ബോട്ട് സമരം പിൻവലിച്ചു

keralanews boat strike withdrawn

തിരുവനന്തപുരം:കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ചീഫ് സെക്രെട്ടറിയുമായി ബോട്ടുടമകൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.ബോട്ടുടമകൾടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബോട്ടുടമകൾ അറിയിച്ചു.അതേസമയം ചെറുമീനുകൾ പിടികൂടുന്ന ബോട്ടുകൾക്കെതിരായി ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് ചീഫ് സെക്രെട്ടറി വ്യക്തമാക്കിയതായാണ് സൂചന.ഡീസലിന് സർക്കാർ സബ്‌സിഡി നൽകണമെന്ന ആവശ്യവും ഉടമകൾ ഉയർത്തിയിരുന്നു.

ഷുഹൈബ് വധം;കൊലയാളികൾ വാഹനം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് തളിപ്പറമ്പിൽ നിന്ന്

keralanews shuhaib murder the accused hired vehicle from thalaipparamba

കണ്ണൂർ:ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അക്രമികൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ പോലീസ് ശ്രമം ഊർജിതമാക്കി. ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച് എത്തിയ വാഗണർ കാർ തളിപ്പറമ്പിൽ നിന്നും വാടകയ്ക്ക് എടുത്തതാണെന്നാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി മൊഴി നൽകി.കാറിന്‍റെ രജിസ്റ്റർ നമ്പർ  മാറ്റിയ ശേഷം പ്രതികൾ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിക്കുകയായിരുന്നു.കൊലപാതകം നടന്നതിന്‍റെ തലേന്ന് ആകാശ് തളിപ്പറമ്പിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.

കാസർകോഡ് മോഷണശ്രമത്തിനിടെ റിട്ട.അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ

keralanews two arrested in the case of killing retired teacher in kasarkode

കാസർകോഡ്:ചീമേനിയിൽ റിട്ട.അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ പരിക്കേൽപ്പിക്കുകയും ചെയ്ത് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി.പുലിയന്നൂർ ചീർക്കുളം സ്വദേശികളായ വിശാഖ്,റിനീഷ് എന്നിവരാണ് പിടിയിലായത്.സംഭവത്തിലെ മുഖ്യ സൂത്രധാരൻ കൂടിയായ മൂന്നാമൻ അരുൺ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.കൊലപാതകം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാൻ ഇന്ന് കാഞ്ഞങ്ങാട്ട് എത്തും. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

              കേസിലെ പ്രതികളിലൊരാളായ വൈശാഖിന്റെ അച്ഛൻ നൽകിയ വിവരമാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.ജാനകിയുടെ വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണവും 35000 രൂപയുമാണ് ഇവർ കവർന്നത്.ഇതിൽ എട്ടുപവൻ ഇവർ കണ്ണൂരിലെ  ഒരു പ്രമുഖ ജ്വല്ലറിയിലും ബാക്കി മംഗളൂരുവിലും വിറ്റു. മകന്റെ കയ്യിൽ കുറെ പണം കണ്ടതായി വൈശാഖിന്റെ അച്ഛൻ ചീമേനി പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നു.ഇതനുസരിച്ച് ചീമേനി എസ്‌ഐ എം.രാജഗോപാൽ വൈശാഖിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ സ്വർണ്ണം വിറ്റ ജ്വല്ലറിയുടെ ബില് കണ്ടെടുത്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിശാഖ് കുറ്റം സമ്മതിക്കുകയായിരുന്നു.

