ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്.വിഷയവുമായി ബന്ധപ്പെട്ട് മുന്‍ കോടതി ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കി. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബെഞ്ച് വേനലവധി വെട്ടിച്ചുരുക്കി പ്രത്യേക സിറ്റിങ് ചേര്‍ന്നു. ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റിസ് താന്‍ രാജിവെക്കില്ലെന്നു ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ സ്റ്റാഫ് അംഗമായ 35കാരിയാണ് ചീഫ് ജസ്റ്റിസ് വീട്ടില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് കോടതി അടിയന്തര സിറ്റിങ് ചേര്‍ന്നത്. കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ ആരോപണം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുനന്നു.താന്‍ ഇരയാക്കപ്പെട്ടുവെന്നും സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10, 11 തിയ്യതികളിലായിരുന്നു സംഭവമെന്നും പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരെ വ്യാജ പരാതി നല്‍കി. തന്നെ നിശ്ശബ്ദയാക്കാനാണ് ശ്രമം. ഇതിന് പുറമെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. എല്ലാത്തിനും തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും യുവതി പറയുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വൃന്ദ ഗ്രോവറിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂർ പേരാവൂരിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ;തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം
കണ്ണൂർ:പേരാവൂരിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. നേരത്തേ വയനാട്ടിലെയും നിലമ്ബൂരിലെയും ആദിവാസികളോട് വോട്ട് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്ന കത്തിന്റെ പകര്‍പ്പ് നിലമ്പൂർ പ്രസ് ക്ലബ്ബിലെത്തിയിരുന്നു.നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നിരുന്നത്.അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കണ്ണൂർ അഴീക്കോട്ട് കുട്ടികൾക്ക് പിതാവിന്റെ ക്രൂരമർദനം;പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ:ആലുവയിൽ മാതാവിന്റെ ക്രൂരമർദനത്തിന് ഇരയായി മൂന്നര വയസ്സുകാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ കണ്ണൂരിൽ നിന്നും മറ്റൊരു ക്രൂരമർദനത്തിന്റെ വാർത്ത കൂടി.എട്ടുവയസ്സും പന്ത്രണ്ട് വയസ്സും മാത്രം പ്രായമുള്ള കുട്ടികൾക്കാണ് പിതാവിൽ നിന്നും ക്രൂരമർദനം ഏറ്റുവാങ്ങേണ്ടി വന്നത്.സംഭവവുമായി ബന്ധപ്പെട്ട് അഴീക്കോട് നീർക്കടവ് സ്വദേശി രാജേഷിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയില്‍ രാജേഷ് എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.കുട്ടികളെ ക്ലോസറ്റിലെ വെള്ളം കുടിപ്പിച്ചതായും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.അയൽവാസികളാണ് പോലീസിൽ പരാതി നൽകിയത്.സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി ചികിത്സയിലായിരുന്ന മൂന്നരവയസ്സുകാരൻ മരിച്ചു
കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി ചികിത്സയിലായിരുന്ന മൂന്നരവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം.ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.അതീവ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്.അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് കുറ്റസമ്മതം നടത്തി.തുടർന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം അറിയുന്നതിനായി ഏലൂര്‍ പൊലീസ് ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
കാസർകോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് വീടൊരുങ്ങി;ഗൃഹപ്രവേശം നാളെ
കാസർകോഡ്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് സ്വപ്‌നഗൃഹം ഒരുങ്ങി.നാളെ ഗൃഹപ്രവേശനം നടക്കുന്ന വീട്, തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഹൈബി ഈഡന്‍ എം എല്‍ എ 44 ദിവസം കൊണ്ടാണ് യാഥാര്‍ഥ്യമാക്കിയത്. ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡനും പങ്കെടുക്കും.സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുമ്ബോള്‍ ഇതൊന്നും കാണാന്‍ മകനില്ലെന്ന ദുഃഖം മാത്രമേ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്.ചെറിയ നല്ലൊരു വീടുവെക്കണം.ആ വീട്ടില്‍ വെച്ച് ചെറിയ പെങ്ങളുടെ കല്യാണവും നടത്തണം എന്നതൊക്കെയായിരുന്നു കൃപേഷിനുണ്ടായിരുന്ന സ്വപ്നങ്ങള്‍. കൃപേഷിന്റെ മരണത്തെ തുടര്‍ന്ന് വീട് സന്ദര്‍ശിച്ച ഹൈബി ഈഡന്‍ വീടിന്റെ ദയനീയാവസ്ഥ കണ്ട് വീടു നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസുമായും കൂടിയാലോചിച്ച് 1000 ചതുരശ്രയടി സിസ്തീര്‍ണമുള്ള വീടിന് അനുമതി നല്‍കുകയായിരുന്നു.കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്.
