റൊരു കാറിൽ കയറി പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.

പത്തനംതിട്ടയിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു

keralanews two died as firecracker godown catches fire in pathanamthitta

പത്തനംതിട്ട: ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു.സ്‌ഫോടനത്തിൽ നിരവധിപേർക്ക് പൊള്ളലേറ്റു.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.വെട്ടിക്കെട്ട് നടത്തിപ്പുകാരൻ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരിച്ചത്.അതേസമയം പടക്ക നിർ‌മാണശാല പ്രവർത്തിച്ചത് അനധികൃതമായാണെന്ന് പത്തനംതിട്ട എഡിഎം ദിവാകരൻ നായർ വ്യക്തമാക്കി.പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് പ്രത്യക്ഷ ദൈവ രക്ഷാസഭ ആസ്ഥാനത്ത് നടക്കുന്നത്.ആചാരത്തിന്റെ ഭാഗമായി ചെറിയ തോതിൽ വെടിക്കെട്ടും ഇവിടെ നടത്താറുണ്ട്. ഇതിന്റെ അഞ്ചാം ദിനത്തിലാണ് അപകടം നടന്നിരിക്കുന്നത്.പോലീസും ഫയർഫോഴ്സും എത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയിൽ 30 കോടിയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

keralanews drugs worth 30 crores seized from cochin and two arrested

കൊച്ചി:നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.30 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.സംസ്ഥാന എക്സൈസ് ഇന്‍റലിജൻസ് ആണ് മയക്കുമരുന്ന് പിടികൂടിയത്.അഞ്ച് കിലോ മെഥലിൻ ഡയോക്സി മെതാംഫിറ്റമിൻ പിടിച്ചെടുത്തതായാണ് വിവരം.കേരളത്തിൽ ഈ മയക്കുമരുന്ന് ഇത്രയും കൂടുതൽ അളവിൽ പിടികൂടുന്നത് ഇതാദ്യമായാണ്.സംഭവത്തിൽ പാലക്കാട് സ്വദേശികളായ രണ്ടുപേർ പോലീസ് പിടിയിലായിട്ടുണ്ട്.നേരത്തെ കൊച്ചിയിൽ അഞ്ചു കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു.അതോടെ കേരളം കേന്ദ്രീകരിച്ച് എംഡിഎംഎ വിപണനം നടക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ എക്‌സൈസ് സംഘം പരിശോധനയും നടത്തിയിരുന്നു.ഇത്തരത്തിലുള്ള പരിശോധനയ്ക്കിടയിലാണ് ഇന്ന് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്.

ആന്ധ്രായിലെ ചിറ്റൂരിൽ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

keralanews seven workers died while cleaning septic tank in chittoor andrapradesh

ചിറ്റൂർ:ആന്ധ്രായിലെ ചിറ്റൂരിൽ ഓട  വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചിറ്റൂർ ജില്ലയിലെ ഒരു സ്വകാര്യ ഹാച്ചറിയിലെ തൊഴിലാളികളാണ് ശുചീകരണ ജോലിക്കിടെ ശ്വാസംമുട്ടി മരിച്ചത്.മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ് ദുരന്തം നടന്നത്. ഓടയിൽ ഇറങ്ങിയ ഉടൻ നാലു തൊഴിലാളികൾ ബോധരഹിതരായി വീണു.ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നു പേർകൂടി ഓടയിലേക്കു വീഴുകയായിരുന്നു.മറ്റ് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ ഹാച്ചറിയുടെ ഉടമയും മാനേജരും ഒളിവിൽ പോയിരിക്കുകയാണ്.ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാതെയാണ് തൊഴിലാളികളെ ശുചീകരണത്തിന് ഇറക്കിയത്.ഹാച്ചറി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായും അധികൃതർ പറഞ്ഞു.

കാവേരി;കർണാടകത്തിന് അധിക ജലം;തമിഴ്നാടിനു കുറച്ചു

keralanews kaveri water distribute verdict more water for karnataka reduced for tamilnadu

ബെംഗളൂരു:നാളുകളായി നീണ്ടു നിൽക്കുന്ന കാവേരി നദീജല തർക്കം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നു.കർണാടകത്തിന് അധികജലം നൽകണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി തമിഴ്‌നാടിന്റെ വിഹിതം വെട്ടിക്കുറച്ചു.വിധിയിലൂടെ 14.75 ഘനഅടി ജലം കർണാടകത്തിന് അധികം ലഭിക്കും. 2007 ലെ കാവേരി ട്രിബ്യുണൽ ഉത്തരവിനെതിരെയാണ് കർണാടകം സുപ്രീം കോടതിയെ സമീപിച്ചത്.തമിഴ്‌നാട്,കേരളം,കർണാടകം എന്നീ സംസ്ഥാനങ്ങൾ കേസിൽ സാക്ഷികളാണ്.മൂന്നു സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.99.8 ടിഎംസി അടി വെള്ളം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.എന്നാൽ ട്രിബ്യുണൽ അംഗീകരിച്ച 30 ടിഎംസി ജലം നൽകാനാണ് സുപ്രീം കോടതിയും വിധിച്ചിരിക്കുന്നത്.പുതുച്ചേരിക്ക് 7 ടിഎംസി വെള്ളമായിരിക്കും ലഭിക്കുക.15 വർഷത്തേക്കാണ് ഇന്നത്തെ വിധി.പിന്നീട് ആവശ്യമെങ്കിൽ വിധി പുനഃപരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിർത്തി ജില്ലകളിലും കർണാടകം സുരക്ഷാ ശക്തമാക്കിയിരുന്നു.15000 പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിന് ബെംഗളൂരുവിൽ നിയോഗിച്ചിരിക്കുന്നത്.

നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങി

keralanews private buses in the state started indefinite strike from today

തിരുവനന്തപുരം:നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങി.സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അപര്യാപ്തമാണെന്ന് ബസുടമകൾ ആരോപിച്ചു.സമരം ജനജീവിതത്തെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചു.മിനിമം ചാർജ് പത്തുരൂപയാക്കുക,റോഡ് ടാക്സ് കുറയ്ക്കുക,വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികൾ സെക്രെട്ടെറിയേറ്റിനു മുൻപിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു. അതേസമയം സർക്കാർ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും തീരുമാനത്തോട് ബസ്സുടമകൾ സഹകരിക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

നിരക്ക് വർധന അംഗീകരിക്കില്ല;16 മുതൽ സ്വകാര്യ ബസ് സമരം

keralanews the rate hike will not be accepted private bus strike from 16th feberuary

കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കില്ലെന്നും 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.മിനിമം ചാർജ് ഏഴ് രൂപയിൽ നിന്നും എട്ട് രൂപയായി വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ.മിനിമം ചാർജ് പത്തുരൂപയാക്കണം എന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.വിദ്യാർത്ഥികളുടെ കൺസെഷൻ,റോഡ് ടാക്സ്  തുടങ്ങിയ പ്രധാന ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്നും ബസ്സുടമകൾ പറഞ്ഞു.സർക്കാർ നിരക്ക് ഉയർത്തും വരെ വിദ്യാർഥികൾക്ക് കണ്‍സഷൻ അനുവദിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ നിരക്കിൽ 25 ശതമാനം വർധനവാണ് നിർദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ഈ ഭാഗം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ബസുടമകൾ പറഞ്ഞു.