പനാജി:അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം 11മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് വാശിപിടിച്ചു നിന്ന രണ്ട് ഘടകകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി സംസ്ഥാനത്ത് ഭരണം നിലനിറുത്തിയത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുധിന്‍ ധവാലികര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സർക്കാർ രൂപീകരിക്കാന്‍ നീക്കം നടത്തിയ കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റത്.
കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു
കൊല്ലം:കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെന്‍മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്. സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഗോവ മുഖ്യമന്ത്രി മനോജ് പരീക്കർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ
ഗോവ:ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന മനോജ് പരീക്കർ(63) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പനാജിയിലെ വസതിയിലായിന്നു അന്ത്യം. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍. പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു പരീക്കര്‍. ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി.മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി.1999ല്‍ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. 2000 മുതല്‍ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ല്‍ ഗോവന്‍ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു.അതേസമയം പരീക്കറിന്റെ സംസ്ക്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.മനോഹര്‍ പരീക്കറിന്റെ മരണത്തോടനുബന്ധിച്ച് മാര്‍ച്ച് 18ന് ദേശീയ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഇന്നു കാലത്ത് 10 മണിക്ക് കേന്ദ്ര മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.
പി.ജയരാജന് വധഭീഷണി
കൊയിലാണ്ടി:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന് വധഭീഷണി.കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണ്‍ സന്ദേശമെത്തിയത്.സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇന്‍റര്‍നെറ്റ് കോള്‍വഴിയാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പ്;സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും
കണ്ണൂര്‍:വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ജയവും പരാജയവും പ്രശ്‌നമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതികാര്യങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ്‌കീഴാറ്റൂർ ദേശീയപാതയ്ക്കായി വയല്‍ നികത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരത്തിനിറങ്ങിയാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. അതേസമയം ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ വയൽക്കിളികൾ മത്സരത്തിനിറങ്ങുന്നതെന്ന് വ്യക്തമല്ല.സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം.
സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് ചൂട് കൂടും;സൂര്യാഘാതത്തിന് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവിടങ്ങളില്‍ കൂടിയ താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസിന്‍റെ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞുമൂന്നു വരെ എങ്കിലും നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് ഒഴിവാകണം.
* പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.
* അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
* തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി
തിരുവനന്തപുരം:നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍(യുഎൻഎ) വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി.പ്രസിഡന്റ് ജാസ്മിൻ ഷാ വൻ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഎൻഎ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന്റെ തെളുവുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ ജാസ്മിൻ ഷായും മറ്റ് യുഎൻഎ ഭാരവാഹികളും ചേർന്ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയതായാണ് പരാതി.മാസാവരി പിരിച്ച മൂന്നുകോടിയിലേറെ പണം മൂന്ന് അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്.ഇതിൽ ഒരുകോടി രൂപ ചിലവഴിച്ചതിന് കണക്കുകളുണ്ട്.എന്നാൽ ബാക്കി തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചെങ്കിലും വ്യക്തമായ കണക്കില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.പലതവണ സംഘടനയോട് കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു.അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്ന് മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.അതേസമയം ഏതൊരു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. യു.എന്‍.എക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ ഇത്തരം അന്വേഷണങ്ങള്‍ സഹായിക്കട്ടെയെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.
മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍ നടപ്പാലം തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു
മുംബൈ:മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് രണ്ടു സ്ത്രീകളടക്കം ആറു പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി.പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്.അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകട കാരണമെന്നാണ് സൂചന.വൈകിട്ട് ഛത്രപതി ശിവജി ടെര്‍മിനലില്‍ തിരക്കേറിയതോടെ പാലം തകരുകയായിരുന്നു. പാലത്തിന്‍റെ സ്ലാബാണ് അടര്‍ന്ന് വീണതെന്നും പാലം മോശം അവസ്ഥയിലായിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ മന്ത്രി വിനോദ് താവ്ഡെ പറഞ്ഞു.സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കും.സിഎസ്ടി റെയിൽവേ സ്റ്റേഷനെയും ആസാദ് മൈദാൻ പോലീസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ പാലം കസബ് പാലം എന്നും അറിയപ്പെടുന്നു.2011 ല്‍ മുബൈ ഭീകരകരമാണത്തിൽ അജ്മല്‍ കസബും കൂട്ടാളിയും ചേര്‍ന്ന് 58 പേരെ കൊന്നടുക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു പുറത്തേക്ക് കടന്നത് ഈ മേല്‍പ്പാലം വഴിയായിരുന്നു.
കാന്‍സര്‍ ബാധ;ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്
ന്യൂയോര്‍ക്ക്:അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ 201 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്.കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ചുവെന്ന് കാട്ടി ടെറി ലീവിറ്റ് എന്ന അമേരിക്കന്‍ യുവതി നല്‍കിയ പരാതിയിലാണ് കാലിഫോര്‍ണിയയിലെ പരമോന്നത കോടതിയുടെ ഉത്തരവ്.ചെറുപ്പകാലം തൊട്ടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറും മറ്റു വസ്തുക്കളും ഉപയോഗിച്ചിരുന്നതായും വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍സര്‍ പിടിപെട്ടെന്നും കാണിച്ചായിരുന്നു പരാതി. കമ്പനിയുടെ ഉല്‍പന്നം ഉപയോഗിച്ചതാണ് കാന്‍സര്‍ ബാധക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഇരക്ക് ലഭ്യമാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചവര്‍ക്ക് വിവിധ രോഗങ്ങള്‍ പിടിപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ നിലവിലുണ്ട്.അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറിയിച്ചു.
കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
