കാസർകോഡ്:ദുരൂഹ സാഹചര്യത്തിൽ കാസർകോട്ട് നിന്നും കാണാതായ 11 പേർ യമനിൽ എത്തിയതായി ശബ്ദ സന്ദേശം ലഭിച്ചു.ചെമ്മനാട് നിന്ന് കാണാതായ സവാദിന്റെ സന്ദേശമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. താനും കുടുംബവും യെമനിലെത്തി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. മതപഠനത്തിനു വേണ്ടിയാണ് യെമനിലെത്തിയതെന്നും സന്ദേശത്തിൽ പറയുന്നു. ദുബായിൽ പോയ ആറുപേരടങ്ങുന്ന കുടുംബത്തെ ജൂൺ 15 മുതൽ കാണാതായതായി കാസർകോഡ് പൊലീസിന് പരാതി ലഭിച്ചു.ഇവരോടൊപ്പം അഞ്ചുപേരടങ്ങുന്ന മറ്റൊരു കുടുംബത്തെയും കാണാതായതായി പറഞ്ഞിരുന്നു.തന്റെ മകൾ നാസിറ(25),മകളുടെ ഭർത്താവ് സവാദ്(32),ഇവരുടെ മക്കളായ മുസാബ്(5),മർജാന(3),മുഖ്ബിൽ(1),സവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത്(22),എന്നിവരെ കാണാതായതായി നാസിറയുടെ പിതാവ് അബ്ദുൽ ഹമീദാണ് പരാതി നൽകിയത്.ഇവർക്കൊപ്പം അണങ്കൂർ കൊല്ലംപാടിയിലെ അൻസാർ,ഭാര്യ സീനത്ത്,മൂന്നു കുട്ടികൾ എന്നിവരെയും കാണാതായതായി അറിഞ്ഞതായി അബ്ദുൽ ഹമീദ് പോലീസിൽ മൊഴി നൽകിയിരുന്നു.ഇതനുസരിച്ച് കാസർകോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിൽ കാണാതായതായി പറയപ്പെടുന്ന സവാദിന്റെ ശബ്ദ സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.ദുബായില്‍ മൊബൈല്‍ ഫോണ്‍, അത്തര്‍ വ്യാപാരിയാണ് സവാദ്.
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്.അപകടത്തില്‍ പരിക്കേറ്റ കെ എസ് ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ രാവിലെ ആറിനായിരുന്നു അപകടം സംഭവച്ചത്.ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പിക്കപ് വാനില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരിച്ചത്.
മൽസ്യത്തിലെ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിലെത്തും
കൊച്ചി:മൽസ്യത്തിലെ ചേർത്തിരിക്കുന്ന മാരക രാസവസ്തുവായ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിലെത്തും.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് സ്ട്രിപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് കിറ്റ് വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മലിന്‍ എന്ന രാസവസ്തു കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും. അമോണിയയും മീനുകളില്‍ കലര്‍ത്താറുണ്ട്. ഈ പ്രവണതകള്‍ വ്യാപകമായതോടെയാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പഠനം തുടങ്ങിയത്.ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്. കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിരുന്നു.സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണ് കിറ്റിലുണ്ടാകുക. സ്ട്രിപ്പ് മീനില്‍ പതിയെ അമര്‍ത്തിയ ശേഷം അതിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കണം. മീനില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉടനെ സ്ട്രിപ്പിന്റെ നിറം മാറും. മൂന്നു നിമിഷങ്ങള്‍ക്കകം വിവരമറിയാം.വാണിജ്യാടിസ്ഥാനത്തില്‍ നിർമിക്കുമ്പോൾ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കിറ്റിന് ഒരു മാസം വരെ കാലാവധിയുണ്ടാകും.
