ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ പെട്ടന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.എയര്‍ ഇന്ത്യ വിമാനത്തിലാണ‌് മൃതദേഹങ്ങള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അപകടത്തില്‍ രക്ഷപ്പെട്ടവരും ഇന്നു കൊച്ചിയിലെത്തും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡെൽഹിയിലെത്തിയതായിരുന്നു ഇവർ.
ഡൽഹി തീപിടുത്തം;മൂന്ന് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ഡൽഹി:ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍.അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചേരാനെല്ലൂര്‍ സ്വദേശികളായ ജയശ്രീ, അമ്മ നളിനിയമ്മ സഹോദരൻ വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്.നളിനിയമ്മയുടെ മറ്റൊരു മകളുടെ കല്യാണത്തിനായാണ് ഇവർ ഡൽഹിയിലെത്തിയത്. പുലര്‍ച്ച നാലു മണിയോടെയാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. ആദ്യ നിലയിലെ 104ആം നമ്പര്‍ മുറിയില്‍ നിന്ന് തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഗാസിയാബാദിലെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ നളിനിയമ്മയും കുടുംബവും രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്.5:30ന് ഹരിദ്വാറിലേക്ക് പോകാനുള്ളതിനാല്‍ പുലര്‍ച്ചെ പലരും എഴുന്നേറ്റിരുന്നു. തീ പിടിത്തം ഉണ്ടായപ്പോള്‍ ഇപ്പോള്‍ മരിച്ചവര്‍ രക്ഷപ്പെടാനായി മുകളിലെ നിലയിലേക്ക് പോകാന്‍ ശ്രമിച്ചതായാണ് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറയുന്നത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
ഡൽഹി തീപിടുത്തം;മരണം 17 ആയി;മരിച്ചവരിൽ ഒരു മലയാളിയും
ന്യൂഡൽഹി:ഡൽഹി കരോൾബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. രണ്ടു മലയാളികളെ കാണ്മാനില്ല. ചോറ്റാനിക്കര സ്വദേശിനിയായ ജയശ്രിയാണ് മരിച്ചത്.ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്.അപടത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. നിരവധിപ്പേരെ കാണാതായി.കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ്, തീപ്പിടുത്തം ഉണ്ടായത്. മലയാളികളടക്കം നിരവധി്പ്പേര്‍ ഹോട്ടലില്‍ താമസത്തിനുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം; ഒൻപതുപേർ മരിച്ചു
ന്യൂഡൽഹി:സെൻട്രൽ ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒൻപതുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്.ഹോട്ടലിൽ മലയാളികളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരില്‍ നിന്ന് 13 അംഗ സംഘം ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്.ഇതില്‍ മൂന്ന് പേരെ കാണതായിട്ടുണ്ട്. ഇവര്‍ ഹോട്ടലില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അരിയിൽ ഷുക്കൂർ വധക്കേസ്;പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി
കണ്ണൂർ:കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തി. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കൊപ്പം കൊലക്കുറ്റവും ചുമത്തിയിരിക്കുന്നത്.നേരത്തെ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഐ.പി.സി 302, 120 ബി വകുപ്പുകളാണ് പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും സി.ബി.ഐ ചുമത്തിയത്. കേസില്‍ പി.ജയരാജന്‍ 32 ആം പ്രതിയും ടി.വി രാജേഷ് 33ആം പ്രതിയുമാണ്.
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസില്‍ സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന യു.വി വേണു ഉള്‍പ്പടെ 33 പ്രതികളാണുളളത്. രണ്ടുമാസത്തിനുളളില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രീം കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം തലശേരി സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ജെ.എം നിര്‍ദേശിക്കുകയായിരുന്നു.
കണ്ണൂർ വാരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കണ്ണൂർ:വാരം ചതുരക്കിണറിന് സമീപം ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.ബൈക്ക് യാത്രക്കാരായ ആകാശ് അശോകൻ(19),അർജുൻ ശ്രീനിവാസൻ(19),ഓട്ടോ യാത്രക്കാരനായ പ്രകാശ്(55)എന്നിവരാണ് മരിച്ചത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ ഇരിട്ടി സ്വദേശി ജോളിയെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വട്ടപ്പൊയിൽ സ്വദേശികളായ അശോകൻ-സജിന ദമ്പതികളുടെ മകനാണ് മരിച്ച ആകാശ്.വട്ടപ്പൊയിലിലെ ശ്രീനിവാസന്റെയും ജ്യോതിയുടെയും മകനാണ് അർജുൻ.പ്രകാശൻ പായം കേളൻപീടിക സ്വദേശിയാണ്.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഓട്ടോടാക്‌സിയും കണ്ണൂരിൽ നിന്നും വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ സോനു ബാലകൃഷ്ണൻ(19),മനോജ്,സത്യൻ,വിജേഷ് എന്നിവരെ പരിക്കുകളോടെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവദമ്പതികളെ സോഷ്യൽ സോഷ്യൽമീഡിയ വഴി അപമാനിച്ച കേസ്;വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍
കണ്ണൂർ:നവദമ്പതികളെ സോഷ്യൽ സോഷ്യൽമീഡിയ വഴി അപമാനിച്ച കേസിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍.വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരന്‍ വിവാഹം കഴിച്ചത്, എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം.വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് തങ്ങള്‍ക്കെതിരെ വ്യാപകപ്രചാരണമാണ് ഇവര്‍ നടത്തിയതെന്നും ജൂബി നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകൾ;ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കൊച്ചി:ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകളെന്ന് റിപ്പോർട്ട്.12 ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു.കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുൻപ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന ശക്തമാക്കിയത്.തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ അടങ്ങിയതാണ് മരുന്നുകള്‍.മരുന്നുകളെത്തുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് അനുമാനം. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ പറഞ്ഞു.
കോല്‍ക്കത്ത കമ്മീഷണര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും
കോല്‍ക്കത്ത:കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും.മേഘാലയയിലെ ഷില്ലോംഗിലാണ് രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നത്.ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച സംഭവുമായി കമ്മീഷണർക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സി ബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജീവ്കുമാറിനെ ചോദ്യംചെയ്യാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നല്കിയത്.അതേസമയം രാജീവ് കുമാറിനെ രണ്ടിടങ്ങളിലായി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആദ്യം ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതതിനു ശേഷം രണ്ടാമത് അജ്ഞാത കേന്ദ്രത്തിലെത്തിക്കുമെന്നാണ് വിവരം.
യുപിയിൽ വിഷമദ്യ ദുരന്തം;26 മരണം
ലക്‌നൗ:യുപിയിൽ വിഷമദ്യ ദുരന്തത്തിൽ 26 പേർ മരിച്ചു.ഹരിദ്വാര്‍ ജില്ലയിലെ ബാലുപൂര്‍ ഗ്രാമത്തില്‍ നിന്നും മദ്യപിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഉത്തരാഖണ്ഡ് – ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമമായ ബാലുപൂരില്‍ ഇന്നലെ വൈകീട്ടാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. ഹരിദ്വാര്‍ – ശഹറാന്‍പൂര്‍ ജില്ലകള്‍ക്ക് മധ്യേയാണ് ബാലുപൂര്‍ ഗ്രാമം. ഗ്രാമത്തില്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് മദ്യപിച്ചത്. ചിലര്‍ ഉടന്‍ തന്നെയും ശേഷിക്കുന്നവര്‍ വീട്ടിലേക്കുള്ള വഴി മധ്യേയും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് ഗ്രാമത്തില്‍ നിന്നുള്ളവരുണ്ടെന്നും മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാവൂ എന്നും പൊലീസ് പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 50000 രൂപ ചികിത്സ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.