പത്തനംതിട്ട:നിലയ്ക്കലിൽ വനിതാമാധ്യമ പ്രവർത്തകയ്ക്കും ക്യമറാമാനും നേരെ കയ്യേറ്റം.നിലയ്ക്കലില്‍ നിന്നും പമ്ബയിലേക്ക് പോകാനെത്തിയ റിപ്പബ്ലിക് ചാനലിന്റെ മാധ്യമ പ്രവർത്തകരായ പൂജ പ്രസന്നയ്ക്കും ക്യാമറാമാനും നേരെയാണ് കയ്യേറ്റം നടന്നത്. വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്‌ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന ആര്‍എസ്‌എസുകാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. യുവതിയെ സംഘം മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി.രാവിലെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്‌എസുകാര്‍ തടഞ്ഞത്.സംഘർഷം ശക്തമായതിനെ തുടർന്ന് നിലയ്ക്കലിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.വാഹനങ്ങൾ തടയുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ പയ്യന്നൂരിൽ ടാങ്കർ ലോറി കാറിലിടിച്ച് മൂന്നുപേർ മരിച്ചു
കണ്ണൂർ:പയ്യന്നൂർ എടാട്ട് ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55), മക്കളായ തരുണ്‍ (16), ദിയ (10) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. മൂകാംബികയിലേക്കു പോകുകയായിരുന്നു സംഘത്തിന്റെ കാര്‍ മംഗലാപുരത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പത്മാവതി, അനിത, നിയ, ബിജിത, ഐശ്വര്യ എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.അതില്‍ മാറ്റമില്ല. നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ യോഗം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിശ്വാസികളുടെ വാഹനം തടയരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനം തടഞ്ഞ് പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സ്ത്രീ പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. ആചാര സംരക്ഷണ സമിതി എന്ന പേരിലാണ് ഇവര്‍ നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്നത്. അതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കുകയാണ്. സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുന്നത്. വനിതകള്‍ തന്നെയാണ് വാഹനം തടയുന്നത്.ശബരിമലയിലേക്ക് വരുന്ന ഭക്തർക്ക് എല്ലാ സംരക്ഷണവും ഒരുക്കുക എന്നതാണ് സർക്കാരിന്റെ ചുമതല.വിശ്വാസികൾക്ക് തടസ്സമുണ്ടാകുന്ന ഒരു കാര്യവും സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിലേക്ക് വിശ്വാസത്തോടെ വരുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും അതിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രവർത്തനമുണ്ടായാലും അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരം
തിരുവനന്തപുരം:തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരം.കെഎസ്ആർടിസി റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനവും മുടങ്ങി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു ഉപരോധ സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൗണ്ടറുകള്‍ക്ക് മുന്നില്‍ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ നേരിയതോതിൽ സംഘർഷവുമുണ്ടായി.പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും മറ്റു ഡിപ്പോകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡബ്ല്യു സി സി യും അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷം;രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് നടൻ സിദ്ധിക്ക്
കൊച്ചി:സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി യും താരസംഘടനയായ അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.സംഘടനയില്‍ നിന്നും രാജി വെച്ചു പോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും അതാണ് അമ്മയുടെ തീരുമാനമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമ്മ സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കി. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ സ്വയം തെറ്റി തിരുത്തി തിരിച്ചുവരണം സംഘനയിലേക്ക് തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കണമെന്നും സിദ്ദിഖ് വ്യക്തമാക്കി.ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് സിദ്ദിഖ് പ്രതികരിച്ചത്. സംഘടനയ്ക്കും പ്രസിഡന്റിന് നേരേയും നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്നും നടപടികള്‍ നേരിടേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.കെപിഎസി ലളിതയും സിദ്ദിഖിന്റെ അഭിപ്രായത്തിനു പൂര്‍ണ്ണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു.എല്ലാ സംഘടനയിലും അതിന്റേതായ ചട്ടവും നിലപാടുകളുണ്ട്. അതിനാല്‍ തന്നെ രാജിവെച്ച് പുറത്തുപോയ നടിമാര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ അമ്മയിലേയ്ക്ക് തിരികെ വരാന്‍ സാധിക്കുകയുളളുവെന്നും ഇവര്‍ വ്യക്തമാക്കി. കൂടാതെ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിലുളള ഒരുകുട്ടി തെറ്റ് ചെയ്താല്‍ അമ്മയ്ക്ക് മുന്നില്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ തിരികെ വീട്ടില്‍ കയറ്റുകയുള്ളൂവെന്നാണ് ഈ വിഷയത്തില്‍ കെപിഎസി ലളിത പ്രതികരിച്ചത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് നല്‍കിയതായി സിദ്ധിഖ് പറഞ്ഞു. രാജി സ്വീകരിക്കണമോയെന്ന കാര്യം ജനറല്‍ ബോഡി ആലോചിച്ച് തീരുമാനിക്കുമെന്നും സിദ്ധിഖും കെ.പി.എ.സി ലളിതയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിൽ കഴിയുകയായിരുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.ബിഷപ്പിനെതിരായ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.പാസ്സ്‌പോർട്ട് കെട്ടിവെയ്ക്കണം,കേരളത്തിൽ പ്രവേശിക്കരുത്,ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ഹര്‍ജിയിലെ ആവശ്യം.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാജിവെയ്ക്കില്ല;ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബർ
ദില്ലി: മീ ടൂ ക്യാമ്ബയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെയ്ക്കില്ല. ആരോപണം കെട്ടിച്ചമച്ചതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബര്‍ അറിയിച്ചു. അക്ബറിന്റെ രാജി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ആസൂത്രിതമാണെന്നും ഇത് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും അക്ബര്‍ പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാധ്യപ്രവര്‍ത്തകരടക്കം 12 സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയായിരുന്നു അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്.നൈജീരിയ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാവിലെയോടെയാണ് അക്ബര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിദേശ പര്യടനം പൂര്‍ത്തിയാക്കി അക്ബര്‍ തിരിച്ചെത്തിയശേഷം ആരോപണങ്ങളില്‍ വിശദീകരണം തേടാനും രാജിയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കിയിരുന്നു.
