തെലങ്കാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 45 പേർ മരിച്ചു

keralanews 45 died and many injured when a bus carrying pilgrims fell into a gorge in thelangana

ഹൈദരാബാദ്:തെലങ്കാനയിലെ കൊണ്ടഗാട്ടിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 45 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് 62 തീര്‍ഥാടകര്‍ തെലങ്കാന സര്‍ക്കാരിന്റെ ബസില്‍ ഉണ്ടായിരുന്നു.നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്.അപകടം നടന്ന ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരുടെ ശരീരങ്ങള്‍ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്യുകയും പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. ബസ്സിന്‍റെ ബ്രേക്ക് തകരാറാണ്‌ അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.28 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.

സ്കൂൾ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം പിൻവലിച്ചു;പകരം ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തും

keralanews the decision to cancel school festival withdrawn

തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും.  ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാനുവല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്.  മാനുവല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. സ്‌കൂള്‍ കലോത്സവം ഒഴിവാക്കിയാല്‍ കലാകാരന്‍മാരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു. അങ്ങനെ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.നടപടികള്‍ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി.കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽ നിന്നു കരകയറുന്നതിന്‍റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം നടത്തണമെന്ന് പല മേഖലകളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.അതേസമയം ചലച്ചിത്രമേള സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. നടത്താന്‍ തീരുമാനിച്ചാലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇല്ലാതെയാവും ചലച്ചിത്രമേള നടത്തുക.

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തുടങ്ങി

keralanews hartal anounced by l d f and u d f in the state started

തിരുവനന്തപുരം:ഇന്ധന വിലവർധനയ്‌ക്കെതിരെയും പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ആദ്യ മണിക്കൂറില്‍ ഹർത്താൽ  പൂര്‍ണമാണ്. പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഹര്‍ത്താല്‍ തടസം ഉണ്ടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ വിനോദസഞ്ചാരികള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ജനജീവിതം സ്തംഭിക്കും;ഭാരത് ബന്ദിന് പിന്തുണയുമായി നിരവധി സംഘടനകൾ കൂടി രംഗത്ത്

keralanews Several organizations have come up with support for Bharat bandh

തിരുവനന്തപുരം:സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഭാരത് ബന്ദ്  ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായി. ഇരു ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കെഎസ്‌ആര്‍ടിസി, ഓട്ടോറിക്ഷ സര്‍വീസുകള്‍ പ്രതിസന്ധിയിലാകും. ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വ്യാപാരി സമൂഹത്തെയായതിനാലാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്നാണ് സംഘടനയുടെ വാദം. ഹര്‍ത്താലിന് ഔദ്യോഗികമായി പിന്തുണയില്ലെന്നാണ് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപാരശാലകള്‍ തുറന്നിട്ടും കാര്യമില്ലെന്നും അടച്ചിടാനുമാണ് സംഘടനയുടെ തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ഹര്‍ത്താല്‍ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി ബിഎംഎസ് രംഗത്തെത്തിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ചതിന് പിന്നിൽ ബംഗ്ലാദേശി കവർച്ചാ സംഘമെന്ന് സൂചന

keralanews hint that bengladeshi robbery team behind the attack against the journalist in kannur

