കൊച്ചി:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോർട്ട്.ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്.പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു. നിലയ്ക്കല്‍, പന്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുന്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. അക്രമത്തിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പോലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നവംബര്‍ അഞ്ചിനാണ് മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുക. ഈ വേളയിലും സമരക്കാരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയില്‍ ഇതുവരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.വൈകീട്ട് മൂന്നിന് തുറന്ന കോടതി ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. കോടതി വിധിക്കെതിരായ റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും, എസ് ജയ രാജ്കുമാറും നല്‍കിയ റിട്ട് ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഭിഭാഷകനായ മാത്യു നെടുമ്ബാറ ശബരിമല വിഷയത്തില്‍ ഏതാനും പുനഃപരിശോധന ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അപ്പോള്‍ ഹര്‍ജികളെല്ലാം നവംബര്‍ 13 ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തീരുമാനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 16 നാണ് മണ്ഡല പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും.സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദ്യം പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പിന്തുണയില്ലാത്തതിനെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. തുലാമാസ പൂജാദിവസങ്ങളില്‍ പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അനുകൂല വിധി പ്രതീക്ഷിക്കരുതെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞതോടെ വീണ്ടും നിലപാട് മാറ്റി. ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ന് യോഗം ചേരുന്നത്.യുവതീപ്രവേശന വിധിവന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. കനത്ത പോലീസ് സുരക്ഷയില്‍ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ രാത്രിയോടെ അടച്ചിരുന്നു.എന്നാൽ മണ്ഡലകാലം ആരംഭിക്കാൻ ഇനി വെറും 24 ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് ചേരുന്ന യോഗം നിർണായകമാണ്.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്;നവംബർ 15 ന് സൂചനാപണിമുടക്ക് നടത്തും
തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്.ഇതിനു മുന്നോടിയായി നവംബർ 15 ന് സൂചനാപണിമുടക്ക് നടത്താൻ ഡീസല്‍ വില 80 രൂപയ്ക്കും മേലെ ഉയര്‍ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നിലവിലെ ഡീസല്‍ വില 80.23 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര്‍ 15ന് സര്‍വ്വീസ് നിര്‍ത്തി വെച്ച് സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് പമ്പുടമകൾ സമരം നടത്തുകയാണ്.
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും;കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി
പത്തനംതിട്ട:തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും.ഈ അവസരത്തിൽ കൂടുതൽ യുവതികളെത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ചയും യുവതികള്‍ മല കയറാന്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ എത്തുന്നത് തടയുന്നതിനായി സന്നിധാനത്തടക്കം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഇതുവരെ ദര്‍ശനം സാധ്യമായില്ല. നാലുദിവസത്തിനിടെ 10 സ്ത്രീകളാണ് സന്നിധാനത്തേയ്ക്കെത്താന്‍ മുന്നോട്ട് വന്നെതെങ്കിലും സമരക്കാരുടെ പ്രതിഷേധം കാരണം ആർക്കും ദർശനം നടത്താൻ ആയിട്ടില്ല.പ്രതിഷേധങ്ങള്‍ക്കിടയിലും വന്‍ ഭക്തജനത്തിരക്കാണ് ഇക്കുറിയും ശബരിമലയില്‍ അനുഭവപ്പെട്ടത്. അതേസമയം പൂജാ അവധികള്‍ക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കുമ്പോൾ ശബരിമല വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.സുപ്രീംകോടതി വിധിക്കെതിരെ അയ്യപ്പസേവാസംഘം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു. അതേസമയം ശബരിമലയില്‍ അന്യമതസ്ഥര്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഹരിയാനയിൽ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് നാലുദിവസത്തെ പഴക്കം,മരണത്തിൽ ദുരൂഹത
ഡൽഹി:ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്.ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലുപേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മീന മാത്യു, ഇരട്ട സഹോദരികളായ നീന,ജയ സഹോദരന്‍ പ്രദീപ് എന്നിവരാണ് മരിച്ചത്.32 നും 52 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 52വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാള്‍. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്.ഇവർക്ക് കടുത്ത സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായും സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്.ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഫ്ലാറ്റുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്ബത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്നും സഹോദരന്റെയും മാതാപിതാക്കളുടെയും മരണം തളര്‍ത്തിയെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.
