അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി;നടപടി വര്‍ഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍

keralanews highcourt disqualified azhikode m l a k m shaji

കണ്ണൂർ:അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിർസ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി.ആറ് വര്‍ഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് ബി.ഡി രാജനാണ് വിധി പറഞ്ഞത്.ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്.വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കോടതി ഉത്തരവ്. അതേസമയം തന്നെ എംഎ‍ല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. നിയമപരമായി നേരിടുമെന്ന് ലീഗും വ്യക്തമാക്കി.2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിനാണ് നികേഷ് കുമാറിനെ സിറ്റിങ് സീറ്റില്‍ കെഎം ഷാജി പരാജയപ്പെടുത്തിയത്. 2011ല്‍ 493 വോട്ടിനാണ് കെഎം ഷാജി ആദ്യമായി വിജയിച്ച്‌ നിയമസഭയിലെത്തിയത്.

മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി; തലശ്ശേരിയിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

keralanews black flag protest against k t jaleel five youth league workers under custody in thalasseri

കണ്ണൂര്‍: മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരിയിൽ കസ്റ്റഡിയില്‍.തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.വെള്ളിയാഴ്ച പുലര്‍ച്ചെ മാവേലി എക്സ്പ്രസില്‍ ജലീല്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പോഴായിരുന്നു ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് തഫ്‍ലീം മാണിയാട്ട്, ജാസിര്‍, ആസിഫ് മട്ടാമ്ബുറം, ഫര്‍ദീന്‍, അസ്രുദീന്‍ കണ്ണോത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നെയ്യാറ്റിൻകര കൊലപാതകം;സനൽ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

keralanews neyyattinkara murder case postmortem report that sanal kumar died due to head injury

തിരുവനന്തപുരം:വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനല്‍ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.സനലിന്റെ ശരീരമാസകലം ക്ഷതമേറ്റിരുന്നു. വാരിയെല്ലും കൈയും ഒടിഞ്ഞു. സനലിന്റെ തുടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനമിടിച്ച്‌ ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടാവുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച്‌ വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന.ഡിവൈഎസ്പിയുമായി റോഡില്‍ വെച്ച്‌ തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച്‌ മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.

അതേസമയം കേസിൽ ഒളിവിൽ പോയിരിക്കുന്ന ഡിവൈഎസ്പി ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസ് വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് സനലിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് രക്തംവാര്‍ന്ന് മരണ വെപ്രാളത്തില്‍ കഴിയുന്ന വേളയില്‍ പോലീസ് സനലിന്റെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്നും ഇവർ ആരോപിക്കുന്നു.നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം രക്തം വാര്‍ന്ന സനലിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. യുവാവിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും പോലീസ് അവഗണിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദേശം സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു.താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആംബുലന്‍സില്‍ കയറിയത് ഒരു നാട്ടുകാരനും പോലീസുകാരനുമാണ്. നാട്ടുകാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാരന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വാഹനം പതുക്കെ പോകാനും സൈറന്‍ ഇടേണ്ടെന്നും പോലീസുകാരന്‍ ആവശ്യപ്പെട്ടെന്ന് ആംബുലൻസ് ഡ്രൈവര്‍ പറയുന്നു.

ശബരിമലയിൽ അൻപത്തിരണ്ടുവയസ്സുകാരിയെ തടഞ്ഞ സംഭവം;ഒരാൾ അറസ്റ്റിൽ

keralanews one arrested in connection with the incident of blocking 52year old lady in sabarimala

