ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു;83.75 ശതമാനം വിജയം

keralanews higher secondary exam result announced 83.75 percentage success

തിരുവനന്തപുരം:ഹയർസെക്കണ്ടറി,വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.83.75 ശതമാനമാണ് വിജയം.4,42,434 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,09,065 വിദ്യാർഥികൾ വിജയിച്ചു.14,735 പേര്‍ എല്ലാ വിഷയത്തിനു എ പ്ലസ് നേടി.കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം (86.75 ശതമാനം).എറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍ ,77.16 ശതമാനം. പുനർമൂല്യ നിർണ്ണയം നടത്താനുള്ള അവസാന തീയതി മെയ് 15 ആണ്.ജൂൺ അഞ്ചു മുതൽ പന്ത്രണ്ട് വരെ സെ പരീക്ഷ നടക്കും.സെ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി മെയ് 16. പരീക്ഷാഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിൽ ലഭിക്കും.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും prdlive ആപ്പ് ഡൌൺലോഡ് ചെയ്യാം.www.prd.kerala.gov.in, www.results.kerala.inc.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും പരീക്ഷാഫലം ലഭിക്കും.

ഇരട്ടക്കൊലപാതകം;കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന ചർച്ച

keralanews murder in kannur peace talk will held today in kannur

കണ്ണൂർ:കണ്ണൂരിലും മാഹിയിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന യോഗം നടക്കും.ജില്ലാ കളക്റ്ററാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വൈകുന്നേരം നാലുമണിക്ക് കണ്ണൂർ കളക്റ്ററേറ്റിലാണ് യോഗം നടക്കുക.ഇരുപാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്.  കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയോട് ഗവർണ്ണർ വിശദീകരണവും തേടിയിരുന്നു. അന്വേഷണം നടക്കുന്നതിനോടൊപ്പം കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാധാന യോഗം നടത്തുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മാഹി ഇരട്ട കൊലപാതകത്തിന് പിന്നിൽ വിദഗ്ദ്ധ പരിശീലനം നേടിയവർ

keralanews expert behind the double murder in mahe

മാഹി:സിപിഎം മാഹി ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു,ആർഎസ്എസ് പ്രവർത്തകൻ ഷമേജ് എന്നിവരെ വീട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇരുവരുടെയും കൊലപാതകത്തിന് പിന്നിൽ വിദഗ്ദ്ധ പരിശീലനം നേടിയവരാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന.എട്ടംഗ ആർഎസ്എസ് പ്രവർത്തകർക്കെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ രണ്ട് വെട്ടുകൾ ബാബുവിന്‍റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആഴത്തിലുള്ള ഈ രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരൽചൂണ്ടുന്നത്.പുതുച്ചേരി ഡിജിപി സുനിൽ കുമാർ ഗൗതം, എസ്എസ്പി അപൂർവ ഗുപ്ത എന്നിവർ ഇന്ന് മാഹിയിൽ എത്തുന്നുണ്ട്. മാഹി സിഐ ഷൺമുഖത്തിനാണ് അന്വേഷണ ചുമതല. ആർഎസ്എസ് പ്രവർത്തകൻ ഷമേജ് (41) നെ കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പ്രതികളെ തിരിച്ചറിഞ്ഞതായും ചിലരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. ഷമേജിന്‍റെ ശരീരത്തിൽ ചെറുതും വലുതുമായ 30 മുറിവുകളുണ്ടായിരുന്നു. ശരീരത്തിൽ വെട്ടുകൾ മാത്രം ഒൻപതെണ്ണമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കുപിന്നിൽ വെട്ടേറ്റ് തലയോട്ടി പിളർന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

പ്ലസ് വൺ ഏകജാലക പ്രവേശനം;ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

keralanews plus one single window admission online applications have been accepted

