തിരുവനതപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.ഒ.പി സമയം കൂട്ടിയതിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം.സമരത്തിന്‍റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപികൾ പ്രവർത്തിക്കില്ലെന്നു കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.ശനിയാഴ്ച മുതൽ കിടത്തി ചികിത്സ ഒഴിവാക്കാനാണ് ഡോക്റ്റർമാരുടെ തീരുമാനം.വൈകുന്നേരത്തെ ഒപിയിൽ രോഗികളെ നോക്കില്ലെന്നും ഇവർ വ്യക്തമാക്കി.നിലവിൽ രണ്ടുമണി വരെ ഉണ്ടായിരുന്ന ഒപി സമയം ആർദ്രം പദ്ധതിയുടെ ഭാഗമായി ആറുമണി വരെയാക്കി ഉയർത്തിയിരുന്നു.എന്നാൽ മിക്ക ഡോക്റ്റർമാരും തങ്ങളുടെ പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു.ഇതിനിടെ ആറുമണി വരെ ജോലി ചെയ്യാൻ വിസമ്മതിച്ച പാലക്കാട് കുമരമ്പത്തൂരിലെ ഡോക്റ്ററെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഡോക്റ്റർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം;വരാപ്പുഴ എസ്‌ഐ ദീപക് ഉൾപ്പെടെ നാലുപേർക്കെതിരെ നടപടിക്ക് സാധ്യത
കൊച്ചി:വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ വരാപ്പുഴ എസ്‌ഐ ദീപക് അടക്കം നാല് പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത.ശ്രീജിത്തിന്‍റെ മരണത്തിൽ ദീപക്കിനും പങ്കുണ്ടെന്ന് കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഐജി എസ്.ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ച ശേഷമാണ് ഐജി റിപ്പോർട്ട് സമർപ്പിച്ചത്.ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.കേസിലെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു.ശ്രീജിത്തിനെതിരെ മൊഴി നല്കാൻ സിപിഎമ്മിന്റെ ഭാഗത്തു നിന്നും സമ്മർദമുണ്ടായിരുന്നതായി ദേവസ്വംപാടം ബ്രാഞ്ച് സെക്രെട്ടറി പരമേശ്വരന്റെ മകൻ ശരത് പറഞ്ഞു. സംഭവം നടക്കുമ്പോൾ പരമേശ്വരൻ സ്ഥലത്തുണ്ടായിരുന്നില്ല.മൊഴിമാറ്റി പറഞ്ഞത് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂട്ടിക്കൊണ്ടുപോയതിനു ശേഷമാണെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.
കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്,സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ബുധനാഴ്ച പുലർച്ചെ ഒരുമണിയോട് കൂടിയാണ് ആർഎസ്എസ് പ്രവർത്തകൻ കൈതേരിയിലെ ഹർഷിൻ ഹരീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകരുകയും ഹരീഷിന്റെ സഹോദരി ഹരിതയ്ക്ക് ജനൽചില്ല് തട്ടി പരിക്കേൽക്കുകയും ചെയ്തു.ഹർഷിന്റെ അമ്മയ്ക്കും സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ചെവിക്ക് കേൾവിക്കുറവുണ്ടാവുകയും ചെയ്തു.ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് ഹർഷിന്റെ വീടിനു നേരെ അക്രമണമുണ്ടാകുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോട് കൂടിയാണ് സിപിഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ വൈസ് പ്രെസിഡന്റുമായ പി.അബ്ദുൽ റഷീദിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.സ്‌ഫോടനത്തിൽ വീടിന്റെ ഗ്രിൽസ്, ജനൽചില്ലുകൾ,വരാന്തയിൽ ഉണ്ടായിരുന്ന കസേര എന്നിവ തകർന്നു.ആക്രമണം നടക്കുമ്പോൾ റഷീദും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.അക്രമം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 257 പേർ മരിച്ചു
അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 257 പേർ മരിച്ചു.ഇവരിൽ പത്തുപേർ വിമാന ജീവനക്കാരാണെന്ന് സർക്കാരിന്‍റെ ഒൗദ്യോഗിക റേഡിയോ റിപ്പോർട്ട് ചെയ്തു. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് അൾജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡാ വിമാനത്താവളത്തിന് സമീപത്താണ് അപകടം നടന്നത്.അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നതെന്നാണു റിപ്പോർട്ടുകൾ.യാത്രക്കാരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് റിപ്പോർട്ടുകൾ.സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് സൂചന.രക്ഷപ്രവർത്തനങ്ങൾക്കായി 14 ആംബുലൻസുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
വ്യാജ ഇൻഷുറൻസ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ
കണ്ണൂർ:വ്യാജ ഇൻഷുറൻസ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ.കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷന് സമീപമുള്ള യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരിയായ എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിയിലാണ് ഷീബയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികമായി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാള്‍ടെക്‌സ് ബ്രാഞ്ചില്‍ പോര്‍ട്ടര്‍ ഓഫീസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്ന് വര്‍ഷമായി ഉപഭോക്താക്കളുടെ തുക അടക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള KL-13-Z-0735 എന്ന നമ്പർ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് അടക്കാന്‍ വേണ്ടി ഇരിട്ടിയിലെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.2017-18 കാലയളവില്‍ ഇന്‍ഷൂറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു.എന്നാൽ ഇൻഷുറന്സ് തുകയായ 15,260 രൂപ താന്‍ കണ്ണൂര്‍ ബ്രാഞ്ചില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരിയായ ഷീബയുടെ പക്കല്‍ അടച്ചതായി ജീവനക്കാരോട് ഷെഫീഖ് പറഞ്ഞു.തുടര്‍ന്ന് ഇന്‍ഷൂറന്‍സ് പേപ്പര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇന്‍ഷൂറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് എടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. അതിനു ശേഷം അതിന്റെ ഫോട്ടോ കോപ്പിയെടുത്തിട്ട് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്ബൊട്ടിച്ച് വാഹന ഉടമകൾക്ക് ഇന്‍ഷൂറന്‍സ് പേപ്പര്‍ നല്‍കും.ഇത്തരത്തിലാണ് ഷീബ തട്ടിപ്പ് നടത്തി വന്നിരുന്നത്.ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി എം ഡബ്ല്യു കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കാനുള്ള 46000 രൂപയും ഷീബ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. ഇങ്ങനെ 200 ഓളം പേരുടെ കയ്യിൽ നിന്നായി ഷീബ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഷീബ ബാബുവിന് പിന്നില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
തീർത്ഥയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു
ഫറോക്ക്:തീർത്ഥയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു.മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിബില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ് (60), മകള്‍ ചാലിയം ബീച്ച് റോഡ് കോവില്‍ക്കാരന്റകത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്. മുഹമ്മദും ഭാര്യയും മക്കളും പേരക്കുട്ടികളുമടങ്ങുന്ന പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏര്‍വാടിയിലേക്ക് തീര്‍ത്ഥ യാത്ര പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചുവെക്കിലും മുഹമ്മദുo മകളും മരിക്കുകയായിരുന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റ മുഹമ്മദിന്റെ ഭാര്യ സുഹറ (55), മുഹമ്മദ് സിനാന്‍ (28), ആഷിഖ് റഹ്മാന്‍ (26), മുനീറ (32), മരിച്ച മുംതാസിന്റെ മക്കളായ ഷിജില നര്‍ഗീസ് (13), ആയിഷ ഫന്‍ഹ (12), ഷഹന ഷെറിന്‍ (10) എന്നിവരെ പരിക്കുകളോടെ കരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു
തളിപ്പറമ്പ്:തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ പിൻവശത്ത് ചിൻമയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡിൽ നിർത്തിയിട്ടിരുന്ന കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്.ബിജെപി അനുഭാവിയായ ഗോപാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിനടിയിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെടുത്തത്.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
റേഡിയോ ജോക്കിയുടെ കൊലപാതകം;മുഖ്യപ്രതി അലിഭായ് പിടിയിൽ
തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അലിഭായ് പോലീസ് പിടിയിൽ.ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് റേഡിയോ ജോക്കിയായി രാജേഷിനെ കാറിലെത്തിയ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്.രാജേഷിന്‍റെ ഓഫീസിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.രാജേഷിന്‍റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്‍റെ ഭർത്താവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു
കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.കസ്റ്റമറി ബോണസ് നേടിയെടുക്കുന്നതിനായാണ് സ്വകാര്യ ബസ് തൊഴിലാളികൾ – സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്സ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.ബോണസ് പത്തൊമ്പത് ശതമാനത്തിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കി നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.ലേബർ ഓഫീസിൽ ബസ് ഓണേഴ്സും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ബോണസ് കൂട്ടി നൽകാൻ തീരുമാനമായത്.
തേനിയിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു
തമിഴ്‌നാട്:തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്.