ശബരിമല:ശബരിമലയിൽ ദർശനത്തിനെത്തിയ അൻപത്തിരണ്ടുവയസ്സുകാരിയെ തടഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ഇലന്ദൂര്‍ സ്വദേശി സൂരജാണ്‌ അറസ്റ്റിലായത്. വധശ്രമം സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സംഭവത്തില്‍ 150 പേര്‍ക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.പേരക്കുട്ടിയുടെ ചോറൂണിനു ശബരിമലയിലേക്കു വന്ന തൃശൂര്‍ സ്വദേശി ലളിത രവിയെയാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ യുവതീ‌പ്രവേശനത്തിനെതിരേയുള്ള പ്രതിഷേധക്കാര്‍ വളഞ്ഞത്. ഭര്‍ത്താവ് രവി, ബന്ധുക്കള്‍ ഉള്‍പ്പെടെ 19 അംഗ സംഘമാണ് ലളിതയ്ക്കൊപ്പമെത്തിയിരുന്നത്.തുടര്‍ന്ന് കുഞ്ഞിന്‍റെ അമ്മ ഉള്‍പ്പെടെ 50 വയസില്‍ താഴെയുള്ളവര്‍ പമ്പയിൽ തങ്ങുകയും മറ്റുള്ളവര്‍ മല കയറുകയുമായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ മല കയറിയ ഇവര്‍ സന്നിധാനം നടപ്പന്തലിലെത്തിയപ്പോഴാണ് ഇവര്‍ക്കുനേരെ ആദ്യം പ്രതിഷേധമുണ്ടായത്.

ശബരിമല വിഷയം;തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്

keralanews sabarimala issue important meeting of thiruvithamcore devaswom board held today

പമ്പ:ശബരിമല സ്ത്രീപ്രവശന വിഷയവും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്താനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും ചര്‍ച്ചചെയ്യപ്പെടും.തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നതു സംബന്ധിച്ച്‌ കണ്ഠരര് രാജീവരര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നുണ്ട്.ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു.

ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;200 പേർക്കെതിരെ കേസെടുത്തു

keralanews the incident of blocking lady in sabarimala charged case against 200peoples

ശബരിമല:ശബരിമലയിൽ ദർശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂർ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ 200 പേർക്കെതിരെ കേസെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.ഇരുമുടിക്കെട്ടില്ലാതെ വലിയ നടപ്പന്തലില്‍ എത്തിയ ഇവര്‍ക്കുനേരെ തീര്‍ത്ഥാടകര്‍ പാഞ്ഞടുക്കുകയായിരുന്നു. മകന്റെ കുട്ടിക്ക് ചോറൂണിനാണ് സന്നിധാനത്ത് എത്തിയതെന്നു ലളിത പറഞ്ഞു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.തിങ്കളാഴ്ചയാണ് ലളിത ഉൾപ്പെട്ട 19 അംഗ സംഘം ശബരിമലയിലെത്തിയത്.മകന്റെ കുഞ്ഞിന്റെ ചോറൂണിനായാണ് ഇവർ എത്തിയത്.എന്നാൽ ഇവർക്ക് അൻപതിൽ താഴെയാണ് പ്രായം എന്ന സംശയത്താൽ പ്രതിഷേധക്കാർ ലളിതയെ നടപന്തലിൽ തടയുകയായിരുന്നു.തുടർന്ന് പോലീസ് രേഖകൾ പരിശോധിച്ച് ഇവർക്ക് 52 വയസ്സുണ്ടെന്ന് ബോധ്യപ്പെട്ടശേഷമാണ് പ്രതിഷേധക്കാർ ഇവരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.പിന്നീട് ഇവർ ദർശനം നടത്തി മടങ്ങുകയും ചെയ്തു.

സന്നിധാനത്ത് യുവതികൾ എത്തിയതായി സംശയം; നടപന്തലിൽ പ്രതിഷേധം

keralanews doubt that girls reached in sannidhanam protest in nadapanthal

ശബരിമല:അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീ സന്നിധാനത്ത് ദർശനത്തിനായി എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നടപന്തലിൽ പ്രതിഷേധം നടന്നു.വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടന്നത്.എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതേ തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച്‌ വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷിച്ച്‌ വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്‌റ്റേഷന്‍ ഉപരോധിച്ചു.ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങള്‍ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയം സന്നിധാനത്തുണ്ടായിരുന്ന വത്സൻ തില്ലങ്കേരിയുമായി പോലീസ് ചർച്ച നടത്തി.തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച്‌ മൈക്കിലൂടെ അറിയിപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദര്‍ശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു.