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി.ഹയർ സെക്കണ്ടറി ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മെയ് 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.തുടര്‍ന്ന‌് 25ന‌് ട്രയല്‍ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന‌് മെയിന്‍ അലോട്ട്മെന്റും തുടര്‍ന്ന‌് പ്രവേശനവുമാണ‌്. 11ന‌് രണ്ടാംഘട്ട അലോട്ട‌്മെന്റിനുശേഷം ജൂണ്‍ 13ന‌് ക്ലാസ‌് ആരംഭിക്കും. വിവിധ അലോട്ട‌്മെന്റുകള്‍ക്കിടയില്‍ ഓപ‌്ഷന്‍ മാറ്റിക്കൊടുക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക‌് അവസരമുണ്ടായിരിക്കും.ജില്ലയിലെ സ‌്കൂളുകളിലേക്കുള്ള പ്രവേശനത്തിന‌് ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.മറ്റ‌് ജില്ലകളിലേക്ക‌് പ്രത്യേകം വേണം. വെബ്സൈറ്റ് വഴിയാണ‌് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓപ‌്ഷനുകള്‍ തെരഞ്ഞെടുക്കുന്നത‌് സംബന്ധിച്ച‌് വിദ്യാര്‍ഥികര്‍ക്ക‌് അവബോധം നല്‍കാന്‍ സര്‍ക്കാര്‍, എയ‌്ഡഡ‌് സ‌്കൂളുകളില്‍ ഹെല്‍പ‌് ഡെസ‌്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത‌് എസ‌്‌എസ‌്‌എല്‍സി മാര്‍ക്ക‌് ലിസ‌്റ്റിന്റെ പ്രിന്റ് ഔട്ട്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.ബോണസ് പോയിന്റ് ലഭിക്കാനുള്ള അര്‍ഹത ഉണ്ടെങ്കിൽ അത് സംബന്ധിച്ച‌ കാര്യങ്ങളും കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം(എസ‌്‌എസ‌്‌എല്‍സി, ആധാര്‍, ബോണസ് പോയിന്റ് തെളിയിക്കുന്ന രേഖകള്‍) അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫീസായി 25 രൂപയും അടയ‌്ക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചു വെയ്ക്കണം.ഇത് നഷ്ടപ്പെട്ടാല്‍ അലോട്ട‌്മെന്റ‌് പരിശോധിക്കാനോ തിരുത്താനോ സാധിക്കില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദാക്കും.

പഴനിക്കടുത്ത് വാഹനാപകടം;ഏഴു മലയാളികൾ മരിച്ചു

keralanews accident near pazhani seven malayalees died

ചെന്നൈ:പഴനിക്കടുത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഏഴു മലയാളികൾ മരിച്ചു.കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു, സജിനി എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ പഴനിക്കടുത്ത് സിന്തലാംപട്ടിയില്‍ 8 അംഗ മലയാളി സംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന,ശശി,വിജയമ്മ ,സുരേഷ്,മനു എന്നിവര്‍ ഇന്നലെ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ 4 പേരെ പഴനി, ദിണ്ടിഗല്‍, മധുര സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ഇതില്‍ മൂന്നു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അഭിജിത്,ലേഖ,സജിനി എന്നിവരാണ് ആശുപത്രിയില്‍ വച്ച്‌ മരിച്ചത്. പരുക്കേറ്റ ആദിത്യന്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു മണിക്കൂറിനിടയിൽ രണ്ടു കൊലപാതകം; കണ്ണൂരും മാഹിയിലും സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു

keralanews two murder in one hour hartal called by cpm and bjp in kannur and mahe is progressing

കണ്ണൂർ:ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ.മാഹി പള്ളൂരിൽ ഒരു മണിക്കൂറിനിടെ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് രണ്ടുപേർ.സിപിഎം പള്ളൂർ ലോക്കൽകമ്മിറ്റി അംഗവും മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാബുവിന് വെട്ടേറ്റത്.ഗുരുതരാവസ്ഥയിലായ ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.ഈ വാർത്ത പുറത്തു വന്ന ഒരുമണിക്കൂറിനുള്ളിലാണ് ആർഎസ്എസ് പ്രവർത്തകൻ ഷമോജിന് നേരെ ആക്രമണം ഉണ്ടായത്.രാത്രി പത്തുമണിയോട് കൂടി മാഹി പാലത്തിനു സമീപത്തുവെച്ചാണ് ഷമോജിന് വെട്ടേറ്റത്.മാരകമായി വെട്ടേറ്റ ഷമോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.കൊലപാതകത്തിൽ ഇരു പാർട്ടിക്കാരും പരസ്പ്പരം പഴിചാരി. ആർഎസ്എസിന്റെ കൂത്തുപറമ്പിലെ ആയുധ പരിശീലന ക്യാമ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബാബുവിന് നേരെ ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.ഷാമോജിന്റെ കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപിയും ആരോപിച്ചു.രണ്ടു കൊലപാതകവുമായി  ബന്ധപ്പെട്ട് പോലീസ് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.എന്നാൽ രണ്ടും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ഷമോജിന്റെ കൊലപാതകമെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കുറെ നാളുകളായി സമാധാനം നിലനിൽക്കുന്ന മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്.സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിലും മാഹിയിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മാഹിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു;കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ

keralanews cpm activist killed in mahe hartal in kannur and mahe tomorrow

മാഹി:മാഹി പള്ളൂരിൽ സിപിഐ(എം)പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.പള്ളൂർ സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവാണ് മരിച്ചത്.മാഹി മുൻ കൗൺസിലറുമായിരിന്നു ബാബു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും നാളെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി സിപിഎം നേതൃത്വം വ്യക്തമാക്കി.

