കല്‍പ്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ തുങ്ങിമരിച്ചു. കൗമാരക്കാരായ ഈ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാമില്‍ ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം അന്വേഷിച്ചുവരികയാണ്.
ശബരിമലയിൽ കനത്ത സുരക്ഷ;ഇന്ന് അർധരാത്രി മുതൽ ആറാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.ഇതിന്റെ ഭാഗമായി സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രി മുതൽ ആറാം തീയതി വരെ കലക്ടര്‍ പിബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയിരത്തിലധികം പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കുക. തീര്‍ത്ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും അഞ്ചാം തീയതി രാവിലെ എട്ടുമണിയോടുകൂടി മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്ബയിലേക്കും സന്നിധാനത്തേക്കും കടത്തിവിടു.സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമിത്. തീര്‍ത്ഥാടകരല്ലാതെ ആരെയും പമ്ബയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
പയ്യാമ്പലത്തെ നിസാര്‍ അഹമ്മദ് സ‌്മൃതി സ‌്തൂപം തകര്‍ത്തു
കണ്ണൂര്‍: ജനതാദള്‍ നേതാവ‌് അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ‌്മൃതി സ‌്തൂപം തകര്‍ത്തു.സംഘപരിവാറിന് സ്തൂപം തകർത്തതിന് പിന്നിലെന്നാണ് നിഗമനം.വെള്ളിയാഴ‌്ച പുലര്‍ച്ചെയാണ‌് സ‌്തുപം തകര്‍ത്തത‌്. ശനിയാഴ‌്ചയാണ‌് സ‌്തൂപത്തിന്റെ അനാഛാദനം നടക്കേണ്ടിയിരുന്നത‌്. കഴിഞ്ഞ ദിവസം സ‌്തൂപം പയ്യാമ്ബലത്ത‌് അനുവദിക്കില്ലെന്ന‌് വിശ്വഹിന്ദു പരിഷത്ത‌് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതക്കാരല്ലാത്തവരുടെ സ‌്മാരക സ‌്തൂപം പയ്യാമ്പലത്ത് അനുവദിക്കാനാവില്ലെന്നായിരുന്നു ഭീഷണി.നിര്‍മാണത്തിലുള്ള സ‌്തൂപത്തിന‌് ചുറ്റും കാവി കൊടികളും കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന‌് ജനതാദള്‍ നേതാക്കള്‍ ബിജെപിയുടെയും ആര്‍എസ‌്‌എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കളുമായി സംസാരിച്ചിരുന്നു. ആലോചിച്ചു പറയാം എന്നാണ‌് ഇവര്‍ മറുപടി നല്‍കിയത‌്. എന്നാല്‍ വെള്ളിയാഴ‌്ച പുലര്‍ച്ചെയോടെ സ‌്തൂപം തകര്‍ക്കുകയായിരുന്നു.
ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയുടെ പേരില്‍ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ശബരിമല അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ശബരിമലയിലെ പോലീസ് നടപടികള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം എന്ന ആവശ്യവുമായി എസ് ജയരാജ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ ളാഹയില്‍ അയ്യപ്പഭക്തന്റെ മൃതതേഹം കണ്ടെത്തിയ കാര്യം കൂടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോഴാണ് കോടതി കർക്കശ നിലപാട് സ്വീകരിച്ചത്.ശബരിമല വിഷയത്തിന്റെ പേരില്‍ കോടതിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.എന്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് മുന്നറിയിപ്പ് നല്കിയത്.ളാഹയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹരജിക്കാരനായ ജയരാജന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നല്കി.
തിരുവനന്തപുരം മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വൻ തീപിടുത്തം
തിരുവനന്തപുരം: മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വാൻ തീപിടുത്തം.ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആണ് ഫാമിലി പ്ലാസ്റ്റിക്കിന്റെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെയും തീ അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാമത്തെ നിലയില്‍ നിന്ന് തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടരുമ്ബോള്‍ കെട്ടിടത്തില്‍ 120 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആദ്യം ഇവര്‍ കേട്ടത് ഒരു പൊട്ടിത്തെറി ശബ്ദമായിരുന്നു.പിന്നാലെ തീയും കറുത്ത പുകയും പടര്‍ന്നു. ഇതോടെ തൊഴിലാളികളെല്ലാം ജീവനും കൊണ്ട് പുറത്തേക്ക് ഓടി. ഇവരില്‍ ഒരാള്‍ക്ക് പോലും പൊള്ളലേല്‍ക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല എന്നത് അത്ഭുതകരമാണ്. നിമിഷ നേരം കൊണ്ട് വിഷപ്പുക ആകാശം മുട്ടെ ഉയര്‍ന്നു. ചുറ്റുപാടുള്ള കെട്ടിടങ്ങളില്‍ നിന്നടക്കം ആളുകള്‍ ചിതറിയോടി. അഗ്നിശമന യൂണിറ്റുകളും പോലീസും സ്ഥലത്ത് കുതിച്ചെത്തി. ഫാക്ടറിയില്‍ നിന്ന് വന്‍ശബ്ദത്തോടെ പൊട്ടിത്തെറികള്‍ ഉണ്ടായതോടെ അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ പറ്റാതായി.ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അതിനിടെ വിഷപ്പുക ശ്വസിച്ച് ജയറാം രഘു, ഗിരീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീപിടിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. അന്‍പതോളം ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കുന്നതിന് വേണ്ടി രാതിയില്‍ പ്രയത്‌നിച്ചത്. പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചയോടെ ആണ് തീ നിയന്ത്രണ വിധേയമായത്. ഫാക്ടറിയും ഗോഡൗണും സമീപത്തുളള തൊഴില്‍ പരിശീലന കേന്ദ്രവും കത്തി നശിച്ചു.നിരവധി വ്യവസായ ശാലകളും കെല്‍ട്രോണും സമീപത്തുണ്ട് എന്നത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തീ ഈ ഭാഗത്തേക്ക് പടര്‍ന്നില്ല എന്നത് ആശ്വാസകരമായി.
