പെരുമ്പാവൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

keralanews five died when a bus and a car collided in perumbavoor

കൊച്ചി: പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശ്ശേരിയിലേക്ക്  പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ജിബിന്‍റെ സഹോദരനാണ് ജെറിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അങ്കമാലിക്കും പെരുമ്ബാവൂരിനും ഇടയില്‍ വല്ലത്തുവെച്ച് തടിലോറിയെ മറികടന്നെത്തിയ കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.അമിതവേഗതയിലെത്തിയ കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി.കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

ശബരിമലയിൽ സ്ത്രീകളെ വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി

keralanews supreme court asked on what basis the entry of women banned in sabarimala

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി.ശബരിമലയിൽ സ്ത്രീകൾ  പ്രവേശിക്കുന്നത് വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി ചോദിച്ചു.ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ വാദം കേൾക്കവെയാണ് കോടതി പരാമർശം.പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.ശബരിമലയിലെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.സ്ത്രീ പ്രവേശന വിഷയത്തിന്റെ നിയമപരമായ കാര്യങ്ങൾ മാത്രമായിരിക്കും കോടതി പരിശോധിക്കുക എന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകയായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാല്‍, ബുദ്ധ ആചാരങ്ങളുടെ തുടര്‍ച്ചയാണ് എന്ന വാദങ്ങള്‍ പോര വസ്തുതകള്‍ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുള്ള വിലക്ക് ആചാരങ്ങളുടെ ഭാഗമെങ്കില്‍ അത് തെളിയിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് പിണറായി സർക്കാരിന്റെ ആവശ്യം.എന്നാൽ എന്നാൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ സൗകര്യമനുസരിച്ച് നിലപാട് മാറ്റാനാകില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

അഭിമന്യു വധം;മുഖ്യപ്രതി മുഹമ്മദ് പിടിയിൽ

keralanews abhimanyu murder case main accused muhammad under custody

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ.മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്ബസ്ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് ഭാരവാഹിയുമായ മുഹമ്മദ് ആണ് അറസ്റ്റിലായത്.ഇയാളാണ്  കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മററു പ്രതികള്‍ ക്യാമ്ബസിലെത്തിയത്.മുഹമ്മദിന്‍റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത് ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ക‍ഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ മുഹമ്മദ് മാത്രമാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥിയായി ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കേരളത്തില്‍ നിന്ന് തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വടകര സഹകരണ കോളേജിൽ എസ് എഫ് ഐ-എ ബി വി പി സംഘർഷം

keralanews s f i a b v p conflict in vatakara co operative college

വടകര:വടകര സഹകരണ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം.സംഭവത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. എസ്‌എഫ്‌ഐ നടത്തിയ ചടങ്ങിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ തള്ളിക്കയറിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.സംഘർഷം  കനത്തതോടെ പൊലീസെത്തി സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നു;ഒരു മരണം കൂടി

keralanews heavy rain and wind continues in the district one more death reported

കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വിവിധഭാഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ പാർക്കുംവലിയത്തു നാണി(68) വയലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു.മാലൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ദേഹത്ത് വീട് ഇടിഞ്ഞു വീണു രണ്ടുപേർക്ക് പരിക്കേറ്റു. പ്പട്ടപ്പൊയിലിനടുത്ത മംഗലാടാൻ സാറുവിന്റെ വീടാണ് തകർന്നത്.സാറുവിനും(50) മകൻ റഫ്നാസിനുമാണ് പരിക്കേറ്റത്.പുലർച്ചെ വീടിനുള്ളിൽ നിന്നും നിലവിളി കേട്ട നാട്ടുകാർ എത്തിയാണ് തകർന്ന വീടിന്റെ കാലുകൾക്കിടയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന സാറുവിന്റെ മറ്റുമക്കളായ റഹ്മത്ത്,റമീസ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മൺകട്ടകളും കല്ലുകളും ദേഹത്ത് വീണതിനെ തുടർന്ന് സാറുവിന് പരിക്കേറ്റിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.

