കണ്ണൂർ:മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.ഷെബിൻ രവീന്ദ്രൻ, വിജിൻ ചന്ദ്രൻ, എം.എം ഷാജി എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി വടകരയിലെ ഒരു ലോഡ്ജിൽ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.മാഹിയിൽ സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകനായ ഷമേജിനെയും കൊലപ്പെടുത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി പ്രവർത്തകരെ പുതുച്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കർണാടകയിൽ ബിജെപിക്ക് തിരിച്ചടി;നാളെ വൈകിട്ട് നാലുമണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണം
ബെംഗളൂരു:കർണാടക നിയമസഭയിൽ നാളെ വൈകുന്നേരം നാലുമണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിയോട് സുപ്രീം കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി യെദ്യൂരപ്പയ്ക്ക് അനുവദിച്ച് നല്‍കിയത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യവും കോടതി ചോദിച്ചു.ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല.ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്നും നാളെ വൈകിട്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 8 എംഎല്‍എമാരുടെ കുറവാണ് ബിജെപിക്കുള്ളത്.
കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി സുപ്രീം കോടതി ഇന്ന് പറയും
ന്യൂഡൽഹി: കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന് ദീർഘായുസ് ഉണ്ടോയെന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം പറയും. ബി.എസ്.യെദിയൂരപ്പ സർക്കാരിനെതിരെ കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു യെദിയൂരപ്പ ഗവർണർക്ക് നല്കിയ കത്തുകൾ രാവിലെ 10.30-ന് കോടതി പരിശോധിക്കും.യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചതു ശരിയായോ എന്ന് അതിനുശേഷം തീരുമാനിക്കും. ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയെങ്കിലും കാതുകൾ ഹാജരാകാനുള്ള നിർദേശം വഴിത്തിരിവാകും. എന്നാൽ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പേരുകൾ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത മാറ്റാനും ഗവർണ്ണറുടെ വിവേചനാധികാരം കൃത്യമായാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് കോടതി കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചുകൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഇന്ന് ഹാജരാക്കണം.ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് നൂറ്റിപതിനേഴുപേരുടെ പിന്തുണയുണ്ടെന്നുമാണ് കോൺഗ്രസിന്റെ വാദം.ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് പതിനഞ്ചു ദിവസം നൽകിയത് കുതിരക്കച്ചവടത്തിനാണെന്നും കോൺഗ്രസ് കോടതിയിൽ ആരോപിച്ചു.ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നല്കിയതെന്തിനെന്നുള്ള ചോദ്യവും ശ്രദ്ധേയമാണ്.
തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം
തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം.നേരത്തെ പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ പ്രവേശിച്ചുവരുന്നത് ഈ വര്‍ഷം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഡിപി ഐ ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്ന് തലേന്ന് രാത്രി മുതല്‍ തന്നെ രക്ഷിതാക്കള്‍ അഡ്മിഷന് ക്യൂനിന്നത് വലിയ വാര്‍ത്തയായിരുന്നു. 256 കുട്ടികളാണ് ഇത്തരത്തില്‍ അഞ്ചാംക്ലാസില്‍ അപേക്ഷ നല്‍കിയത്. എട്ടാംക്ലാസിലേക്ക് 56 കുട്ടികളും അപേക്ഷിച്ചു . അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് അഡ്മിഷന്‍ നല്‍കുന്നത്.സ്റ്റേയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രവേശനനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.എന്നാൽ ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗം നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.അതേസമയം വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി ടാഗോര്‍ സ്കൂളില്‍ പ്രവേശനം നടത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. സര്‍ക്കാര്‍ സ്കൂളില്‍ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നത് തെറ്റായ നടപടിയാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കുന്ന സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ രാഹുല്‍ ദാമോദരന്‍ പറഞ്ഞു.
