വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കാനുള്ള തീരുമാനത്തിൽ ബസ്സുടമകൾക്കിടയിൽ ഭിന്നത

keralanews different opinion between the bus owners in the deision to cancel the consession of students

തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ റദ്ദാക്കാനുള്ള തീരുമാനത്തിൽ ബസ്സുടമകൾക്കിടയിൽ ഭിന്നത.കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ റദ്ദാക്കാനുള്ള അവകാശം ബസ്സുടമകൾക്കില്ലെന്നും അത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഫെഡറേഷൻ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ റദ്ദാക്കാനായുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു,എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.കൺസെഷൻ അനുവദിച്ചില്ലെങ്കിൽ ബസ്സുകൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകി.യാത്ര ആനുകൂല്യം വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് നിർത്തലാക്കാൻ ശ്രമിക്കുന്ന ബസ്സുകളെ നിരത്തിലിറക്കില്ലെന്നുമാണ് കെഎസ്‌യു നിലപാട്.വിദ്യാർത്ഥികളുടെ കൺസെഷൻ നിർത്തലാക്കിയാൽ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന്‌ സാക്ഷിയാകേണ്ടി വരുമെന്ന് എസ്എഫ്ഐയും മുന്നറിയിപ്പ്  നൽകി.

കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും

keralanews electricity supply will be suspended on sunday

കണ്ണൂർ:220 കെ.വി കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള 220 കെ.വി അരീക്കോട്-കാഞ്ഞിരോട്,220 കെ.വി ഓർക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 29.04.18 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.

ജൂൺ ഒന്ന് മുതൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് ബസ്സുടമകൾ

keralanews concession will not be given to students in private buses from june 1st

തിരുവനന്തപുരം:ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് ബസ്സുടമകൾ അറിയിച്ചു. തീരുമാനം സർക്കാരിനെ അറിയിക്കും.വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകണമെങ്കിൽ തങ്ങൾക്ക് ഇന്ധന വിലയുടെ കാര്യത്തിൽ സബ്‌സിഡി നല്കണമെന്നും ബസ് ഉടമകൾ പറഞ്ഞു.വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ നിരക്ക് വർധന. എന്നാൽ നിരക്ക് വർധിപ്പിച്ച സർക്കാർ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചത്.എന്നാൽ ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ ബസുടമകൾ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്ക് കൂടി എച് ഐ വി

keralanews child affected with hiv during treatment in rcc

തിരുവനന്തപുരം:ആർസിസിയിൽ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവി ബാധിച്ചിരുന്നതായി സ്ഥിതീകരിച്ചു.മാർച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആർസിസിയിൽനിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആർസിസി വ്യത്തങ്ങൾ വ്യക്തമാക്കി.അതേസമയം ആർസിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ആർസിസിയിൽ ചികിത്സയിൽ കഴിന്നിരുന്ന മറ്റൊരു കുട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു.ആലപ്പുഴ സ്വദേശിനിയായ ഈ കുട്ടിക്ക് എച് ഐ വി ബാധിച്ചിരുന്നതെയി കണ്ടെത്തിയിരുന്നു.ചികിത്സയ്ക്കിടെ 48 പേരുടെ രക്തം ഈ കുട്ടിക്ക് നൽകിയിരുന്നു.ഇവരിൽ ഒരാൾക്കാണ് എച് ഐ വി ബാധ ഉണ്ടായിരുന്നത്.രോഗം തിരിച്ചറിയാത്തത്ത് വിൻഡോ പിരിഡിൽ രക്തം നല്കിയതിനാലാണെന്നാണ് അധികൃതർ നൽകിയ വിശദീകരണം.

