മലപ്പുറം:കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു.മലപ്പുറം അരിപ്രയ്ക്കടുത്താണ് സംഭവം.അപകടത്തെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.സമീപവാസികളോടെ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ എട്ടുമണിയോട് കൂടി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.
പുതുക്കിയ മദ്യനയം;പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കും
തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളിൽ നിന്നും നിശ്ചിത ദൂരം പാലിക്കാത്തതിനാൽ പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും ഉടൻ തുറക്കും.2018-19 വര്‍ഷത്തെ മദ്യ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശവും അടങ്ങിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 10000ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കും. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങൾക്കും അതിനുമേൽ ജനസംഖ്യയുണ്ട്.കൂടാതെ ടൂറിസം മേഖലകളെയും നഗരപ്രദേശങ്ങളായി പരിഗണിച്ച് അടച്ചിട്ട എല്ലാ ബാറുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.കള്ളുഷാപ്പുകൾക്കും പുതിയ ഭേതഗതിയുടെ പ്രയോജനം ലഭ്യമാകും.പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളിൽ നിന്നുള്ള ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ തുടങ്ങാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇത്തരം പട്ടണങ്ങൾ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ദൂരപരിധി നിയമം നിലവിൽ വന്നതോടെ പൂട്ടിയ 40 ബാറുകൾക്ക് ത്രീ സ്റ്റാർ പദവി നഷ്ടമായിരുന്നു.പുതുക്കിയ മദ്യനയ പ്രകാരം ഇവയ്ക്ക് ബാർ ലൈസൻസിന് അപേക്ഷിക്കാം.
വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു
ചെന്നൈ:വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു.പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വേളാങ്കണ്ണിയിലെ ക്ഷേത്ര ദർശനത്തിനു ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.
കൊല്ലം ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
കൊല്ലം:കൊല്ലം ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.ചാത്തന്നൂര്‍ എറു കൊല്ലന്റഴി വീട്ടില്‍ ഷിബു ശിവാന്ദന്‍ (40) ഭാര്യ ഷിജി ശിവാനാന്ദന്‍ (35) മകന്‍ ആദിത്യന്‍ എന്ന അനന്തു (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിടിച്ച് സ്കൂട്ടറിൽ നിന്നും വീണ ഇവരുടെ ദേഹത്ത് അമിത വേഗതയിൽ വന്ന കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു.അപകടം നടന്ന ഉടന്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജിയും അനന്ദുവും കൊട്ടിയം കിംസ് ആശുപത്രിയിലും ഷിബു പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ച് മരിച്ചു. മൃതദേഹങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തേനിയിലെ കാട്ടുതീ;മരിച്ചവരുടെ എണ്ണം 15 ആയി
തേനി:തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാട്ടുതീയില്‍ അകപ്പെട്ട് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയില്‍ ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്ബനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്ബോള്‍ ചെങ്കുത്തായ മലഞ്ചെരുവിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് ഒന്‍പത് പേരും തൊട്ടടുത്തദിവസം മധുരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരും മരിച്ചിരുന്നു.
കീഴാറ്റൂർ ബൈപാസ്:സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ;കത്തിച്ച സമരപന്തൽ പുനഃസ്ഥാപിക്കും
കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ.കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ തീയിട്ടു നശിപ്പിച്ച സമരപന്തൽ പുനർനിർമിക്കുമെന്ന് വയൽക്കിളി പ്രവർത്തകർ അറിയിച്ചു.25 ന് ബഹുജന പിന്തുണയോടുകൂടി സമരപന്തൽ പുനഃസ്ഥാപിക്കാനാണ് തീരുമാനം.വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തിവന്നിരുന്ന കീഴാറ്റൂർ വയൽക്കിളി പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.ഇതിനു പിന്നാലെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ സമരപ്പന്തലിനു തീയിടുകയായിരുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌ഡിപിഐ പ്രവർത്തകർ കീഴാറ്റൂർ വയൽ സന്ദർശിച്ചു.സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതും സമരപന്തൽ കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ പ്രവർത്തകർ പറഞ്ഞു.എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്റ്റേ
കൊച്ചി:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്റ്റേ.നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31നു മുൻപ് പുറപ്പെടുവിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്‍റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. അതേസമയം ഹിയറിങ് തുടരാം.ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ആശുപത്രികൾക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.
