കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തുമണിക്ക് അബുദാബിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്. ഈ വിമാനം തന്നെ വൈകിട്ട് ഏഴിന് കണ്ണൂരിൽ തിരിച്ചെത്തും.പിന്നീട് രാത്രി 9.05ന് റിയാദിലേക്ക് സര്‍വീസ് നടത്തും.പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്യും.റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക.
സനൽ കുമാർ കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനൽ കുമാർ കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .ഹരികുമാറിന്‍റെ മൃതദേഹം വീട്ടിനടുത്തുള്ള ചായ്പില്‍ നിന്നാണ് കണ്ടെത്തിയത് .ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതായാണ് സൂചന.കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹരികുമാര്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും തറവാട്ടുവീട്ടിലും എത്താനിടയുള്ള മറ്റ് ബന്ധു വീടുകളിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഹരികുമാറിന്റെ ഫോണ്‍ നമ്പറുകളിൽ നിന്നുള്ള കോള്‍ ലിസ്റ്റ് ശേഖരിച്ച് പരിശോധന നടത്തിവരികയായിരുന്നു. രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്‌പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതേസമയം, കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറിനു മുന്നിലേക്ക് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇന്ന് മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്ബറിലാണ് പരിശോധന.നാല്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളും ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് പുറമെ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. പരിശോധന സമയത്ത് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പിസി ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്‌എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം.
കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിടെ ഓഡിറ്റോറിയം തകര്‍ന്ന് വീണ് 70 പൊലീസുകാര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിനിടെ ഓഡിറ്റോറിയം തകര്‍ന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.തോട്ടട-കിഴുന്നപ്പാറ കടലോരത്തെ റിസോര്‍ട്ട് ഹാളാണ് തകർന്നു വീണത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠന ക്യാമ്ബ് നടക്കുന്നതിനിടെയാണ് അപകടം.ആകെ 80 പൊലീസുകാരാണ് ക്യാമ്ബില്‍ പങ്കെടുത്തിരുന്നത്. എഴുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്ബിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്ബ് ഇവിടെയെത്തി മടങ്ങിയിരുന്നു പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലെ അപാകതയാണ് ഹാളിന്റെ തകര്‍ച്ച്‌ക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെ ഉത്ഘാടന ചടങ്ങ് നടക്കാനിരിക്കവേയാണ് പെട്ടെന്ന് റിസോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത്.ഉത്ഘാടക പ്രസംഗം നടക്കവേയാണെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഇതിലേറെ വരുമായിരുന്നു.
കേന്ദ്രമന്ത്രി അനന്ത്കുമാർ അന്തരിച്ചു
ബംഗളൂരു:കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബംഗളൂരു ബസവനഗുഡിയിലെ ശ്രീ ശങ്കരാചാര്യ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം.ലണ്ടനില്‍ വിദഗ്ധ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസം 20നാണ് അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയത്. പാര്‍ലിമെന്ററികാര്യത്തിന് പുറമെ രാസവള വകുപ്പിന്റെ ചുമതലയും അനന്ത്കുമാര്‍ വഹിച്ചിരുന്നു. എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ബിജെപിയില്‍ സജീവമായി.1996 മുതല്‍ ലോക്‌സഭയില്‍ തെക്കന്‍ ബംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അടല്‍ ബിഹാരി വാജ്പയ് മന്ത്രിസഭയില്‍ സിവില്‍ ഏവിഷേയന്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, എബിവിപി ദേശീയ പ്രസിഡന്റ്, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര കൊലപാതകം;രണ്ടുപേർ അറസ്റ്റിൽ; ഡിവൈഎസ്പി രക്ഷപെടാൻ ഉപയോഗിച്ച കാറും കണ്ടെത്തി
തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.നെയ്യാറ്റിൻകര സ്വദേശികളായ സതീഷ് കുമാർ,അനൂപ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് എടുത്തു കൊടുത്ത കുറ്റത്തിനാണ് സതീഷ് കുമാർ പിടിയിലായിരിക്കുന്നത്. ഇയാളെ ഞായറാഴ്ച തമിഴ്‌നാട്ടില്‍നിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്‌പി ഹരികുമാരിനും ബിനുവിനും രക്ഷപ്പെടാനുള്ള വാഹനം എത്തിച്ച് നല്‍കിയത് അനൂപ് കൃഷ്ണയാണ്.ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഡിവൈഎസ്‌പി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സനല്‍ മരിച്ച ശേഷം രക്ഷപ്പെട്ട ഹരികുമാര്‍ കല്ലമ്ബലം വരെ യാത്ര ചെയ്തത് ഇതേക്കാറിലാണ് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അനൂപിനെ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏല്‍പിക്കണമെന്നുമായിരുന്നു സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതില്‍ ഹര്‍ജി നല്‍കുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധനയ്ക്ക് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ് നിര്‍ദേശിക്കുന്നുണ്ട്.റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്നാണു സൂചന.
നെയ്യാറ്റിൻകര കൊലപാതകം;ഡിവൈഎസ്പി മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന
തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന. ഹരികുമാറിനൊപ്പം സുഹൃത്ത് ബിനുവും ഉണ്ട് എന്നാണ് പോലീസ് പറയുന്നത്.സംഭവ ശേഷം ക്വാറി മാഫിയയുടെ സംരക്ഷണയിൽ ഹരികുമാർ മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.ഇതനുസരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മധുരയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.ഇതിനിടെയിലാണ് ഇയാൾ ഇവിടെ നിന്നും മുങ്ങിയതായി സൂചന ലഭിച്ചിരിക്കുന്നത്.എന്നാല്‍ സംഭവം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.നേരത്തെ വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതേസമയം ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന;രണ്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന.സംഭവത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന.ഫാക്ടറിയില്‍നിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം ഫാക്ടറിക്കു സമീപം കണ്ടിരുന്നു. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.ഇലക്‌ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവരാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.ഒക്ടോബര്‍ 31ന് രാത്രിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമാണു പ്രാഥമിക കണക്ക്. ആളപായമില്ലെങ്കിലും രണ്ടും നാലും നിലകള്‍ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു
കൊച്ചി:മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.രണ്ടാഴ്ചയാണ് വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എം.എല്‍.എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നികേഷ് കുമാറിന്റെ കോടതി ചിലവായ 50,000 രൂപ ഒരാഴ്ചയ്ക്കകം കെട്ടിവയക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബെഞ്ചിന് മുമ്ബാകെയാണ് സ്‌റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്. 2016 ഇൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കെ.എം ഷാജി വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടത്.ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.