നിർവികാരയായി കൊലപാതകം നടത്തിയ രീതി വിവരിച്ച് സൗമ്യ;പൊട്ടിക്കരഞ്ഞ് സഹോദരി

keralanews soumya explained the method of murder with out any imotions

കണ്ണൂർ:സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ രീതി വീട്ടിൽ വെച്ച് അന്വേഷണ സംഘത്തോട് വിവരിക്കുമ്പോഴും നിർവികാരയായി കേസിലെ പ്രതി സൗമ്യ.എന്നാൽ വിവരണം കേട്ട് സൗമ്യയുടെ സഹോദരി പൊട്ടിക്കരഞ്ഞു.അച്ഛനോടും അമ്മയോടും നീ എന്തിനിതു ചെയ്തുവെന്ന സഹോദരിയുടെ കരഞ്ഞു കൊണ്ടുള്ള ചോദ്യത്തിന് മുൻപിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് സൗമ്യ നിന്നത്.കൊലപാതകം നടത്തിയ രീതി സ്വന്തം മുറിയിലെ കട്ടിലിൽ ഇരുന്നുകൊണ്ടാണ് സൗമ്യ അന്വേഷണ സംഘത്തോട് വിവരിച്ചത്. മീനിൽ എലിവിഷം കലർത്തി വറുത്തെടുത്ത ശേഷം ചോറിൽ കുഴച്ചാണു മകൾക്കു നൽകിയത്. അമ്മയ്ക്കു മീൻകറിയിലും അച്ഛന് രസത്തിലും വിഷം ചേർത്ത് നല്കുകയിരുന്നു.മീൻ വറുക്കാനുപയോഗിച്ച ഫ്രൈയിങ് പാൻ, മാതാപിതാക്കൾക്കു കറി വിളമ്പിയ പാത്രങ്ങൾ എന്നിവ അടുക്കളയിലെത്തി അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു.ഐശ്വര്യയുടെ അസുഖത്തെ കുറിച്ച് സൗമ്യ തന്നോട് വീഡിയോ കോൺഫെറൻസിലൂടെയാണ് പറഞ്ഞിരുന്നതെന്ന് സഹോദരി സന്ധ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.ടെസ്റ്റുകൾ ചെയ്യുന്നുണ്ടെന്നും ഡോക്ടർ രോഗം കണ്ടുപിടിച്ചില്ലെന്നും കുട്ടിക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തതു കൊണ്ടാകാം ഇങ്ങനെയൊക്കെ എന്നാണ് സൗമ്യ പറഞ്ഞത്.ഐശ്വര്യ ഛർദിക്കുന്നതിന്റെ പടങ്ങളും വീഡിയോയും സൗമ്യ തനിക്ക് അയച്ചുതരാറുണ്ടായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.ഐശ്വര്യ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് കുട്ടിക്ക് സീരിയസ്സാണെന്ന് സൗമ്യ വിളിച്ചു പറഞ്ഞിരുന്നു .എന്നാൽ ഭർത്താവിന്റെ നാടായ വൈക്കത്തായിരുന്നതിനാൽ മരിക്കുന്നതിന് മുൻപ് തനിക്ക് കുട്ടിയെ കാണാൻ സാധിച്ചില്ലെന്ന് സന്ധ്യ വ്യക്തമാക്കി.പിന്നീട് അമ്മയ്ക്കും സമാന അസുഖം പിടിപെട്ടപ്പോൾ അന്വേഷിച്ച സന്ധ്യയോട് കിണറിലെ വെള്ളത്തിന്റെ കുഴപ്പമാണെന്നും വെള്ളം പരിശോധിക്കാൻ നല്കിയിട്ടുണ്ടെന്നുമാണ് സൗമ്യ പറഞ്ഞത്.കമലയുടെ മരണത്തോടെ അമോണിയയുടെ അംശം വെള്ളത്തിൽ കൂടുതലുണ്ടെന്നും പരിശോധനാ ഫലം കിട്ടിയെന്നും സൗമ്യ സന്ധ്യയെ അറിയിച്ചു.അമ്മയുടെ മരണശേഷം അച്ഛൻ വൈക്കത്തെ സന്ധ്യയുടെ വീട്ടിൽ പോയിരുന്നു.അവിടെ നിന്നു ഛർദിച്ചപ്പോൾ അച്ഛനെ അവിടുത്തെ ഡോക്ടറെ കാണിച്ചു.സുഖമായതിനെത്തുടർന്നു നാട്ടിലേക്ക് അച്ഛനോടൊപ്പം സന്ധ്യയും വരികയായിരുന്നു.പിന്നീട് നാട്ടിലെത്തിയപ്പോൾ അച്ഛൻ കുഞ്ഞിക്കണ്ണന് അസുഖം കൂടുതലായതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛന്റെയും അമ്മയുടെയും മരണം നടന്നപ്പോൾ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്ന് പറഞ്ഞെങ്കിലും വയസ്സായ ആളുകളെ എന്തിനാണ് കീറിമുറിക്കുന്നതെന്ന് പറഞ്ഞ് സൗമ്യ പോസ്റ്റ് മോർട്ടത്തിന് എതിര് നിൽക്കുകയായിരുന്നു.എന്നിട്ടും സൗമ്യ കൊലപാതകം ചെയ്തെന്നു സന്ധ്യ വിശ്വസിച്ചില്ല. പൊലീസ് ചോദ്യംചെയ്തപ്പോൾ സൗമ്യ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണു സന്ധ്യ യാഥാർഥ്യം അറിയുന്നത്.

