ന്യൂഡൽഹി:ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി.ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമൺ കോഴ്സ് എന്ന സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായ ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കണം. ജില്ലാ മജിസ്ട്രേറ്റ് രൂപവത്ക്കരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അന്തിമ അനുമതി നല്‍കേണ്ടത് സംസ്ഥാനത്തെ ഹൈക്കോടതിയായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ലെന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനുമാണ് കോടതി ഉത്തരവ്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതി രൂപം നല്‍കി. മരുന്ന് കുത്തി വച്ച് മരിക്കാന്‍ അനുവദിക്കില്ല. മറിച്ച് നിഷ്ക്രിയ ദയാവധത്തിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. ആരോഗ്യമുള്ളവര്‍ക്ക് ദയാവധം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ പിന്‍വലിച്ച് മരിക്കാന്‍ അനുവദിക്കാം. ദയാവധം അനുവദിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് കോടതിയുടെ അനുമതി. 2011 ല്‍ അരുണ ഷാന്‍ബാഗ് കേസില്‍ തുടങ്ങിയ ദയാവധ ചര്‍ച്ചയ്ക്കാണ് ഭരണഘടനാ ബെഞ്ചിന്റെ തീര്‍പ്പിലൂടെ വ്യക്തത വന്നത്.
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു;14 പേർക്ക് പൊള്ളലേറ്റു
മുംബൈ:മഹാരാഷ്ട്രയിലെ പാൽഖറിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു.പതിനാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ബോയിസാർ-താരപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എംഐഡിസി കെമിക്കൽ ഫാക്റ്ററിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.രാത്രി പതിനൊന്നുമണിയോടെ ഉഗ്ര ശബ്ദത്തിൽ സ്ഫോടനമുണ്ടാവുകയും ഫാക്റ്ററിക്ക് തീപിടിക്കുകയുമായിരുന്നുവെന്ന് പാൽഗർ പോലീസ് കൺട്രോൾ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.കമ്പനിയുടെ ബോയ്‌ലർ റൂമിലാണ് തീപിടുത്തമുണ്ടായത്.തീ അടുത്തുള്ള മറ്റു കമ്പനികളിലേക്കും പടർന്നതായാണ് സൂചന. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:തളിപ്പറമ്പ് താലൂക്ക് ഓഫീസിനു സമീപത്തെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ബിജെപി പ്രവർത്തകനായ പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി.ദിനേശൻ (42) ആണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.ബിജെപിയുടെ സജീവ പ്രവർത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇയാൾ മനോരോഗത്തിന് ചികിത്സയിൽ കഴിയുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.ചികിത്സയിൽ കഴിയുന്നതിന്‍റെ രേഖകൾ ബന്ധുക്കൾ പോലീസ് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.ഇന്നു രാവിലെ 8.30 ഓടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്.പ്രതിമയിൽ ചാർത്തിയിരുന്ന മാലയും കണ്ണടയും പൊട്ടിച്ച് വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ പോകുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകർത്തിയ ചിത്രമാണ് പ്രതിയെ ഇത്രവേഗം പിടികൂടാൻ പോലീസിനെ സഹായിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഇന്ദ്രൻസ് മികച്ച നടൻ;പാർവതി നടി
തിരുവനന്തപുരം:2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം.ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു.ഇ.മ.യൗ,ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വത്സൻ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടി. കിണർ എന്ന ചിത്തിന് കഥയൊരുക്കിയ എം.എ.നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി.മായാനദി എന്ന ചിത്രത്തിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനം ആലപിച്ച ഷഹബാസ് അമൻ മികച്ച ഗായകനായും വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു എന്ന ഗാനം പാടിയ സിതാര കൃഷ്ണകുമാർ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.ക്ലിന്‍റ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പ്രഭ വർമയെ മികച്ച ഗാനരചയിതാവായും ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കിയ എം.കെ.അർജുനൻ മികച്ച സംഗീത അംവിധായകനായും തിരഞ്ഞെടുത്തു. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ടോക്ക് ഓഫ് എന്ന ചിത്രത്തിനാണ്.ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയത്.സഞ്ജു സുരേന്ദ്രൻ സംവിധാനം നിർവഹിച്ച ഏദൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി.
കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്തു
കണ്ണൂർ:കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്തു.തളിപ്പറമ്പ താലൂക്ക് ഓഫീസിനടുത്തുള്ള പ്രതിമയാണ് തകർത്തത്.പ്രതിമയിൽ ചാർത്തിയിരുന്ന മാലയും കണ്ണടയും തകർത്ത നിലയിലാണ്.രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാവി വസ്ത്രം ധരിച്ചയാളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.താലൂക്ക് ഓഫീസ് പരിസരത്തുള്ള ആർ ടി ഓഫീസിൽ വാഹന റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എത്തിയവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പൊലീസിന് ഏകദേശ വിവരം ലഭിച്ചതായാണ് സൂചന.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും
കൊച്ചി:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച് ജസ്റ്റീസ് ബി.കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി കേസിലെ പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയുണ്ടായില്ല. അന്വേഷണത്തിന്‍റെ ഇതുവരെയുള്ള വിവരങ്ങളെല്ലാം സർക്കാർ കോടതിയെ ധരിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും ആയുധം കണ്ടെത്തിയതിന്‍റെ വിശദാംശങ്ങളും ഹൈക്കോടതിക്ക് കൈമാറി.സിബിഐ അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐക്ക് കൈമാറണം. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ അതിരൂക്ഷ പരാമർശങ്ങളാണ് സർക്കാരിനെതിരേ കോടതി ഉന്നയിച്ചത്.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ഓർമിപ്പിച്ച കോടതി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു.
എസ്എസ്എൽസി,ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി,ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും.ഹയർ സെക്കണ്ടറി പരീക്ഷ രാവിലെ പത്തുമണിക്കും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് തുടങ്ങുക.റെഗുലർ വിഭാഗത്തിൽ 3046 കേന്ദ്രങ്ങളിലായി 4,41,103 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു കേന്ദ്രങ്ങൾ വീതമാണ് ഉള്ളത്.ഓരോ വിഷയത്തിലും 25 ശതമാനം അധികം ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കുന്നത്.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.ഏറ്റവും കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലുമാണ്.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2067 കേന്ദ്രങ്ങളിലായി 4,76,076 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.28 ന് പരീക്ഷ സമാപിക്കും.
ഗുജറാത്തിൽ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 30 പേർ മരിച്ചു
ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേർ മരിച്ചു. ഭാവ്നഗറിലെ രംഘോളയിൽ രാജ്കോട്ട്-ഭാവ്നഗർ ഹൈവേയിലാണ് സംഭവം.60 പേരാണ് ബസിലുണ്ടായിരുന്നത്.സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.
കണ്ണൂർ ചാലയിൽ വാഹനാപകടം;മൂന്നുപേർ മരിച്ചു
കണ്ണൂർ:ചാല ബൈപാസിൽ ഓമ്നി വാൻ ടിപ്പർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു.വാനിൽ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ രാമർ(35),ചെല്ലദുരൈ(45), കുത്താലിംഗം(70) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടുകൂടി ചാല ബൈപാസ്സിലാണ് അപകടം നടന്നത്.തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്നി വാൻ നിയന്ത്രണം വിട്ട് മുൻപിൽ പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാവിലെ പത്തുമണിയോട് കൂടി പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.അപകടത്തെ തുടർന്ന് ഏറെനേരം ചാല ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു.
സ്വകാര്യ ആശുപതിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് ഉപേക്ഷിച്ചു.നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിക്കുന്നത്.അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.കഴിഞ്ഞ വർഷം ജൂലൈയിലാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ 20,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ അടിസ്ഥാന ശമ്പളം ലഭിക്കാതെ വന്നതോടെയാണ് നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയത്.ഈ മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്താൻ യുഎൻഎ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ ഈ സമരം സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുടർന്ന് ഈ മാസം ആറുമുതൽ നഴ്സുമാർ ലീവെടുത്തു പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു തീരുമാനം.അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ലേബർ കമ്മീഷണർ വിളിച്ച യോഗത്തിൽ ചർച്ച ചെയ്യുമെന്നും യുഎൻഎ പ്രതിനിധികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.