കാസർകോഡ്:പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്.ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബാംഗങ്ങളെയും രാഹുല്‍ കാണുന്നുണ്ട്. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.സന്ദര്‍ശനത്തോടനുബന്ധിച്ച് കാസര്‍കോട് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ ജനാമഹാറാലിക്ക് ശേഷം രാത്രി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും.
കാസർകോഡ് ഇരട്ടക്കൊലപാതകം;ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ
കാസർകോഡ്:പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ.കല്ല്യോട്ട് സ്വദേശി മുരളി തനിത്തോടിനെയാണ്(35) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാനായി വാഹനം ഏർപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സിപിഎം പ്രവത്തകനാണിയാൾ.കേസിലെ ഏഴാം പ്രതി ഗിരിജന്റെ അച്ഛൻ ശാസ്താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ മേസ്തിരി തൊഴിലാളിയാണ് മുരളി.ശാസ്താ ഗംഗാധരന്റെ കാറാണ് ഇയാൾ പ്രതികൾക്ക് രക്ഷപ്പെടാനായി എത്തിച്ചു നൽകിയത്. ശരത്തിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ ശേഷം എട്ടംഗ കൊലയാളി സംഘം രണ്ടായി പിരിഞ്ഞു.നാലുപേരടങ്ങിയ ഒരു സംഘം ശാസ്താ ഗംഗാധരന്റെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലേക്കും രണ്ടാമത്തെ സംഘം സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലേക്കുമാണ് പോയത്.കേസിലെ ഒന്നാം പ്രതി പീതാംബരനടക്കമുള്ള നാലംഗ സംഘമാണ് പാർട്ടി ഓഫീസിലേക്ക് പോയത്.ഇവർക്ക് സഞ്ചരിക്കാനാണ് മുരളി കാർ എത്തിച്ചത്. പിടിയിലായ മുരളിയെ ഇന്ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞു
ന്യൂഡല്‍ഹി:ജയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന വീണ്ടും തടഞ്ഞു.യുഎന്‍ രക്ഷാ സമിതിയിലാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനയുടെ തടസ്സവാദം.മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെട്ടു.മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽപെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടെ യു .എന്‍ എടുക്കാവൂ എന്നതാണ് ചൈനയുടെ നിലപാട്.ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന നേരത്തെ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.ജയ്ഷെ മുഹമ്മദ് ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫ്രാന്‍സ്, യുഎസ്, യുകെ രാജ്യങ്ങള്‍ സംയുക്തമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ നടപടികളും ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്.അതേസമയം ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി
ന്യൂഡൽഹി:വൈകീട്ട് നാല് മണിക്ക് മുമ്പായി ഇന്ത്യയിലെ എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നിലത്തിറക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. എത്യോപ്യയിലെ വിമാനപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് നാല് മണിക്ക് വിമാനക്കമ്പനികളുടെ യോഗവും വ്യോമയാന മന്ത്രാലയം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്പൈസ് ജെറ്റിന് പതിമൂന്ന് ബോയിങ് 737 മാക്സ് 8 വിമാനങ്ങളും,ജെറ്റ് എയര്‍വൈസിന് അഞ്ചുമാണ് ഉള്ളത്. ഇതില്‍ ജെറ്റ് എയര്‍വെയ്സിന്‍റെ വിമാനങ്ങള്‍ സാമ്പത്തിക പ്രശ്നം കാരണം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. അടിയന്തരമായി നിലത്തിറക്കണമെന്ന നിര്‍ദേശം ഇന്നലെ തന്നെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആ സമയത്ത് സ്പൈസ് ജെറ്റ് വിമാനങ്ങള്‍ പലതും യാത്രയിലായിരുന്നു. അതിനാല്‍ നാലുമണിക്ക് ഉള്ളില്‍ നിര്‍ദേശം നടപ്പാക്കാനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.നിര്‍ദേശത്തിന് പിന്നാലെ ഫ്ലൈറ്റുകള്‍ റദ്ദാക്കിയതായുള്ള വിവരം സ്പൈസ് ജെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ മുഴുവന്‍ പണവും നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് ആക്ടിവിസ്റ്റ്
വാഷിങ്ടണ്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ്. പാക് അധീന കശ്മീര്‍ സ്വദേശിയായ സെന്‍ജെ ഹസ്‌നാന്‍ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അമേരിക്കയിലുള്ള സെന്‍ജെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അനവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും സെന്‍ജെ ഹസ്‌നാന്‍ സെറിങ് അവകാശപ്പെട്ടു. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നു.വ്യോമാക്രമണം നടന്ന സ്ഥലത്തേക്ക് ഇതുവരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കോ പ്രാദേശിക മാദ്ധ്യമങ്ങള്‍ക്കോ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടില്ല. അവര്‍ കള്ളം പറഞ്ഞതിനാണ് മാധ്യമങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്ത എന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ അനുവദിക്കാത്തതിനല്‍ ന്യായീകരണമില്ലെന്നും സെന്‍ജെ സെറിംഗ് പറഞ്ഞു.കൂടാതെ ഇതിനൊക്കെ തെളിവായി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട എല്ലാ ഭീകരര്‍ക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനിക ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു; രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കണ്ണൂർ:അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു.രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ കുര്യപറമ്ബില്‍ തോമസ് ലാലന്റെ മകൻ സ്‌കോളസ് തോമസാണ് (25) മരിച്ചത്.തലശ്ശേരി വടക്കുമ്പാട്ടെ സിദ്ധാര്‍ഥ് (25), കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റൂട്ടില്‍ വളവില്‍പീടികയില്‍ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം ഉണ്ടായത്.കോളേജില്‍ നിന്ന് രാത്രിയോടെ ചക്കരക്കല്ലിലെത്തിയ ഇവര്‍ തിരിച്ച് പോകുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി പോസ്റ്റിലും തുടര്‍ന്ന് സമീപത്തുള്ള മരത്തിലും ഇടിക്കുകയായിരുന്നു.ശേഷം കാര്‍ പൊങ്ങി അല്പം താഴെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വീണു.നാട്ടുകാരും അഗ്നിരക്ഷസേനയും ചക്കരക്കല്ല് പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ പോകുന്ന് വഴിയില്‍ സ്‌കോളസ് മരിച്ചു. മറ്റു രണ്ടുപേരെയും പ്രാഥമികചികിത്സ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രണയനൈരാശ്യം;തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി
പത്തനംതിട്ട:തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി.സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം.രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ പെൺകുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണ് യുവാവിനെ ഇത്തരമൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പ്ലസ് ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു.എന്നാല്‍ വീട്ടുകാര്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് പോകുന്നതിനിടെ ചിലങ്ക ജംഗ്ഷനില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.കൃത്യം നടത്തിയശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം ആറുമൊട്ടാംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. ക്ഷീരകര്‍ഷകനായ രാഘവന്‍ സമീപത്തെ വീടുകളിൽ പാല്‍ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പുലര്‍ച്ചെ ആയതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.തുടര്‍ന്ന് നാട്ടുകാര്‍ രാഘവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തെ കാട്ടാന ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ്;കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും
കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും.ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ അതൃപ്തിയാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്
ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നടക്കും. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും സുനിൽ അറോറ ആവശ്യപ്പെട്ടു.പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്നും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.