ഇരിട്ടി കീഴൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു;നിരവധിപേർക്ക് പരിക്ക്

keralanews one died and many injured when a bus and a car hit in iritty keezhoor

ഇരിട്ടി:ഇരിട്ടി കീഴൂരിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.തില്ലങ്കേരി കാവുമ്പാടിയിലെ മുംതാസ് മൻസിലിൽ കെ.അബ്ദുല്ല -പാത്തുമ്മ ദമ്പതികളുടെ മകൻ എൻ.എൻ മുനീർ(27)ആണ് മരിച്ചത്.കാർ യാത്രക്കാരായ തില്ലങ്കേരി കാവുമ്പടി സ്വദേശികളായ മുഹസിൻ,മുനീർ,ഫായിസ് എന്നിവർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ മൂവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക്2.30യോടെ കൂളിചെമ്പ്ര പെട്രോൾ പമ്പിന് മുൻവശത്തായിരുന്നുഅപകടം.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഇന്നോവ പൂർണ്ണമായും ബസിന്റെ മുൻഭാഗവും തകർന്നു.ബസ് റോഡിന് കുറുകെ ആണ് ഉള്ളത്. ഇതിനെ തുടർന്ന് ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ആഷിക്ക് ബസും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഉദയകുമാർ ഉരുട്ടിക്കൊല കേസ്;രണ്ടു പോലീസുകാർക്ക് വധശിക്ഷ;മൂന്നുപേർക്ക് മൂന്നുവർഷം തടവ്

keralanews udayakumar murder case two policemen get death penalty and other three sentenced to three years of jail

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പൊലീസുകാര്‍ക്കു വധശിക്ഷ. പ്രതികളായ മറ്റു മൂന്നു പൊലീസുകാര്‍ക്കു മൂന്നു വര്‍ഷം തടവ് ശിക്ഷയും പ്രത്യേക സിബിഐ കോടതി വിധിച്ചു.ഒന്നാം പ്രതി എഎസ്‌ഐ ജിതകുമാറിനും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീകുമാറിനുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ഇവര്‍ അയ്യായിരം രൂപ പിഴയും അടയ്ക്കണം.കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച്‌ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മൂന്നാം പ്രതിയായ പൊലീസുകാരന്‍ എസ് വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചു. അതിനാല്‍ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവർക്കെതിരെ ഗൂഢാലോചനയില്‍ പങ്കെടുക്കൽ, തെളിവു നശിപ്പിക്കൽ,വ്യാജ രേഖകള്‍ നിർമിക്കാൻ തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ച്‌ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായ മർദനത്തിന് ഇരയായത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച്‌ മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്‌ ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.

കെഎസ്ആർടിസിയെ ഇന്ന് മുതൽ മൂന്നുമേഖലയാക്കി തിരിക്കും

keralanews k s r t c will divided to three zones from today

തിരുവനന്തപുരം:കെഎസ്ആർടിസിയെ ഇന്ന് മുതൽ മൂന്നുമേഖലയായി തിരിക്കും. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകയാണ് തിരിച്ചിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് പകല്‍ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും ഇന്ന് നടക്കും.കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക പ്രതിസന്ധി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടുപ്രകാരമാണ് കെഎസ്‌ആര്‍ടിസിയെ മൂന്ന് ലാഭ മേഖലകളായി തിരിക്കുന്നത്.മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് മുന്ന് മേഖലകളുടെ ചുമതല നല്‍കി. ജി അനില്‍കുമാര്‍ (ദക്ഷിണമേഖല), എം ടി സുകുമാരന്‍ (മധ്യമേഖല), സി വി രാജേന്ദ്രന്‍ (ഉത്തരമേഖല) എന്നിവര്‍ക്കാണ് ചുമതല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ ദക്ഷിണ മേഖലയിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ മധ്യമേഖലയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഉത്തരമേഖലയിലുമായിരിക്കും. ദക്ഷിണമേഖലയുടെ ആസ്ഥാനം തിരുവനന്തപുരം സെന്‍ട്രല്‍  ഡിപ്പോയും മധ്യ മേഖലയുടേത് എറണാകുളം ജെട്ടിയും ഉത്തരമേഖലയുടേത് കോഴിക്കോടുമായിരിക്കും. നിലവിലുള്ള അഞ്ച് സോണുകളില്‍ കൊല്ലം, തൃശൂര്‍ സോണുകള്‍ ഒഴികെയുള്ള മറ്റ് സോണുകള്‍ നിലവിലുള്ള മേഖല ഓഫീസുകളില്‍ നിലനിര്‍ത്തും. മേഖല വിഭജനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിവിധ മേഖലകളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

കോട്ടയത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 24 പേർക്ക് പരിക്ക്

keralanews 24 injured in a k s r t c bus accident in kottayam

കോട്ടയം:പാമ്പാടിക്ക് സമീപം നെടുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടുകൂടിയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ യാത്രക്കാരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം.നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. പാമ്പാടി,മണ്ണാർക്കാട് എന്നിടങ്ങളിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്ത് ഏറെ നേരമുണ്ടായിരുന്ന ഗതാഗത തടസ്സം പൊലീസ് പിന്നീട് പുനസ്ഥാപിച്ചു.

കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല ബാധമൂലമല്ലെന്ന് റിപ്പോർട്ട്

keralanews the death of two year old child in kozhikkode was not due to shigella virus infection

കോഴിക്കോട്:കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല വൈറസ് ബാധമൂലമല്ലെന്ന് റിപ്പോർട്ട്.മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഷിഗല്ലെ ബാധ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദ് ഇന്നലെയാണ് മരിച്ചത്. ഷിഗല്ലെ ബാധിച്ചാണ് കുട്ടി മരിച്ചത് എന്ന റിപ്പോര്‍ട്ടുള്‍ പുറത്തുവന്നിരുന്നു. തുര്‍ന്നാണ് കുട്ടിയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികത്സയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് കുട്ടി മരിച്ചത്.

സംസ്ഥാനത്ത് ‘ഷിഗെല്ല’ വൈറസ് ബാധ ആശങ്ക പരത്തുന്നു;കോഴിക്കോട് രണ്ടു വയസ്സുകാരൻ മരിച്ചു

keralanews shigella virus infection spreading in the state two year old boy died of shigella infection in kozhikkode

കോഴിക്കോട്:സംസ്ഥാനത്ത് ഷിഗല്ലെ വൈറസ് ബാധ ആശങ്ക പരത്തുന്നു.ഷിഗല്ലെ ബാധയെ തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയില്‍ രണ്ട് വയസുകാരന്‍ മരിച്ചു.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദാണ് മരിച്ചത്.സിയാദിന്റെ ഇരട്ടസഹോദരന്‍ സയാന്‍ ഇതേ രോഗം ബാധിച്ച്‌ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് ഷിഗല്ലെ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം നാലുപേര്‍ക്കാണ് ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.

പ്രത്യേകതരം വയറിളക്ക രോഗമാണ് ഷിഗല്ലെ. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മാത്രമെ രോഗത്തെ പ്രതിരോധിക്കാനാകൂ. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലര്‍ന്ന വെള്ളമോ ഭക്ഷണമോ സ്പര്‍ശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതല്‍ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച്‌ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി,ഛര്‍ദ്ദി , നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഭക്ഷണത്തിന് മുന്‍പ് വൃത്തിയായി കൈകള്‍ കഴുകുക,ചെറിയ കുട്ടികളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക,ഡയപ്പറുകള്‍ തുറസായ സ്ഥലത്ത് ഉപേക്ഷിക്കാതിരിക്കുക,ഇവ കത്തിച്ച്‌ കളയുക,വയറിളക്കം അനുഭവപ്പെടുന്നവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, വയറിളക്കമുളള കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ വിടാതിരിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,ശുചി മുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക, ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക ,‌ഭക്ഷണവും കുടിവെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക,ഈച്ച പോലുള്ള പ്രാണികള്‍ ഭക്ഷണത്തില്‍ വന്നിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.

വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു

keralanews three workers who were detained by maoists in waynad meppadi estate were rescued

കൽപ്പറ്റ:വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു.ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നുപേരെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. മറ്റൊരാള്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീന്‍ അര്‍ധരാത്രിക്ക് ശേഷമാണ് രക്ഷപ്പെട്ട് എത്തിയത്.അലാവുദ്ദീന്‍ ഫോണില്‍ എസ്റ്റേറ്റ് അധികൃതരെ വിളിച്ച്‌ മാവോവാദികള്‍ പണം ആവശ്യപ്പെടുന്നതായി അറിയിച്ചു. പിന്നീട് മാനേജ്മെന്റ് പ്രതിനിധികളോട് സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു. നാലുപേരാണ് ആദ്യം തടഞ്ഞുവെച്ചതെന്നും പിന്നീട് മാവോവാദികള്‍ കൂടുതലായെത്തിയതായും അലാവുദ്ദീന്‍ പറഞ്ഞു.നിലമ്പൂർ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്‌പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം,ആറുപേർക്ക് പരിക്ക്

keralanews conflict in yuvamorcha workers march to chief ministers residence

തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് അമല്‍ എന്ന പ്രവര്‍ത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ വിമേഷിന് കണ്ണിന് പരുക്കേറ്റു. . പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബുവിന് പരിക്കേറ്റത്.എ ബി വി പി പ്രവര്‍ത്തകരായ സച്ചിന്റെയും വിശാലിന്റെയും ശ്യാമപ്രസാദിന്റെയും കൊലപാതകവും എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവും എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു സംഘര്‍ഷം.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

keralanews leave for educational institutions in kannur district today

കണ്ണൂർ:കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്റ്റർ മിർ മുഹമ്മദലി അവധി പ്രഖ്യാപിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാത്രിയും മഴ തുടരുകയാണ്.

 

വിദ്യാർത്ഥികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്

keralanews three students injured when a pickup van rammed into them

കോട്ടയം:പൊന്‍കുന്നം പി പി റോഡില്‍ രണ്ടാം മൈലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി. 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചിറക്കടവ് സ്വദേശികളായ അമല്‍ സാബു പൂവത്തിങ്കല്‍, അര്‍ജ്ജുന്‍, സ്റ്റെഫിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ അമലിന്റെ പരിക്ക് ഗുരുതരമാണ്.അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അമലിന്റെ തല സമീപത്തുകിടന്ന കല്ലില്‍ ഇടിച്ചാണ് തലയ്ക്ക പരിക്കേറ്റത്. പൊന്‍കുന്നം ഭാഗത്തു നിന്നുവന്ന പിക്കഅപ്പ് വാനാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വാഹനം എതിര്‍ദിശയില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടികളെ  കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്  കാഞ്ഞിരപ്പള്ളി ജന. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ തെന്നലുണ്ടായിരുന്നെന്നും പിക്കപ്പ് വാനിന് അമിത വേഗമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.