ഇടുക്കി : ഇടുക്കി വണ്ണപ്പുറത്തിനും സമീപം കമ്പക്കാനത്ത് കാനാട്ടുവീട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.ബുധനാഴ്ച രാവിലെയാണ് തൊടുപുഴ വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല, മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ വീടിനു സമീപം കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതോടെ അയല്‍വാസികളും ബന്ധുക്കളും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ ചാണകക്കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്‍റെ പരിസരങ്ങളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസില്‍ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് ഒരാള്‍ അറസ്റ്റിലായിരിക്കുന്നത്.
കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു
ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതോടെയാണ് ശുപാര്‍ശ അംഗീകരിക്കാന്‍ തയ്യാറായത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാന്‍ ജനുവരി 10 ന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും പ്രത്യേകം ശുപാര്‍ശ നല്‍കുകയായിരുന്നു. ഒരു പേര് രണ്ടാമതും കൊളീജിയം ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. 2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42ആം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം.ജോസഫ് എന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക്
കൊച്ചി:കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിൽ ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും.
പാലക്കാട് നഗരത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു
പാലക്കാട്:പാലക്കാട് നഗരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടം തകർന്നു വീണു.മുൻസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നു വീണത്.കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് പേരെ നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധന തുടരുകയാണ്.ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്. എങ്കിലും ഇരുപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട നിലയിലായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കോഴിക്കോട് ഐടിഐ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയിൽ രണ്ട് ഐടിഐ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുറവങ്ങാട് ഐടിഐ വിദ്യാര്‍ഥികളായ റിജോ റോബട്ട് (18), സുസ്മിത (19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വേ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു
കൊച്ചി:പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു.ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.40 നാണ് അന്ത്യം സംഭവിച്ചത്. 68 വയസായിരുന്നു.അര്‍ബുദബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്പായിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.കേരളത്തിലെ ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി.നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബം പാടുക സൈഗാള്‍ പാടുക ഇന്നും ഹിറ്റ്ലിസ്റ്റിലുണ്ട്. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ ഒരു കുടുംബത്തിൽ നിന്നും കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.വീടിനു സമീപം കണ്ട കുഴിയിൽ കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാതായിട്ടെന്ന് നാട്ടുകാർ പറഞ്ഞു.തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ രക്തക്കറയും വീടിനു സമീപത്തായി സംശയാസ്പദമായ രീതിൽ കുഴി മൂടിയതായും കണ്ടെത്തിയിരുന്നു.ഈ കുഴിയിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കിട്ടിയത്. കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ആധാര്‍ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐയുടെ കർശന നിർദേശം
ന്യൂഡൽഹി:ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും അടക്കം പൊതു ഇടങ്ങളിൽ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ( യുഐഡിഎഐ) കർശന നിർദേശം.ആധാർ നമ്പർ പരസ്യപ്പെടുത്തിയത് നിയമനടപടി നേരിടേണ്ടി വരുമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മറ്റൊരാളുടെ ആധാര്‍ നമ്പർ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സന്ദേശമെന്ന് യുഐഡിഎഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ ‘ആധാര്‍ ചാലഞ്ച്’ ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. സ്വന്തം ആധാര്‍ നമ്പർ ട്വിറ്ററില്‍ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്താന്‍ സാധിക്കുമോയെന്നാണ് വെല്ലുവിളിച്ചത്. താമസിയാതെ തന്നെ പ്രശസ്ത ഹാക്കര്‍ ഏലിയറ്റ് ആൻഡേഴ്സൺ ഉൾപ്പെടെയുള്ളവർ ശര്‍മയ്ക്കു മറുപടിയുമായെത്തി. ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പർ, കുടുംബചിത്രങ്ങള്‍, വീട്ടുവിലാസം, ജനനത്തീയതി, ഓണ്‍ലൈന്‍ ഫോറത്തില്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തി പോസ്റ്റ് ചെയ്തു. ചോര്‍ത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ല എന്നായിരുന്നു ശര്‍മയുടെ മറുപടി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ ഉണ്ടെന്നും യുഐഡിഎഐയും പറഞ്ഞു. ഇതിനിടെ, ശര്‍മയെ അനുകരിച്ച് ചില വ്യക്തികളും ആധാര്‍ ചാലഞ്ച് നടത്തിയതോടെയാണു മുന്നറിയിപ്പുമായി യുഐഡിഎഐ രംഗത്തെത്തിയത്.
കനത്ത മഴയിൽ ആറളം ഫാമിൽ ഉരുൾപൊട്ടൽ;രണ്ടു തൂക്കുപാലങ്ങൾ ഒലിച്ചുപോയി
ഇരിട്ടി:കനത്ത മഴയിൽ ആറളം ഫാമിൽ ഉരുൾപൊട്ടൽ.ആദിവാസി പുനരധിവാസ മേഖലയ്ക്കും ആറളം ഫാമിനുള്ള യാത്രാമാര്‍ഗമായ വളയഞ്ചാല്‍ തൂക്കുമരപ്പാലം കനത്ത ഒഴുക്കില്‍ പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പൊട്ടിത്തകര്‍ന്ന് ഒലിച്ചുപോയി. പാലത്തില്‍ കയറാനെത്തിയവര്‍ ഇത് കണ്ട് ഓടി രക്ഷപ്പെട്ടു.നിരവധി വിദ്യാര്‍ത്ഥികള്‍ സാധാരണ പാലം വഴി കടന്നു പോകാറുള്ള സമയത്താണ് പാലം തകര്‍ന്നത്.സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ പാലം തകര്‍ച്ചയില്‍ വന്‍ ദുരന്തം ഒഴിവായി. ആദിവാസി മേഖലക്കും ആറളം ഫാമിനും കേളകം, കണിച്ചാര്‍ മേഖലയുമായുള്ള എളുപ്പ യാത്രാ ബന്ധം ഇതോടെ അറ്റു. കേളകത്തിനടുത്ത് ആറളം വന്യജീവി സങ്കേതത്തിലെ രാമച്ചി തൂക്കുമരപ്പാലവും തകര്‍ന്നു. വനപാലകര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി.
കനത്ത മഴ;കണ്ണൂരിലെ ഏഴു പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്,ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.