കണ്ണൂര്‍: കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയത് ബംഗ്ലാദേശികളടങ്ങുന്ന ബംഗ്ലാ ഗ്യാങ് ആണെന്ന് പോലീസ്. 50 പേരിലേറെയുള്ള വന്‍ സംഘമാണിത്. ഇവരില്‍ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ വിലാസം നല്‍കുകയും പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുള്‍പ്പെട്ടവരാണ് കണ്ണൂരില്‍ കൊള്ള നടത്തിയതെന്നാണ് നിഗമനം.വ്യാഴാഴ്ച പുലര്‍ച്ചെയാണു മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യ പി.സരിതയെയും താഴെചൊവ്വയിലെ വീട്ടില്‍ മര്‍ദിച്ചു കെട്ടിയിട്ടു നാലംഗ സംഘം 30 പവന്‍ സ്വര്‍ണ്ണവും 15000 രൂപയും മൊബൈൽ ഫോണുകളും എ ടി എം കാർഡുകളും  വീട്ടുപകരണങ്ങളും കവര്‍ന്നത്.അക്രമത്തിൽ പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.ആക്രമിച്ച്‌ കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്. തമിഴ്‌നാട്ടിലെ അയ്യനാര്‍ ഗാങ്, മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര് ടീം എന്നിവരൊക്കെയാണ് ബംഗ്ലാദേശിസംഘത്തിനു പുറമെ ഈ രീതിയിൽ കവര്‍ച്ച നടത്തുന്ന സംഘങ്ങൾ. തിരുവനന്തപുരം, എറണാകുളം, കണ്ണൂരിലെ പള്ളിക്കുന്ന് എന്നിവിടങ്ങളിലൊക്കെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവമുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര്‍ ടീമായിരുന്നു ഇതിനുപിന്നില്‍. ഇവരാകാം വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ചതും കെട്ടിയിട്ട് കവര്‍ച്ച നടത്തിയതെന്നുമുള്ള സംശയം പോലീസിനുണ്ടായിരുന്നു. പക്ഷേ, മോഷണം നടത്തുന്ന വീട്ടിലെ കാറുപയോഗിച്ച്‌ പാതിവഴിയെങ്കിലും രക്ഷപ്പെടുകയെന്ന രീതി ഇവര്‍ക്കുണ്ടെന്നാണ് മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരം. വിനോദ് ചന്ദ്രന്റെ കാർ നഷ്ടപ്പെട്ടിട്ടില്ല. അത് മോഷ്ടിക്കാനുള്ള ശ്രമം നടന്നിട്ടുമില്ല.ഇതോടെയാണ് ബംഗ്ലാദേശി സംഘത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഈ സംഘത്തിലെ ഒരുവിഭാഗം കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. മൂന്നോ നാലോ കവർച്ചകൾ നടത്തി മടങ്ങുന്ന രീതിയാണ് ഇവർക്കുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലെ പോലീസുദ്യോഗസ്ഥരില്‍നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാൽ  സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും കണ്ണൂരിലേതിന് സമാനമായ കവര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയവും പോലീസിനുണ്ട്.ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുസംഘമായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയിലുള്ള സാങ്കേതിക പരിശോധന, പ്രതികളെന്ന് സംശയിക്കുന്നവര്‍ രക്ഷപ്പെടാനുള്ള ശ്രമം തടയലും പിടിക്കാനുള്ള ഇടപെടലും, മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം എന്നിങ്ങനെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇ​ന്ധ​ന​വി​ല:ഇന്ന് പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 46 പൈ​സ​യും വ​ര്‍​ധി​ച്ചു

keralanews fuel price increased 40paise for petrol and 46paise for diesel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിനത്തില്‍ 2,29,019 കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്. 2014-15 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു.

ഭാരത് ബന്ദ്;കേരളത്തെ ഒഴിവാക്കില്ലെന്ന് എം.എം ഹസൻ

keralanews bharat bandh m m hassan said kerala would not be excluded

തിരുവനന്തപുരം:പെട്രോൾ,ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് രാജ്യത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിൽ നിന്നും കേരളത്തെ ഒഴിവാക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസൻ.പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഭാരത ബന്ദില്‍ നിന്നും ഒഴിവാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തെ ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യവും ഉയര്‍ന്നിരുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഹര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുമാണ് വാദങ്ങള്‍ ഉയര്‍ന്നത്.കേരളത്തെ ഒഴിവാക്കുന്നില്ലെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഹര്‍ത്താലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്നും കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണെന്നും രാജ്യം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ഇന്ധന വിലവര്‍ധനവിനെതിരായ പ്രതിഷേധത്തില്‍ നിന്ന് കേരളത്തിന് മാത്രമായി ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു.ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ മൂന്നുവരെയാണ് കോണ്‍ഗ്രസിന്റെ ഭാരത ബന്ദ്.അന്നു ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചിരിക്കുകയാണ്. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും.വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്ബുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നുമാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം

keralanews congress will call on bharat bandh on monday to protest against fuel prices