ശബരിമല പുനഃപരിശോധനാ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന വാദം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നവംബര്‍ അഞ്ചാം തീയതി നട തുറക്കാനിരിക്കെ ശബരിമല പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് നട തുറക്കുന്നതെന്നും അതിനാല്‍ നവംബര്‍ 11ന് ശേഷം വാദം കേള്‍ക്കുന്നതില്‍ മാറ്റം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും കേസിന്റെ അടിയന്തര സ്വഭാവവും കണക്കിലെടുത്ത് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. നവംബര്‍ അഞ്ചിന് ചിത്തിര ആട്ടത്തിനായി ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോൾ വനിതാ പൊലീസുള്‍പ്പെടെ 1500 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കാനാണ് പൊലീസ് പദ്ധതി. നട തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിന് സംസ്ഥാന വ്യാപക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം:മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്ബ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആണ്.ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റും. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്നും ലീവ് എടുത്ത് വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ വെടികൊണ്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ സുജിത്തിനെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്കാണ് വെടിവെച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.വ്യക്തിപരമായ പ്രശ്‌നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. ഔദ്യോഗികമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിസ്ത്രീ മരിച്ചു
കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ആറളത്താണ് സംഭവം. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തന്റെ ഭാര്യ ജാനു(55) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാന ആക്രമിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരി കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സർക്കാരിന്റെ സാലറി ചലഞ്ച്;വിസമ്മതപത്രം വേണ്ടെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
ന്യൂഡൽഹി:നവകേരള നിര്‍മ്മാണത്തിനായുളള സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. സാലറി ചലഞ്ചില്‍ പങ്കെടുത്ത് പണം നല്‍കാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് സുപ്രീം കോടതി ശരിവെച്ചു. ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.വിസമ്മത പത്രത്തിന് വേണ്ടി സര്‍ക്കാര്‍ എന്തിനാണ് വാശി പിടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. വിസമ്മതപത്രമെന്നത് വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ തങ്ങളും പണം നല്‍കിയിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ കൊണ്ടും പണം നല്‍കാന്‍ സാധിക്കാത്ത ആളുകളുണ്ടാവും. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ അതിന്റെ പേരില്‍ വിസമ്മത പത്രം നല്‍കി അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം ആ ആവശ്യങ്ങള്‍ക്ക് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പില്ല. ആ വിശ്വാസം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധി തിരിച്ചടിയാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് സമ്മതിച്ചു. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം പണം ഈടാക്കൂ എന്നും തോമസ് ഐസക് പറഞ്ഞു.അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. വടി കൊടുത്ത് അടി വാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യൻ വിമാനം കടലില്‍ തകര്‍ന്നുവീണു
ജക്കാര്‍ത്ത:188 യാത്രക്കാരുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പുറപ്പെട്ട വിമാനം കടലില്‍ തകര്‍ന്നുവീണു. പ്രദേശിക സമയം രാവിലെ 6.20 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 6.33 നാണ് വിമാനവുമായി അവസാനം ആശയ വിനിമയം നടത്തിയത്. വിമാനം തകര്‍ന്നു വീണതായി റസ്‌ക്യൂ ഏജന്‍ജി വക്താവ് യൂസുഫ് ലത്തീഫാണ് സ്ഥിരീകരിച്ചത്.ലയണ്‍ എയര്‍ കമ്ബനിയുടെ ബോയിംഗ് 737 മാക്‌സ് 8 മോഡല്‍ വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കാല്‍ പിനാങ്കിലേക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ ജാവ കടലിന് സമീപത്ത് വച്ചാണ് വിമാനം കാണാതാവുകയായിരുന്നു.വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പറന്നുയരുമ്ബോള്‍ വിമാനത്തില്‍ 188 പേര്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.