             ഡിസംബർ 13 നായിരുന്നു സംഭവം നടന്നത്.ജാനകിയുടെ വീടിനു സമീപത്തുള്ള ചീർക്കുളം അയ്യപ്പഭജനമഠത്തിൽ വിളക്കുത്സവം നടക്കുകയായിരുന്നു. അവിടെയെത്തിയ പ്രതികൾ മൂന്നുപേരും കൂടി രാത്രി ഒൻപതു മണിയോടെ ജാനകിയുടെ വീട്ടിലെത്തി.കോളിങ്  ബെൽ അടിച്ചപ്പോൾ കൃഷ്ണൻ വാതിൽ പാതി തുറന്നു.ഉടൻ തന്നെ പ്രതികൾ മൂന്നുപേരും കൂടി വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നു.രണ്ടുപേരുടെയും വായ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു.ശേഷം കൃഷ്ണനെ സോഫയിലേക്ക് തള്ളിയിട്ടു.ജാനകിയെ മറ്റൊരു മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി ദേഹത്തുണ്ടായിരുന്ന സ്വർണ്ണം ഊരി വാങ്ങി.ഇതിനിടെ ഇവരിൽ ഒരാളെ ജാനകി തിരിച്ചറിഞ്ഞു.ഇതോടെ ജാനകിയുടെ കഴുത്തറുക്കുകയായിരുന്നു.രക്തം വാർന്ന് കുഴഞ്ഞു വീണ ജാനകി അവിടെത്തന്നെ മരിച്ചു.പിന്നീട് സോഫയിൽ തളർന്നു കിടന്ന കൃഷ്ണന്റെയും കഴുത്ത് ഇവർ മുറിച്ചു.ഇതിനു  ശേഷം പുറത്തിറങ്ങിയ ഇവർ നടന്ന് പുലിയന്നൂർ റോഡിലെ കലുങ്കിനടുത്തെത്തി.സമീപത്തെ പുഴയിലേക്ക് കത്തിവലിച്ചെറിഞ്ഞ ശേഷം പുഴയിലിറങ്ങി കാലും മുഖവും കഴുകി വീട്ടിൽ പോയി കിടന്നുറങ്ങി. പിന്നീട് പ്രതികൾ മൂന്നുപേരും ഫോണിലോ പരസ്പരമോ ബന്ധപ്പെട്ടിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് മറ്റു നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇവരെയും ചോദ്യം ചെയ്തെങ്കിലും പൊലീസിന് യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇവർ പെരുമാറിയിരുന്നത്.പിന്നീട് കേസിൽ അന്വേഷണം ജാനകിയുടെ ബന്ധുക്കളിലേക്ക് തിരിഞ്ഞപ്പോൾ ഇവർ സന്തോഷിക്കുകയും ചെയ്തു. ഇതിനിടെ ഫെബ്രുവരി നാലിന് അരുൺ കുവൈറ്റിലേക്ക് കടന്നു.ഇതിനു ശേഷമാണ് മറ്റു രണ്ടു പ്രതികളും ചേർന്ന് രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം വിറ്റത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ശുഹൈബിനെ വധിക്കാൻ കൊട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്ന് പ്രതികളുടെ മൊഴി

keralanews shuhaib murder the quotation was given by dvfi local leader

കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവെന്ന് പ്രതികളുടെ മൊഴി.ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പുനല്കിയിരുന്നെന്നും ഭരണമുള്ളതു കൊണ്ട് പാർട്ടി സഹായമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നതായും പ്രതി ആകാശ് മൊഴി നൽകി.ശുഹൈബിനെ അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് നിർബന്ധിച്ചതായും മൊഴിയിൽ പറയുന്നു. ആക്രമിച്ച ശേഷം രണ്ടു വാഹനങ്ങളിലായി നാട്ടിലേക്ക് പോയി.അവിടെ ഒരു ക്ഷേത്രോത്സവത്തിൽ രാത്രി ഒരുമണി വരെ പങ്കെടുക്കുകയും ചെയ്തു.പിന്നീട് ഷുഹൈബ് മരിച്ചെന്ന് അറിഞ്ഞ ശേഷമാണ് ഒളിവിൽ പോയത്.ഒളിവിൽ കഴിയുന്നതിന് ചില പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചിരുന്നു.ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയുണ്ടെന്ന് അറിയില്ലെന്നും കൂടെയുണ്ടായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളാണ് ആയുധങ്ങൾ കൊണ്ടുപോയതെന്നും ആകാശ് മൊഴി നൽകിയിട്ടുണ്ട്.

