കണ്ണൂർ:അയൽജില്ലയായ കോഴിക്കോട് നിപ്പ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലും രോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകളെടുക്കാൻ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രി,തലശ്ശേരി ജനറല്‍ ആശുപത്രി,പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍,ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.ജില്ലാ ആശുപത്രിയില്‍ ഡോ. എന്‍.അഭിലാഷ് (9961730233), തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോ. അനീഷ്.കെ.സി (9447804603) എന്നിവരെ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് ബാധയെ കുറിച്ചുള്ള പ്രത്യേകം ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. എല്ലാ ആശുപത്രികളിലും വ്യക്തിഗത സുരക്ഷയ്ക്കായുള്ള ഉപകരണം ലഭ്യമാക്കാനും തീരുമാനിച്ചു. നിപ്പാ വൈറസ് രോഗത്തിന്റെ റഫറല്‍ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ തെരഞ്ഞെടുത്തു.കണ്ണൂരിലെ കൊയിലി ആശ്രുപത്രി,എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളില്‍ക്കൂടി ഐസൊലേഷന്‍ വാര്‍ഡ്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമന്ന് കലക്ടര്‍ ഐ.എം.എക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെച്ച് ശേഖരിക്കുമെന്നും അവിടെ നിന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോഡല്‍ ഓഫീസര്‍മാരെ അറിയിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു;മരിച്ചത് വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവ്
കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു.ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്.വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവാണ് ഇയാൾ. അബോധാവസ്ഥയിലായിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്.മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്,മുഹമ്മദ് സാബിത്ത്,ബന്ധു മറിയം എന്നിവരാണ് വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ടത്.വൈറസ് ബാധയെ തുടർന്ന് ഞായറാഴ്ച മരണമടഞ്ഞ ഷിജിതയുടെ ഭർത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിതീകരിച്ചു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അബീഷിനെ പരിചരിക്കുന്നതിനായി ഷിജിതയും ഒരാഴ്ച ആശുപത്രിയിൽ ഉണ്ടായിരുന്നു.ഇവിടെവെച്ചാണ് രണ്ടുപേർക്കും വൈറസ് ബാധയേറ്റതെന്നു സംശയിക്കുന്നു.അയൽജില്ലയായ കോഴിക്കോട് നിപ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും കലക്റ്റർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രത്യേക വാർഡുകൾ തുറക്കും.നിപ വൈറസ് ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകനെ പരിചരിച്ച തലശ്ശേരി സ്വദേശിനിയായ നഴ്സിനെയും ഇവരെ ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും നിരീക്ഷണ വാർഡിലേക്ക് മാറ്റി.
കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക പിസിസി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു.വിധാന്‍ സൗധക്കുമുന്നില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മറ്റന്നാളാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടക്കുക..കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എന്നിവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്.ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടിയ ബിജെപി ആദ്യം അധികാരം പിടിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയായ ബി.എസ്.യെദിയൂരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ രാജിവച്ച് പുറത്തുപോവുകയായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ സർക്കാർ അധികാരമേറ്റത്.
നിപ വൈറസ്;മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി;മക്കൾക്ക് പത്തുലക്ഷം രൂപ വീതവും നൽകും
കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന് നാട്ടില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.ലിനിയുടെ മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചുലക്ഷം വീതം ഓരോ കുട്ടിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും.കുട്ടികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക.ബാക്കി തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്ക് പലിശ രക്ഷിതാവിന് പിൻവലിക്കാനാകുന്ന തരത്തിൽ നിക്ഷേപിക്കും.കൂടാതെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ സഹായധനം നല്‍കും. വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു:കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.ബുധനാഴ്ച്ച വൈകിട്ട് ചേരുന്ന യോഗത്തിൽ ഇരുപാർട്ടികളും ക്യാബിനറ്റിനെ കുറിച്ച് അന്തിമരൂപമുണ്ടാക്കും.സംസ്ഥാനത്തെ 34 മന്ത്രിമാരിൽ 22 എണ്ണം കോൺഗ്രസിനും മുഖ്യമന്ത്രി പദവി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ജെഡിഎസിനുമാണ് ലഭിക്കുക.അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തീരുമാനിക്കും.അതേസമയം ഇന്ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.പാർട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നും ശാന്താറാം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികൾ പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും.ബിജെപിയുടെ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
തമിഴ്‌നാട് തൂത്തുക്കുടിയിൽ സമരക്കാർക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒൻപതുപേർ മരിച്ചു