ശബരിമല കയറാൻ ഒരു യുവതി കൂടി എത്തി; ശക്തമായ മഴയും തിരക്കും കാരണം യാത്ര നാളത്തേക്ക് മാറ്റി
പത്തനംതിട്ട:ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യുവതി കൂടി പോലീസിനെ സമീപിച്ചു.ദളിത് മഹിള ഫെഡറേഷന്‍ നേതാവായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ഇരുമുടിക്കെട്ടുമായി മലയിലെത്തിയിരിക്കുന്നത്.എന്നാൽ ലകയറാന്‍ തയ്യാറായിരിക്കുന്ന മഞ്ജുവിന്റെ നീക്കത്തിനെതിരെ പമ്ബയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്ബയില്‍ ഒത്തുകൂടിയത്.ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സമരക്കാര്‍ പറഞ്ഞു.അതേസമയം പമ്പയിലും സന്നിധാനത്തും കനത്ത മഴയും തിരക്കും അനുഭവപ്പെടുന്നതിനാൽ മഞ്ജുവിനോട് യാത്ര നാളത്തേക്ക് മാറ്റിവെക്കാൻ പോലീസ് ആവശ്യപ്പെട്ടു.ദളിത് നേതാവ് കൂടിയായ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്. മഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ലഭ്യമാകേണ്ടതുണ്ട് എന്നാണ് വിവരം.കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു.തനിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചു എന്നായിരുന്നു മഞ്ജു പോലീസിനോട് പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിനെതിരെയുള്ള കേസുകളെ കുറിച്ചുളള സന്പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രം മഞ്ജുവിനെ സന്നിധാനത്തേക്ക് പ്രത്യേക സുരക്ഷയോടെ കടത്തി വിട്ടാല്‍ മതി എന്ന നിലപാട് ആണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമൃതസറിൽ ട്രെയിൻ അപകടത്തിൽ 60 പേർ മരിച്ചു
പഞ്ചാബ്:അമൃത്‌സറിൽ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ചു.ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ ഇടിച്ചു കയറിയത്.അമൃത്സറിലെ ഛൗറാ ബസാറില്‍ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്.അമൃത്സറിലെ റെയില്‍വേ ട്രാക്കിന് 200 അടി അകലെയായിരുന്നു `രാവണ്‍ ദഹന്‍’ എന്ന ചടങ്ങിനായ് വേദിയൊരുക്കിയിരുന്നത്. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങാണത്. ചടങ്ങ് വ്യക്തമായി കാണാനായി നിരവധിയാളുകള്‍ റെയില്‍ ട്രാക്കില്‍ തടിച്ച്‌കൂടിനില്‍ക്കുന്നതിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.രാവണന്‍റെ രൂപത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. ഇതോടെ ട്രെയിന്‍ വരുന്ന ശബ്ദം ആളുകള്‍ കേട്ടില്ല. ഇത് താഴേയ്ക്ക് വീണ് അപകടം ഒഴിവാക്കാനായും ആളുകള്‍ ട്രാക്കിലേക്ക് മാറി നിന്നിരുന്നു. ഇതിനിടെ വേഗത്തിലെത്തിയ ട്രെയിന്‍ ആളുകള്‍ക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു.ചടങ്ങ് സംഘടിപ്പിച്ചതില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. ട്രെയിന്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയോ ലെവല്‍ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ടു യുവതികൾക്ക് പ്രതിഷേധത്തെ തുടർന്ന് മടങ്ങാൻ നിർദേശം
പത്തനംതിട്ട :കനത്ത പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ടു യുവതികൾക്ക് പ്രതിഷേധത്തെ തുടർന്ന് തിരികെ പമ്പയിലേക്ക് മടങ്ങാൻ നിർദേശം.പമ്ബ മുതല്‍ നടപ്പന്തൽ വരെ ഐജിയുടെ നേത്രത്വത്തിലുള്ള പൊലീസ് വന്‍ സംരക്ഷണമാണ് യുവതികള്‍ക്ക് നല്‍കിയത്.സന്നിധാനത്തിന് മുന്നില്‍ നിന്ന് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഐജിയും കൂട്ടരും. ഭക്തരെ ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്.വ്രതമെടുത്ത് ഭക്തിസാന്ദ്രമായി എത്തുന്ന വിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ സമരത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന പുണ്യഭൂമി ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.പോലീസിനെയും മന്ത്രി വിമര്‍ശിച്ചു. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നു. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. വിശ്വാസം മാത്രമല്ല നിയമം കൂടി സംരക്ഷിക്കണം, ആരെയും ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകില്ല. സമാധാനപരമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ഐജി ആദ്യം അറിയിച്ചിരുന്നു. എന്നാല്‍, എന്ത് സംഭവിച്ചാലും യുവതികളെ മല ചവുട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു; കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറ്
കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ അഖില ഭാരത ഹിന്ദു പരിഷത്ത് അഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹര്‍ത്താലനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.കോഴിക്കോട്ട് മുക്കം, കുണ്ടായിത്തോട്. കുന്നമംഗലം എന്നിവടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സ്കാനിയ ബസുകള്‍ക്ക് നേരെയായിരുന്നു അക്രമം. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് കല്ലമ്പലത്താണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.ഹര്‍ത്താലില്‍ സംസ്ഥാനത്ത് കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ രാവിലെ അവസാനിക്കുന്ന രാത്രി സര്‍വീസ് ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സ്വകാര്യ ബസുകളും ചരക്ക് ലോറികളും നിരത്തിലില്ല. മഹാനവമി പ്രമാണിച്ച് പൊതു അവധിയായതിനാല്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.ഹര്‍ത്താലിനോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കല്‍, പമ്ബ എന്നിവടങ്ങളിലും എരുമേലിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.