ചിത്തിരയാട്ടത്തിരുനാളിനായി ശബരിമല നട തുറന്നു;വൻ ഭക്തജനത്തിരക്ക്

keralanews sabarimala temple open for chithirayattm

ശബരിമല:ചിത്തിരയാട്ടത്തിരുനാളിനായി ശബരിമല നട തുറന്നു.കനത്ത പോലീസ് വലയത്തിലും സുരക്ഷയിലുമാണ് സന്നിധാനമടക്കമുള്ള സ്ഥലങ്ങൾ.എന്നിരുന്നാലും വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.കെ.സുരേന്ദ്രൻ അടക്കമുള്ള ചില ബിജെപി നേത്തെക്കാളും സന്നിധാനത്തെത്തിയിട്ടുണ്ട്.പമ്പയിലേക്കെത്തിയ അയ്യപ്പ ഭക്തരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിടുന്നുണ്ട്. 2300 ഓളം പൊലീസുകാരെയാണ് സാന്നിധാനത്തും പരിസരത്തും സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. പമ്പക്കും സന്നിധാനത്തിനും ഇടയിൽ മാത്രം ആയിരത്തിലധികം പൊലീസുകാർ സുരക്ഷക്കായുണ്ട്.സംഘപരിവാർ സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് പഴുതടച്ചുള്ള സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.പമ്പയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധനയുണ്ട്.പരിശോധന ഉണ്ടെങ്കിലും ശബരിമലയിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്നലെ മുതൽ പലയിടങ്ങളിലും വിലക്ക് നേരിട്ടിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മാധ്യമപ്രവർത്തകർക്ക് സാന്നിധാനത്തേക്ക് പ്രവേശിക്കാനായത്. കാനന പാതയിലടക്കം വലിയ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.

ശബരിമല നട ഇന്ന് തുറക്കും;കർശന സുരക്ഷയൊരുക്കി പോലീസ്;സന്നിധാനത്ത് വനിതാപോലീസിനെ വിന്യസിച്ചു

keralanews sabarimala temple open today police arranged tight security women police reached in sannidhanam
ശബരിമല:ചിത്തിരയാട്ടത്തിനായി ശബരിമല നട ഇന്ന് തുറക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അൻപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലുമാണ് പൊലീസ്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരുടെ കൈയില്‍ ഏതെങ്കിലും ഐഡികാര്‍ഡുകള്‍ അത്യാവശ്യമാണ്.അതേസമയം ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ പൊലീസ് സംഘം സന്നിധാനത്തെത്തി. 50 വയസ്സ് പിന്നിട്ട 15 പേരടങ്ങിയ സംഘമാണ് സന്നിധാനത്തെത്തിയത്. സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാനാണ് വനിതാ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിഐ- എസ്‌ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇന്നലെ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്ബയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.

ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;സന്നിധാനത്തടക്കം വനിതാ പോലീസിനെ വിന്യസിക്കാൻ നീക്കം

keralanews intelligence report-that chance for conflict in sabarimala and women police will be aligned in sannidhanam

പത്തനംതിട്ട:ചിത്തിരയാട്ടത്തിനായി നടതുറക്കാനിരിക്കെ സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ചയാണ് ഒരു ദിവസത്തേയ്ക്ക് നട തുറക്കുന്നത്.സ്ത്രീകളെ അണിനിരത്തി സംഘപരിവാര്‍ സംഘടകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാൻ ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാമെന്നാണ് തീരുമാനം.ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരെ സ്ത്രീകളെ അണിനിരത്തി തടയാനാണ് ബിജെപി-ആര്‍എസ്‌എസ് ശ്രമമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്ത്രീ പ്രതിഷേധക്കാരെ അണിനിരത്തി യുവതികളെ തടയാനുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കാനാണ് പോലീസിന‍്റെ നീക്കം. അമ്ബത് വയസിന് മുകളില്‍ പ്രായമുള്ള 30 വനിതാ പോലീസുകാരെയാകും സന്നിധാനത്ത് നിയോഗിക്കുക. എസ്‌ഐ, സിഐ റാങ്കിലുള്ളവരെയാകും പ്രതിഷേധക്കാരെ നേരിടാനായി നിയോഗിക്കുന്നത്. ആവശ്യമെങ്കില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇവരെ സന്നിധാനത്ത് വിന്യസിക്കും.1200 പോലീസുകാരെയാണ്  ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനം തടയാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.സംഘർഷ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതൽ പമ്പ,നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. ആറാം തീയതിഅര്‍ധരാത്രിവരെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.