എടിഎം കവർച്ചയ്ക്ക് പിന്നിൽ ഇതരസംസ്ഥാനക്കാർ; അന്വേഷണം ഊർജിതമാക്കി പോലീസ്;മോഷ്ട്ടാക്കൾ സഞ്ചരിച്ച വാഹനം കണ്ടെത്തി
കൊച്ചി:തൃശൂർ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും നടന്ന എടിഎം മോഷണത്തിന് പിന്നിൽ ഇത്രരസംഥാനക്കാരായ മോഷ്ട്ടാക്കളെന്ന് ഉറപ്പിച്ച് പോലീസ്. മൂന്നംഗ സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.കവര്‍ച്ചകളിലെ സമാനതകളാണ് പോലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചത്.കവര്‍ച്ച നടത്തുന്നതിനു മുന്‍പ് സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചതും കവര്‍ച്ചക്ക് ശേഷം ഷട്ടറിട്ടതും സംശയം ഉറപ്പിക്കുന്നു.മൂന്നു പേരില്‍ രണ്ട് പേരാണ് എ ടി എമ്മുകളില്‍ കയറിയത്.ഒരാള്‍ വാഹനത്തിലിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.എ ടി എമ്മില്‍ നിന്നും ലഭിച്ചതിനു പുറമെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാനാണ് ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.ഈ വാഹനം പിന്നീട് ചാലക്കുടി ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.സംഭവ സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.നേരത്തെ പിടിക്കപ്പെട്ടവരുടെതുമായി ഈ വിരലടയാളങ്ങള്‍ താരതമ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോട്ടയം എറണാകുളം തൃശ്ശൂര്‍ ജില്ലകളിലെ ATM കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. കൊച്ചി ഇരുമ്ബനത്തെയും തൃശ്ശൂര്‍ കൊരട്ടിയിലെയും ATM കളില്‍ നിന്നായി 35 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്.
തൃശ്ശൂരിലെയും കൊച്ചിയിലെയും എടിഎം കവർച്ചയ്ക്ക് പിന്നൽ മൂന്നംഗ സംഘമെന്ന് പോലീസ്
കൊച്ചി:തൃശ്ശൂരിലെയും കൊച്ചിയിലെയും എടിഎം കവർച്ചയ്ക്ക് പിന്നൽ മൂന്നംഗ പ്രൊഫഷണൽ സംഘമെന്ന് പോലീസ് നിഗമനം.അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽ നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി അവിടെ കവര്‍ച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്.പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകള്‍ ഏത് രീതിയില്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു.മാത്രമല്ല കാവല്‍ക്കാരനില്ലാത്ത എടിഎമ്മുകളാണ് കവര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്.രാത്രി 11.30-നാണ് ഏറ്റവും ഒടുവില്‍ ഇരുമ്പനത്തെ എടിഎമ്മിൽ നിന്നും പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ അര്‍ധരാത്രി 12ന് ശേഷമാണ് ഇവിടെ കവര്‍ച്ച നടന്നതെന്ന് പോലീസ് കരുതുന്നു.ഇവിടെ കവർച്ച നടത്തി 25 ലക്ഷം മോഷ്ടിച്ച സംഘം ദേശീയപാത വഴി കൊരട്ടിയില്‍ എത്തിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് 10 ലക്ഷം കവർന്നതെന്നും കരുതുന്നു. ഇവിടെ പുലര്‍ച്ചെ മൂന്നിന് ശേഷമാണ് കവര്‍ച്ചയുണ്ടായത്. രണ്ടു കവര്‍ച്ചകള്‍ക്കും നിരവധി സമാന സ്വാഭാവങ്ങളുണ്ടെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എടിഎമ്മുകളിലെ സിസിടിവി കാമറയില്‍ പെയിന്‍റ് പോലെയൊരു ദ്രാവകം ഒഴിച്ച ശേഷമാണ് സംഘം മോഷണം നടത്തിയത്. രണ്ടു എടിഎം മെഷീനുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. ഇരുമ്പനത്തെ സിസിടിവി കാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും കൊരട്ടിയില്‍ നിന്നും സംഘത്തിലെ ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.50-നുള്ള ദൃശ്യമാണിത്. പ്രദേശത്തെ മറ്റ് സിസിടിവികളില്‍ പരിശോധന തുടരുകയാണ്.കാറിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ വ്യാപക അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടിടങ്ങളിൽ എടിഎം കവർച്ച; ലക്ഷങ്ങൾ നഷ്ടമായി
തൃശൂർ:സംസ്ഥാനത്തെ നടുക്കി രണ്ടിടങ്ങളിൽ എടിഎം കവർച്ച.കൊരട്ടി സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിലും തൃപ്പുണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എ ടി എമ്മിലുമാണ് കവർച്ച നടന്നത്.കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു. എടിഎം മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എസ്ബിഐ എടിഎം തകർത്ത് 25 ലക്ഷം രൂപയാണ് കവർന്നത്. രണ്ടു സ്ഥലങ്ങളിലെയും കവർച്ചകൾ തമ്മിൽ സമാനതകളുള്ളതായാണ് പോലീസ് നൽകുന്ന വിവരം.ഇന്നലെ രാത്രിയാണ് കവർച്ച നടന്നതെന്നാണ് സൂചന.