തിരുവനന്തപുരം:കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തു.വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സംഘർഷത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജനറൽ സെക്രെട്ടറി നബീൽ കല്ലമ്പലം എന്നിവരടക്കമുള്ള പന്ത്രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.പരിയാരം മെഡിക്കൽ കോളേജ് ഫീസ് കുറയ്ക്കുക,ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യു മാർച്ച് നടത്തിയത്.സംഘർഷത്തിൽ ഒരു പോലീസുകാരനും പരിക്കുണ്ട്. കെ.എസ്.യു മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും അപലപിച്ചു.
നിപ്പ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകൾ തന്നെയെന്ന് രണ്ടാംഘട്ട പരിശോധനാഫലം
കോഴിക്കോട്:നിപ്പ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകൾ തന്നെയെന്ന് രണ്ടാംഘട്ട പരിശോധനാഫലം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്ബ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. നിപ്പ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്.എന്നാൽ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഇവയുടെ പരിശോധനാ ഫലമെല്ലാം പോസിറ്റീവായിരുന്നു. കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും പ്രതികരിച്ചിട്ടുണ്ട്. പേരാമ്ബ്ര മേഖലയില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ജെപി നഡ്ഡ പറഞ്ഞു.കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു.
അഭിമന്യു വധം;മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി;മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു
എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല.12 പേര്‍ക്കെതിരായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹമ്മദ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. എന്നാല്‍ ഇയാള്‍ നാട് വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അരൂര്‍ വടുതല സ്വദേശിയായ ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി.ഐ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല.കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെ ക്യാമ്പസ്സിലുണ്ടായ അക്രമത്തിലാണ് കൊല്ലപ്പെട്ടത്.
അഭിമന്യുവിന്റെ കൊലപാതകം;സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം സംഘം മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയില്‍ അവിടെ ചെന്നിറങ്ങിയ പ്രതികള്‍ എസ്ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ഈ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്.ഇത് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അര്‍ജുനെ പിന്നീട് കുത്തിപ്പരുക്കേല്‍പ്പിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അർജുന്റെ നില ഗുരുതരമായി തുടരുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി
എറണാകുളം:എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി.ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പന്ത്രണ്ടുമണിയോട് കൂടിയാണ് അഭിമന്യുവിനും ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനും കുത്തേറ്റത്.പരിക്കേറ്റ അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരുക്കേറ്റ അര്‍ജ്ജുനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അത്യാഹിത വിഭഗത്തില്‍ നിരീക്ഷണത്തിലാണു അര്‍ജ്ജുന്‍. സംഭവത്തില്‍ മൂന്ന് എന്‍.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മരിച്ച അഭിമന്യു രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമാണ്.ക്യാമ്ബസിലെ ചുവരുകളില്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.എസ്എഫ്ഐ ബുക്‌ഡ് എന്ന് എഴുതിയിരുന്ന ഒരു തൂണിൽ ക്യാമ്പസ് ഫ്രന്റ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു.ഇതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തു.എണ്ണത്തിൽ കുറവായിരുന്ന ക്യാംപസ് ഫ്രന്റ് പ്രവർത്തകർ പുറത്തുപോയി പോപ്പുലർ ഫ്രന്റ് പ്രവർത്തകരുമായി എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.പുറത്തുനിന്നുള്ള ആളുകള്‍ ക്യാമ്ബസില്‍ പ്രവേശിക്കരുതെന്ന് അഭിമന്യു പറഞ്ഞു.ഇതിനിടെ പോപ്പുലർ ഫ്രന്റ് പ്രവർത്തകർ കത്തിയെടുത്തു കുത്തി.അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന അർജുനും കുത്തേറ്റു.രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിമന്യുവിനെ രക്ഷിക്കാനായില്ല.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.മറ്റ് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ണൂർ മട്ടന്നൂരിൽ 3 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സച്ചിന്‍, സുജിത്ത്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മട്ടന്നൂരിലെ ഒരു പെട്രോള്‍ പമ്പിൽ ഉണ്ടായിരുന്ന ഇവരെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു.പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.നേരത്തെ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് വെട്ടേറ്റിരുന്നു. ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച വാൾ ആശ്രയ ഹോസ്പിറ്റലിന് മുൻവശം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ആധാർ-പാൻ ബന്ധിപ്പിക്കൽ തീയതി അടുത്ത വർഷം മാർച്ച് വരെ നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് സമയപരിധി നീട്ടിനല്‍കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ബന്ധിപ്പിക്കല്‍ കാലാവധി നീട്ടിനല്‍കുന്നത്.നികുതിദാതാക്കള്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനൊപ്പം ആധാര്‍ നമ്പർ കൂടി ചേര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. എല്ലാവരും പാന്‍ കാര്‍ഡ് എടുക്കണമെന്നും നിയമമുണ്ടാക്കി. പാന്‍ കാര്‍ഡ് ഉള്ളവര്‍ ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആധാര്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.മേയില്‍ ആധാര്‍ കേസുകളില്‍ വാദം അവസാനിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല.
