തിരുവനന്തപുരം:ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് നിയമസഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ സഭ താൽകാലികമായി നിർത്തിവെയ്ക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യത്തോരവേള സസ്പെന്‍ഡ് ചെയ്തു വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.എന്നാല്‍ പ്രളയവുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എണീറ്റതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. ഇതിനിടെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ആകെ 16 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍റെ അപേക്ഷയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒന്നിച്ചാണ് മറുപടി പറഞ്ഞത്. ഇതിന് 40 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ 40 മിനിറ്റ് സമയമെടുത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഒന്നിച്ച് മറുപടി നല്‍കിയതിനാലാണ് ഇത്രയും സമയമെടുത്തതെന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും ഇത് അംഗീകരിക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ തള്ളിക്കയറുവാനും ശ്രമിച്ചു.മറ്റംഗങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു
ന്യൂഡൽഹി:കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.ഷാജി സമർപ്പിച്ച ഹർജി തീർപ്പാകുന്നതുവരെയാണ് സ്റ്റേ എന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധിച്ചു.ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി ജനുവരിയില്‍ പരിഗണിക്കും.ഇതോടെ ഷാജിക്ക് നിയമസഭയിലെത്താന്‍ അനുമതി ലഭിച്ചു.അതേസമയം നിയമസഭാ യോഗത്തില്‍ ഇരിക്കാമെന്നല്ലാതെ ഷാജിക്ക് വോട്ടവകാശം ഉണ്ടാവില്ല. എംഎല്‍എ എന്ന നിലയിലുള്ള യാതൊരു ആനുകൂല്ല്യവും കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കി.ഇതിനെ തുടര്‍ന്ന് കെ എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചു. അപ്പീല്‍ നല്‍കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തന്നെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടിക്കൊടുത്തുമില്ല. ഈ സാഹചര്യത്തില്‍ കെ എം ഷാജിയുടെ നിയമസഭാഗംത്വം നിയമസഭാ സെക്രട്ടറി റദ്ദാക്കിയിരുന്നു.തിരഞ്ഞെടുപ്പിൽ ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.
പി.കെ ശശിക്കെതിരെ സിപിഎം നടപടി; പ്രാഥമികാംഗത്വം ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം:വനിതാനേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പി.കെ ശശിക്കെതിരെ സിപിഎം നടപടി.പാലക്കാട് ജില്ലാ സെക്രെട്ടറിയേറ്റ് അംഗമായ ശശിയെ പാർട്ടിയുടെ പ്രാഥമികംഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.പരാതി അന്വേഷിച്ച പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.വനിതാ നേതാവിനോട് പി.കെ ശശി ഫോണിൽ വിളിച്ച് മോശം രീതിൽ സംസാരിച്ചിരുന്നതായി മന്ത്രി എ.കെ ബാലൻ,പി.കെ ശ്രീമതി എം.പി എന്നിവരടങ്ങുന്ന കമ്മീഷൻ കണ്ടെത്തിയിരുന്നു.എന്നാൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ ആരോപണത്തെ ശരിവയ്ക്കുന്ന പരാമർശങ്ങളൊന്നും കമ്മീഷൻ റിപ്പോർട്ടിൽ ഇല്ല.ശശിക്കെതിരെയുള്ള പരാതി ഗൗരവമുള്ളതാണെന്ന് കമ്മീഷൻ കണ്ടെത്തിയതായി സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ അറിയിച്ചു.പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ബോധ്യപ്പെടുന്ന മാതൃകാപരമായ നടപടി ശശിക്കെതിരെ ഉണ്ടാകണമെന്നാണ് സംസ്ഥാന സെക്രെട്ടെറിയേറ്റ് വിലയിരുത്തിയത്.അതിനാൽ ശശിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതായും കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.അതേസമയം തനിക്കെതിരെ ഉയർന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പി.കെ ശശി പറഞ്ഞു.പാർട്ടിയിലെ തന്നെ ചിലർ തനിക്കെതിരായി പ്രവർത്തിച്ചെന്ന ആരോപണവും ശശി ഉന്നയിച്ചു.എന്നാൽ ശശിക്കെതിരായ പാർട്ടി നടപടി തൃപ്തികരമാണെന്ന് പരാതിക്കായി പറഞ്ഞു.ഇക്കാര്യത്തിൽ താൻ പരസ്യപ്രതികരണത്തിനില്ലെന്നും കേസിൽ തുടർനടപടികൾക്കില്ലെന്നും പരാതിക്കാരിയായ വനിതാ നേതാവ് അറിയിച്ചു.
ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ;കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കി
കണ്ണൂർ:കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി.ഇത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ അടക്കം വലിയ എതിര്‍പ്പുണ്ടാക്കിയ ഈ തീരുമാനമാണ് കേന്ദ്രം ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള സിപിഎം നേതാക്കള്‍ വയല്‍ക്കിളി സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് വ്യക്തമായിരിക്കുകയാണ്.
കെ.സുരേന്ദ്രന് ജാമ്യം
കണ്ണൂർ:കണ്ണൂര്‍: ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അതേസമയം, സുരേന്ദ്രന്‍റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല.ചിത്തിരയാട്ട സമയത്ത് ശബരിമലയിലെത്തിയ 52കാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കൂ.
കെ.സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി
കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ച് ഇന്നലെയും ഇന്നും ബിജെപി പ്രവര്‍ത്തകര്‍ സബ്ജയിലിനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാവിലെ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.സുരേന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഇന്നലെതന്നെ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് എത്തിക്കുകയും ഇന്ന് രാവിലെയോടെ കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിമായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.രാവിലെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ജാമ്യം ലഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു.അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും.
കണ്ണൂർ പാനൂരിൽ നിന്നും ആറുദിവസം മുൻപ് കാണാതായ വിദ്യാർത്ഥിനികളെ മലപ്പുറത്ത് ലോഡ്ജിൽ നിന്നും കണ്ടെത്തി
പാനൂര്‍:ആറു ദിവസം മുൻപ് പാനൂരില്‍ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളും വിദ്യാര്‍ത്ഥിനികളുമായ രണ്ടു പെണ്‍കുട്ടികളെ മലപ്പുറത്തെ തിരൂരില്‍ വെച്ച് പൊലീസ് കണ്ടെത്തി. പാനൂര്‍ സി.ഐക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തിരൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നുമാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.രണ്ടു ദിവസമായി ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നെന്ന് തിരൂര്‍ പൊലീസ് പറഞ്ഞു.കുന്നോത്ത് പറമ്ബിലെ കുമാരന്റെയും സുധയുടെയും മകളായ സയന (19), പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ (19) എന്നിവരെയാണ് 19 ന് രാവിലെ മുതല്‍ കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.കുട്ടിക്കാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു.
കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു
കർണാടക:മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു.മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബെംഗളൂരു- മൈസൂരു പാതയിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്കാണ് അപകടം നടന്നത്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.
എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീകളുടെ മാർച്ച്
തൃശൂർ:എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീകളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.തൃശൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടത്തുക.രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്.ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്ര അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.എന്നാല്‍, ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതില്‍ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മാത്യു ടി തോമസിനെ മാറ്റി;പകരം കെ.കൃഷ്ണൻകുട്ടി മന്ത്രിയായി അധികാരമേൽക്കും
തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെ മാറ്റി. പുതിയ മന്ത്രിയായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി അധികാരമേല്‍ക്കും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റേത് മികച്ച പ്രവര്‍ത്തനമായരുന്നുവെന്നും കെ കൃഷ്ണന്‍കുട്ടിയും നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് മാത്യൂ ടി. തോമസ് രാജിവച്ച് കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലെത്തിയത്. ദീര്‍ഘനാളായി ഇക്കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനിന്നിരുന്നു. മന്ത്രി മാത്യു ടി തോമസിനെയും ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണന്‍കുട്ടിക്കൊപ്പം ഒരു ചര്‍ച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്. മന്ത്രിയെ മാറ്റണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണന്‍ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാര്‍ട്ടിക്കകത്തുള്ള ആവശ്യമാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വം ദീര്‍ഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നല്‍കിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാല്‍ ഈ വിഷയത്തില്‍ തീരുമാനം വൈകുകയായിരുന്നു.