ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

keralanews high court rejected the bail application of franco mulakkal

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കന്യാസ്ത്രീക്കെതിരെ ഉയര്‍ന്ന പരാതിയില്‍ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കുവാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ബിഷപ്പിന്‍റെ വാദം. കേസ് ഡയറി ഉള്‍പ്പെടെ പരിശോധിച്ചാണ് ജാമ്യം കോടതി തള്ളിയത്.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോള്‍ പാല സബ്ജയിലിലാണുള്ളത്.

ആവശ്യങ്ങൾ അംഗീകരിച്ചു;ഡൽഹിയിലെ കർഷക സമരം അവസാനിപ്പിച്ചു

keralanews demands agreed the farmers strike in delhi ends

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച്‌ നടത്തിയ കര്‍ഷക സമരം അവസാനിപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. അര്‍ധരാത്രിയോടെ സമരക്കാരെ ഡല്‍ഹിയിലേക്കുകടക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും തടഞ്ഞ കര്‍‌ഷകരെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം മാറ്റി ഡല്‍ഹിയിലേക്കു കടക്കാന്‍ പോലീസ് അനുവദിച്ചു. ഇതോടെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ്  നരേഷ് ടിക്കായതിന്‍റെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ തന്നെ കര്‍ഷകര്‍ മഹാത്മാഗാന്ധിയുടെ ‌സമാധി സ്ഥലമായ രാജ്ഘട്ടിനോട് ചേര്‍ന്ന് പ്രമുഖ കര്‍ഷക നേതാവായിരുന്ന ചൗധരി ചരണ്‍ സിംഗിന്‍റെ സ്മൃതി സ്ഥലമായ കിസാന്‍ ഘട്ടിലേക്ക് മാര്‍ച്ച്‌ നടത്തി. ഇവിടെയെത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചത്.കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും കിസാന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.കാര്‍ഷിക കടങ്ങള്‍ നിരുപാധികം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പു വരുത്തുക, ഇന്ധന വില പിടിച്ചു നിര്‍ത്തുക, വൈദ്യുതി സൗജന്യമാക്കുക തുടങ്ങി പതിനഞ്ച് ആവശ്യങ്ങളുന്നയിച്ചായിരുന്നു കിസാന്‍ക്രാന്ത്രി പദയാത്ര.

പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

keralanews famous director thambi kannanthanam passes away

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം(65) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്ബി കണ്ണന്താനം ജനിച്ചത്.സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകന്‍’ ആണ് പ്രശസ്തനാക്കിയത്. ചിത്രം നിര്‍മ്മിച്ചതും തമ്പിയായിരുന്നു.ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.

കർഷക മാർച്ച് പോലീസ് തടഞ്ഞു;ഗാസിയാബാദിൽ വൻ സംഘർഷം;കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

keralanews police blocked the farmers march conflict in gasiyabad police uses tear gas and water cannon against the farmers

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ ദില്ലിയിലേക്കുള്ള മാർച്ചിൽ സംഘർഷം.സെപ്റ്റംബർ 23 ന് ഹരിദ്വാറിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ച കർഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ കിസാൻ ക്രാന്തി പദയാത്ര എന്ന പേരിൽ നടത്തുന്ന റാലിയിൽ എഴുപത്തിനായിരത്തോളം കർഷകരാണ് പങ്കെടുക്കുന്നത്.കാർഷിക വായ്‌പകൾ എഴുതി തള്ളുക,കാർഷിക വിള ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുക,ചെറുകിട കർഷകരെ സഹായിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ മാർച്ച് നടത്തുന്നത്.അതിർത്തി കടന്നെത്തുന്ന കർഷകരെ തടയാൻ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.ഇതിനെ മറികടന്നു പോകാൻ കർഷകർ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.കർഷക മാർച്ച് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ ഡൽഹിയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കർ അന്തരിച്ചു

keralanews violinist balabhaskkar who was under treatment after accident passes away

തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സംഗീതസംവിധായകനും വയലിനിസ്റ്റുമായ  ബാലഭാസ്‌ക്കർ അന്തരിച്ചു.ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌ക്കറും മകളും മുൻസീറ്റിലായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.

