വാഷിങ്ടൺ:വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു.മോട്ടോർ ന്യൂറോൺ എന്ന രോഗബാധയെ തുർന്ന് വീൽചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ബുധനാഴ്ച പുലർച്ചെയായിരുന്നു ഹോക്കിങ്സിന്റെ അന്ത്യം.മക്കളാണ് മരണ വിവരം പുറത്തുവിട്ടത്. നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചുവരികയായിരുന്നു.1942 ജനുവരി എട്ടിന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിംഗ് ജനിച്ചത്.ഭൗതിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഹോക്കിങ്സിന്റെ ജീവിതം പുസ്തകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. പതിനേഴാം വയസ്സിൽ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്നാണ് അദ്ദേഹം ഭൌതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കുന്നത്.കേംബ്രിഡ്ജ് യുണിവേസിറ്റിയിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ കൈകാലുകൾ തളർന്നു പോയത്.പിന്നീട് വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രലോകത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും അദ്ദേഹം ലോകത്തോടു പങ്കുവെച്ചു.തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള ഹോക്കിങിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചത് അദ്ദേഹമാണ്.
ആധാർ ബന്ധിപ്പിക്കൽ;സമയപരിധി നീട്ടി
ന്യൂഡൽഹി:വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.ആധാറിന്റെ നിയമസാധുത സംബന്ധിച്ച അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബാങ്ക് അക്കൗണ്ടുമായും ഫോൺ നമ്പറുമായും മറ്റു സേവനങ്ങളുമായും ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.ഇതുവരെ ആധാറും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധിപ്പിക്കാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്നതാണ് വിധി. ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നതുവരെ അനിശ്ചിതകാലത്തേക്കാണ് സമയം നീട്ടിയിട്ടുള്ളത്.
തീവ്ര ന്യൂനമർദം;ശക്തമായ കാറ്റിന് സാധ്യത;തീരത്ത് കനത്ത ജാഗ്രത നിർദേശം
തിരുവനന്തപുരം:ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്ന് കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുമെന്നാണ് പ്രവചനം.തിരമാല രണ്ടര മുതൽ മൂന്നര വരെ മീറ്റർ ഉയരാനും സാധ്യതയുണ്ട്. കടൽ അത്യന്തം പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലിദ്വീപിന് സമീപവും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ 14 വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.കേരളാതീരത്ത് കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.കന്യാകുമാരിക്കു തെക്ക് ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മാലി തീരത്തേക്കു നീങ്ങുകയയാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോഴത് കേരളാതീരത്ത് ശക്തമാകുന്നതായാണ് വിവരം. സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.റവന്യൂ സെക്രട്ടറി,ഫിഷറീസ് സെക്രട്ടറി, ദുരന്തനിവാരണ സേനാംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടുന്നകാര്യത്തിൽ ചർച്ച നടക്കുകയാണെന്നും എന്നാൽ പെൻഷൻ പ്രായം ഉയർത്തുകയെന്നുള്ളത് നിർദേശം മാത്രമാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.സുശീൽ ഖന്ന സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചർച്ചയായത്. ചെറുപ്പക്കാർക്ക് ആശങ്കവേണ്ട. തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും കൂട്ടും. സർക്കാർ-പൊതുമേഖലകളിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിജെപി പ്രവർത്തകന് വെട്ടേറ്റു;മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കണ്ണൂർ:മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.ഇന്നലെയാണ് ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബിജെപി പഞ്ചായത്ത് പ്രെസിഡന്റുമായ പി.സന്തോഷിന് വെട്ടേറ്റത്. ഇരുകൈകൾക്കും വെട്ടേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാഠ്മണ്ഡുവിൽ വിമാനാപകടത്തിൽ നിരവധിപേർ മരിച്ചു
കാഠ്മണ്ഡു:നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ യാത്രാവിമാനം തകർന്നു വീണ് നിരവധിപേർ മരിച്ചു.കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസിന്‍റെ വിമാനം തകർന്നു വീണത്.67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ഇതിൽ 17 പേരെ രക്ഷപെടുത്തിയതായാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.അപകടത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.എന്നാൽ ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.അപകടത്തെ തുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു.