 

ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു

keralanews 13 students killed after school van collided with the train in up

ഉത്തർപ്രദേശ്:ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു. ബസ്സിന്റെ ഡ്രൈവറും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. യുപിയിലെ ഗോരഖ്പുരിന് സമീപം കുഷിനഗറിലെ ലെവൽ ക്രോസ്സിലാണ് അപകടം നടന്നത്.എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ഡിവൈൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്.ഇന്ന് രാവിലെ ആറരമണിയോട് കൂടിയാണ് അപകടം നടന്നത്.പത്തുവയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്.ആളില്ലാത്ത ലെവൽ ക്രോസിൽ വെച്ചാണ് അപകടം.മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തിൽ അന്വേഷണം നടത്താൻ ഗോരഖ്പുർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പിണറായിയിലെ കൂട്ടക്കൊലപാതകം;സൗമ്യയെ തെളിവെടുപ്പിനായി എത്തിച്ചു;കൂകിവിളിച്ചും അസഭ്യവർഷം ചൊരിഞ്ഞും നാട്ടുകാർ

keralanews pinarayi gang murder case the accused brought for evidence collection

കണ്ണൂർ:പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.ഇവരുടെ പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്.നാട്ടുകാര്‍ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു.കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ രണ്ടാമത്തെ മകള്‍ ആറുവര്‍ഷം മുൻപ് മരിച്ചിരുന്നു. രണ്ടാമത്തെ മകളുടെത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.തന്റെ  അവിഹിത ബന്ധത്തിന് മാതാപിതാക്കളും മകളും തടസ്സമാകുമെന്ന് മനസ്സിലാക്കിയ സൗമ്യ ഇവരെ ഭക്ഷണത്തിൽ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ സൗമ്യയെ നാലു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. ചൊവ്വാഴ്ച അറസ്റ്റിലായ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി അനുവദിച്ചത്.സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മാതാപിതാക്കളും മക്കളും എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിഷം വാങ്ങി നൽകിയത് പ്രദേശത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്നാൽ ഇയാൾക്ക് കേസുമായി ബന്ധമൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എലിവിഷം സാധാരണ വസ്തുവായതിനാൽ സൗമ്യ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വാങ്ങി നൽകുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകം തന്നെ;അറസ്റ്റിലായ സൗമ്യ കുറ്റം സമ്മതിച്ചു

keralanews the mysterious death in pinarayi are murder soumya arrested in the case

കണ്ണൂർ:കണ്ണൂർ പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകം തന്നെ എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിത കൊലപാതകമാണെന്ന് ഇതോടെ തെളിഞ്ഞു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍ (76)ഭാര്യ കമല(65)മക്കളായ ഐശ്വര്യ കിശോര്‍ (8) കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന ചോദ്യംചെയ്യലിനൊടുവിൽ സൗമ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മാതാപിതാക്കളേയും ഒരു മകളേയും താന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നു സൗമ്യ പോലീ സിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.ഒരു കുട്ടിയുടേതു സ്വാഭാവികമരണമാണെന്നാണ് യുവതി പറയുന്നത്.കാമുകനോടൊപ്പം താമസിക്കുന്നതിന് മാതാപിതാക്കളും മകളും തടസ്സമാണെന്ന് തോന്നിയതിനാലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൗമ്യ പൊലീസിന് മൊഴി നൽകി.മൂന്നു മാസം മുൻപ് മൂത്തമകൾ ഐശ്വര്യയ്ക്ക് വറുത്ത മീനിനൊപ്പം എലിവിഷം ചേർത്ത് ചോറിനൊപ്പം നൽകിയാണ് സൗമ്യ കൊലപ്പെടുത്തിയത്. പിന്നീട് രണ്ടുമാസം കഴിഞ്ഞ് മീൻ കറിയിൽ  വിഷം ചേർത്ത് അമ്മയ്ക്ക് നൽകുകയായിരുന്നു. മകൾ മരിച്ച അതെ രീതിയിൽ അമ്മയും മരിച്ചതോടെ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ഇത് മാറ്റാൻ കിണറിലെ വെള്ളത്തിൽ അമോണിയയുടെ അംശം ഉള്ളതായി സൗമ്യ പറഞ്ഞു. വെള്ളം സ്വന്തമായി ലാബിൽ കൊണ്ടുപോയി പരിശോധിച്ച ശേഷമാണ് ഇങ്ങനെ പറഞ്ഞത്.അമ്മ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ചോറിനൊപ്പം കഴിക്കാൻ നൽകിയ രസത്തിൽ വിഷം കലർത്തി അച്ഛനെയും കൊലപ്പെടുത്തി.എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ചെറിയ തോതിൽ പലതവണയായാണ് ശരീരത്തിലെത്തിയതെന്ന് സംശയമുണ്ട്. തുടരന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.തുടർച്ചയായ മൂന്നു മരണങ്ങളിൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെ തനിക്കും രോഗം ബാധിച്ചതായി സൗമ്യ പ്രചരിപ്പിച്ചു.ഒരാഴ്ച മുൻപ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.

