ചെറുപുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു

keralanews student died in an accident in cherupuzha

കണ്ണൂർ: ചെറുപുഴയിൽ വിദ്യാർഥികൾക്കിടയിലേക്ക് പിക്ക് അപ്പ് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു.പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഒരു കാറിലിടിച്ചശേഷം  പാഞ്ഞുകയറുകയായിരുന്നു.

ഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ

keralanews shuhaib murder case two more arrested

കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി.പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശുഹൈബിനെ വധിക്കാൻ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴക്കുന്ന് സ്വദേശിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.അതിനിടയിൽ മുഴക്കുന്ന് സ്വദേശി കോടതിയിൽ കീഴടങ്ങാനുള്ള നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ കോടതി പരിസരങ്ങളും പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിൽ വരുന്ന മൂന്നു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

keralanews the central meteorological survey says that the maximum temperature will be felt for three days in kerala

തിരുവനന്തപുരം:കേരളത്തിൽ വരുന്ന മൂന്നു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വടക്കൻ കേരളത്തിലായിരിക്കും ഇത്തരത്തിൽ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുള്ളത്.മാർച്ച് ഒന്ന് മുതൽ തുടർച്ചയായി മൂന്നു ദിവസത്തേക്ക് നാല് മുതൽ പത്തു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരതനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. മുപ്പതു വർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടിൽ ഒരു ഡിഗ്രിയുടെ വർദ്ധനവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.സൂര്യതാപ ഭീഷണിയുള്ളതിനാൽ പകൽസമയങ്ങളിൽ പുറംജോലികൾക്ക് സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.അതിനിടെ സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയായ 40 ഡിഗ്രി ഇന്നലെ പാലക്കാട് മുണ്ടൂർ ഐആർടിസി കേന്ദ്രത്തിൽ രേഖപ്പെടുത്തി.

സംസ്ഥാനത്ത് വർധിപ്പിച്ച ബസ് ചാർജ് ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews the increased bus charge will be effective from today

തിരുവനന്തപുരം:സംസ്ഥാനത്ത് വർധിപ്പിച്ച ബസ് ചാർജ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ഇതോടെ മിനിമം യാത്രാനിരക്ക് എട്ടു രൂപയാകും.ഓർഡിനറി,സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ മിനിമം നിരക്കാണ് എട്ടു രൂപയായത്.ഫാസ്റ്റ് പാസ്സഞ്ചറിൽ പത്തു രൂപയിൽ നിന്നും പതിനൊന്നു രൂപയായി ഉയരും.സൂപ്പർ ഫാസ്റ്റിൽ പതിമൂന്നു രൂപയുണ്ടായിരുന്നത് പതിനഞ്ചായും ഉയരും.വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്കിൽ വർധനയില്ലെങ്കിലും രണ്ടുരൂപ മുതൽ മുകളിലോട്ട് വർധിക്കുന്ന സ്ലാബുകളിൽ കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ഷുഹൈബ് വധം;കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

keralanews shuhaib murder discovered the weapon used for muder

കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് പൊലീസ് പരിശോധനയില്‍ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു. മട്ടന്നൂരിന് സമീപം വെള്ളാംപറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.ആയുധങ്ങൾ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല എന്ന് ഹൈക്കോടതി ചൊവ്വാഴ്ച സർക്കാരിനോട് ചോദിച്ചിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ കണ്ടെടുത്തതെന്ന് പോലീസ് പരിശോധിക്കുകയാണ്.ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ചൊവ്വാഴ്ച ഉന്നയിച്ചത്.’ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല’ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കണ്ടെടുത്തത്.പൊലീസ് സിപിഎം പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ആരോപണമുന്നയിച്ചിരുന്നു.

ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും

keralanews the bus charge increase will be effective from tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും. വിദ്യാത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപയിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് ചാർജ് വർധന നടപ്പിലാക്കുന്നത്.അതേസമയം രണ്ടാമത്തെ ഫെയർ സ്റ്റേജിൽ ഒരു രൂപ കുറച്ചു.നിലവിൽ ഒൻപത് രൂപയായിരുന്നത് എട്ടായി കുറഞ്ഞു.വർധനയുടെ 25 ശതമാനം മാത്രം ഈടാക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്.ഇത് പ്രകാരം ഒരുരൂപ വർധിപ്പിക്കുമ്പോൾ 25 പൈസ മാത്രമേ രണ്ടാം സ്റ്റേജിൽ ഈടാക്കാനാകൂ.എന്നാൽ 50 പൈസക്ക് താഴെയുള്ള വർധന കണക്കിലെടുക്കാൻ കഴിയില്ല. ഇതിനാൽ പഴയ നിരക്ക് തന്നെ തുടരും.ഇതാണ് രണ്ടാം സ്റ്റേജിൽ നിരക്കുവർധന ഒഴിവായത്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജിൽ രണ്ടുരൂപയാണ് വിദ്യാർത്ഥികളുടെ നിരക്ക്.12,13 രൂപ ഈടാക്കുന്ന നാല്,അഞ്ച് സ്റ്റേജുകളിൽ രണ്ടു രൂപ ഈടാക്കിയിരുന്നത് മൂന്നു രൂപയായി ഉയർത്തി. പുതിയ നിരക്കുപ്രകാരം ദീർഘദൂരം യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് കാര്യമായ വർധന.കോളേജ് വിദ്യാർത്ഥികളെയാകും ഇത് കാര്യമായി ബാധിക്കുക.22 രൂപയുടെ പത്താം സ്റ്റേജിൽ 3.50 പൈസ ആയിരുന്നത് 7 രൂപയായി ഉയർന്നിട്ടുണ്ട്. ജന്റം,ലോ ഫ്ലോർ എ.സി,നോൺ എ.സി,സൂപ്പർ എയർ എക്സ്പ്രസ്,മൾട്ടി ആക്സിൽ സ്‌കാനിയ,വോൾവോ ബസ്സുകളുടെ നിരക്കും നാളെ മുതൽ വർധിപ്പിക്കും.ജന്റം ലോ ഫ്ലോർ നോൺ എ.സി ബസ്സുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്നും പത്തു രൂപയാക്കി.ലോ ഫ്ലോർ എ.സി ബസ്സുകളുടെ മിനിമം നിരക്ക് 15 രൂപയിൽ നിന്നും 20 രൂപയാക്കി.

കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു

keralanews three seriously injured in cooking gas cylinder explosion in kannur

കണ്ണൂർ:കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കണിച്ചാർ വലയംചാലിൽ ഇന്ന് രാവിലെ ഒൻപതുമണിയോടു കൂടിയാണ് അപകടം നടന്നത്.വലയംചാലിൽ വെട്ടുനിരപ്പിൽ റെജി,ഭാര്യാമാതാവ് സൂസമ്മ,പിതാവ് രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. അടുപ്പിൽ നിന്നും സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. സിലിണ്ടറിൽ ചോർച്ചയുള്ളതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.അടുക്കളയിൽ ഉണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയതാണ് റെജിയും രാജനും.നിലവിളികേട്ട് എത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിൽ നിന്നെത്തിയ അഗ്നിശമനസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.അടുക്കളഭാഗം പൂർണ്ണമായും കത്തിനശിച്ചു.

ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയേറുന്നു; തലയിൽ ആഴത്തിലുള്ള മുറിവ്;കൊലപാതക സംശയം ബലപ്പെടുന്നു

keralanews a deep wound on the head there is a suspicion of murder in sreedevis death

മുംബൈ:നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയേറുന്നു.നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് ദുബായിലെ ഫോറന്‍സിക് ഫലം വെളിപ്പെടുത്തുന്നത്. എന്നാൽ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. ഇക്കാര്യം പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണ്. ഇതിൽ വ്യക്തത വരുത്തിയാൽ മാത്രമേ മൃതദേഹം വിട്ടുനല്കാനാകൂ എന്ന് ദുബായ് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.താമസിച്ചിരുന്ന മുറിയിലെ  ബാത് ടബ്ബിൽ വീണാണ് മരണം സംഭവിച്ചതെന്നായിരുന്നു റിപ്പോർട്.ബാത്ത് ടബ്ബിലേക്കുള്ള വീഴ്ച്ചയിൽ ഉണ്ടായതാണോ മുറിവെന്ന് പരിശോധിക്കും.വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.തലയിലെ മുറിവ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടി വരുന്നതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം ദുബായിയിൽ നിന്ന് ഉടൻ വിട്ടുനൽകില്ല. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിന്‍റെ മൊഴിയെടുത്തിരുന്നു.

ഷുഹൈബ് വധം;നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

keralanews shuhaib murder case opposition protest in assembly today

തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ഇതേ തുടർന്ന് ചോദ്യോത്തര വേള നിർത്തിവെച്ചു.സ്പീക്കറുടെ ഡയസ് മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഡയസ് മറച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തിൽ നിന്ന് പിൻതിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള സ്പീക്കർ  ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗം അവസാനിപ്പിച്ച് സഭ പിരിഞ്ഞിരുന്നു.

കെ.സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കും

keralanews k sudhakaran will end hunger strike tomorrow

കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ വധത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും.നാളെ വൈകുന്നേരം മൂന്നു മണിക്ക് നിരാഹാരം അവസാനിപ്പിക്കുമെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മൻ‌ചാണ്ടി,വയലാർ രവി തുടങ്ങിയ നേതാക്കൾ നാളെ സമരപ്പന്തലിലെത്തും. നിരാഹാരം നടത്തിയത് നീതി കിട്ടുമെന്ന് കരുതിയിട്ടോ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതിയിട്ടുമില്ല.എല്‍.ഡി.എഫ് സര്‍ക്കാറിന്റെ  യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്.കോടതിയിൽ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു.കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണം നടത്താൻ മടിക്കുന്നത്.കേസില്‍ ഗൂഢാലോചനക്ക് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പി.ജയരാജെന്‍റ വീട്ടില്‍ വളര്‍ന്ന ആകാശ് ഇങ്ങനൊരു കൃത്യം ചെയ്യുേമ്ബാള്‍ അത് ജയരാജന്‍ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ് കോടതിയില്‍ പോയാല്‍ അത് എങ്ങനെയാകുമെന്ന് സാധാരണകാര്‍ക്കുവെര അറിയാം. ശുഹൈബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ് ശുഹൈബിന്റെ കുടുംബത്തിനും വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.