തിരുവനന്തപുരം:ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഇന്നും സംസ്ഥാനത്ത് തുടരാന്‍ സാധ്യത.കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്ത:സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം. പുറത്തുനിന്ന് വൈദ്യുതി എത്തുന്നത് തടസ്സപ്പെട്ടതിനാല്‍ ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്നലെ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറുമണി മുതൽ രാത്രി പത്തുമണിവരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ 20 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഇന്നലെ ഏർപ്പെടുത്തിയിരുന്നത്. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗഞ്ജം, ഗജപതി ജില്ലകളിലെ വൈദ്യുതി ബന്ധവും ഗതാഗത സംവിധാവും പൂര്‍ണ്ണമായി താറുമാറുകയും ചെയ്തിട്ടുണ്ട്.ലൈനുകൾ നേരയായില്ലെങ്കിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
തിത്തലി ചുഴലിക്കാറ്റ്;ആന്ധ്രയില്‍ എട്ടു മരണം
ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്ത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്.മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒട്ടേറെ ട്രെിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീകാകുളം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കനത്ത നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു. അഞ്ച് ലക്ഷം പേര്‍ ഇരുട്ടിലാണെന്നാണ് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനന്‍ജയ റെഡ്ഡി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ കാറ്റ് പൂര്‍ണമായും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി കുറയുമെന്നാണ് കരുതുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രത കൂടാമെന്ന സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.
തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി;കനത്ത ജാഗ്രത നിർദേശം
ഭുവനേശ്വർ:തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി.മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്.ഇതേ തുടർന്ന് ഒഡിഷ,ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.ഗഞ്ചാം,പുരി,ഖുര, ജഗത്‌സിംഗ്പൂർ,കേന്ദ്രപ്പാറ എന്നീ അഞ്ചു ജില്ലകളിൽ നിന്നും മൂന്നു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.ആന്ധ്രയിലെ കലിംഗപട്ടണത്തില്‍ മണിക്കൂറില്‍ 56 കിലോമീറ്ററാണ് കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുള്ളത്. ഒഡീഷയിലെ ഗോപാല്‍പൂരില്‍ ചുഴലിക്കാറ്റ് ദുരന്തമുണ്ടാക്കിയിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണിരിക്കുകയാണ്. ഗോപാല്‍പുരിലും ബെര്‍ഹാംപൂരിലും റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരപ്രദേശത്തുള്ളവരെയൊക്കെ മാറ്റിപാര്‍പ്പിച്ചുകഴിഞ്ഞു. അഞ്ചുജില്ലകളിലെ അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഒഡിഷ,ആന്ധ്രാ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് 1000 എൻടിആർഎഫ് അംഗങ്ങളെ കേന്ദ്രം അയച്ചിട്ടുണ്ട്.കരസേന,നാവികസേന,കോസ്റ്റ്ഗാർഡ് എന്നിവർ ഏതു സാഹചര്യം നേരിടാനും സന്നദ്ധരായി ഒരുങ്ങിക്കഴിഞ്ഞു.
ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ല;സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കുകയില്ലെന്നും ദേവസ്വം ബോർഡ്
പത്തനംതിട്ട:ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ.സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ചെയ്യും എന്നും പദ്മകമാര്‍ പറഞ്ഞു.നേരത്തെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മണ്ഡലപൂജയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പമ്ബ വരെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന.
ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ ട്രെയിൻ പാളംതെറ്റി;അഞ്ചു മരണം
ലക്നൗ:ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.മാല്‍ഡയില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സപ്രസിന്റെ 6 കോച്ചുകളാണ് പാളം തെറ്റിയത്.പുലര്‍ച്ചെ അഞ്ച് മണിയോടെ റായ്ബറേലിയിലെ ഹര്‍ച്ഛന്ദ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. വാരണാസിയില്‍ നിന്നും ലക്നൗവില്‍ നിന്നുമുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് കൈമാറും
തിരുവനനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ സുപ്രിം കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൈമാറും. ഉച്ചയ്ക്ക് ശേഷം മൂന്നിന് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് തുക കൈമാറുന്നത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സെപ്‌തംബര്‍ 14നാണ് സുപ്രീംകോടതി ഉത്തരവായത്. ചാരക്കേസില്‍ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്‌ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ കണ്ടെത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി ഡി കെ ജെയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയേയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. കേസില്‍ അനാവശ്യമായി കുടുക്കിയെന്നും മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്‌ഥരായിരുന്ന കെ കെ ജോഷ്വാ,എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായണ്‍ നല്‍കിയ കേസിലായിരുന്നു നിർണായകമായ സുപ്രീം കോടതി വിധി.
