കണ്ണൂർ:കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച.മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു.മോഷണ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.നിസ്സാര പരിക്കുകളോടെ ഇവരെ രണ്ടുപേരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരിട്ടിയിൽ ലീഗ് ഓഫീസിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു
ഇരിട്ടി:ഇരിട്ടിയിൽ ലീഗ് ഓഫീസിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു.മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പിവി നൗഷാദ്, സെക്രട്ടറി പി സക്കറിയ, ജോയിന്റ് സെക്രട്ടറി എംകെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.ഓഗസ്റ്റ് 28ന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലീഗ് ഓഫീസിൽ കെട്ടിടത്തിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ടു കാറുകള്‍ക്ക് കേടുപറ്റിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സംസ്ഥാനത്ത് എലിപ്പനി പടരുന്നു;ഇന്ന് അഞ്ചുപേർ മരിച്ചു
തിരുവനന്തപുരം:എലിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടയിലും സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ആളുകൾ മരണപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ചുപേർ എലിപ്പനി ബാധിച്ച് മരിച്ചു.മലപ്പുറം സ്വദേശികളായ ഷിബിൻ(27),ഹയറുന്നിസ(45),കൊല്ലം സ്വദേശി സുജാത(55),കോട്ടയം സ്വദേശി ഏലിയാമ്മ(48),എറണാകുളം സ്വദേശി ഉത്തമൻ(48) എന്നിവരാണ് മരിച്ചത്.ഇതോടെ കഴിഞ്ഞ മാസം ഇരുപതു മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി.ഇന്ന് മരിച്ചവരിൽ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചിട്ടുണ്ട്.മറ്റു നാലുപേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്.
സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് രണം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്.ഈ മാസം ഏഴിന് സര്‍ക്കാര്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഗുണമേന്മ പരിശോധനാസമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമേ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചതെന്നും ജനുവരി വരെ ഈ ക്രമം തുടരുമെന്നുമായിരുന്നു വ്യാജ പ്രചരണം.
നവകേരളം പണിയാൻ ധനസമാഹരണം;കണ്ണൂരിലെ മുഴുവൻ സർക്കാർ ഡോക്റ്റർമാരും ഒരു മാസത്തെ ശമ്പളം നൽകും
കണ്ണൂർ:നവകേരളം പണിയാൻ ഒരു മാസത്തെ ശമ്പളം നൽകുക എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർ ജില്ലയിലെ സർക്കാർ ഡോക്റ്റർമാർ.സര്‍ക്കാര്‍ മേഖലയില്‍ ആകെ 430ലേറെ ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇവരെല്ലാം ഒരു മാസത്തെ ശമ്ബളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന േയാഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫീസുകളിലായി ഉള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇവര്‍ ആദ്യ ഗഡു ആഗസ്റ്റ് മാസത്തെ ശമ്ബളത്തോടൊപ്പം നല്‍കി.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ് ശമ്ബളം സംഭാവന നല്‍കുന്നതിനുളള്ള സമ്മതപത്രം കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിച്ചിരുന്നു. ജില്ലയിലെ പെരിങ്ങോം-വയക്കര, മുഴക്കുന്ന്, മുണ്ടേരി, എരുവേശ്ശി, കാങ്കോല്‍-ആലപ്പടമ്ബ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കുഞ്ഞിമംഗലം എന്നീ ഒൻപതു ഗ്രാമ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പരമാവധി പിന്തുണ ജീവനക്കാര്‍ നല്‍കണം. ഓരോ ഉദ്യോഗസ്ഥനും കഴിയാവുന്നവരെ സംഭാവന ചെയ്യിക്കുന്നതിന് പ്രേരിപ്പിക്കണം. ഈ സംഭാവനക്ക് 100 ശതമാനം ആദായ നികുതിയിളവ് ലഭിക്കുന്നതാണ്. ജില്ലകളില്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മന്ത്രിമാര്‍ സംഭാവന ഏറ്റുവാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ജീവനക്കാരും അവരുടെ കടമ നിറവേറ്റാന്‍ മുന്നോട്ടുവരണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഇതോടൊപ്പം പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ക്കാണ് ജില്ലയുടെ ചുമതല. കണ്ണൂര്‍ ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ ‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന പേരില്‍ ഒരു മാസത്തെ ശമ്പളം കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കരകയറ്റാനായി സംഭാവന നല്‍കാനുള്ള ക്യാമ്പയിൻ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥര്‍ ആഗസ്ത് മാസത്തെ ശമ്പളം പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നൽകിയിട്ടുണ്ട്.
എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം;ആരോഗ്യമന്ത്രി ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടരുന്നതിനിടെ പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് പരാതി നല്‍കി.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് മന്ത്രി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയത്തിന് പിന്നാലെയാണ് കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം ആരംഭിച്ചത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവുമായി ജേക്കബ് വടക്കുംചേരി രംഗത്തെത്തിയത്.
വീണ്ടും കണ്ണില്ലാത്ത ക്രൂരത;മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
മലപ്പുറം:കോഴിക്കോട് ബാലുശ്ശേരിയിൽ അമ്മ നവജാത ശിശുവിന്റെ കഴുത്തറുത്ത് കൊന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുൻപേ മലപ്പുറത്ത് നിന്നും ക്രൂരതയുടെ മറ്റൊരു വാർത്ത കൂടി.മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ പിന്നാലെയാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമാനമായ സംഭവം കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നടന്നിരുന്നു.രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു റിന്‍ഷ.മാനഹാനി ഭയന്നാണ് റിന്‍ഷ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
കോഴിക്കോട്:നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരി നിര്‍മ്മലൂരിലാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തുകൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് റിന്‍ഷ.ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പ്രസവിച്ചെന്ന് നാട്ടുകാരറിയുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.വീട്ടില്‍ തന്നെയാണ് ഇവര്‍ പ്രസവിച്ചത്. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ കുഞ്ഞിനെ കൊന്നിട്ടുണ്ടെന്നാണ് കരുതുന്നത്. മെഡിക്കല്‍ പരിശോധനക്കായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലപ്പുറത്ത് സദാചാര ഗുണ്ടകൾ കെട്ടിയിട്ട് മർദിച്ച യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം:കോട്ടക്കലിൽ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ആത്മഹത്യ ചെയ്തു.മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചു.ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സേലത്ത് വാഹനാപകടം;മലയാളികളടക്കം ഏഴുപേർ മരിച്ചു
സേലം:സേലത്ത് വാഹനാപകടത്തിൽ മലയാളികളടക്കം ഏഴുപേർ മരിച്ചു.ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്തു വെച്ചാണ് അപകടം.ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സും സേലത്ത് നിന്നും കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.കൃഷ്ണഗിരിയിൽ നിന്നും പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുള്ള ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ തട്ടി എതിരെ വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ മരിച്ചവരിൽ നാലുപേർ മലയാളികളാണെന്നണ് സൂചന.മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഭാര്യയോടും മകനോടുമൊപ്പമായിരുന്നു ജേക്കബ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റ 31 പേര സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടവിവരം അറിഞ്ഞ ഉടന്‍ ജില്ലാ കലക്ടര്‍ രോഹിണിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.