ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്

keralanews water level decreases in idukki dam

ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി.2401.10 ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. എന്നാല്‍ ഷട്ടറുകളിലൂടെ പുറക്കേത്ത് ഒഴുകി വരുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. ചെറുതോണി പാലം ഇപ്പോഴും വെള്ളത്തിന്റെ അടിയിലാണ്. ചെറുതോണി ടൗണിന് സമീപമുള്ള ബസ്‌സ്റ്റാന്‍ഡിന്റെ പകുതിയിലേറെ ഭാഗം തകര്‍ന്നിട്ടുണ്ട്. അണക്കെട്ട് തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി പറഞ്ഞു. നടപടികളെല്ലാം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നു. എവിടെയും കുഴപ്പങ്ങളില്ല, മുന്നോട്ടുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രളയം;എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

keralanews flood red alert in eight districts

തിരുവനന്തപരം:കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതിനാലും അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജനങ്ങള്‍ പുഴയിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കലിയടങ്ങാതെ കാലവർഷം;സംസ്ഥാനത്ത് 22 മരണം

Malappuram: A section of Nilambur- Karad road is seen washed away following a flash flood, triggered by heavy rains, at Malappuram in Kerala on Thursday, August 09, 2018. (PTI Photo)(PTI8_9_2018_000233B)

തിരുവനന്തപുരം:കലിയടങ്ങാതെ പെയ്യുന്ന കാലവർഷത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 22 മരണം. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. അടിമാലിയില്‍ മാത്രം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്ബാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു.ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.പാലക്കാട് നഗരത്തില്‍ വെള്ളം കയറി.മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് – ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മുപ്പതോളം വീടുകള്‍ തകര്‍ന്നു. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 500ഓളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. തളിപ്പരം, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്നു;വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു;കണ്ണൂരിലും വയനാട്ടിലും കേന്ദ്രസേനയെ ഇറക്കി

keralanews heavy rain continues red alert announced in waynad district

കൽപ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട്ടില്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രത നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും ചെയ്തു.വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരണപ്പെട്ടു. ജില്ലയിലെ പുഴകള്‍ നിറഞ്ഞ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.താമരശേരി, വടകര, പാല്‍ച്ചുരം എന്നീ ചുരങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ ചുരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍മി, നേവി സേനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ എത്തും.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു

keralanews idukki cheruthoni dam opened

ഇടുക്കി:26 വർഷത്തിന് ശേഷം ആദ്യമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.മൂന്നാം നമ്പർ ഷട്ടറാണ് ട്രയൽ റണ്ണിനായി  50 സെന്റീമീറ്റർ ഉയർത്തിയത്.സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഇതിലൂടെ ഒഴുക്കുന്നത്.ഷട്ടർ നാലുമണിക്കൂർ തുറന്നുവെയ്ക്കും.ഇതോടെ ചെറുതൊലി പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.1992 ലാണ് ചെറുതോണി  അണക്കെട്ട് അവസാനമായി തുറന്നത്.ചെറുതോണി ഡാമിന്റെ തീരത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്ബോാള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നു;ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ തീരുമാനം

keralanews water level increased decision to conduct trial run in idukki dam

ഇടുക്കി:ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്.2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2398.50 പിന്നിട്ട സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്.ഇന്ന് രാവിലെ 11 മണിക്ക് ട്രയൽ റൺ നടത്തുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു.ഒരു ഷട്ടർ മാത്രമാണ് തുറക്കുക. ട്രയല്‍ റണ്‍ നടത്തുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.ഇടമലയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയശേഷം മാത്രമേ ചെറുതോണിയിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറക്കുന്നത്. 50 സെറ്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് പദ്ധതി.