പ്ലാസ്റ്റിക്ക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കൊച്ചി:കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു.കൊലപാതകത്തിന് കാരണം മകൾക്ക് കാമുകനായുമായുള്ള ബന്ധം ചോദ്യം ചെയ്തതാണെന്ന് പോലീസ്.പ്രതി മകളുടെ കാമുകൻ സജിത്ത് ആണെന്ന് പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു. ഭർത്താവ് ദാമോദരൻ,മകൾ അശ്വതി,മകൻ പ്രമോദ് എന്നിവർക്കൊപ്പമായിരുന്നു ശകുന്തള താമസിച്ചിരുന്നത്.പിന്നീട് രാഷ്ട്രീയ കൊലപാതക്കേസിൽപ്പെട്ട ദാമോദരൻ ജയിലിലായി.അശ്വതി അയൽവാസിയെ വിവാഹം കഴിച്ചു.ജയിലിൽ നിന്നും വന്ന ദാമോദരനും ശകുന്തളയും തമ്മിൽ വഴക്ക് പതിവായതിനെ തുടർന്ന് ശകുന്തള മാറിത്താമസിച്ചു.ഇതിനിടെ മകൻ ആത്മഹത്യ ചെയ്യുകയും ചെയ്തു.ഇതിനിടെ അശ്വതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകി.പിന്നീട് ഇവരെ ഡൽഹിയിൽ നിന്നും കണ്ടെത്തി.എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം അശ്വതിയും ഭർത്താവും വിവാഹമോചനം നേടി.തുടർന്ന് ശകുന്തളയോടൊപ്പം താമസമാക്കിയ അശ്വതി മറ്റൊരാളുമായി അടുപ്പത്തിലായി.പിന്നീട് ഇയാളുമായി തെറ്റിയ അശ്വതി വീണ്ടും ശകുന്തളയെ അന്വേഷിച്ചെത്തി. ഒപ്പം കുട്ടികളും ഭർത്താവാണെന്ന് പറഞ്ഞ് ഏരൂർ സ്വദേശിയായ സജിത്തും ഉണ്ടായിരുന്നു.എല്ലാവരും ഒപ്പമായിരുന്നു താമസം. തൃക്കാക്കര ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എസ്പിസിയിൽ ഇൻസ്പെക്റ്ററായിരുന്നു സജിത്ത്.ഇതിനിടെ ശകുന്തളയ്ക്ക് സ്കൂട്ടർ അപകടമുണ്ടായി.രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശകുന്തളയുടെ കാലിനു പ്ലാസ്റ്ററിടുകയും ചെയ്തു.ഈസമയത്ത് ശകുന്തള അശ്വതിയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ സജിത്തിന് മറ്റൊരു ഭാര്യ ഉണ്ടെന്നും ശകുന്തള മനസ്സിലാക്കി. സജിത്തും അശ്വതിയും തമ്മിലുള്ള ബന്ധം സജിത്തിന്റെ വീട്ടിൽ അറിയിക്കുമെന്ന് ശകുന്തള പലപ്പോഴും പറഞ്ഞിരുന്നു.ഇതിനിടെ ശകുന്തളയ്ക്ക് ചിക്കൻപോക്സും വന്നു.ഇതോടെ ശകുന്തള സജിത്തിന് ഒരു ബാധ്യതയായി. ശകുന്തള സജിത്തിന് ഭീഷണിയും ബാധ്യതയും കൂടിയായപ്പോൾ ശകുന്തളയെ വകവരുത്താൻ സജിത്ത് തീരുമാനിച്ചു.ഇതിനായി അയൽവാസികളോട് ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞതിന് ശേഷം സജിത്ത് അശ്വതിയെയും കുട്ടികളെയും ഹോട്ടലിലേക്ക് മാറ്റി.ഏരുവേലിയിലുള്ള വാടകവീട്ടിൽ തനിച്ചായ ശകുന്തളയെ കൊലപ്പെടുത്തിയെ ശേഷം വീട്ടിൽ സൂക്ഷിച്ചു. കൂട്ടുകാരനായ ഓട്ടോക്കാരനോട് വീട്ടിൽ വെള്ളം പിടിച്ചുവെയ്ക്കാനായി വീപ്പ വേണമെന്ന് പറഞ്ഞു.പിന്നീട് ശകുന്തളുടെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്തു.വീപ്പ ഉപേക്ഷിക്കുന്നതിനായി അഞ്ചുപേരുടെ സഹായം തേടി. വീപ്പയ്ക്കുള്ളിൽ മൃഗങ്ങളുടെ അസ്ഥികളും തലയോട്ടിയുമാണെന്ന് ഇവരെ ബോധിപ്പിച്ചു.