കണ്ണൂരിൽ സമാധാന യോഗത്തിൽ ബഹളം;യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്‌കരിച്ചു

keralanews udf leaders boycotted the peace meeting held at kannur

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുബൈബ് കൊല്ലപ്പെട്ടതിനെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കണ്ണൂരിൽ ഇന്ന് നടന്ന സമാധാന യോഗത്തിൽ ബഹളം.യോഗത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവുമുണ്ടായി.തുടർന്ന് യുഡിഎഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.യോഗത്തിലേക്ക് പ്രതിപക്ഷ എംഎൽഎമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.യുഡിഎഫ് ജനപ്രതിനിധികളെ ക്ഷണിക്കാത്ത യോഗത്തിൽ കെ.കെ രാഗേഷ് എം.പിയെ ഡയസിൽ ഇരുത്തിയതിനെ ചൊല്ലിയാണ് പ്രതിഷേധം ആരംഭിച്ചത്.ഇതോടെ യോഗത്തിന്‍റെ അധ്യക്ഷൻ എ.കെ. ബാലൻ വിഷയത്തിൽ ഇടപെട്ടു. ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും ബാലൻ പറഞ്ഞു. പിന്നെ എങ്ങിനെയാണ് രാഗേഷ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് യുഡിഎഫ് നേതാക്കൾ ചോദിച്ചു.അത് പാർട്ടി പ്രതിനിധി ആയിട്ടാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.എന്നാൽ ഇത് അംഗീകരിക്കാൻ യുഡിഎഫ് തയ്യാറായില്ല.സതീശൻ പാച്ചേനിയുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുന്നതിന് പകരം പി.ജയരാജൻ മറുപടി പറഞ്ഞതും കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കി.ഇതിനുശേഷം യോഗത്തിൽനിന്നും യുഡിഎഫ് ഇറങ്ങിപ്പോകുകയായിരുന്നു.പി.ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് യോഗം ബഹിഷ്‌ക്കരിക്കുന്നതെന്ന് യുഡിഎഫ് എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാതെ ഇനി യോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.യോഗം ബഹിഷ്‌ക്കരിച്ച യുഡിഎഫ് നേതാക്കൾ കെ.സുധാകരൻ നിരാഹാര സമരം നടത്തുന്ന പന്തലിലേക്ക് പോയി.

കണ്ണൂരിൽ ഇന്ന് സർവകക്ഷി സമാധാന യോഗം ചേരും

keralanews all party peace meeting will be held in kannur toady

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും തുടർന്ന് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലും കണ്ണൂരിൽ ഇന്ന് സമാധാന യോഗം ചേരും.രാവിലെ 10.30 നു കളക്റ്ററേറ്റിൽ ചേരുന്ന യോഗത്തിൽ മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിക്കും.യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കും.യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാൽ സർവകക്ഷി യോഗം വെറും പ്രഹസനമാണെന്നു കെ.സുധാകരൻ ആരോപിച്ചു.കേസിൽ തെളിവ് നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഷുഹൈബ് വധം;പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു

keralanews shuhaib murder case identified the vehicle in which the accused traveled

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന.പ്രതികൾ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.രണ്ടു കാറുകളിലായാണ് പ്രതികൾ എത്തിയത്.ഇവയിൽ ഒന്ന് വാടകയ്‌ക്കെടുത്ത കാറാണെന്നും പോലീസ് പറഞ്ഞു.പ്രതികളിൽ ചിലർ സംസ്ഥാനം വിട്ട് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അഞ്ചിലധികം പ്രതികൾ കൊലപാതകത്തിൽ പങ്കാളികളായിരുന്നു എന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.എവിടെയൊളിച്ചാലും പ്രതികളെ പുറത്തു കൊണ്ടുവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കൃത്യം നടത്താൻ ഉപയോഗിച്ചത് മഴുവായിരുന്നില്ലെന്നും വാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.വാളുകൊണ്ട് ഉണ്ടാകുന്ന തരം മുറിവുകളാണ് ശുഹൈബിന്റെ ദേഹത്ത് കണ്ടെത്തിയതെന്നാണ് വിവരം.