കനത്ത മഴ;കണ്ണൂർ ജില്ലയിലെ മലയോരപ്രദേശങ്ങളിൽ അതിജാഗ്രത നിർദേശം

keralanews heavy rain alert in different places of kannur district

കണ്ണൂർ:കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ റെവന്യൂ വകുപ്പ് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേ സമയത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇരിട്ടി ,അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനത്ത് ഉരുള്‍പൊട്ടലില്‍വീടു തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു.ഇമ്മട്ടിയില്‍ തോമസ്, ഷൈനി എന്നിവരാണ് മരിച്ചത്. മലയോരത്തെ റോഡുകളും പാലങ്ങളും വെള്ളത്തിലായതോടെ നൂറിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇരുന്നൂറിലെറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിനെയും അഗ്‌നിശമനസേനയേയും കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ടെറിട്ടോറിയല്‍ ആര്‍മിയെയും പ്രതിരോധ സുരക്ഷാ സേനയേയും നിയോഗിച്ചിട്ടുണ്ട്. ബാവലി ,ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി,തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.പുഴയോരങ്ങളിലും കുന്നിന്‍ ചെരുവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെകെ ദിവാകരന്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ രാത്രിയില്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്.

കരുണാനിധിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് മറീന ബീച്ചിൽ;വിലാപയാത്ര ആരംഭിച്ചു

keralanews karunanidhis funeral will held at chennai mareena beach at six o clock today final journey begins

ചെന്നൈ:അന്തരിച്ച ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് ചെന്നൈ മറീന ബീച്ചിൽ നടക്കും.പൊതുദര്‍ശനത്തിന് വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളില്‍ നിന്നും സംസ്കാരം നടക്കുന്ന മറീന ബീച്ചിലേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേക അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളില്‍ നിന്നും മറീന ബീച്ചിലേക്ക് കൊണ്ടുപോകുന്നത്. വന്‍ സുരക്ഷ സന്നാഹവും പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ചെന്നൈ നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്.മറീന ബീച്ചില്‍ അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൊതുദര്‍ശനം നടന്ന രാജാജി ഹാളില്‍ ജനങ്ങള്‍ തള്ളിക്കയറിയ സാഹചര്യത്തിൽ സംസ്ക്കാര ചടങ്ങുകള്‍ നടക്കുന്ന മറീന ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സിആര്‍പിഎഫും കമാന്‍ഡോ വിഭാഗവും തമിഴ്നാട് പോലീസും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്.

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സംസ്ക്കാരം മെറീന ബീച്ചിൽ നടത്താൻ അനുമതി

keralanews court granted permission to bury the deadbody of karunanidhi in mareena beach

ചെന്നൈ:അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സംസ്ക്കാരം മെറീന ബീച്ചിൽ നടത്താൻ അനുമതി.ഇത് സംബന്ധിച്ച് വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഇതോടെ കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.സംസ്കാരം മെറീന ബീച്ചില്‍ നടത്തുന്നതു സംബന്ധിച്ച്‌ സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാദം കേട്ട കോടതി ഇതില്‍ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.കരുണാനിധിയെ സംസ്കരിക്കാന്‍ മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍‌ത്തകര്‍ പ്രതിഷേധമുയര്‍ത്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇടുക്കി കൂട്ടക്കൊല;മുഖ്യപ്രതി പിടിയിൽ

keralanews idukki gang murder case main accused arrested

ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മുഖ്യപ്രതി പോലീസ് പിടിയിലായി. നേര്യമംഗലത്തു നിന്നാണ് കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷിനെ അറസ്റ്റ് ചെയ്തത് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പൊലീസ്‌ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷില്‍ നിന്ന്‌ ഇന്ന്‌ തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്‌ണന്റെ വീട്ടില്‍ നിന്ന്‌ മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്‌.ഇത്‌ തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്‌ണന്റെ കമ്പക്കാനത്തെ വീട്ടിലും എത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുക്കും. നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന്‌ കാണിച്ച്‌ കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.മന്ത്രവാദത്തിന്‍റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച്‌ മന്ത്രവിദ്യകള്‍ സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പണവും സ്വര്‍ണവും അപഹരിക്കുന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നു.തൊടുപുഴ വണ്ണപ്പുറം കമ്പകാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.