കണ്ണൂർ പിലാത്തറയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം
കണ്ണൂർ: പിലാത്തറ വിളയാങ്കോട് കാറും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.പ യ്യന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന എമിറേറ്റ്സ് ബസ്സും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്, കാറിൽ യാത്ര ചെയ്യുന്ന നാല് പേർക്കാണ് സാരമായ പരിക്കേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ്സിലുള്ള നിരവധി പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികൾക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയ വിവാദ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എക്സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ച് തന്നെയാണ് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. എന്നാല്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച് നടപടിയില്‍ നിന്നും പിന്മാറുകയാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെല്ലാം മുഖ്യന്ത്രി തള്ളി.ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് മദ്യം സംസ്ഥാനത്ത് ഒഴുക്കുക എന്ന ലക്ഷ്യത്തോടെയല്ല. സംസ്ഥാനത്തിന് ആവശ്യമായ മദ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കും. ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരാമുണ്ട്. ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്‍റെ മാത്രം തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.
വടകരയിൽ ഇന്ന് ബിജെപി ഹർത്താൽ
കോഴിക്കോട്:ജില്ലയിലെ വടകര നിയോജക മണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ.ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിലും ബിജെപി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹന സര്‍വീസ്, വിമാനത്താവള യാത്ര എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം.ഉൽഘാടനത്തിനൊരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് ഇന്നലെ മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ അനുമതി നൽകിയിരുന്നു.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഇന്നലെ വിമാനത്താവളം സന്ദർശിക്കാനെത്തിയത്.സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ നന്നേ പാടുപെട്ടു.രാവിലെ പത്തുമണി മുതലാണ് വിമാനത്താവളത്തിലേക്ക് സന്ദർശകരെ അനുവദിച്ചതെങ്കിലും എട്ടു മണി മുതൽ തന്നെ വിമാനത്താവള കവാടത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ടെർമിനൽ ബിൽഡിംഗ് നിറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ ഗേറ്റ് അടച്ചു. ബിൽഡിങ്ങിലെ ജനങ്ങൾ ഇറങ്ങിയതിനു ശേഷമാണ് വീണ്ടും ജനങ്ങളെ കയറ്റിയത്.സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും വിമാനത്താവളം കാണാനെത്തിയിരുന്നു.സന്ദർശകരുടെ തിരക്ക് കാരണം മട്ടന്നൂർ ടൗണിലും പരിസരപ്രദേശത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.ഉച്ചവരെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.കണ്ണൂർ റോഡിൽ കൊതേരി വരെയും ഇരിട്ടി റോഡിൽ കോടതി പരിസരം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.വിമാനത്താവളത്തിലേക്കുള്ള കണ്ണൂർ അഞ്ചരക്കണ്ടി റോഡ് പൂർണ്ണമായും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.തിരക്ക് നിയന്ത്രണാതീതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉച്ചയോടെ വിമാനത്താവളത്തിന്റെ ഗേറ്റ് അടച്ചു.പിന്നീട് തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഗേറ്റ് വീണ്ടും തുറന്നത്. ടെർമിനൽ കെട്ടിടത്തിലും എസ്‌കലേറ്ററിലും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.തിക്കിലും തിരക്കിലുംപെട്ട് ചിലർക്ക് നിസ്സാര പരിക്കേറ്റു.അവധി ദിവസമായ ഇന്നും വിമാനത്താവളത്തിലെ തിരക്ക് വർധിച്ചേക്കും.