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്;മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മൻ ചാണ്ടി

keralanews chengannur election oommen chandi invited mani to udf

തിരുവനന്തപുരം:കെ എം മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.ചെങ്ങന്നൂരിൽ വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണ്.അക്കാര്യം നിയോജകമണ്ഡലം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും.യുഡിഎഫ് സ്ഥാനാർത്ഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തിൽ കാണാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.  അതിനിടെ ചെങ്ങന്നൂരിൽ യുഡിഎഫ്, ബിജെപി സ്ഥാനാർഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.

വരാപ്പുഴ കസ്റ്റഡി മരണം;യഥാർത്ഥ ശ്രീജിത്ത് കീഴടങ്ങി

keralanews varappuzha custodiyal death real sreejith surrendered

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ യഥാർത്ഥ പ്രതി ശ്രീജിത്ത് എന്ന തുളസീദാസ് കീഴടങ്ങി.വാരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച ശ്രീജിത്തിന് യാതൊരു പങ്കുമില്ലെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു.കേസിൽ തുളസീദാസടക്കം മൂന്നു പ്രതികൾ ഇന്നലെയാണ് കോടതിയിൽ കീഴടങ്ങിയത്.വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടിൽ വിബിൻ,മദ്ദളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത്,കുഞ്ഞാത്തുപറമ്പിൽ കെ.ബി അജിത്ത് എന്നിവരാണ് കീഴടങ്ങിയത്.ഇവർ വീടാക്രമണ കേസിലെ ഒന്നും മൂന്നും ആറും പ്രതികളാണ്.കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന പ്രതികളുടെ വെളിപ്പെടുത്തലോടെ ശ്രീജിത്തിന്റെ അറസ്റ്റിനെ ന്യായീകരിക്കാൻ ശ്രമിച്ച പോലീസ് വീണ്ടും വെട്ടിലായിരിക്കുകയാണ്.ഏപ്രിൽ ആറിനാണ് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് അക്രമിക്കപെടുന്നതും തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യുന്നതും.സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തടക്കം പതിനാലുപേരെ പ്രതികളാക്കി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു. ഇതിൽ ശ്രീജിത്തടക്കം പത്തുപേരെ പോലീസ് സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികളായ നാലുപേർ ഒളിവിൽ പോവുകയും ചെയ്തു.കേസിൽ മൂന്നാം പ്രതിയായ തുളസീദാസ് എന്ന ശ്രീജിത്തിന് പകരം ആളുമറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുടക്കം മുതൽ തന്നെ ആരോപിച്ചിരുന്നു. തുളസീദാസ് നാട്ടിൽ അറിയപ്പെട്ടിരുന്നത് ശ്രീജിത്ത് എന്ന വിളിപ്പേരിലാണ്.പോലീസിനെ പേടിച്ചാണ് ഇതുവരെ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു.ആദ്യം തൊടുപുഴയിലാണ് എത്തിയത്.അവിടെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടിൽ ഒളിവിൽ കഴിഞ്ഞു.അവിടെ നിന്നും കുടകിലെത്തി.കേസിന്റെ ചൂട് കുറഞ്ഞതായി കണ്ടതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത;കേരളത്തിലെ ആറു ജില്ലകളിൽ ജാഗ്രതാ നിർദേശം

keralanews chance of heavy rain and wind in kerala alert in six district of kerala

തിരുവനന്തപുരം:സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിനെ തുടർന്ന് കേരളത്തിലെ ആറു ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്‌തമായ ഇടിമിന്നലോടെ വ്യാപകമഴയ്‌ക്കും സാധ്യതയുണ്ട്‌.ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെയാണിത്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ടെന്നും തീരദേശവാസികൾക്കാവശ്യമായ സുരക്ഷയൊരുക്കണമെന്നും ജില്ലാ ഭരണകൂടത്തോടും മറ്റ് അധികൃതരോടും നിർദേശിച്ചിട്ടുണ്ട്‌.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കും നിർദേശം നൽകി.