കനത്ത കാറ്റിലും മഴയിലും ഇരിട്ടി,ആറളം മേഖലയിലും വൻ നാശനഷ്ടമുണ്ടായി.പായത്തെ എം.കെ രാജന്റെ വീട് മരം വീണു ഭാഗികമായി തകർന്നു.പായം മുക്കിൽ അരക്കൻ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര മരം വീണു പൂർണ്ണമായും തകർന്ന നിലയിലാണ്.പ്രദേശത്ത് വൻ തോതിൽ കൃഷിനാശവുമുണ്ടായി.ആറളം പഞ്ചായത്തിലെ വളയംകോട്ടെ പാറത്തോട്ടിയിൽ സുകുമാരൻ,ആറളത്തെ ടോമി ഇടവേലിൽ,ലക്ഷ്മണൻ എന്നിവരുടെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു. കോളിക്കടവിൽ ഓലയോടത്ത് ഷാജിയുടെ കിണർ പൂർണ്ണമായും ഇടിഞ്ഞു താണു.മരം വീണതിനെ തുടർന്ന് ഈ പ്രദേശത്തു വൈദ്യുത ബന്ധവും താറുമാറായിരിക്കുകയാണ്.

കനത്ത മഴയിലും കാറ്റിലും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു.ഒരു കാർ തകർന്നു.മൂന്നുകാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മാലൂരിൽ ഓടുന്ന ബസ്സിന്‌ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് സ്വകാര്യ ബസ്സിന്റെ ചില്ലുകൾ തകർന്നു.തിങ്കളാഴ്ച രാത്രി തൃക്കടാരിപ്പൊയിലിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.കയറ്റം കയറുന്നതിനിടെ മരത്തിന്റെ കൊമ്പ് പൊട്ടി ബസ്സിനുമേൽ പതിക്കുകയായിരുന്നു.ഡ്രൈവർ ബസ് പെട്ടെന്ന് പിറകോട്ടെടുത്തതിനാൽ വൻ അപകടം ഒഴിവായി.നിസ്സാരപരിക്കേറ്റ ബസ് ഡ്രൈവർ സുബിൻ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ചാല കട്ടിങ്ങിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.ഈ സമയം ട്രെയിനുകൾ ഒന്നും കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് ചണ്ടീഗഡ് എക്സ്പ്രസ് എടക്കാടും മംഗള എക്സ്പ്രസ് തലശ്ശേരിയിലും കുർള എക്സ്പ്രസ് മാഹിയിലും ഹാപ്പ എക്സ്പ്രസ് വടകര സ്റ്റേഷനിലും പിടിച്ചിട്ടു.കണ്ണൂരിൽ നിന്നും അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കണ്ണൂർ എസ്എൻ പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.ലോറിയുടെ പുറകുവശത്താണ് മരം വീണത്.അപകട സമയത്ത് ഡ്രൈവർ ക്യാബിനിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ കല്ലിക്കോടൻ കാവിനു മുൻപിലുള്ള കൂറ്റൻ അരയാൽ മരവും കാറ്റിൽ കടപുഴകി വീണു.ക്ഷേത്രത്തിന്റെ എതിർവശത്തേക്കാണ് മരം വീണതെങ്കിലും വേരും മണ്ണും ഉൾപ്പെടെയുള്ള ഭാഗം ഉയർന്നതോടെ ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.

കണ്ണൂർ പുതിയതെരുവിൽ ടൂറിസ്റ്റ് ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു

keralanews one died when a bus hits the tree in puthiyatheru kannur

കണ്ണൂർ:കണ്ണൂർ പുതിയതെരുവിൽ ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു.ബസ് ജീവനക്കാരൻ ആന്ധ്ര കര്‍ണ്ണൂല്‍ സ്വദേശി ഷീനു ( 45 ) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പുതിയതെരു ഗണപതിമണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്. ആന്ധ്രയില്‍ നിന്നും കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ തിരിച്ച്‌ പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