എ ഡി ജി പിയുടെ മകളുടെ മർദനം;നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മർദനമേറ്റ പോലീസുകാരൻ
തിരുവനന്തപുരം:എ ഡി ജി പിയുടെ മകൾ മർദിച്ച കേസിൽ ഒത്തുതീർപ്പിനു വഴങ്ങാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മർദനമേറ്റ പോലീസുകാരൻ ഗവാസ്‌ക്കർ.സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഐ.പി.എസ്. തലത്തില്‍ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മര്‍ദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി.മകൾ തന്നെ ആക്രമിച്ചത് എ ഡി ജി പിയുടെ അറിവോടെയാണെന്ന് സംശയമുള്ളതായും ഗവാസ്‌ക്കർ പറഞ്ഞു.സംഭവം നടന്നതിന്റെ തലേദിവസം കാറിൽ വെച്ച് മകൾ തന്നെ അസഭ്യം പറഞ്ഞകാര്യം എ ഡി ജി പിയോട് പറഞ്ഞിരുന്നു.തന്നെ ഡ്രൈവർ ജോലിയിൽ നിന്നും മാറ്റിതരണം എന്നും പേരാണ്.ഇതൊക്കെ അനിഷ്ടത്തിന് കാരണമായിരിക്കാം എന്നും ഗവാസ്‌ക്കർ വ്യക്തമാക്കി.മകളെ കായിക പരിശീലനത്തിന് കൊണ്ടു പോകുമ്പോൾ സാധാരണ നിലയിൽ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്‍റെ ഗണ്‍മാനോ ഒപ്പമുണ്ടാകാറുണ്ട്.എന്നാൽ സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗണ്‍മാനെ ഒഴിവാക്കാനും നിര്‍ദേശിച്ചു.എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്‍റെ തന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.അതില്‍ പൊലീസിന്‍റെ ബോര്‍ഡുണ്ടായിരുന്നില്ല.ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നതാണ്. എ.ഡി.ജി.പിയുടെ മകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നില്‍ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്‍റെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. എ.ഡി.ജി.പിയുടെ മകള്‍ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്ബും മര്‍ദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാന്‍ അദ്ദേഹം തയാറാണെന്നും ഗവാസ്‌ക്കർ പറഞ്ഞു.
കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.കണ്ടക്റ്റര്മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ നൽകിയ 4051 പേർക്ക് നിയമനം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ കഴിഞ്ഞ ഒന്നരവർഷമായി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2010 ഡിസംബർ 31 നാണ് 9378 കണ്ടക്റ്റർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്.എന്നാൽ തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും 3808 ഒഴിവേ ഉള്ളൂ എന്നും കെഎസ്ആർടിസി പിന്നീട് അറിയിച്ചു.2016 ഡിസംബർ 31 4051 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിരുന്നു.അഡ്വൈസ് മെമ്മോ അയച്ച് മൂന്നു മാസത്തിനുള്ളിൽ നിയമനം നല്കണമെന്നിരിക്കെ ഇവരിൽ ഒരാൾക്ക് പോലും ഇതുവരെ നിയമനം നൽകിയിട്ടില്ല. ഇതിനിടെ 2198 താൽക്കാലിക കണ്ടക്റ്റർമാരെ കെഎസ്ആർടിസി സ്ഥിരപ്പെടുത്തുകയും ചെയ്തു.
