പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മതി ചര്‍ച്ചയെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന തീരുമാനം സര്‍ക്കാരിനെ ഇന്ന് തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്ത്രിമാരെ കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായും തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. അതേസമയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തന്ത്രിമാരും രാജകുടുംബാംഗങ്ങളും താല്പര്യം അറിയിച്ചിട്ടില്ല. സംഭവവികാസങ്ങളില്‍ തങ്ങളുടെ അതൃപ്തി തന്ത്രിമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു.
ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ഡീസല്‍ വിലയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രതികരിച്ചിരുന്നു. മിനിമം ചാർജ് എട്ടുരൂപയിൽ നിന്നും പത്തു രൂപയാക്കണം,മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററാക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ്സുകളുടെ ഡീസൽ വിലയിൽ ഇളവ് നൽകണം.വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസ്സുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വയനാട്ടിൽ നാലംഗ കർഷക കുടുംബം ആത്മഹത്യ ചെയ്തു
മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.തോപ്പില്‍ വിനോദ് ,ഭാര്യ മിനി, മക്കളായ അഭിനവ്, അനുശ്രീ എന്നിവരെയാണ് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു.ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭിച്ചതിനു പിന്നാലെയാണ് ഉൽഘാടന തീയതി പ്രഖ്യാപിച്ചത്.ലൈസസ് ലഭിച്ചതോടെ 3050 മീറ്റർ റൺവേ 4000 ആക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.ഒരേസമയം 20 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമാണ് വിമാനത്താവളത്തിനുള്ളത്.വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കിയാൽ അധികൃതർ അറിയിച്ചു.കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ 11 രാജ്യാന്തര കമ്പനികളും 6 ആഭ്യന്തര കമ്പനികളും തയ്യാറായിട്ടുണ്ട്. എമിറേറ്റ്സ്,ഇത്തിഹാദ്,ഫ്ലൈ ദുബായ്,എയർ അറേബ്യ,ഒമാൻ എയർ,ഖത്തർ ഐർവേസ്,ഗൾഫ് എയർ,സൗദി എയർവേയ്‌സ്,സിൽക്ക് എയർ,എയർ ഏഷ്യ,മലിൻഡോ എയർ എന്നീ രാജ്യാന്തര കമ്പനികളും ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ജെറ്റ് എയർവേയ്‌സ്,ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,ഗോ എയർ എന്നിവയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കഴിഞ്ഞ ദിവസം മുതൽ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.ഇന്ന് മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത;ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു ടീം കേരളത്തിലെത്തി
തിരുവനന്തപുരം:കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട്, പാലക്കാട്,ഇടുക്കി,പത്തനംതിട്ട,കോഴിക്കോട് എന്നീ ജില്ലകളിലാണ് എന്‍ ഡി ആര്‍ എഫ് സംഘത്തെ വിന്ന്യസിക്കുന്നത്.നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ തുടരുന്നുണ്ട്. ആവശ്യമെങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
കാസർകോട്ട് കനത്ത മഴയും ചുഴലിക്കാറ്റും;വൻ നാശനഷ്ടം;മൊബൈൽ ടവറടക്കം നിലംപൊത്തി
കാസർഗോഡ്:കാസർകോഡ് ഇന്ന് ഉച്ചയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം.വ്യാഴാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്‌ക്കൊപ്പമുണ്ടായിരുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി.കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന് തൊട്ടടുത്ത പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിനും ഷീറ്റ് വന്നു പതിച്ച നാശനഷ്ടമുണ്ടായി.ഇവിടെ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കാസർകോഡ് പുതിയ ബസ്സ്റ്റാൻഡിന് സമീപം കോട്ടക്കണ്ണിയിൽ മരം വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു.
ആശങ്കയുണർത്തി വീണ്ടും ന്യൂനമർദം;സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം:ആശങ്കയുണർത്തി വീണ്ടും ന്യൂനമർദം രൂപപ്പെടുന്നതായി റിപ്പോർട്ട്. അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് പ്രത്യക്ഷപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയേറുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ പലയിടങ്ങളിലും അതിശക്തവും ഞായറാഴ്ച തീവ്രവുമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ഞായറാഴ്ച ശക്തമാവും. തിങ്കളാഴ്ച കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ അതിജാഗ്രതാ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 21 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് കളക്ടര്‍മാരോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഈ ദിവസങ്ങളിൽ അതിശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതിനാലും കടൽ പ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.കടലിൽ പോയിരിക്കുന്ന മൽസ്യത്തൊഴിലാളികൾ വെള്ളിയാഴ്ചയ്ക്ക് മുൻപായി സുരക്ഷിതമായ ഏതെങ്കിലും തീരത്ത് എത്തണമെന്നും നിർദേശിക്കുന്നുണ്ട്.മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.അതിനാൽ ഇത്തരം സ്ഥലങ്ങളിൽ വെള്ളിയാഴ്ചയോടെ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.വെള്ളിയാഴ്ചയ്ക്ക് ശേഷം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാർ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങരുത്.മുൻപ് പ്രളയം ബാധിച്ച സ്ഥലങ്ങളിൽ പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. ഭിന്നശേഷിക്കാരെ സാമൂഹിക സുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിച്ച് ദുരന്ത സാധ്യത മേഖലകളിൽ നിന്നും മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വടകരയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
വടകര: കോഴിക്കോട് വടകരയില്‍ വീണ്ടും വീടിനുനേരെ ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്‍റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.അക്രമത്തില്‍ വീടിന്‍റെ ചുമരിനും വാതിലിനും ജനല്‍പാളികള്‍ക്കും കോടുപാടുകള്‍ സംഭവിച്ചു.ആര്‍ക്കും പരിക്കില്ല.ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തുമ്ബോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ (എം) വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പയ്യോളിയിൽ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.
മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തുന്നു; മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തും
തിരുവനന്തപുരം:മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുളള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുന്നത്.വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നതെന്നാണ് സൂചന. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണ് നടപടിയുടെ മുഖ്യലക്ഷ്യം.തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തില്‍ ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരുടെ സംരക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന എയര്‍ബാഗ് തുറന്നുവന്നിരുന്നു. ഇതില്‍ ഞെരുങ്ങി ശ്വാസംമുട്ടിയാണ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്നത്.13 വയസില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യണം എന്നത് ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങളാണ് മോട്ടോര്‍വാഹനവകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ പരിക്കേല്‍ക്കാനുളള സാധ്യത 33 ശതമാനം കുറയ്ക്കാന്‍ സാധിക്കും. നാലുവയസുമുതല്‍ എട്ടുവയസുവരെയുളള കുട്ടികള്‍ക്കായി വാഹനത്തില്‍ ബൂസ്റ്റര്‍ സീറ്റ് ഘടിപ്പിക്കണം. ഇത് പരിക്കേല്‍ക്കാനുളള സാധ്യത 59 ശതമാനം കുറയ്ക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീം കോടതി വിധിക്കൊപ്പം;പുനഃപരിശോധനാ ഹർജി നൽകില്ല
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിധിയക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്. വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകൾ വന്നാൽ അവർക്ക് സംരക്ഷണം നൽകും.കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാർ നടത്തിയ പരാമര്‍ശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കൂടാതെ, ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പത്മകുമാർ പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.