കർണാടക വിധാൻ സൗധയ്ക്ക് മുൻപിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം
ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ് യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎൽഎമാർ രംഗത്തെത്തി. വിധാന്‍ സൗധയിലെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം .ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അശോക്‌ലോട്ട്,സിദ്ധരാമയ്യ എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.വ്യക്തമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാതെ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്ഭവന് മുന്നില്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും പിന്നീടത് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാറ്റുകയായിരുന്നു.പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം 78 കോൺഗ്രസ് എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.ഇന്നലെ റിസോര്‍ട്ടില്‍ എത്തിച്ച എംഎല്‍എമാരെ അവിടെനിന്നും വിധാന്‍ സൗധക്ക് മുന്നിലെത്തിക്കുകയായിരുന്നു. ജെഡിഎസ് എംഎല്‍എമാരും പ്രതിഷേധ ധര്‍ണയിലേക്കെത്തിയിട്ടുണ്ട്. അതേസമയം യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു:കർണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ ഗവർണർ വാജുഭായ് വാല അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാലഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു.ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അര്‍ധരാത്രിയോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാനാവില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ വിധി. രാത്രിതന്നെ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയാണ് സുപ്രീംകോടതിയിലെത്തിയത്. 105 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പിയും 117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് -ജെ.ഡി (എസ്) സഖ്യവും ബുധനാഴ്ച ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചു. എന്നാല്‍, നിയമവശം ആലോചിച്ചശേഷം മറുപടി നല്‍കാമെന്ന് അറിയിച്ച ഗവര്‍ണര്‍ രാത്രിയോടെ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു. യെദിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡി-എസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടർന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കൂർ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് പരമോന്നത കോടതി വാക്കാൽ പരാമർശിച്ചത്. എന്നാൽ വിഷയത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹർജിയിൽ യെദിയൂരപ്പയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു.
എയർപോർട്ട് അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗസംഘം കൊച്ചിയിൽ പിടിയിൽ
കൊച്ചി:എയർപോർട്ട് അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗസംഘം കൊച്ചിയിൽ പിടിയിൽ.എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡിനെ വെല്ലുന്ന ലെറ്റർ ഹെഡിൽ ഇന്റർവ്യൂവിനു എത്തിയവർക്കെല്ലാം ഓഫർ ലെറ്റർ നൽകിയ ശേഷം അഡ്വാന്‍സ് തുകയും വാങ്ങി മുങ്ങുന്നതിനിടെയാണ് സംഘം പിടിയിലാവുന്നത്.ഇന്റർവ്യൂവിന് എത്തിയ ഒരു ഉദ്യോഗാർത്ഥിക്ക് സംശയം തോന്നി ഇക്കാര്യം എയര്‍പോര്‍ട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞ പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ തട്ടിപ്പുസംഘം പൊലീസ് വലയിലാവുകയായിരുന്നു. എറണാകുളം എ.സി.പി ലാല്‍ജിയുടേയും മുളവുകാട് എസ്‌ഐ ശ്യാംകുമാറിന്റെയും നിര്‍ണ്ണായകമായ ഇടപെടല്‍ മൂലം വന്‍ തട്ടിപ്പാണ് തടയാനായത്. വാട്ട്‌സാപ്പ് വഴിയും എസ്.എം.എസ് വഴിയുമാണ് കൊച്ചി എയര്‍പ്പോര്‍ട്ട് അതോറിറ്റിയിൽ ജോലി ഒഴിവുണ്ടെന്ന് തട്ടിപ്പ് സംഘം പ്രചരിപ്പിച്ചത്. വിശ്വാസ്യത ഉറപ്പിക്കാന്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഹോട്ടല്‍ ഹയാത്തില്‍ ആണ് ഇന്റര്‍വ്യൂ എന്നു കൂടി പറഞ്ഞതോടെ മിക്കവരും ഇത് ശരിയാണെന്ന് വിശ്വസിച്ചു. എയര്‍പ്പോര്‍ട്ട് അതോറിറ്റി ബോര്‍ഡംഗങ്ങളാണ് എന്നാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ സ്വയം പരിചയപ്പെടുത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിനായി എത്തിയത്. ഇന്റര്‍വ്യൂവിനായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തുവാനാണ് സംഘം നിര്‍ദ്ദേശിച്ചത്. അവിടെ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാര്‍ വന്ന് ഇവരെ കൂട്ടിക്കൊണ്ടു പോകുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന്‍ പ്രകാരം സ്റ്റേഷനിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോര്‍ഡ് വച്ച കാര്‍ എത്തി ബൊള്‍ഗാട്ടിയിലെ ഹോട്ടലിലേക്ക് കൊണ്ടു പോകുകയായിരുന്നു.