ആലുവയിൽ മൂന്നു വയസ്സുകാരനെ ഗുരുതരമായി മർദിച്ച സംഭവം;കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു
ആലുവയിൽ മൂന്നു വയസ്സുകാരനെ ഗുരുതരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു.ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.സംഭവത്തില്‍ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയ്ക്ക് പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയുന്നതിന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയെ മർദിച്ചത് താനാണെന്ന് അമ്മ കുറ്റ സമ്മതം നടത്തിയത്.ദിവസങ്ങളായി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അനുസരണകേട് കാണിക്കുന്നത് കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പറഞ്ഞു. ചട്ടുകം പോലെയുള്ള വസ്തുക്കള്‍കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ട്. അതേസമയം, ഗുരുതരമായി പരിക്കേറ്റ 3 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്.എന്നാൽ സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പിനാണ് ചികിത്സയുടെ ചുമതല.
ഹൈദരാബാദിൽ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്:ഹൈദരാബാദിൽ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം.തെലുങ്ക് സീരിയൽ നടിമാരായ ഭാര്‍ഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭാര്‍ഗവി മരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനുഷ മരിക്കുന്നത്.തെലങ്കാനയിലെ വിക്രബാദ് ജില്ലയില്‍വച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോള്‍ റോഡരികിലുണ്ടായിരുന്ന മരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.തെലുങ്കിലെ ജനപ്രീയ സീരിയലിലെ നടിയാണ് ഭാര്‍ഗവി. കുറച്ച് നാളുകള്‍ക്ക് മുൻപാണ് അനുഷ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ഷൂട്ടിംഗിനായി തിങ്കാളാഴ്ചയാണ് ഇരുവരും വിക്രാബാദിലെത്തിയത്. സീരിയല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടത്.കാര്‍ ഡ്രൈവര്‍ക്കും അവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചു;കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
കണ്ണൂർ:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെ വീഡിയോയിൽ കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.’ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്നും ഒരു കഥാപാത്രം പറയുന്നു. ‘ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.’ ‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയാണ വീഡിയോ പോസ്റ്റ് ചെയ്തത്.’ആണ്‍കുട്ടി’യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വീഡിയോയില്‍ പറയുന്നു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുധാകരനെതിരെ കേസെടുത്തത്.
രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ;രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
കണ്ണൂർ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ എത്തുന്നു.തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധി 9.5ന് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി കാർമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു.കോൺഗ്രസ് പതാകയുമായി വഴിനീളെ കാത്ത് നിന്ന പ്രവർത്തകരെ കാണുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.9.55 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധിയെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ത്രിവർണ ഷാളണിയിച്ച് സ്വീകരിച്ചു.നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, പി എം സുരേഷ് ബാബു, വി എ നാരായണൻ തുടങ്ങിയവർ ഗസ്റ്റ്ഹൗസിൽ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഗസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയുടെ റൂമിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തി. രാഹുൽ ഗാന്ധിയോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകൾ വാസ്നിക് എന്നിവരും എത്തിച്ചേർന്നിരുന്നു.രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
മലപ്പുറം:മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.പശ്ചിമ ബംഗാളുകാരായ സഹോദരങ്ങള്‍ എസ് കെ സാദത്ത്(40), എസ് കെ സബീര്‍ അലി(47), സെയ്ദുല്‍ ഖാന്‍ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.