പത്തനംതിട്ട:ശബരിമല വിഷയത്തിൽ വിവാദ പരാമർശം നടത്തിയ അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കുവാനായിരുന്നു പദ്ധതിയെന്നും ഇതിനായി 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. കൈയില്‍ മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്തുവാനായിരുന്നു പദ്ധതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. പൊലീസിന് മാത്രമല്ല ഞങ്ങള്‍ക്കും ഉണ്ടായിരുന്നു പ്ലാന്‍ ബി സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാനും നടഅടപ്പിക്കാനും തങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നാണ് രാഹുല്‍ ഈശ്വറിന്‍റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഈശ്വറിന്‍റേത് സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പ്രമോദ് ആണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
ശബരിമല സംഘർഷം;ഇതുവരെ 3,345 പേർ അറസ്റ്റിൽ
ശബരിമല:ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കവിഞ്ഞു.3,345 പേരാണ് ശനിയാഴ്ച വരെ അറസ്റ്റിലായിരിക്കുന്നത്.122 പേര്‍ റിമാന്‍ഡിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 517 ആയി. കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പ്രാര്‍ത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നും ഡിജിപിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിരപരാധികളെ അറസ്റ്റ് ചെയ്താൽ സർക്കാരിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതിയും മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് നവംബർ ഒന്നാംതീയതി മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
തൃശൂർ:സംസ്ഥാനത്ത് നവംബർ ഒന്നാംതീയതി മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസ്സുടമകൾ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ നിരക്ക് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വാഹന നികുതിയില്‍ ഇളവ് നല്‍കണമെന്നാണ് ഉടമകളുടെ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പ്രധാന ആവശ്യം. അല്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. മിനിമം ചാര്‍ജ് വർധിപ്പിക്കുക, മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ദൂരപരിധി 2.5 കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യങ്ങള്‍.ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ലെങ്കില്‍ ഡീസല്‍ വിലയില്‍ പ്രത്യേക ഇളവ് നല്‍കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, വാഹന നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കണ്ണൂരിൽ;ബിജെപി ജില്ലാ ആസ്ഥാനം ഉൽഘാടനം ചെയ്യും
കണ്ണൂർ:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കണ്ണൂരിലെത്തും.കണ്ണൂർ താളിക്കാവിലുള്ള ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി മന്ദിരം ഉൽഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്.സെഡ് പ്ലസ് കാറ്റഗറിയില്‍ പെടുന്ന നേതാവായതിനാല്‍ കണ്ണൂരില്‍ സേന ശക്തമായ സുരക്ഷായാണ് അമിത് ഷായ്ക്കായി ഒരുക്കിയിരിക്കുന്നത്.ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പിമാരായ സികെ വിശ്വനാഥന്‍, പിപി സദാനന്ദന്‍, സിഐഎ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയായ താളിക്കാവില്‍ സുരക്ഷാ വിലയിരുത്തി. സിആര്‍പിഎഫ്, ക്യൂആര്‍ടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്.രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ 11മണിയോടെ മാരാര്‍ജി ഭവന്‍ ഉദ്ഘാടന വേദിയിലെത്തും. ഉൽഘാടനത്തിനു ശേഷം 12.30യോടെ പിണറായിയിൽ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീടും സന്ദര്‍ശിക്കും. തുടർന്ന് 1.50 ഓടെ മട്ടന്നൂരില്‍ എത്തി വിമാനമാർഗം തിരുവനന്തപുരത്തേക്ക് തിരിക്കും. .
ശബരിമലയിലെ അറസ്റ്റ്;സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി;നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ കനത്ത പിഴ
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ തുടർന്നുള്ള വ്യാപക അറസ്റ്റിൽ സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. അക്രമസംഭവങ്ങളില്‍ പങ്കാളികളല്ലാത്തവരെ അറസ്റ്റ് ചെയ്തു എന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.അക്രമസംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ഉപദ്രവിക്കരുത്. കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാം. എന്നാല്‍ അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.വിശ്വാസികളല്ലാത്തവരും ശബരിമലയില്‍ എത്തിയിരുന്നോ എന്ന് ആരാഞ്ഞ കോടതി പോലീസ് ഗാലറിക്ക് വേണ്ടി കളിക്കുന്നവരാകരുതെന്നും നിരീക്ഷിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അകാരണമായി കേസില്‍ കുടുക്കുന്നുവെന്നും അറസ്റ്റ് ചെയ്യുന്നുവെന്നും ആരോപിച്ച് ആചാരണ സംരക്ഷണ സമിതി ഉള്‍പ്പടെ നല്‍കിയ രണ്ടു ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ താക്കീത്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം കേള്‍ക്കാന്‍ കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. അക്രമവുമായി ബന്ധപ്പെട്ട ഇതുവരെ രണ്ടായിരത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരിൽ പലരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശബരിമല പ്രതിഷേധം;അറസ്റ്റ് 2000 കവിഞ്ഞു; സ്ത്രീകൾക്കെതിരെയും കേസ്
ശബരിമല:സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇതുവരെ 2067 പേർ അറസ്റ്റിലായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് 458 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ശബരിമലയിലേക്കുള്ള വഴിയിൽ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാഹനത്തിൽ സ്ത്രീകള്‍ ഉണ്ടോയെന്ന് പരിശോധിച്ച 15 സ്ത്രീകള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റ് നടന്നിരിക്കുന്നത്. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈം മെമ്മോ പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും. പ്രതികളുടെ ചിത്രം റെയില്‍വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി. പൊതുമുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം, സംഘം ചേരല്‍, നിരോധനാഞ്ജ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി:ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.ഡി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ആ നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നബ്യാരുമുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനോട് കോടതി സൂചിപ്പിച്ചു. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ സ്‌ത്രീ പ്രവേശനം നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.അതിനാൽ മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഉറപ്പാക്കും വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിച്ചാണ് ഹർജി സമർപ്പിക്കപ്പെട്ടത്.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങാൻ അമിത് ഷാ
കണ്ണൂര്‍: ഉദ്ഘാടനത്തിന് മുൻപ് തന്നെ കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന അമിത് ഷാ 27ന് പ്രത്യേക വിമാനത്തില്‍ കണ്ണൂരിലിറങ്ങും. വിമാനയാത്ര സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിട്ടിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചുവെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സൂചന.ഉദ്ഘാടന ചടങ്ങിനു ശേഷം പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീട് അമിത് ഷാ സന്ദര്‍ശിക്കും.തിരിച്ച് 2 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിട്ടിക്ക് അപേക്ഷ നല്‍കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.
വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്
തിരുവനന്തപുരം:വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം.പട്ടം താണുപിള്ള മെമോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ബസ് റോഡില്‍ നിന്നും തെന്നി മാറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ബസ്സിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് തെക്കേക്കരയില്‍ വച്ച് കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.കനാലില്‍ വലിയ അളവില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
ശബരിമല വിഷയം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളിലെ തുടര്‍ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്, ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിച്ചാല്‍ നടയടിച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ശബരിമല നട അടയ്ക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്‌മണ്‍ കുടുംബം. കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്ന്‍ അദ്ദേഹം പറഞ്ഞു.നെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് നമുക്കെല്ലാം അറിയാം.ഗൃഹസ്ഥാശ്രമവും കഴിഞ്ഞ് വ്യഭിചാരത്തിലേക്ക് പോയ ഒരു ഘട്ടമുണ്ടായി. അതാണ് എര്‍ണാകുളത്ത് ഉണ്ടായ സംഭവമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തേയും രൂക്ഷമായി വിമര്‍ശിച്ചു.