കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു

keralanews two independent mlas in karnataka withdrew their support for the government

ബെംഗളൂരു:മുഖ്യമന്ത്രി കുമാരസ്വാമിയെ പ്രതിസന്ധിയിലാഴ്ത്തി കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച്‌.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.ഇരുവരും പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് ഗവർണ്ണർക്ക് കൈമാറി.നിലവിൽ കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.രണ്ടുപേർ പിന്തുണ പിൻവലിച്ചതോടെ ഇത് 118 ആയി.224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.

അതേസമയം കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷന്‍ താമര’യ്ക്കു നീക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപി പാര്‍ട്ടി എംഎല്‍എമാരെ കൂട്ടത്തോടെ ഡെല്‍ഹിയിലെത്തിച്ചിരുന്നു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും ഇപ്പോള്‍ തലസ്ഥാനത്തുണ്ട്.ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.അതേസമയം മുംബൈയിലേക്കു പോയ തങ്ങളുടെ മൂന്നു എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.എന്നാൽ ബിജെപിയല്ല, കോണ്‍ഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎല്‍എമാരെ സുരക്ഷിതമായി ഡെല്‍ഹിയില്‍ പാര്‍പ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി

keralanews prime minister narendramodi arrived in kerala to inaugurate kollam bypass

തിരുവനന്തപുരം:കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ബൈപ്പാസ് ഉദ്ഘാടനത്തിനായി കൊല്ലത്തേക്ക് തിരിക്കും.ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്.കൊല്ലം എംരാജഗോപാൽ,രാജഗോപാൽ, ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപി,വി മുരളീധരൻ, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവരും വേദിയിലുണ്ടാവും.ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന്‍ പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് വിവാദമുയർത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

keralanews supreme court will not consider the review petition regarding sabaimala women entry in january 22nd

ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയിലായ പശ്ചാത്തലത്തിലാണ് മുന്‍നിശ്ചയ പ്രകാരം 22ന് കേസ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയെടുത്തിരിക്കുന്ന ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് കേസ് കേള്‍ക്കുന്ന പുതിയ തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അൻപതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. എല്ലാ ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ അറിയിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ച് മനുഷ്യക്കടത്ത്;കൊച്ചി മുനമ്പം ഹാർബർ വഴി നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സൂചന

keralanews human trafficking in kochi more than 40 people have crossed over to australia via kochi munambam harbor

കൊച്ചി:കേരളത്തെ ഞെട്ടിച്ച് കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യക്കടത്ത്.മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യകടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.ശനിയാഴ്ച്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുന്നത്  നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍ ,കുടിവെളളം, ഫോട്ടോകള്‍ ,ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുളള വിമാനടിക്കറ്റുകള്‍,കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം ഉണ്ടായെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘം സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍  നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു.

അതേസമയം പോലീസ് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചു.ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘം ചെറായിയിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്ബായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച്‌ സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി.മുനമ്പം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച്‌ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.മുനമ്ബത്തെ പെട്രോള്‍ പമ്പിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുടിവെളളം ശേഖരിക്കാന്‍ മുനമ്പത്ത് നിന്നും അഞ്ച് ടാങ്കുകള്‍ വാങ്ങി. ഒരു മാസത്തേക്കുളള മരുന്നുകളും ശേഖരിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയോ ന്യൂസിലന്‍ഡോ ആകാം ലക്ഷ്യമെന്ന് കരുതുന്നു. മുനമ്ബം തീരത്ത് നിന്നും പുറപ്പെട്ടാന്‍ ഓസീസ് തീരത്തെത്താന്‍ 27 ദിവസമെങ്കിലും വേണ്ടി വരും. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസില്‍ ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസിന്റെ അനാസ്ഥ;കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ കുറ്റപത്രം റദ്ദായി;പ്രതികൾ രക്ഷപ്പെട്ടു

keralanews police negligence charge sheet canceled in the biggest drug case and accused escaped

തിരുവനന്തപുരം:പോലീസിന്റെ അനാസ്ഥകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവ് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും 135 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മൂന്ന് പേരാണ് കേസെടുത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനാല്‍ രക്ഷപ്പെട്ടത്.നിർദേശം പാലിക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.കേസെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് പറ്റിയ പിഴവാണ് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്.2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.മെഡിക്കൽ കോളേജ് വളപ്പിൽ നിന്നുമാണ് 135 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടിയത്.ആന്ധ്രായിൽ നിന്നും തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്നു കാറുകളും പിടികൂടി.സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളേജ് സിഐ തന്നെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതാണ് കേസിന് തിരിച്ചടിയായത്.നര്‍കോട്ടിക് കേസുകളുടെ അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ആഗസ്‌റ്റില്‍ സുപ്രീം കോടതി നല്‍കിയിരുന്നു.കേസെടുത്ത ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കരുതെന്നായിരുന്നു ഇതിലെ പ്രധാനവ്യവസ്ഥ.കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്നറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് (എന്‍.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം.ഈ വ്യവസ്ഥ പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു.

