ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോള്‍ ഗുഹയില്‍ ബാക്കിയുള്ള പരിശീലകനെയും നാലു കുട്ടികളെയും രക്ഷിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു.രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിച്ചിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച നാല് കുട്ടികളെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള നാല് കുട്ടികളും കോച്ചുമടക്കം അഞ്ചുപേരാണ് ഇപ്പോഴും ഗുഹയ്ക്കകത്ത് ഉള്ളത്.മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ബാക്കിയുള്ള അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.പുറത്തെത്തിച്ച കുട്ടികളിൽ രക്തപരിശോധന നടത്തിയതിൽ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് അറിയിച്ചു.ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.
കാസർകോഡ് ഉപ്പളയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
കാസർകോഡ്:കാസര്‍കോട് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ബീഫാത്തിമ(65), നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ വീടുകേറിത്താമസത്തില്‍ പങ്കെടുത്ത ശേഷം തിരികെ വരുമ്ബോള്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.അപകടത്തില്‍ ജീപ്പ് പാടെ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന ഏഴ്‌പേര്‍ക്ക് പരിക്കുണ്ട്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കാസർകോഡ് സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക്: പതിനഞ്ചു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെയാണ് കുട്ടികളെ പുറത്തെത്തിച്ചിരിക്കുന്നത്. ഇപ്പോഴും 10 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് സജ്ജമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു.മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.
ഈ നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകൾ എടുക്കരുതെന്ന് പോലീസ്
തിരുവനന്തപുരം: ഈ നമ്പറുകളിൽ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരളപോലീസ്. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്ബറുകളില്‍ നിന്നുവന്ന മിസ്ഡ് കോള്‍ കണ്ടു തിരികെ വിളിച്ചവരുടെ ഫോണില്‍ നിന്നു പണം നഷ്ട്ടപ്പെട്ടതായി പോലീസ് അറിയിച്ചു.കോള്‍ അറ്റന്‍ഡു ചെയ്തവര്‍ക്കാകട്ടെ ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു.സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.വിദേശത്തു നിന്ന് വ്യാജ കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പറിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്ബറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും, ഈ വ്യാജ നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഈ സന്ദേശം പരമാവധി എല്ലാവരിലേക്കും എത്തിക്കണമെന്നും ഏതെങ്കിലും കാരണവശാല്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടല്‍ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.
അഭിമന്യു വധക്കേസ്;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കൊച്ചി:അഭിമന്യു വധക്കേസിൽ അന്വേഷണ ഉദോഗസ്ഥനെ മാറ്റി.സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീക്ഷണര്‍ എസ്.ടി. സുരേഷ് കുമാറിനാണ് പുതുതായി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്‍റെ അന്വേഷണം ശരിയായദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളേക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റിപോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
തായ്‌ലൻഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങല്‍ വിദഗ്ദന്‍ ശ്വാസം മുട്ടി മരിച്ചു
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുൻ നാവിക സേനാ ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമാൻ ഗുണാൻ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ ആണ് മരണം സംഭവിച്ചത്.ഗുഹയില്‍ ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച് മടങ്ങുമ്ബോഴായിരുന്നു അപകടം .ഗുഹയ്ക്കുള്ളില്‍ ഓക്സിജന്‍ കുറഞ്ഞതുകൊണ്ടാണ് സമാന്‍ കുഴഞ്ഞുവീണത്. ഇതേതുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് പുറത്ത് നിന്ന് ഓക്സിജന്‍ പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ വെള്ളവും ചെളിയും കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കിയിട്ടുണ്ട്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടെ അവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുവെന്ന് തായ്‌ലൻഡ് ഭരണകൂടം അറിയിച്ചു. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോർട്ട് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ജലനിരപ്പോൾ ഇപ്പോൾ നാല്പതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.എന്നാൽ മഴപെയ്താൽ ജലനിരപ്പ് വീണ്ടും കൂടും. ഗുഹാമുഖത്തു നിന്നും നാലര കിലോമീറ്റർ ഉള്ളിലാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്.ഇവർക്കൊപ്പം മെഡിക്കൽ സംഘവും മുങ്ങൽ വിദഗ്ദ്ധരും കൗൺസിലർമാരും ഉണ്ട്.മഴപെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് സൂചന.ജൂൺ 23 നാണ് ഫുട്ബോൾ സംഘത്തിലെ പന്ത്രണ്ടുപേരും കോച്ചും ഗുഹയിൽ കുടുങ്ങിയത്.
തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി:തലശ്ശേരി കുട്ടിമാക്കൂൽ പെരിങ്ങളത്ത് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.സിപിഎം പ്രവർത്തകൻ ലിനീഷിന്റെ വീടിനു നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ലിനേഷിന്റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസുകാരാണെന്ന് സിപിഎം ആരോപിച്ചു.
പോലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി
കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും അറസ്റ്റ് തടയാനാകില്ലെന്നും കോടതി പറഞ്ഞു. അറസ്റ്റ് തടയുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. അന്ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കും. കേസില്‍ വിശദമായി വാദം കേട്ട് തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് കോടതി തയ്യാറായില്ല.അറസ്റ്റ് തടയാനാകില്ലെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ ഔദ്യോഗിക വാഹനത്തിന്റെ പിന്‍വാതില്‍ തുറന്ന് ഐപാഡ് എടുക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കഴുത്തിന് മര്‍ദിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗവാസ്‌കറിന്റെ കഴുത്തിന് ക്ഷതം ഏറ്റിട്ടുണ്ട്. ഇക്കാര്യം മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്ന് എഡിജിപിയുടെ മകളുടെ അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല
സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു
കോട്ടയം:സ്വര്‍ണം മോഷ്ടിച്ചെന്ന എന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു.ചങ്ങനാശേരി പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ചങ്ങനാശേരി നഗരസഭാംഗമായ സജികുമാര്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി വീട്ടില്‍ തന്നെ സ്വര്‍ണം നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇവിടെ പണിക്കാരനായിരുന്നു സുനില്‍കുമാര്‍. നിര്‍മ്മിച്ച് നല്‍കുന്ന ആഭരണങ്ങളുടെ തൂക്കത്തില്‍ കുറവ് വന്നതോടെ സജികുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനേ തുടര്‍ന്ന് പൊലീസ് സുനില്‍കുമാറിനേയും രേഷ്മയേയും ചോദ്യം ചെയ്തിരുന്നു. ഇന്നു വൈകുന്നേരത്തിനുള്ളില്‍ മോഷണമുതല്‍ തിരികെ നല്‍കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.എന്നാല്‍ സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയ ഇവരെ ഉച്ചയോടെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മേല്‍ നടപടികള്‍ക്കായി പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. 318 മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായി വരുന്ന തുക അതാത് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കളക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യാനാണ് തീരുമാനം.