ശബരിമല സ്ത്രീപ്രവേശനം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും

keralanews woman entry in sabarimala chief minister will hold a discussion today

തിരുവനന്തപുരം:ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടതുറക്കും മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30 ന് ഉന്നതതല യോഗം ചേരും.ഒരുക്കങ്ങളെക്കുറിച്ച് റിപ്പോ‍ർട്ട് തയാറാക്കാൻ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നി‍ർദ്ദേശിച്ചിരുന്നു. സ്ത്രീകൾ അധികമായി വരമ്പോൾ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും  നിലവിലുണ്ട്. അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ  പുനപരിശോധനാ ഹർജി നൽകുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു

keralanews the hartal anounced by sivasena on monday in the state withdrawn

തിരുവനന്തപുരം:ശബരിമയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന സംസ്ഥാനത്ത് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറഞ്ഞു മാത്രമല്ല പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനും കൂടിയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നാണ് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശനം;തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹർത്താൽ

keralanews woman entry in sabarimala sivasena hartal on monday in the state

തിരുവനന്തപുരം:ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താലിന് ശിവസേന ആഹ്വാനം ചെയ്തു.രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ പഴയതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ത്താല്‍ നടത്തുന്നത്‌.മറ്റു മതസംഘടനകളുമായി ചേർന്ന് വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ശിവസേന വ്യക്തമാക്കി.ശബരിമല വിവിധമതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെപോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.

ഇടുക്കിയിൽ കനത്ത നാശം വിതച്ച് വീണ്ടും മഴ; ഉരുൾപൊട്ടിവരുന്നത് കണ്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു

keralanews widespread damage in heavy rain in idukki again

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും നാശം വിതച്ച്‌ മഴ കനക്കുന്നു. നിരവധി വീടുകളില്‍ വീണ്ടും വെള്ളംകയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്നയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രാത്രി ആറ് മണിമുതല്‍ ഒമ്ബത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്ബക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്.ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ ടൂറിസം വീണ്ടും സജീവമാവുകയായിരുന്നു. നീലക്കുറിഞ്ഞി പൂത്തതും മറ്റും കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതുമാണ്. ഇതിനിടെയാണ് വീണ്ടും മഴ. കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ ശക്തമായ മഴ പെയ്തു. പത്തനംതിട്ടയിലും മഴ എത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഇത് കൂടുതല്‍ നാശം വിതച്ചത്. മലബാറിലും മഴ പെയ്യുന്നുണ്ട്. അതിനിടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമാകുന്നു. ഏറെ ദിവസമായി ഉച്ചകഴിഞ്ഞ് പമ്പയിൽ കനത്ത മഴയാണ്. മണലടിഞ്ഞ് ദിശമാറിയ പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകയായിരുന്നു.ഇതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു. ഗോഡൗണില്‍ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. പമ്പ ഗവണ്‍മെന്റാശുപത്രി കെട്ടിടത്തില്‍ കയറി ക്കിടക്കുന്ന മണലും നീക്കിയിട്ടില്ല. ഉരുള്‍പൊട്ടല്‍ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാര്‍ ഡാമിലെ ചെളിനീക്കി ആഴം വര്‍ധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്തുനിന്ന് ഏറെ അകലെയുള്ള കുന്നാറില്‍ ഒരു ദിവസം നാലുമണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്തുനിന്ന് തിരിച്ചാല്‍ 10 മണിയോടെ മാത്രമേ കുന്നാറില്‍ എത്തുകയുള്ളൂ. ഉച്ചകഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം. ഈ പ്രവര്‍ത്തിയേയും മഴ തടസ്സപ്പെടുത്തുകയാണ്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് സുപ്രീം കോടതി വിധി

keralanews supreme court verdict that admission will be granted to woman in all age group to sabarimala

ന്യൂഡൽഹി:പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി.കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ദീപക് മിശ്ര ഉള്‍പ്പെടെയുള്ള പുരുഷ ജഡ്ജിമാര്‍ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടെടുത്തപ്പോള്‍ ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തോട് വിയോജിച്ചു.ശാരീരിക അവസ്ഥകളുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല, അയ്യപ്പ വിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ലെന്നും കോടതി നിരീക്ഷിച്ചു.മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. എട്ടു ദിവസത്തെ വാദം കേൾക്കലിന് ശേഷം ഓഗസ്റ്റ് എട്ടിനാണ് ഭരണഘടനാ ബെഞ്ച് കേസ് വിധിപറയാനായി മാറ്റിവെച്ചത്.2006 ഇൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ആണ് ഈ വിഷയവുമായി സുപ്രീം കോടതിയെ സമീപിച്ചത്.തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമാണ് പ്രവേശന വിലക്കെന്നായിരുന്നു  ഹർജിക്കാരുടെ വാദം. സ്ത്രീകൾക്ക് പ്രായഭേദമന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാനസർക്കാരും കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.