ന്യൂഡൽഹി:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ്  ആഹ്വാനം ചെയ്തു.രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം മൂന്നുമണി വരെയാണ് ബന്ദ്.ബന്ധുമായി സഹകരിക്കുമെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികൾ ഉറപ്പുനല്കിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.ഡീസല്‍, പെട്രോള്‍ എന്നിവയുടെ കേന്ദ്ര എക്സൈസ് തീരുവ കുറക്കുക, സംസ്ഥാന വാറ്റ് നികുതി കുറക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണയായി സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ധന വില നിയന്ത്രണം വിട്ട് കുതിക്കുമ്പോഴും നികുതി വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.ബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിനത്തില്‍ പതിനൊന്ന് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. നാലര വര്‍ഷത്തില്‍ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരവയില്‍ 211 ശതമാനവും, ഡീസലിന്റെ തീരുവയില്‍ 443 ശതമാനവും വര്‍ധനവുണ്ടായി. ഇന്ധന വില റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും ഈ കൊള്ള തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി

keralanews supreme court verdict to release all convicts in rajiv gandhi murder case

ദില്ലി: സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ചരിത്രപരമായ വിധിക്ക് ശേഷം സുപ്രീം കോടതിയില്‍ നിന്ന് മറ്റൊരു നിര്‍ണായക വിധി കൂടി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധി പ്രകാരം പേരറിവാളന്‍ അടക്കമുള്ളവര്‍ നീണ്ട നാളത്തെ ജയില്‍വാസത്തിന് ശേഷം മോചിതരാകും. പ്രതികളെ മോചിതരാക്കാം എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച്‌ കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, മുരുഗന്‍, ശാന്തന്‍ എന്നിവരാണ് 27 വര്‍ഷമായി രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.2014ല്‍ ആണ് കേസിലെ മുഴുവന്‍ പ്രതികളേയും വിട്ടയയ്ക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായി പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം സംസ്ഥാനത്തിന് എടുക്കാനാവില്ലെന്നും പ്രധാനമന്ത്രിയെ വധിച്ച കേസാണെന്നും കേന്ദ്രം വാദിച്ചു.പ്രതികളുടെ ദയാഹര്‍ജി തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍ മകന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന നിയമപോരാട്ടം രാജ്യശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനെത്തിയ സംഘത്തിന് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍ എത്തിച്ച്‌ കൊടുത്തു എന്ന കുറ്റത്തിനാണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്.

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല;സുപ്രീം കോടതിയുടെ ചരിത്ര വിധി

keralanews homo sexuality is not a criminal offence the historical verdict of supreme court

ന്യൂഡൽഹി:സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നു.ലോകം ഉറ്റുനോക്കുന്ന വിധിയിലൂടെ 157 വർഷം പഴക്കമുള്ള വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്.സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഭരണഘടനയിലെ 377 ആം വകുപ്പ് ഇതോടെ ഇല്ലാതാകും.ജീവിക്കാനുള്ള സ്വാതന്ത്രമാണ് പ്രധാനമെന്നും ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും കോടതി പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണമെന്നും എല്‍ജിബിറ്റി സമൂഹത്തിന് മറ്റെല്ലാവര്‍ക്കും ഉള്ളതുപോലെ അവകാശമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്.സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഇന്ന് നിര്‍ണ്ണായക വിധി എത്തിയിരിക്കുന്നത്.സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകള്‍ വാദിച്ചു. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. ലിംഗവ്യത്യാസമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്.