കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ ഉജ്വല സ്വീകരണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എംപിയുമായ എം.എ ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.ഏകെ ആന്‍റണി , ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.തുടർന്ന് മറൈൻ ഡ്രൈവിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിനെത്തി.
മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി:മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ അദ്ദേഹം 2010ലാണ് പൊതുരംഗം വിട്ടത്.മംഗലാപുരം സ്വദേശിയായ ജോർജ് ഫെർണാണ്ടസ് ഒൻപത് തവണ ലോക്‌സഭംഗമായിരുന്നു.വാര്‍ത്താവിനിമയം, വ്യവസായം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോള ഉൾപ്പെടെയുള്ള കോര്‍പറേറ്റ് കമ്ബനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്‌എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റെത്.റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കൊങ്കൺ റെയിൽവേ എന്ന ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്.ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം പതിനാലാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാര്‍ഗില്‍ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.എന്നാൽ കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു.
മുനമ്പം മനുഷ്യക്കടത്ത്;അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയ
ന്യൂഡൽഹി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഓസ്‌ട്രേലിയ. ഇന്ത്യയിൽ നിന്നും ഒരു സംഘം ആളുകള്‍ ബോട്ടു മാര്‍ഗം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്.അനധികൃതമായി എത്തുന്നവരെ പിടികൂടുമെന്നും ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സിപിഎം ഓഫീസ് റെയ്ഡ്;എഎസ്പി ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാർശയില്ല
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.ഇത് സംബന്ധിച്ച് എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമര്‍ശമുണ്ട്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് എസ്പിക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരേ അമ്ബതോളം ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടര്‍ന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാല്‍ പകരം ചുമതലയിലായിരുന്നു ചൈത്ര.പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാല്‍, പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല.
എഎസ്പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും;കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് സൂചന
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എഎസ്പി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.എ ഡി ജി പി മനോജ് എബ്രഹാമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.എസ്പിക്കെതിരായി കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണില്‍ വിളിച്ച് പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങള്‍ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ;ഒരു സ്ത്രീ മരിച്ചു;11പേർ ആശുപത്രിയിൽ
ബെംഗളൂരു:കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ.ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഒരു സ്ത്രീ മരിച്ചു.ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്.ഛര്‍ദിമൂലം നിര്‍ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തില്‍ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകള്‍ പ്രസാദമായി ഭക്തര്‍ക്ക് ഹലുവ നല്‍കുകയായിരുന്നു. ഇത് കഴിച്ച ആളുകള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണമായ പ്രസാദം ക്ഷേത്രത്തില്‍നിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.
സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്;ഡിസിപി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടി; ഡിസിപി സ്ഥാനത്തു നിന്നും നീക്കി
തിരുവനന്തപുരം:പാർട്ടിയെ ഞെട്ടിച്ച് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്.ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണ്‍ ആണ് സാധാരണ പോലീസുകാര്‍ റെയ്ഡുമായി കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത പാര്‍ട്ടി ഓഫീസിലേക്ക് പോലീസ് പടയുമായി എത്തിയത്.പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓഫീസിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്. ബുധനാഴ്ച രാത്രിയോടെ അന്‍പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞിരുന്നു.ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.പ്രതികള്‍ മേട്ടുക്കടയിലുളള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുളളതായി പോലീസിന് വിവരം ലഭിച്ചു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്താന്‍ ഡിസിപി തീരുമാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തെ കണ്ടപ്പോള്‍ ഓഫീസിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു.റെയ്ഡ് നടത്താന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്തെങ്കിലും പരിശോധന നടത്താതെ തിരിച്ച് പോകില്ലെന്ന് ഡിസിപി വ്യക്തമാക്കിയതോടെ നേതാക്കള്‍ വഴങ്ങി.എന്നാൽ റെയ്‌ഡിൽ ആരെയും പിടികൂടാനായില്ല. റെയ്ഡിന് പിന്നാലെ ഡിസിപിക്കെതിരെ സിപിഎം ജില്ലാ നേതൃത്വം പരാതിയുമായി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ശബരിമല ഡ്യൂട്ടിക്ക് ശേഷം നാല് ദിവസത്തേക്ക് മെഡിക്കല്‍ ലീവില്‍ ആയിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി തിരിച്ച് വിളിച്ചു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് തന്നെ തിരിച്ചയച്ചു. റെയ്‌ഡ് നടത്തിയ സംഭവത്തിൽ ഡിസിപി യുടെ ചുമതല വഹിച്ചിരുന്ന എസ്പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം കമ്മീഷണർക്ക് നിർദേശം നൽകുകയും ചെയ്തു.
സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
തൃശൂർ:ശബരിമല വിഷയത്തിൽ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്.വല്ലച്ചിറ സ്വദേശി സരോവറിനെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പൊലീസ് പിടികൂടിയത്. പ്രിയനന്ദനന്‍റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് പ്രിയനന്ദനന്‍ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു.ഇതിനിടെ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു.തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു.
അഴീക്കോട് തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാർ നല്‍കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു
ന്യൂഡൽഹി:അഴീക്കോട് തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാർ നല്‍കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.ഷാജിയുടെ ഹര്‍ജിക്കൊപ്പം നികേഷിന്‍റെ ഹര്‍ജിയും കേള്‍ക്കാമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ.എം ഷാജിയുടെ വിജയം അസാധുവാക്കിയെങ്കിലും ഹൈക്കോടതി പക്ഷേ നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല.നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിധിക്കെതിരെ കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് കെഎം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചു. എന്നാല്‍ പൂര്‍ണ്ണമായ സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി മുന്‍ ഉത്തരവ് ആവര്‍ത്തിക്കുകയായിരുന്നു.
പ്ലാച്ചിമടയിൽ സമരം വീണ്ടും സജീവമാകുന്നു;ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിലേക്ക്
പാലക്കാട്:പ്ലാച്ചിമടയിൽ സമരം വീണ്ടും സജീവമാകുന്നു.ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിലേക്ക്. സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമമാക്കുക, പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക,കൊക്ക കോള കമ്ബനിക്കെതിരെ ചുമത്തിയ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ എടുക്കുക എന്നീ ന്യായമായ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍ അറിയിച്ചു.2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. 2011 ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നിയമസഭ പാസ്സാക്കി.രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കി.സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. പ്രാദേശിക സമരങ്ങളെ തുടര്‍ന്ന് 2017 ല്‍, പരിഹാരമുറപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ഇതും കടലാസില്‍ മാത്രമാണെന്ന് സമരസമിതി ആരോപിക്കുന്നു.പ്ലാച്ചിമടയില്‍ പുതിയ പദ്ധതിക്ക് കളമൊരുങ്ങുന്നത് പ്രതിഷേധാര്‍ഹമെന്നാണ് സമരസമിതിയുടെ നിലപാട്. പ്ലാച്ചിമടയില്‍ കാര്‍ഷികേതര പദ്ധതികളൊന്നും അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു.