ശബരിമല:ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു.ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്ബും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് സംസാരിച്ചതെന്ന് ഇവർ പറഞ്ഞു.തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.എന്നാൽ സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടർന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി പനമ്പിള്ളി നഗറിൽ സിനിമ താരത്തിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്
കൊച്ചി:പനമ്പിള്ളി നഗറില്‍പട്ടാപ്പകല്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്‌പ്പ്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കില്‍ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. നടിയായ ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഡംബ ബ്യൂട്ടി പാര്‍ലറായ നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ഫോണ്‍ സന്ദേശം എത്തിയിരുന്നു.പണം നല്‍കിയില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു.രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു.രവി പൂജാരെയുടെ പേരിലായിരുന്നു ഫോണ്‍ കോളും ലഭിച്ചിരുന്നത്.2013 ല്‍ ചെന്നൈ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസില്‍ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീനമരിയ പോൾ.ഈ കേസിൽ ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്.ലീനാ പോളുമായി ബന്ധമുള്ളവര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ ബൈക്ക് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മൈസൂരുവിലെ ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധ;12 മരണം
മൈസൂരു:ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 12 മരണം.80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു.പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നുമാണ് വിഷബാധയേറ്റിരിക്കുന്നത്. അമ്പലത്തിൽ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു.ഇതിനെ തുടര്‍ന്ന് ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതിന് മുൻപ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു.
അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ്
കണ്ണൂർ:അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘു രേഖകൾ വിതരണം ചെയ്തതിന്റെ പേരിലാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കെ.എം.ഷാജിയുടെ പരാതിയില്‍ അന്നത്തെ വളപട്ടണം എസ്‌ഐ. ശ്രീജിത്തുകൊടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കയാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നും വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ പിടിച്ചെടുത്തിരുന്നുവെന്ന് എസ്‌ഐ. കൊടേരി ഹൈക്കോടതിയില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ എസ്‌ഐ. നല്‍കിയ സ്ഥലമഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ അബ്ദുള്‍ നാസറാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പകര്‍പ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീജിത്തുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ.യോട് നേരിട്ട് ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചത്.വിവാദ ലഘുലേഖയുടെ പകര്‍പ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടില്‍ നിന്നല്ല പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നുവെന്നാണ് എസ്‌ഐ.യുടെ മൊഴി. ഈ മൊഴി കോടതി വിധിയിലും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇങ്ങനെ ഒരു പകര്‍പ്പ് സ്‌ക്വാഡിന് നല്‍കിയതായി രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാജി പറയുന്നു.തനിക്കെതിരെ കോടതിയില്‍ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിച്ചിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. അബ്ദുല്‍ നാസറാണ് ലഘുരേഖ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുല്‍ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുരേഖ സ്റ്റേഷനിലെത്തിച്ചത് അബ്ദുല്‍ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടില്‍ നിന്ന് ലഘുരേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നല്‍കിയ എസ്‌ഐ. ശ്രീജിതുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.
സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു;പാലക്കാട് ബസ്സുകൾക്ക് നേരെ കല്ലേറ്
തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താലിൽ അങ്ങിങ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്ക് പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകൾ തകർന്നു.പാലക്കാട് ഡിപ്പോയിലെ ഒരു ബസ്സും, പെരിന്തല്‍മണ്ണ ഡിപ്പോയിലെ രണ്ടു ബസുകള്‍ക്കും നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ഒന്‍പതു പേരാണ് കല്ലേറിനു പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.സെക്രെട്ടറിയേറ്റിനു സമീപത്തെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. അതേസമയം ബത്തേരിയിൽ നിന്നും കർണാടകയിലേക്ക് നാലും കോഴിക്കോട്ടേക്ക് മൂന്നും ബസ്സുകൾ പുറപ്പെട്ടു.പോലീസ് സംരക്ഷണയിലാണ് ഇവ സർവീസ് നടത്തുന്നത്.ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്താത്തതിനെ തുടർന്ന് ശബരിമല തീർത്ഥാടകർ ചെങ്ങന്നൂരിൽ കുടുങ്ങി.അതേസമയം ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിട്ടുണ്ട്.നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നവരെയും വഴിതടയുന്നവരെയും ഉടൻ കസ്റ്റഡിയിലെടുക്കണം.സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. കൂടാതെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.വ്യാഴാഴ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരവേദിയിലേക്ക് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശരണമന്ത്രം ചൊല്ലി ഓടിക്കയറിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപന്തലിന്റെ എതിര്‍ ഭാഗത്തു റോഡരികില്‍ നിന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു സമരപന്തലിനു സമീപത്തേക്ക് വേണുഗോപാല്‍ ഓടി വരികയായിരുന്നു. ഉടന്‍തന്നെ പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വേണുഗോപാലന്‍ നായര്‍ ബിജെപി അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയത്. ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഓട്ടോ,ടാക്സി നിരക്കുവർധന പ്രാബല്യത്തിൽ വന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്കുവർധന പ്രാബല്യത്തിൽ വന്നു.ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കിയും ടാക്‌സി മിനിമം നിരക്ക് 150ല്‍നിന്ന് 175 രൂപയായി ഉയർത്തിയും വിജ്ഞാപനം പുറത്തിറക്കി.ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം.ടാക്സിക്ക് മിനിമം നിരക്കിൽ അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം.ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപ നല്‍കണം.
സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം;ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം.മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പുലർച്ചെ ഒന്നരമണിയോട് കൂടിയാണ് സംഭവം.ഇയാള്‍ സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.പൊലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ് വേണുഗോപാലന്‍ നായര്‍.
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു;മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
ചെന്നൈ:ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്.നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ തിങ്കളാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ഇന്റേണല്‍ മാര്‍ക്കിന്റെ പട്ടികയില്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിക്കാത്ത കാര്യങ്ങളാണ് അധികൃതര്‍ വിദ്യാർത്ഥികളുടെ മേല്‍ അടിച്ചേല്‍പിപ്പിച്ചിരുന്നത്. സ്പോര്‍ട്സ് ഫോറം എന്ന പേരില്‍ കൊണ്ടുവന്ന പുതിയ ഇനമാണ് തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജിന്റെ ജീവന്‍ കവര്‍ന്നത്.ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധപ്പൂര്‍വ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഇതില്‍ തുടക്കം മുതൽ തന്നെ വിദ്യാർഥികൾ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ല.ഇതനുസരിച്ച് ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനാണ് അധികൃതര്‍ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി മഹിമ ജയരാജിനോട് ആവശ്യപ്പെട്ടത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല.ശക്തമായ ചൂടിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞ പെണ്‍കുട്ടി കോര്‍ട്ടില്‍ തന്നെ വീണ് മരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ദിവസം ചെല്ലും തോറും ശക്തമാവുകയാണ്.പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലെ നടപ്പാക്കിയ നിബന്ധനകള്‍ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.