മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും

keralanews sabarimala temple will close tomorrow after mandala makaravilakk season

ശബരിമല:മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും.തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നാളെ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. വൈകീട്ട് ഒമ്ബതരയോടെ ഹരിവരാസനം പാടി നട അടയ്ക്കും.തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് സന്നിധാനത്ത് നടക്കുക.രാജപ്രതിനിധി നാളെ ദര്‍ശനം നടത്തും. തുടര്‍ന്ന് തിരുവാഭരണം രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്ന് ഈ മണ്ഡല കാലത്തിന് സമാപനം കുറിച്ച്‌ ശബരിമല നട നാളെ രാവിലെ 6 മണിയ്ക്ക് അടയ്ക്കും.

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ

keralanews govt in supreme court says 51 young ladies visited sabrimala during mandala makaravilakk season

ശബരിമല:മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ.ഇവരുടെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.പട്ടികയില്‍ കൂടുതലും ആന്ധ്ര, തമിഴ്‌നാട്, തെലങ്കാന സ്വദേശികളാണ്. പട്ടികയില്‍ പേര്, വയസ്, ആധാര്‍ നമ്പർ, മൊബൈൽനമ്പർ, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ട്.ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

keralanews supreme court order to give protection to bindhu and kanakadurga who visited sabarimala

ദില്ലി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു

keralanews bjp hunger strike infront of secretariate has been withdrawn

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്.ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാറായ സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം.എന്നാൽ സുപ്രീം കോടതി ഇരുപത്തിരണ്ടാം തീയതി കേസ് പരിഗണിക്കില്ലെന്ന് അറിയിച്ചതോടെയാണ് മണ്ഡലകാലം അവസാനത്തോടെ നിരാഹാര സമരം പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ജീവന് ഭീഷണി;മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു

keralanews threat to life bindu and kanakadurga approached supreme court seeking full time protection

ന്യൂഡൽഹി:ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്  മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു.ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് നാളെ തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളും മറ്റ് സുരക്ഷാ ഭീഷണിയെയും വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ജനുവരി രണ്ടിനാണ് കൊയിലാണ്ടി സ്വദേശിനി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശിനി ബിന്ദുവും ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിനു ശേഷം വധഭീഷണിയെ തുടര്‍ന്ന് കുറെ നാള്‍ രണ്ടുപേരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്; കെഎസ്ആർടിസി പണിമുടക്ക് മാറ്റിവെച്ചു

keralanews indefinite strike announced by ksrtc has been withdrawn

തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് സമരസമിതി പ്രതിനിധികൾ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം 21ന് നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. എംപാനല്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.മന്ത്രിക്കും യൂണിയന്‍ നേതാക്കള്‍ക്കും പുറമെ സിഎംഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പണിമുടക്കിൽ മാറ്റമില്ലെന്ന് കെഎസ്‌ആര്‍ടിസി സംയുക്ത സമരസമിതി

keralanews no change in ksrtc strike from today midnight

കൊച്ചി: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നടത്താനിരിക്കുന്ന കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി.കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും എന്നാല്‍ പണിമുടക്ക് മാറ്റില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ യോഗം അറിയിച്ചു.നേരത്തെ, കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ കോടതി തൊഴിലാളി സംഘടനകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.പണിമുടക്ക് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്താതിരുന്ന എം.ഡിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സി.എം.ഡി വ്യക്തമായ തീരുമാനം അറിയിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. സര്‍ക്കാറുമായി ആലോചിച്ച് സമരത്തെ നേരിടുമെന്ന് തച്ചങ്കരി വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

keralanews high court stayed the indefinite strike announced by ksrtc employees from today midnight

