ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.എട്ട് ദിവസത്തെ വാദംകേള്‍ക്കലിനുശേഷം ആഗസ്ത് എട്ടിനാണ് ഭരണഘടനാബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. 2006ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് വിഷയവുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാന ഹര്‍ജിക്കു പിന്നാലെ അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ് പ്രവേശനവിലക്കെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ,ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ,സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ, ആരാധാനയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിക്ക് ഇടപെടാൻ സാധിക്കും. അതൊരിക്കലും ആചാരത്തിന്‍റേയോ വിശ്വാസത്തിന്‍റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞിരുന്നു.
കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത;ജാഗ്രതാ നിർദേശം
തിരുവനന്തപുരം:കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കള്ളകടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് ശക്തമായ തിരമാലകൾ രൂപം കൊള്ളുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്ത് ശക്തി പ്രാപിക്കുകയും ശക്തമായി മാറാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം ഉണ്ടാകാതിരിക്കാൻ നങ്കൂരം ഇടുമ്പോൾ അവ തമ്മിൽ അകലം പാലിക്കണം. തീരങ്ങളിൽ ഈ പ്രതിഭാസത്തിന് ആഘാതം കൂടുതലായിരിക്കും എന്നതിനാൽ തീര പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും തീരത്തുനിന്നും കടലിലേക്കും കടലിൽനിന്ന് തീരത്തിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നാളെ രാത്രി വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി
കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.കേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്.കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള സമയത്ത് ബിഷപ്പും പരാതിക്കാരിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായാണ് പെരുമാറുന്നതെന്നും പിന്നീടാണ് പരാതി ഉയര്‍ന്നതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജലന്ധറില്‍ പോയി അന്വേഷണം നടത്തേണ്ടതുണ്ടെന്നും തെളിവുകള്‍ ശേഖരിക്കാന്‍ സമയം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഉന്നത സ്ഥാനം വഹിക്കുന്ന ആളായതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ഫ്രാങ്കോയുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കന്യാസ്‌ത്രീയ്‌ക്കെതിരെയുള്ള പരാതിയില്‍ താന്‍ നടപടി സ്വീകരിച്ചതുകൊണ്ടുള്ള വൈരാഗ്യമാണ് ഇത്തരത്തിലേക്കൊരു കേസിലേക്ക് വഴിതെളിച്ചതെന്ന് ഫ്രാങ്കോ ഹര്‍ജിയില്‍ ഉന്നയിക്കുന്നു. കസ്റ്റഡിയില്‍ ഇരിക്കെ തന്റെ വസ്ത്രങ്ങള്‍ അടക്കം നിര്‍ബന്ധപൂര്‍വം വാങ്ങിയ പൊലീസ്, കേസില്‍ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തേക്കും. ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസിലെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന് പൊലീസ് അറിയിക്കും.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ ഹൈക്കോടതിയില്‍ അന്വേഷണ സംഘം ഉയര്‍ത്തിക്കാട്ടും.ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിക്കും. ഇക്കാര്യങ്ങളൊക്കെ കോടതി അംഗീകരിച്ചാല്‍ ബിഷപ്പിന് ജാമ്യം ലഭിച്ചേക്കില്ല.
അതേസമയം പൊലീസിനെതിരെ പരാതിയുമായി മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. വര്‍ഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ജലന്ധര്‍ അതിരൂപതയ്ക്ക് കീഴിലെ മിഷനറീസ് ഓഫ് ജീസസ് എന്ന കന്യാസ്ത്രീ സഭയാണ്. മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരില്‍ ഇന്നലെ ഏഴുതി തയ്യാറാക്കി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്.