പഴയങ്ങാടി ജ്വല്ലറി മോഷണ കേസ്:മുഖ്യ സൂത്രധാരനും കൂട്ടുപ്രതിയും അറസ്റ്റിൽ
കണ്ണൂർ:പഴയങ്ങാടി ടൗണിലെ അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും പട്ടാപ്പകല്‍ മോഷണം നടത്തിയവര്‍ പിടിയില്‍. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യസൂത്രധാരനും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) നെ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടുപ്രതി മൊട്ടാമ്ബ്രത്തെ പന്തല്‍പണിക്കാരനായ നൗഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇവര്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ റഫീക്കിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കൂടാതെ പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റ് ചില മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും, ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കവര്‍ച്ചയില്‍ നേരിട്ടുപങ്കെടുത്തവരാണ് പിടിയിലായ റഫീക്കും നൗഷാദുമെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിൽ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. അല്‍ഫത്തീബി ജ്വല്ലറിയില്‍ 25 മിനുട്ടുകള്‍ കൊണ്ടാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
ഈ മാസം എട്ടാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ജീവനക്കാർ ജുമാ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും 3.4 കിലോ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്.ഷട്ടര്‍ താഴ്ത്തി കട പൂട്ടിയതിനു ശേഷമാണ് ഉടമയും രണ്ടു ജീവനക്കാരും പള്ളിയില്‍ പോയത്. ഈസമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്‍ട്ടന്‍ തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സ്പ്രേ പെയിന്റടിച്ച് കേടാക്കി.ഇതിനുശേഷം രണ്ടു പൂട്ടുകളും അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്താണ് അകത്തുകടന്നത്. അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തിയപ്പോള്‍ കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെയാണ് മോഷണം നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.പഴയങ്ങാടി എസ്.ഐ. പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ ജില്ലാ പൊലിസ് മേധാവി ജി.ശിവവിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സംഘവും സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവം നടന്നയുടനെ ജില്ലയിലെ പ്രധാന റോഡുകള്‍ അടച്ച് വാഹനപരിശോധന നടത്തിയ പൊലിസ് മോഷ്ടാക്കള്‍ റോഡുവഴി ജില്ലവിട്ടു പോകുന്നത് തടഞ്ഞിരുന്നു. പിന്നീടാണ് പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചത്.പോലീസ് ഈ ദൃശ്യം പുറത്തുവിട്ടു.ഇതോടെയാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്.
ഓപ്പറേഷൻ ‘സാഗർറാണി’;വാളയാറിൽ നിന്നും ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടി
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ ‘സാഗർറാണി’ എന്ന പേരിലുള്ള പരിശോധനയിലൂടെ വാളയാറിൽ നിന്നും ഫോർമാലിൻ കലർന്ന നാല് ടൺ ചെമ്മീൻ പിടികൂടി.ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന മീനാണ് ചെക്പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയത്. മീനുകളെ പരിശോധനയ്ക്കായി കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.വ്യാഴാഴ്ചയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തു നിന്നും 20000 ടണ്‍ വിഷം കലര്‍ത്തിയ മീനാണ് പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിൽ വെച്ച് സെൽഫിയെടുത്താൽ ഇനി മുതൽ 2000 രൂപ പിഴ ഈടാക്കും
ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍പാളങ്ങള്‍ക്ക് സമീപവും െമാബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടു.നിയമം ലംഘിക്കുന്നവരില്‍നിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു.സെല്‍ഫിയെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് നടപടി.സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനമായി.സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.
ജെസ്‌നയെ മലപ്പുറത്ത് കണ്ടതായി വിവരം;പോലീസ് അന്വേഷണം നടത്തുന്നു
മലപ്പുറം:പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മലപ്പുറത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി.കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്.മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന.അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും വിമര്‍ശിച്ചിരുന്നു. കാണാതായിട്ട് 90 ദിവസത്തിന് മുകളില്‍ ആയിട്ടും എന്തുകൊണ്ട് ആണ് ഒരു തുമ്പു പോലും കണ്ടെത്താന്‍ ആകാത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കാട്ടിലും മേട്ടിലും അല്ല ജസ്നയുണ്ടെന്ന് തെളിവ് ലഭിച്ച ഇടങ്ങളിലാണ് തിരയേണ്ടത് എന്നായിരുന്നു കോടതി പറഞ്ഞത്.ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുമ്പുകള്‍ അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കണ്ണൂർ നഗരത്തിൽ വൻ തീപിടുത്തം
കണ്ണൂർ:കണ്ണൂർ നഗരത്തിൽ വൻ തീപിടുത്തം.പ്ലാസ ജംഗ്ഷന് സമീപം അക്വാറിസ് ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.