ശബരിമല മകരവിളക്ക് നാളെ;ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് കമ്മീഷണർ

keralanews sabarimala makaravilakk tomorrow completed all preparations said devaswom board commissioner

ശബരിമല:ശബരിമലയിൽ മകരവിളക്ക് നാളെ.മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും.അതേസമയം ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചതായി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറിയിച്ചു. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു

keralanews six including five from one family died in an accident in kollam

കൊല്ലം:കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു.തലച്ചിറ വടശേരിക്കര റാന്നി കൈലാസ് ഭവനില്‍ മിനി (46), മകള്‍ അഞ്ജന സുരേഷ് (21), കൈലാസ് ഭവനില്‍ മനോജിന്റെ ഭാര്യ സ്മിത, മകള്‍ ഹര്‍ഷ (മൂന്നര) ഇവരുടെ ബന്ധു ആല ചെങ്ങന്നൂര്‍ കോണത്തോത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.അരുണായിരുന്നു വാഹനമോടിച്ചിരുന്നത്.തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ്  ആയൂരില്‍ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാര്‍ എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്.നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇന്ന് രാവിലെയാണ് കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചത്. പോസ്റ്റിലിടിച്ച്‌ ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പോകുകയായിരുന്നു. വെളിനെല്ലൂര്‍ സ്വദേശികളായ അല്‍അമീന്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം;സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മേഴ്‌സിക്കുട്ടിയമ്മ

keralanews mining in alappatt govt ready for discussion with protesters

കൊല്ലം:ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു.അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിമ്മ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.തീര സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി.പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഖനനത്തെ ന്യായീകരിച്ച്‌ മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.അതേസമയം,കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.രണ്ടു കമ്പനികളാണ് ഖനനം നടത്തുന്നത്. ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും. ഇവര്‍ വീഴ്ച വരുത്തിയെന്നാണ് സഭാ സമിതി ചൂണ്ടിക്കാട്ടിയത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ നടപ്പായിട്ടില്ല.

അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചു

keralanews alok varma resigned from service

ന്യൂഡൽഹി:സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വെച്ചു. സ്വാഭാവിക നീതി തനിക്ക് നിഷേധിച്ചു എന്ന് ആരോപിച്ചാണ് അലോക് വര്‍മ്മയുടെ രാജി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വീണ്ടും നീക്കിയത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു മാറ്റം. എന്നാല്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നല്‍കിയ കത്തിലാണ് സര്‍വ്വീസില്‍ നിന്നും രാജി വെക്കുന്നതായി അലോക് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു അലോക് വര്‍മ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത് അദ്ദേഹം റഫേല്‍ കേസില്‍ അന്വേഷണത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ്. അലോക് വര്‍മയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് അവരോധിച്ചത്. ചുമതലയേറ്റയുടന്‍ റാവു നടപ്പാക്കിയത് കൂട്ടസ്ഥലംമാറ്റമാണ്. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശര്‍മ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തിയിരുന്നു.ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച്‌ രാഷ്ട്രീയസര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്‌തത്.അസ്‌താനയ്‌‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അലോക് വര്‍മ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവന്ന അലോക് വര്‍മ സിബിഐ ആസ്ഥാനത്ത് വീണ്ടും അഴിച്ചുപണിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് കസേര നഷ്‌ടമായി.

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവു നല്‍കിയ 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

keralanews high court canceled the govt order to release prisoners who completed ten years imprisonment

കൊച്ചി: പത്ത് വര്‍ഷത്തില്‍ അധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാകാലാവധി പ്രകാരം പത്ത് വര്‍ഷമെങ്കിലും ജയിലില്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കാമായിരുന്നത്. എന്നാല്‍, ഇതെല്ലാം മറികടന്ന് തടവുകാരെ മോചിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി നടപടി.തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച്‌ വിവാദമുയര്‍ന്നിരുന്നു.ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.4 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും. പുനപരിശോധിക്കുമ്ബോള്‍ ഇളവ് ലഭിച്ച്‌ ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കില്‍ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്.