സംസ്ഥാന വ്യാപകമായി നാളെ എസ്‌ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

keralanews the hartal announced by s d p i has withdrawn

തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി നാളെ എസ്‌ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.പകരം നാളെ കരിദിനം ആചരിക്കാൻ തീരുമാനിച്ചതായും എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത എസ്ഡിപിഐ പ്രവർത്തകരെ വിട്ടയച്ചതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി,വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ,സംസ്ഥാന ജനറൽ സെക്രെട്ടറി റോയ് അറയ്ക്കൽ,ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി,അബ്ദുൽ മജീദിന്റെ ഡ്രൈവർ സക്കീർ,ഷൗക്കത്തലിയുടെ ഡ്രൈവർ ഷഫീക്ക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.അഭിമന്യു വധക്കേസിൽ വിശദീകരണം നൽകിയ ശേഷം എറണാകുളം പ്രസ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

സംസ്ഥാനത്ത് നാളെ എസ്‌ഡിപിഐ ഹർത്താൽ

keralanews tomorrow s d p i hartal in the state

തിരുവനന്തപുരം:അഭിമന്യു വധക്കേസില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏഴ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ആണ് ഹർത്താൽ.പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇന്ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ളവര്‍ കസ്റ്റഡിയിലായി. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം;നാലുപേർ മരിച്ചു;ട്രെയിൻ ഗതാഗതം താറുമാറായി

keralanews heavy rain in kerala four died train traffic interupted

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്. കേരളത്തെ കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്.കല്‍പ്പറ്റയില്‍ ഈമാസം പതിമൂന്നാം തീയതി തോട്ടില്‍ വീണു കാണാതായ ആറു വയസുകാരനെ കണ്ടെത്താനായില്ല. പേര്യ സ്വദേശി അജ്മലിനെയാണു കാണാതായത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് ആര്യറമ്ബ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താര (20) മരിച്ചു.സംസ്ഥാനത്ത് വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദികളും പുഴകളും കരകവിഞ്ഞു.പല അണക്കെട്ടുകളുടെയും ഷട്ടർ തുറന്നുവിട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തകരാറിലായി.പലയിടത്തും  വൈദ്യുതത്തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്ന് വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശത്തില്‍ അറിയിച്ചു.കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. മണപ്പള്ളി പാടശേഖരത്തു മടവീണു.കൂടുതല്‍ പാടങ്ങള്‍ മട വീഴ്ച ഭീഷണിയിലാണ്.കോഴിക്കോട് പുതിയങ്ങാടിയില്‍ കാറുകൾക്ക് മുകളിലേക്ക് മരം കടപുഴകിവീണ് അഞ്ചുപേർക്ക് പരിക്കേറ്റു.പയ്യോളി, ബേപ്പുര്‍ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമാണ്.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കല്കട്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു

keralanews student died when a tree fell on the top of an autorikshaw in peravoor

കണ്ണൂർ:പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു.പേരാവൂര്‍ കോളയാട് ആര്യപ്പറമ്ബിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകള്‍ സിത്താര സിറിയക്കാണ് (20) മരിച്ചത്.പരിക്കേറ്റ സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന്‍ (48) എന്നിവരെയും ഓട്ടോ ഡ്രൈവര്‍ ആര്യപ്പറമ്ബ് എടക്കോട്ടയിലെ വിനോദിനെയും(42) തലശ്ശേരി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേരാവൂര്‍ – ഇരിട്ടി റോഡില്‍ കല്ലേരിമല ഇറക്കത്തില്‍ ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. കനത്ത കാറ്റില്‍ റോഡരികിലെ കൂറ്റന്‍ മരം ഓട്ടോക്ക് മുകളില്‍ വീഴുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എംഎ‍ല്‍എയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.സിത്താരയുടെ ഏക സഹോദരന്‍ സിജൊ സിറിയക്ക് മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പേരാവൂര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാറ്റില്‍ കനത്ത നാശമുണ്ടായിട്ടുണ്ട്.