കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തിനെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇറക്കി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു. മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ പുറത്തിറങ്ങിയ ‘രക്ത’മാണ് ആദ്യ ചിത്രം. മലയാളം സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി 1950 ജൂണ്‍ 27 നായിരുന്നു ജനനം. ഇരുപത്തിയൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ രാജു സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ. മകന്‍ രവിരാജ്.
അങ്കമാലിയിൽ സ്കൂൾ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി;അറുപതോളം കുട്ടികൾക്ക് പരിക്ക്
കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളക്കിടെ അപകടം. രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 60 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു.ഉരുകിയൊലിക്കുന്ന അഗ്നി പര്‍വതമായിരുന്നു വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിന് വേണ്ടി രാസലായനികള്‍ ഉപയോഗിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഇവയുടെ സംയോജനം വേണ്ടവിധം ശരിയാകാതിരുന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച് പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശനനിയമുള്ളപ്പോഴാണ് മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറുപ്പിനോടൊപ്പം ചിത്രവും നല്‍കിയത്. പ്രസിദ്ധീകരിക്കുമ്ബോള്‍ തിരിച്ചറിയുന്ന വിധത്തില്‍ നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പും ചേര്‍ത്താണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒയ്ക്ക് എതിരെ 228(എ) വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ എം.ജെ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലാണു വാര്‍ത്താക്കുറിപ്പ് എത്തിച്ചത്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തി. സഭയുമായി ബന്ധമില്ലാത്ത നാലുപേരുടെ സഹായം കന്യാസ്ത്രീമാര്‍ക്കു ലഭിച്ചു. യുക്തിവാദികളുടെ ചിന്തകളും പിന്തുണയും കന്യാസ്ത്രീമാരെ സ്വാധീനിച്ചെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അറസ്റ്റില്‍
തലശ്ശേരി:നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അടക്കം ഒൻപതുപേർ അറസ്റ്റില്‍.തലശ്ശേരി സൗത്ത് എ ഇ ഒ സനകന്‍, അദ്ധ്യാപകരായ അബ്ദുല്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്‍, കരുണന്‍, വി ജെ ജയമോള്‍, പി ഷീന, സോഫിയാന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍ അറസ്റ്റ് ചെയ്തത്.മത്സര സംഘാടകരായ ഇവരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഐ പി സി 304 എ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് മാഹി എം എം ഹൈസ്‌കൂള്‍ ഒൻപതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്ബിള്‍ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്.സംസ്ഥാനത്ത് കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകള്‍ അവഗണിച്ച് ക്ഷേത്രക്കുളത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ സബ് ജില്ലാതല നീന്തല്‍ മത്സരം സംഘടിപ്പിത്. മത്സര വിവരം പൊലീസിനേയോ, ഫയര്‍ഫോഴ്സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇത് സംഘാടക പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികൂല സാഹചര്യമുണ്ടായിട്ടു പോലും അഗ്‌നിശമന സേനയേയോ മുങ്ങല്‍ വിദഗ്ദരേയോ പൊലീസിനേയോ അറിയിക്കാതെയാണ് അധികൃതര്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചത്. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി. തലശ്ശേരി നോര്‍ത്ത്, സൗത്ത്, ചൊക്ലി എന്നീ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മത്സരിക്കാനെത്തിയിരുന്നത്. മത്സരം ആരംഭിച്ച് അല്പ സമയത്തിനകം തന്നെ തലശ്ശേരി സൗത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച് ഋത്വിക് രാജ് നീന്തല്‍ കുളത്തില്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ ആരംഭിച്ച് അല്പ സമയത്തിനകം തന്നെ ഋത്വിക് രാജ് വെള്ളത്തില്‍ താഴാന്‍ തുടങ്ങി. എന്നാല്‍ ഈ സമയം കുട്ടിയുടെ രക്ഷക്ക് നീന്തല്‍ വിഗദ്ധരായ ആരും എത്തിയില്ല.
ഐഎസ്ആർഒ ചാരക്കേസ്;നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതിയുടെ അനുകൂല വിധി.ചാരക്കേസില്‍ കുടുങ്ങി സ്വന്തം ജീവിതവും കരിയറും വരെ നഷ്ടമായ നമ്ബിനാരാണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.മുന്‍ ഡിജിപി സിബി മാത്യൂസ്, കെ.കെ ജ്വോഷ്വ, എസ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ഈ നഷ്ടപരിഹാര തുക നല്‍കണം എന്ന് നമ്പി നാരായണന്റെ അഭിഭാഷകന്‍ കോടതിയില്‍ വാധിച്ചു. ഈ വാദവും കോടതി അംഗീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പാളിച്ചയാണ്. അതിനാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനില്ല. അതിനാല്‍ ഈ പണം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.കേസില്‍ തന്നെ കുടുക്കിയ ഈ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതായിരുന്നു നീതി തേടി സുപ്രീം കോടതി വരെ പോയ നമ്ബി നാരായണന്റെ ഹര്‍ജിയിലെ മറ്റൊരു പ്രധാന ആവശ്യം. അദ്ദേഹത്തിന്റെ ഈ വാദവും കോടതി അംഗീകരിച്ചു. 1994 നവംബര്‍ 30-നാണ് ചാരക്കേസില്‍ നമ്പി നാരായണന്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സിബിഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
നിയന്ത്രണംവിട്ട ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു
കൊച്ചി:നിയന്ത്രണംവിട്ട ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം സംഭവിച്ചത്.റിയാസും സുഹൃത്തും പെട്രോള്‍ പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോൾ നിയന്ത്രണം വിട്ട ക്രെയിൻ പമ്ബിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്. സംഘടനകളുമായി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.
ബെംഗളൂരുവിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു
ബെംഗളൂരു: മാറത്തഹള്ളിയിലുണ്ടായ വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ ഉൾപ്പെടെ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് നാലിന് മാറത്തഹള്ളി ഔട്ടര്‍റിങ്ങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം ഉണ്ടായത്.കൊല്ലം ചവറ സ്വദേശികളായ കുട്ടന്‍തറ മേഴ്‌സി ജോസഫ് മോറിസ് (48), മകന്‍ ലെവിന്‍ (22) മേഴ്‌സിയുടെ ഭര്‍ത്താവ് ജോസഫിന്റെ സഹോദരി എല്‍സമ്മ (54) മുബൈംയില്‍ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബെംഗളൂരും മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് വന്നിടിക്കുകയായിരുന്നു. ലെവിനാണ് വാഹനം ഓടിച്ചിരുന്നത്. ജോസഫിന്റെ സഹോദരന്‍ ബേബിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്.വർഷങ്ങളായി ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ് ജോസഫും കുടുംബവും.
കണ്ണൂർ നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂർ നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.മത്സ്യത്തൊഴിലാളിയായ പ്രജീഷിനാണ് വെട്ടേറ്റത്.ബുധനാഴ്ച രാത്രി നടുവിൽ ടൌണിലാണ് സംഭവം ഉണ്ടായത്.ടൗണിൽ മീന്‍ വില്‍ക്കുകയായിരുന്ന പ്രജീഷിനെ ഒരു സംഘം ആളുകള്‍ ഇരുമ്പു ദണ്ഡും വടിവാളുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനായി പ്രജീഷ് സ്ഥലത്തു നിന്നും ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും സംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തലക്കും പുറത്തും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.