തേനിയിൽ കാട്ടുതീ;പത്തുപേർ മരിച്ചു
തേനി:കേരള-തമിഴ്‌നാട് അതിർത്തിയിൽ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ പത്തുപേർ മരിച്ചു.25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ പതിനഞ്ചു പേരുടെ നില ഗുരുതരമാണ്.വനത്തിൽ കുടുങ്ങിയ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനത്തിൽ ട്രക്കിങ്ങിനായി എത്തിയവരാണ് കാട്ടുതീയിൽ കുടുങ്ങിയത്.പശ്ചിമഘട്ടത്തിലെ കുരങ്ങണി മലയിലായിരുന്നു ട്രക്കിംഗ് സംഘം കുടുങ്ങിയത്.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം മലകയറുകയായിരുന്നു. കാട്ടുതീ പടർന്നതോടെ ചിതറിയോടി വിദ്യാർത്ഥികളുടെ സംഘം മലയിടുക്കിൽ കുടുങ്ങിയതാണ് അപകട കാരണം.വനയാത്രയ്ക്ക് പോയ 37 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പലരും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ വ്യോമസേനയുടെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ,അഗ്നിശമന സേന, കമാൻഡോകൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ,നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.വനത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ എൺപതുശതമാനത്തോളം പൊള്ളലേറ്റവരും ഉണ്ടെന്നാണ് സൂചന.പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.
തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
കണ്ണൂർ:തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.എസ്എഫ്ഐ നേതാവ് ഞാറ്റുവയൽ സ്വദേശി എൻ.വി കിരണിനാണ്(19) കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് കുത്തേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോ-ഓപ്പറേറ്റീവ് കോളേജ് എസ്എഫ്ഐ കോളജ് യുണിറ്റ് ജോയിന്റ് സെക്രെട്ടറിയും യൂണിയൻ ജനറൽ സെക്രെട്ടറിയുമാണ് കിരൺ.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് എസ്എഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അക്രമത്തിനു പിന്നിൽ പതിനഞ്ചംഗ സംഘമാണെന്നാണ് വിവരം.
സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു
കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു.യുവനിരയ്ക്ക് പ്രാതിനിധ്യം നൽകി 11 അംഗ സെക്രട്ടറിയേറ്റിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.പി. ജയരാജന്‍, എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരും. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയേറ്റ് അംഗങ്ങള്‍.നിലവിലെ അംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, ഒ.വി. നാരായണൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരെ ഒഴിവാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി. കൃഷ്ണനെ നേരത്തെ ഒഴിവാക്കിയിരുന്നു.ഇന്നു രാവിലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി. ജയരാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സിപിഎം പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ , സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു
ബെംഗളൂരു:ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു.തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥ്,ആന്ധ്രാ സ്വദേശിനി അർഷിയാകുമാരി, ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒന്പതുമണിയോടുകൂടി ബെംഗളൂരു നൈസ് റോഡിലാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പിൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്.ബെംഗളൂരു അലൈൻസ് കോളേജിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനികളാണ് മരിച്ച മൂന്നുപേരും. ബന്നാർഘട്ടിൽ നിന്നും കൂട്ടുകാരെയും കൂട്ടി പ്രവീൺ നൈസ് റോഡിലൂടെ വാഹനം ഓടിക്കവേയാണ് അപകടം ഉണ്ടായത്.കാർ ഓടിക്കുന്നതിനിടെ വാഹനത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാർ പലതവണ മലക്കം മറിഞ്ഞ ശേഷം ഒരു പാരപറ്റിൽ ഇടിച്ചാണ് നിന്നത്.തൃശ്ശൂരിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ഗോപിനാഥൻ നായരുടെയും ഷീലയുടെയും മകളാണ് മരിച്ച ശ്രുതി.സഹോദരി സൗമ്യ.