കെവിൻ വധക്കേസ്;നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും
കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്‌നയെ അന്വേഷണസംഘം ചോദ്യംചെയ്യും.രണ്ടു പ്രതികളുടെയും സാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രഹ്‌നയെ ചോദ്യം ചെയ്യാനുള്ള തീരുമാനം.ചൊവ്വാഴ്ച രാവിലെ രഹ്‌ന ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിക്ക് മുൻപാകെ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്‌നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്‌ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്‌നയെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. രഹ്‌നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കംമുതല്‍ പൊലീസ്.
രാജിവെച്ച നടിമാർക്ക് അഭിനന്ദനങ്ങൾ;പ്രതികരണം ശരിയായ സമയത്തെന്നും നടൻ പൃഥ്വിരാജ്
കൊച്ചി: അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. താന്‍ മൗനം പാലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശരിയായ സമയത്ത് തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. രാജിവെച്ച നടിമാരുടേത് ധീരമായ നടപടിയാണ്. താനവരെ അഭിനന്ദിക്കുന്നെന്നും പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ വേദന താന്‍ നേരിട്ട് കണ്ടതാണ്. വലിയൊരു ആഘാതമായിരുന്നു അത്. തനിക്ക് നേരെയുണ്ടായ ദുരനുഭവത്തെ അവള്‍ നേരിട്ടത് ധീരമായിട്ടായിരുന്നു. അവളുടെ പോരാട്ടം അവള്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് ഇനി ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.അമ്മയില്‍നിന്നു രാജിവച്ച രമ്യ, ഗീതു, റിമ, ഭാവന എന്നിവരെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിയും. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടയിടത്ത് പറയുമെന്നും പൃഥ്വി വ്യക്തമാക്കി.തന്റെ പ്രതികരണം ആരായുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്ന ആളല്ല താന്‍. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നും തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നെന്നും നടന്‍ വ്യക്തമാക്കുന്നു. നേരത്തെ അമ്മ യോഗത്തിനിടയിലെ പൃഥ്വിരാജിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.
ജോലിയിൽ വീഴ്ച വരുത്തിയ 153 ജീവനക്കാരെ കെഎസ്ആർടിസി സ്ഥലം മാറ്റി
കൊല്ലം:ആറു മാസത്തിനുള്ളിൽ പത്തുദിവസത്തിൽ താഴെ മാത്രം ജോലി ചെയ്ത 153 ജീവനക്കാരെ കെഎസ്ആർടിസി സ്ഥലം മാറ്റി. ജീവനക്കാര്‍ കുറഞ്ഞ കാസര്‍കോട്ടേക്കാണ് മിക്കവരെയും സ്ഥലം മാറ്റിയിരിക്കുന്നത്.ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഒരു ജീവനക്കാരന്‍ വര്‍ഷത്തില്‍ 20 ദിവസം പോലും ജോലി ചെയ്യാതിരുന്നാല്‍ സ്ഥാപനത്തിനോ അയാള്‍ക്കോ പ്രയോജനമുണ്ടാവുകയില്ല. ഡ്രൈവര്‍മാരുടെ ക്ഷാമം കാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നതായും അധികൃതർ വ്യക്തമാക്കി.