പുതിയതെരു കോട്ടക്കുന്നിൽ ദേശീയപാത സർവ്വേ നടപടികൾ നാട്ടുകാർ തടഞ്ഞു;സ്ഥലത്ത് സംഘർഷം

keralanews natives blocked national highway survey in kottakkunnu puthiyatheru

കണ്ണൂർ:ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സർവേയിൽ പുതിയതെരു കോട്ടക്കുന്നിൽ സംഘർഷം.സർവ്വേ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.ഇതോടെ പോലീസ് സ്ഥലത്തെത്തി.ഇതിനിടെ സർവ്വേ ഉപകരണങ്ങൾ സമരക്കാർ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.ഇതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ദേശീയപാത സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കോട്ടക്കുന്നിൽ നാട്ടുകാർ നേരത്തെയും തടഞ്ഞിരുന്നു.നിലവിൽ  ഉണ്ടായിരുന്ന അലൈന്മെന്റ് മാറ്റി പുതിയ അലൈന്മെന്റ് പ്രകാരം സർവ്വേ നടത്തുന്നതിനെതിരെയാണ് നാട്ടുകാർ സമരം നടത്തുന്നത്.ചില വ്യക്തികൾക്ക് വേണ്ടി പഴയ അലൈന്മെന്റ് മാറ്റിയെന്നും സമരക്കാർ ആരോപിക്കുന്നു.

പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം;ഒരാൾ കസ്റ്റഡിയിൽ

keralanews mysterious death of four persons in one family there is doubt about the murder one under custody

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണത്തിനു പിന്നിലെ കുരുക്കഴിയുന്നു.ഏറ്റവും ഒടുവിൽ മരിച്ച കമലയുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ഇവരുടെ ഉള്ളിൽ അലുമിനിയം ഫോസ്‌ഫേറ്റ് എത്തിയതായി കണ്ടെത്തി. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു.അലുമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു നേരിയ അളവിൽ ശരീരത്തിൽ എത്തിയാൽ പോലും ഛർദിയും ശ്വാസം മുട്ടലും ഉണ്ടാകും.രക്തസമ്മർദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്റ്റർമാർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയെ ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ തന്നെ ഈ മരണങ്ങൾ കൊലപാതകമാണെന്നതിന്റെ ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.നാലുപേരെ ചികിത്സിച്ചതിലും ദൂരുഹതയുണ്ട് എന്നു പറയുന്നു. നാലുപേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയത് സൗമ്യ തന്നെയാണ്. എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചതു ഛര്‍ദ്ദിയും വയറുവേദനയും മൂലമായിരുന്നു. നാലുപേരെയും ചികിത്സയ്ക്കായി നാല് ആശുപത്രിയില്‍ എത്തിച്ചതിലും ദൂരുഹതയുണ്ട് എന്നാണു പോലീസ് നിഗമനം. നാലുപേരും രോഗം പൂര്‍ണ്ണമായി ഭേതമായ ശേഷമായിരുന്നു ആശുപത്രി വീട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരുന്നു നാലു മരണങ്ങളും സംഭവിച്ചത്. വണ്ണത്താന്‍ വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നു സൗമ്യ പ്രചരണം നടത്തിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കി. വെള്ളം സ്വന്തം നിലയ്ക്കു ശേഖരിച്ചു കണ്ണൂരില്‍ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷമാണ് എല്ലാവരും ശ്രദ്ധിക്കണം എന്നും വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭൂഗര്‍ഭജല വകുപ്പ് പടന്നക്കരയില്‍ എത്തി സൗമ്യയുടേതുള്‍പ്പടെ 25 വീടുകളില്‍ നിന്നു ജലം ശേഖരിച്ചു പരിശോധന നടത്തിയതില്‍ കിണറുകളിലെ ജലത്തിനു കുഴപ്പമുള്ളതായി കണ്ടെത്തിട്ടില്ല. 2012 ലാണ് സൗമ്യയുടെ ഒരു മകൾ ഛർദിയും വയറുവേദനയും കാരണം മരണമടഞ്ഞത്.ഇതേ രോഗ ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ മകൾ ഐശ്വര്യയും മരിച്ചത്.പിന്നീട് സൗമ്യയുടെ അമ്മയും അച്ഛനും ഇതേ സാഹചര്യങ്ങളിൽ മരണമടയുകയായിരുന്നു.തുടർച്ചയായി നാല് മരണങ്ങൾ നടന്നതോടെ സൗമ്യയുടെ ഒരു ബന്ധുവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സൗമ്യയും സമാന രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ആവുകയും ചെയ്തു.ഇതും ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സൗമ്യയെയും വീടുമായി അടുപ്പമുള്ള യുവാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.