വയനാട്:കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മൃതദേഹം രാത്രി പത്തുമണിയോടെ തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.ഉച്ചക്ക് രണ്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഏറ്റുവാങ്ങി.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി
കോഴിക്കോട്:പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി.എയര്‍ ഫോഴ‌്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്‍ രണ്ടിന‌് എത്തിച്ച മൃതദേഹം വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ സംസ്ഥാന ബഹുമതികളോടെ സ്വീകരിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ഡോ. കെ ടി ജലീല്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവര്‍ണര്‍ക്കായി കലക്ടര്‍ അമിത് മീണയും പുഷ‌്പചക്രം അർപ്പിച്ചു.എം പി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ‌് ബഷീര്‍, പി വി അബ്ദുല്‍ വഹാബ‌് എം പി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഷാഫി പറമ്ബില്‍, പി അബ്ദുല്‍ ഹമീദ‌് എന്നിവരും എത്തി. വിമാനത്താവളത്തില്‍ 45 മിനിറ്റ‌് പൊതുദര്‍ശനം അനുവദിച്ചു. വീര ജവാന‌് പൊലീസും സിആര്‍പിഎഫും ഗാര്‍ഡ‌് ഓഫ‌് ഓണര്‍ നല്‍കി.തുടര്‍ന്ന് റോഡു മാര്‍ഗം കോഴിക്കോടുവഴി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി.വയനാട് ലക്കിടിയിലെത്തിക്കുന്ന ഭൗതികദേഹം ലക്കിടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കരിപ്പറ്റയില്‍ സംസ്‌കരിക്കും.
കൊട്ടിയൂർ പീഡനക്കേസ്;ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി
തലശ്ശേരി:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിപറഞ്ഞത്.മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു.തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കംചെറിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി,ഡോ ലിസ് മരിയ,സിസ്റ്റര്‍ അനീറ്റ,സിസ്റ്റര്‍ ഒഫീലിയ,തോമസ് ജോസഫ് തേരകം,ഡോ ബെറ്റി ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.വിചാരണക്കിടെ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ വൈദികന് തിരിച്ചടിയാവുകയായിരുന്നു. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.ഇതോടെ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
വയനാട്:പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.രാവിലെ 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന വസന്തകുറിന്റെ മൃതദേഹം ജില്ലാ കലക്ടറടങ്ങുന്ന സംഘം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങും.പിന്നീട് മൃതദേഹം വസന്തകുമാറിന്റെ നാടായ വയനാട്ടിലേക്ക് കൊണ്ടുപോകും.വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി.പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും. തൃക്കേപ്പറ്റ വഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ അവധിക്ക് വന്ന് കഴിഞ്ഞ ഒൻപതാം തീയതിയാണ് ബറ്റാലിയന്‍ മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്.
കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്
കണ്ണൂർ:കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്.മൂന്നു വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ വിജയിച്ചു. 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.ഇവിടെ എല്‍ഡിഎഫ് അംഗം കോണ്‍ഗ്രസ് എസിലെ പി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.കല്യാശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ വെള്ളാഞ്ചിറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍ച്ചത്.731 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ശ്രീകണ്‌ഠപുരം നഗരസഭയിലെ പത്താം വാര്‍ഡായ കാവുമ്പായിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ രാജന്‍ വിജയിച്ചു. ഇ രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവന് 170 വോട്ടാണ് ലഭിച്ചത്.സിപിഐ എം എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പുൽവാമ ഭീകരാക്രമണം;കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ഡല്‍ഹി:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും ചെയ്‌തത് വലിയ തെറ്റാണെന്നും മോദി പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപെടുമെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ സ്വപ്നം നടക്കില്ലെന്നും ഇന്ത്യയെ അങ്ങനെ തളര്‍ത്താന്‍ സാധിക്കില്ലെന്നും ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയെന്നും മോദി പറഞ്ഞു.അതേസമയം, ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ചയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. വന്‍ തോതില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല. ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.അഫ്ഗാനില്‍ നടന്നതിനു സമാനമായ ആക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ കരസേന, സിആര്‍പിഎഫ്, ബിഎസ്‌എഫ്, കശ്മീര്‍ പൊലീസ് നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. പുല്‍വാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ നടന്ന ആക്രമണത്തില്‍ ഇതുവരെ ൪൪ സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
പുല്‍വാമ ആക്രമണം;44 ജവാന്മാര്‍ക്ക് വീരമൃത്യു; മരിച്ചവരില്‍ വയനാട് സ്വദേശിയും
ജമ്മു കാശ്മീർ:ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിൽ മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരിക്കേറ്റു.വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് വസന്തകുമാര്‍. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ 78 വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.അതേസമയം പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സി.ആര്‍.പി.എഫ് മേധാവി ആര്‍. ആര്‍ ഭട്നാഗറുമായി ചര്‍ച്ച നടത്തി.അതേസമയം പല സൈനികരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
കശ്മീരില്‍ വന്‍ഭീകരാക്രമണം;12 ജവാന്മാർക്ക് വീരമൃത്യു
ശ്രീനഗര്‍:കശ്മീരില്‍ ഭീകരാക്രമണത്തില്‍ 12 ജവാന്മാർക്ക് വീരമൃത്യു. പുല്‍വാമയിലെ അവന്തിപ്പോരായിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരേയായിരുന്നു ആക്രമണം.44 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ പലരുടെയും നില ഗുരുതരമാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.വിദൂരനിയന്ത്രിത സഫ്‌ടോകവസ്തു ഉപയോഗിച്ചാണ് ഭീകരര്‍ ജവാന്മാര്‍ സഞ്ചരിച്ച ബസ്സിനെ ആക്രമിച്ചത്.സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ:അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍,ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും.കേസിന്റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കും.വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതില്‍ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക.കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.
പരോളിലിറങ്ങിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍
കണ്ണൂർ:ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പരോളിലിറങ്ങിയ പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.യുവാവിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെ ലഭിക്കാന്‍ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും ഭീഷണപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൊടിസുനിയുടെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം എത്തിച്ചത് റാഷിദ് എന്ന യുവാവായിരുന്നു.കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് സ്വര്‍ണ്ണം നഷ്ടമാവുന്നത്.ഇത് തിരകെ കിട്ടാന്‍ യുവാവിനെയും സഹോദരനേയും കൊടി സുനിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.റാഷിദിന്‍റെ ഉമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.