ഇറിഡിയം ഉണ്ടാക്കുന്നതിനായി ആന്ധ്രായിൽ നിന്നും ഒരാളെ കൊണ്ടുവന്നിരുന്നെന്നും ഇന്നലെ അത് പരാജയപ്പെട്ടുവെന്നും അവശിഷ്ട്ടങ്ങൾ വീപ്പയ്ക്കുള്ളിലാണെന്നും പറഞ്ഞു.വീപ്പ ഇവർ കുമ്പളത്തിനു സമീപം വെള്ളമുള്ള സ്ഥലത്ത് ഉപേക്ഷിച്ചു.പിന്നീട് ഏരുവേലിയിലുള്ള വീട് ഉപേക്ഷിച്ച സജിത്ത് കുരീക്കാട് എന്ന സ്ഥലത്ത് വാടകവീടെടുത്ത അശ്വതിയെയും മക്കളെയും അവിടെയാക്കി. ഇതിനിടയിലാണ് മൃതദേഹം തള്ളിയിരുന്നു ഒഴിഞ്ഞ പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച ജോലികൾ ചെയ്യുന്നതിനിടെ പണിക്കാർ വീപ്പ കണ്ടെത്തിയത്.കോൺക്രീറ്റ് പൊട്ടിക്കാൻ പറ്റാത്തതിനെ തുടർന്ന് ഇവർ വീപ്പ ഉപേക്ഷിച്ചു.എന്നാൽ വീപ്പയ്ക്കുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ വീപ്പ വിശദമായി പരിശോധിച്ചു.ഇതോടെ വീപ്പയ്ക്കുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തുകയായിരുന്നു.ഇത് കണ്ടെത്തിയതിന്റെ പിറ്റേദിവസം സജിത്ത് ആത്മഹത്യാ ചെയ്തു.അന്വേഷണം തന്നിലേക്കെത്തുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്.
കീഴാറ്റൂർ വയൽക്കിളികളുടെ സമരപന്തൽ സിപിഎംകാർ കത്തിച്ചു
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം.വയലിലേക്കെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ പൊളിച്ച് തീയിടുകയായിരുന്നു.പിന്നീട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.സിപിഎം നേതൃത്വത്തിന്‍റെ എതിർപ്പുകളെ അവഗണിച്ചാണ് വയൽക്കിളി പ്രവർത്തകർ കീഴാറ്റൂരിൽ സമരം നടത്തിയിരുന്നത്.ബുധനാഴ്ച രാവിലെ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചതോടെയാണ് കീഴാറ്റൂരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പോലീസ് സന്നാഹത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അധികൃതര്‍ കീഴാറ്റൂരില്‍ എത്തിയത്. എന്നാല്‍ ഒരുകാരണവശാലും നിര്‍മ്മാണം അനുവദിക്കില്ലെന്നായിരുന്നു വയല്‍ക്കിളികളുടെ നിലപാട്. ഇതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് വയല്‍ക്കിളികള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയത്. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
ശുഹൈബ് വധം;സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി:കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിന്‍റെ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു.കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടതെന്നും വൈകാരികമായ ഒരു തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായതെന്നും സര്‍ക്കാര്‍ വാദിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അമരേന്ദ്ര ശരണാണ് സര്‍ക്കാരിനായി ഹാജരായത്.കേസില്‍ വിശദമായ വാദം ആവശ്യമാണെന്നും 23ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിന് ശേഷം കേസില്‍ അന്തിമ വിധി ഉണ്ടാകും.