സർക്കാരിന്റെ സാലറി ചലഞ്ചിന് നിർബന്ധിത സ്വഭാവമെന്ന് ഹൈക്കോടതി നിരീക്ഷണം
കൊച്ചി:നവകേരള സൃഷ്ടിക്കായി സർക്കാർ കൊണ്ടുവന്ന സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി പരാമർശം.സർക്കാർ ജീവനക്കാർ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിന് നിർബന്ധിത സ്വഭാവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ആരില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങാനാകില്ലെന്നും പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. സാലറി ചലഞ്ചിന് വിസമ്മതിച്ചവരുടെ പട്ടിക എന്തിനാണ് പ്രസിദ്ധപ്പെടുത്തിയതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.സാലറി ചലഞ്ച് ചോദ്യം ചെയ്ത് എന്‍.ജി.ഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം, സാലറി ചലഞ്ചിനായി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാത്രമാണിതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു കോടതി ഇതിന് മറുപടി നല്‍കിയത്.
ആധാറിന് ഭേദഗതികളോടെ അംഗീകാരം;സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ നൽകേണ്ടതില്ല
ന്യൂഡൽഹി:ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ച് സുപ്രീം കോടതി.ആധാറുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട് 27 ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് 38 ദിവസത്തെ വാദത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ആധാര്‍ ശരിവെച്ചതിനൊപ്പം നിര്‍ണായകമായ നിബന്ധനകളും സുപ്രീം കോടതി മുന്നോട്ട് വെച്ചു. മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൌണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. ഒരാള്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ തന്നെ സംശയത്തോടെ കാണാനാകില്ല. എന്നാല്‍ പാന്‍കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കാം. ഇത് സംബന്ധിച്ച ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ് കോടതി ശരിവെച്ചു.യുജിസി, സിബിഎസ്ഇ തുടങ്ങിയവക്ക് കീഴിലെ പ്രവേശനങ്ങള്‍ക്കും മറ്റു സ്കൂള്‍ പ്രവേശനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി പറഞ്ഞു.വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതൊന്നും ആധാര്‍ നിയമത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ആധാര്‍ വിവര സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന ആധാര്‍ ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33 (1) കോടതി റദ്ദാക്കി. സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157ഉം കോടതി റദ്ദാക്കി. എന്നാല്‍ ആധാറില്ലാത്തതിനാല്‍ പൗരാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ ആധാറിനെ അനുകൂലിച്ച് വിധി പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആധാറിനെ എതിര്‍ത്ത് രംഗത്തുവന്നു. മണിബില്ലായി ആധാര്‍ കൊണ്ടുവന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യതയെന്ന പൗരന്‍റെ മൗലികാവകാശത്തിന് ഇത് ഭീ്യണിയാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായി സൂചന;പോലീസും ബോംബ് സ്ക്വാർഡും പ്രദേശത്ത് പരിശോധന നടത്തുന്നു
സെപ്റ്റംബർ 28 ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഔഷധ വ്യാപാരികൾ
തിരുവനന്തപുരം:ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ച് സെപ്റ്റംബർ 28 ന് രാജ്യവ്യാപകമായി ഔഷധവ്യാപാരികൾ പണിമുടക്ക് പ്രഖ്യാപിച്ചു.ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്രിസ്റ്റ്(എഐഒസിഡി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുകയാണെങ്കില്‍ 8.5 ലക്ഷത്തോളം വരുന്ന വ്യാപാരികളുടേയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ പരിതാപകരമാവുമെന്നും പാര്‍ശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം രോഗിയെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റിന്റെ സേവനം തന്നെ ഇല്ലാതാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു
തിരുവനന്തപുരം:സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വി ബാല(2) മരിച്ചു.പരിക്കേറ്റ ബാലഭാസ്‌ക്കർ,ഭാര്യ ലക്ഷ്മി,ഡ്രൈവർ അർജുൻ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് അയാളെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു.പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.ആരോഗ്യ സ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു. അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തെ സ്വതന്ത്ര്യമായി അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പർ മുറിയില്‍ പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് ഫാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തു. നിര്‍ണായകമായ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.അതേസമയം കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.