പണം കൊണ്ടു വന്നിട്ടുണ്ടോ എന്നായിരുന്നു ഇന്റര്‍വ്യൂവിന് എത്തിയവരോട് ആദ്യം ചോദിച്ചത്. കൊണ്ടുവന്നവര്‍ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതി എന്നും അറിയിച്ചും.പിന്നീട് ഇന്റര്‍വ്യൂ നടത്തിയ ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ ഓഫര്‍ ലെറ്റര്‍ നൽകുകയും എല്ലാവരുടെയും കൈയില്‍ നിന്നും അഡ്വാന്‍സ് തുക കൈപ്പറ്റുകയും ചെയ്തു.ബാക്കി തുക അപ്പോയ്‌മെന്റ് ലെറ്റര്‍ കിട്ടുമ്ബോള്‍ തരണമെന്നും പറഞ്ഞാണ് ഇവരെ അയക്കുന്നത്.ഇതിൽ സംശയം തോന്നിയ ആലുവ സ്വദേശിയായ ഉദ്യോഗാര്ഥി എയർപോർട്ട് അതോറിറ്റിയുടെ നമ്പറിൽ ബന്ധപ്പെട്ട അവർ ഇന്റർവ്യൂ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷിച്ചു.തുടര്‍ന്ന് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എയർപോർട്ട് അതോറിറ്റി ജീവനക്കാരാണ് ഇക്കാര്യം പൊലീസില്‍ അറിയിക്കുന്നത്.ചെന്നൈയില്‍ താമസിച്ചുവരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ശ്രീജിത്ത് നമ്ബ്യാര്‍ ആയിരുന്നു ഈ വ്യാജ ഇന്റര്‍വ്യൂവിന്റെ സൂത്രധാരന്‍. എം ബി എ ബിരുദധാരിയാണെന്നാണ് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരും പലപ്പോഴായി ചെന്നൈ നഗരത്തില്‍ വച്ച് ഇയാള്‍ പരിചയപ്പെട്ട ടാക്സി കാര്‍ഡ്രൈവര്‍മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഇടപാടുകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ
ബെംഗളൂരു:കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയും കോൺഗ്രസ്-ജെഡിഎസ് നേതാക്കളും മന്ത്രിസഭാ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടു.രണ്ടു ദിവസത്തെ സാവകാശമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.ജെഡിഎസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു. എച് ഡി ദേവഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന് ദേവഗൗഡയെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.ഇത്രയും സീറ്റുകൾ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസ് ജെഡിഎസുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഗവർണ്ണർ വാജുഭായ് വാലയുടെ തീരുമാനം നിർണായകമാണ്.മോദിക്ക് നിയമസഭയിലെത്താൻ തന്റെ മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ് വാജുഭായ് വാല.മോദിയുടെ വിശ്വസ്തനായ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം; കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും
ബെംഗളൂരു:കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് ജനതാദള്‍ എസുമായി സഖ്യത്തിന്.ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ 39 സീറ്റുള്ള ജനതാദള്‍ എസിനെ കൂട്ടുപിടിച്ച് ഭരണം നേടിയെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ആയിരിക്കും.ഇന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസുമൊത്ത് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം, ഗുജറാത്തിലെ മുന്‍ സ്‌പീക്കറും മുന്‍ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് നിര്‍ണായകം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപിക്ക് കേവലഭൂരിപക്ഷത്തിന്റെ ലീഡ്
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ്. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളിൽ 113 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എന്നാൽ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോൺഗ്രസ് 68 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇതോടെ ജെഡിഎസ് കർണാടകയിൽ നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരപ്പ ശിക്കാരിപുരയിൽ 3,420 വോട്ടിന്‍റെ ഭൂരിപക്ഷം നേടി കഴിഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ ബദാമിയിൽ 160 വോട്ടുകൾക്ക് സിദ്ധരാമയ്യ ലീഡ് ചെയ്യുകയാണ്.