തൂത്തുക്കുടി:തമിഴ്‌നാട് തൂത്തുക്കുടിയിൽ സ്റ്റെർലെറ്റ് വിരുദ്ധ സമരക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 9 സമരക്കാർ മരിച്ചു.നിരവധി പേർക്ക് വെടിവയ്പ്പിലും സംഘർഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ ഓഫീസിലേക്ക് സമരക്കാര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് വെടിവച്ചത്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതാണ് വെടിവയ്ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു.സമരക്കാർ നിരവധി സ്വകാര്യ വാഹനങ്ങൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കളക്‌ട്രേറ്റ് വളപ്പിൽ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസികളുടെ സമരം.ബിഹാര്‍ സ്വദേശിയായ വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതിയുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ഈ കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനമാണ് തൂത്തുകുടിയിലുള്ളത്. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി പ്ലാന്റുകള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വസിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സമരം തുടങ്ങിയത്.മലിനീകരണ തോത് കണ്ടെത്തുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കുന്നതിനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ്പ വൈറസ് എന്ന് സംശയം;കോഴിക്കോട് രണ്ടുപേർ കൂടി മരിച്ചു
കോഴിക്കോട്:നിപ്പ രോഗലക്ഷങ്ങളോടെ കോഴിക്കോട് രണ്ടുപേർ കൂടി മരിച്ചു.മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നെങ്കിലും റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ല.നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്കും പനി ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ മരണമടഞ്ഞ സാബിത്തിന്റെയും സഹിലിന്റെയും പിതാവ് മൂസയ്ക്കും വൈറസ് ബാധ സ്ഥിതീകരിച്ചു. സാബിത്തിനെയും സഹിലിനെയും പരിചരിച്ച പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ നഴ്സുമാരായ ഷിജി,ജിസ്ന എന്നിവരും ചികിത്സയിലാണ്.വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞ നേഴ്സ് ലിനിയുടെ മാതാവും പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്‌നാട് ഡിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു
ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശ്വാസ വോട്ട് തേടുന്നതിന് മുൻപായി യെദ്യൂരപ്പ രാജിവെച്ചു
ബെംഗളൂരു:മൂന്നു ദിവസം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകയിൽ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു.സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഉച്ചയ്ക്ക് മൂന്നരയോടെ സഭ ചേർന്നപ്പോഴായിരുന്നു യെദ്യൂരപ്പ നാടകീയമായി രാജി പ്രഖ്യാപിച്ചത്.വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു യെദിയൂരപ്പയുടെ രാജി. കർണാടകം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 104 സീറ്റുകളാണ് ലഭിച്ചിരുന്നത്.ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ രാജിവച്ച് തടിയൂരിയത്. കാണാതായ കോണ്‍ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും ബംഗളുരുവിനെ ഹോട്ടലിൽ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലിൽനിന്നു 3.30 ഓടെ വിധാൻസൗധയിൽ എത്തിയതോടെ കോൺഗ്രസിന്‍റെ അനിശ്ചിതത്വങ്ങൾ എല്ലാം നീങ്ങി.ഇതോടെ ഇനി ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെ സർക്കാർ ഉണ്ടാക്കാനായി ക്ഷണിക്കേണ്ടി വരും.വികാരാധീനനായാണ് യെദ്യൂരപ്പ സഭയിൽ പ്രസംഗം നടത്തിയത്. ജങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം ഞങ്ങൾക്ക് മനസ്സിലായി എന്നും വോട്ടർമാർക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.ബിജെപിയാണ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്നും അതുകൊണ്ടാണ് ഗവർണ്ണർ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നും എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സും ജെഡിഎസും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ സഭയിൽ പറഞ്ഞു.മോദിക്കും അമിത് ഷായ്ക്കും നന്ദിയറിയിക്കുകയും ചെയ്തു.
കർണാടകയിൽ കെ.ജി ബോപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; വിശ്വാസ വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി
ബെംഗളൂരു:കർണാടകയിൽ കെ ജി ബൊപ്പയ്യ പ്രൊടെം സ്‍പീക്കറായി തുടരും. വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.നിയമസഭാ സെക്രട്ടറി നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം.എല്ലാ പ്രാദേശിക ചാനലുകള്‍ക്കും തത്സമയ സംപ്രേഷണത്തിന് അനുമതി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഇത് പ്രോടെം സ്‍പീക്കര്‍ അംഗീകരിച്ചതായി ബിജെപി അറിയിച്ചു.. തത്സമയം സംപ്രേഷണം അനുവദിക്കുകയാണെങ്കില്‍ ബോപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരെ നൽകിയ ഹർജി പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് അഭിഭാഷകനായ കബില്‍ സിബല്‍ വ്യക്തമാക്കി. പ്രോ ടെം സ്‍പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനത്തെ കുറിച്ച് പരിശോധിക്കണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബോപ്പയ്യയുടെ വാദം കേൾക്കാതെ അദ്ദേഹത്തിനെതിരെ ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നും ഇതിനായി അദ്ദേഹത്തിന് നോട്ടീസ് അയക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.അതോടെ വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.