കൊച്ചി:കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.ജീവനക്കാരുടെ അനാവശ്യ സമരത്തിനെതിരെ കോടതിയെ സമീപിച്ചത് ജെയിംസ് വടക്കന്‍ നേതൃത്വം കൊടുക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനായിരുന്നു.സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ന്റെ ശക്തമായ വാദമുഖങ്ങള്‍ പരിഗണിച്ച്‌ തന്നെയാണ് സമരം നിയമവിരുദ്ധമെന്ന്‌ഹൈക്കോടതി പറഞ്ഞത്.1994 ലെ എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്‌ട് പ്രകാരം സമരത്തിന് ന്യായീകരണമില്ലെന്നാണ് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഹര്‍ജിയില്‍ വടക്കന്‍ വ്യക്തമാക്കിയത്. സമരം നിയമവിരുദ്ധമാണ്. സമരം തടഞ്ഞുകൊണ്ട് ഇടക്കാല വിധി വേണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് യൂണിയനുകള്‍ സമരം വഴി തടയുന്നത്. ആവശ്യസര്‍വീസ് നിയമപ്രകാരമാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സമരം കാരണം ആവശ്യസര്‍വീസ് തന്നെയാണ് തടസപ്പെടുന്നത്. കോടികളുടെ ബാധ്യത നിലനില്‍ക്കവെയാണ് യൂണിയനുകള്‍ അത് മറന്നു സമരത്തില്‍ ഏര്‍പ്പെടുന്നത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് സമരം നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞത്. കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്‌നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ് മെന്റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച്‌ പരിഹാരമുണ്ടാക്കേണ്ടതും മാനേജ്‌മെന്റാണെന്നും കോടതി നിരീക്ഷിച്ചു.

ചർച്ച പരാജയം;ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്

keralanews ksrtc indefinite strike will start from today midnight

തിരുവനന്തപുരം:ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക്.കെഎസ്‌ആ‌ര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുംവരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.കെഎസ്‌ആര്‍ടിസി എംഡിക്കെതിരെയും യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തി.എംഡി ചര്‍ച്ചയില്‍ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചതെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കെഎസ്‌ആര്‍ടിസി അനിശ്ചിതകാലപണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് കെഎസ്‌ആര്‍ടിസി എം‍ഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച്‌ ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്‌ആര്‍ടിസി എംഡി മുന്നറിയിപ്പ് നല്‍കി.

ശബരിമലയിൽ ദർശനത്തിനായി കണ്ണൂർ സ്വദേശിനികളായ യുവതികളെത്തി;പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി

keralanews young ladies came to visit sabarimala and returned due to protest

ശബരിമല:മണ്ഡലകാലം അവസാനിക്കാനിരിക്കെ ശബരിമലയിൽ വീണ്ടും യുവതികളെത്തി. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് പുലര്‍ച്ചയോടെ മല ചവിട്ടാനെത്തിയത്.പുലര്‍ച്ചെ നാലരയോടെയാണ് രേഷ്മയും ഷനിലയും പമ്പ കടന്ന് ശബരിമല കയറാന്‍ ആരംഭിച്ചത്. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. എല്ലാവരും തന്നെ കണ്ണൂര്‍ സ്വദേശികളാണ്.പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.യുവതികള്‍ മല കയറുന്നു എന്ന വിവരെ പടര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി. ഇവർ യുവതികളെ നീലിമലയിൽ തടഞ്ഞു. മൂന്ന് മണിക്കൂറിലധികം നേരമാണ് പ്രതിഷേധക്കാര്‍ ഇവരെ നീലിമലയില്‍ തടഞ്ഞ് വെച്ചത്.പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാരും സ്ഥലത്തേക്ക് എത്തി യുവതികള്‍ക്ക് സുരക്ഷയൊരുക്കി.നീലി മലയില്‍ ഏതാണ്ട് ആയിരത്തോളം പ്രതിഷേധക്കാരാണ് സംഘടിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ അസി. കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ സ്ഥലത്ത് എത്തി യുവതികളുമായും ഒപ്പമുളള പുരുഷന്മാരുമായും സംസാരിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. എന്നാല്‍ തിരിച്ച്‌ പോകാന്‍ തയ്യാറാവാതെ യുവതികള്‍ നീലിമലയില്‍ കുത്തിയിരുന്നു. പ്രതിഷേധം കണ്ട് ഭയന്ന് മടങ്ങിപ്പോകാനല്ല വന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞില്ലെന്നും ഇപ്പോള്‍ പോലീസ് പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധമുണ്ടെന്നും രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.പ്രതിഷേധം കനത്തതോടെ പോലീസ് യുവതികളേയും സംഘത്തേയും പമ്ബയിലേക്ക് തിരിച്ചിറക്കി. യുവതികളേയും പുരുഷന്മാരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കണ്ണൂരില്‍ അധ്യാപികയായ രേഷ്മ നിഷാന്ത് നേരത്തേയും ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയാണ് രേഷ്മയും ഷനിലയും ഇത്തവണ ശബരിമലയിലേക്ക് എത്തിയത്.