സ്വകാര്യ ബസ് സമരം പിൻവലിച്ചു

keralanews private bus strike withdrawn

തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകൾ നടത്തി വന്നിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം  പിൻവലിച്ചത്.മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് സമരം പിൻവലിക്കുന്നത്.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നു.തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ പിന്നീട് ചർച്ചയാവാമെന്ന് മുഖ്യമന്ത്രി ഉറപ്പ്  നൽകിയിട്ടുണ്ടെന്നും ബസുടമകൾ അറിയിച്ചു.

സ്വകാര്യ ബസ് സമരം;കടുത്ത നടപടികളുമായി സർക്കാർ;ബസ്സുടമകൾക്ക് നോട്ടീസ് നൽകും

keralanews private bus strike notice will be issued to bus owners

തിരുവനന്തപുരം:സംസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തുന്ന ബസ്സുടകൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ.സമരം നടത്തുന്ന സ്വകാര്യ ബസുടമകൾക്ക് നോട്ടീസ് നല്കാൻ ട്രാൻസ്‌പോർട് കമ്മീഷണർ എല്ലാ ആർടിഒമാർക്കും നിർദേശം നൽകി.കാരണം ബോധിപ്പിക്കാത്ത ബസുടമകളുടെ പെർമിറ്റ് റദ്ദാക്കുവാനും നിർദേശമുണ്ട്.സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ബസ്സുടമകൾക്കുമേൽ സമ്മർദം ചെലുത്താൻ സർക്കാർ ഒരുങ്ങുന്നത്.വിദ്യാർത്ഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ ഇപ്പോൾ സമരം നടത്തുന്നത്. ഇതിനിടെ സമരം നടത്തുന്ന ബസ്സുകൾ എസ്മ പ്രകാരം പിടിച്ചെടുക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി.ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണെന്നും മോട്ടോർ വാഹന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.പൊതുതാൽപ്പര്യ ഹർജി ഉച്ചയ്ക്ക് 1.45 ന് കോടതി പരിഗണിക്കും.

മാധ്യമ പ്രവർത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന് ചാക്കിൽ കെട്ടി നദിയിൽ ഉപേക്ഷിച്ചു

keralanews mother and daughter of journalist killed and bodies thrown away in sacks

നാഗ്‌പൂർ:മാധ്യമ പ്രവർത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന് ചാക്കിൽ കെട്ടി നദിയിൽ ഉപേക്ഷിച്ചു.പ്രാദേശിക പത്രലേഖകനായ രവികാന്ത് കംബ്ലയുടെ അമ്മ ഉഷ(52),മകൾ റാഷി(1),എന്നിവരുടെ മൃതദേഹമാണ് ചാക്കിൽ കെട്ടി നദിയിൽ തള്ളിയ നിലയിൽ കണ്ടെടുത്തത്.ശനിയാഴ്ച വൈകുന്നേരത്തോടെ വീടിനു സമീപത്തുള്ള ജ്വല്ലറിയിലേക്ക് പോയ ഉഷയെയും കുട്ടിയേയും പിന്നീട് കാണാതാവുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ ഇവരെ കണ്ടെത്തിയത്.ഇരുവരുടെയും ശരീരത്തിൽ സംശയകരമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ പലിശയ്ക്ക് പണം കടം കൊടുക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിലേക്ക് പോയ ഉഷയും കുഞ്ഞും സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ഉഷയുടെ ഭർത്താവ് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇതേ തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പവൻപുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ അറസ്റ്റു ചെയ്തു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതേ തുടർന്നാണ് കൊല നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.നദിയുടെ പടവിൽ നിന്നും ഇയാൾ ഉഷയെ തള്ളിയിടുകയായിരുന്നു.പിന്നീട് കഴുത്തു മുറിച്ചു.ഇതുകണ്ട് കുഞ്ഞ് കരഞ്ഞതോടെ കുഞ്ഞിനേയും കൊല്ലുകയായിരുന്നു.പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി നദിയിൽ തള്ളുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.