തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആക്ഷേപം.ഇതുസംബന്ധിച്ച് ചില നേതാക്കളുടെ ശബ്ദസന്ദേശം പുറത്തുവന്നതായി റിപോര്‍ട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ സമാഹരിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാവിന്റേതാണ് ശബ്ദരേഖയെന്നാണ് ആക്ഷേപം.58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തി പിന്നീട് പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു കാരണവശാലും രാഷ്ട്രീയം ചര്‍ച്ച ചെയ്യരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് അസോസിയേഷന്റെ വിശദീകരണം.
കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍;
തിരുവനന്തപുരം:കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ.പിലാത്തറ 19ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണം. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സലീനയും മുന്‍ അംഗമായ സുമയ്യയും ബൂത്ത് നമ്പർ 19ലെ വോട്ടര്‍മാരല്ലെന്നും ടിക്കാറാം മീണ അറിയിച്ചു.പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തണം. സംഭവത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്‍റിനെതിരെയും നടപടി എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്
പയ്യന്നൂർ:കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19ല്‍ ആണ് കള്ളവോട്ട് നടന്നത്. ഭീഷണിയുണ്ടായിരുന്നെങ്കില്‍ പോളിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നു. കള്ളവോട്ട് തടയുന്നതില്‍ പോളിങ്ങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു.കള്ളവോട്ട് ചെയ്തെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്.കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പറഞ്ഞു.
കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണം; തളിപ്പറമ്പിൽ 25 കള്ളവോട്ട് നടന്നതായി കോൺഗ്രസ്;ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ:കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.തളിപ്പറമ്പ് മണ്ഡലത്തിലെ 171ആം ബൂത്തില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും, 172ആം നമ്പർ ബൂത്തില്‍ വിദേശത്തുള്ളവരുടെതടക്കം 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണന്‍ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.നേരത്തെ പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തെന്നായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
തീവ്രത വർദ്ധിച്ച് ‘ഫോനി’;തമിഴ്നാട് തീരം തൊടില്ല; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകും.വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. എന്നാൽ തീരത്ത് നിന്ന് ഇരുനൂറ് മുതൽ മുന്നൂറ് കിലോമീറ്റർ അകലെവച്ച് കാറ്റിന്റെ ദിശ മാറും. അതിനാൽ തീരത്തേയ്ക്ക് എത്തില്ല. കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫാനി ശക്തിപ്രാപിക്കുന്നു;ചൊവ്വാഴ്ചയോടെ തീരം തൊട്ടേക്കും
തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ഫാനി’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ചൊവ്വാഴ്ചയോടെ ഫാനി വടക്കന്‍ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.കനത്ത ജാഗ്രതയാണ് തീരദേശമേഖല മുന്നറിയിപ്പ് ലഭ്യമായതിനെ തുടര്‍ന്ന് സ്വീകരിച്ചിരിക്കുന്നത്.കാറ്റ് ശക്തമായി വീശിയടിക്കാന്‍ ഏറെ സാധ്യത നിലനില്‍ക്കുന്നത് വടക്കൻ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലുമാണ്.തിങ്കളാഴ്ച്ച മുതല്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്;മുൻ സൈനികൻ അറസ്റ്റിൽ
ബെംഗളൂരു:കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്.വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു.സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം ഇയാൾ നല്‍കിയത്. ഫോണ്‍ നമ്പർ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്.
അതേസമയം ബംഗലൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ സന്ദേശം വ്യാജമെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് കേരള പൊലീസിന്‍റെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലീസിന്‍റെ കര്‍ശന പരിശോധന തുടരും. ജാഗ്രതയോടെ ഇരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നല്‍കിയിട്ടുണ്ട്.ട്രെയിന്‍ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലാണ് കര്‍ശന പരിശോധന നടത്തുന്നത്. റെയില്‍വെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുന്നുണ്ട്.യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ബംഗലൂരു പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കുകയായിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ് ഇപ്പോഴുള്ളത്.
ന്യുനമര്‍ദം ചുഴലിക്കാറ്റാകുന്നു;കേരളത്തിൽ ജാഗ്രത നിർദേശം;എട്ടു ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം നൽകി.എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിനൊപ്പം കേരളത്തില്‍ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു നടപടി.ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട്-ആന്ധ്രാ തീരത്ത് പതിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം 28, 29 തീയതികളില്‍ കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയും കാറ്റുമുണ്ടാകും. 28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. 29ന് ഇത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനുമുള്ള സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തിന്‍റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും മത്സ്യബന്ധനത്തിന് പോകുന്നതു വിലക്കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഉടന്‍ തിരിച്ചെത്താനും നിര്‍ദേശം നല്‍കി.
വയനാട് ബത്തേരിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു
വയനാട്:സുൽത്താൻബത്തേരിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു.നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്.മരിച്ച ഇരുവരും അയല്‍വാസികളാണ്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ആലപ്പുഴയിൽ വാഹനാപകടം;കണ്ണൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു
ആലപ്പുഴ: ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം വിവാഹ നിശ്ചയത്തിനു പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ എതിരെ വന്ന സൂപ്പര്‍ ഫാസ്റ്റിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തലശേരി കീഴല്ലൂര്‍ പാടിച്ചാല്‍ രവീന്ദ്രന്റെ മകന്‍ വിനീഷ് (25), മാതൃസഹോദരി പ്രസന്ന (55), ബന്ധുവായ മട്ടന്നൂര്‍ ചാവശേരി ഓതയത്ത് വിജയകുമാര്‍ (38) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 11.15 ഓടെ ആണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രാവലില്‍ നിന്ന് പുറത്തേക്കു തെറിച്ചു വീണ വിനീഷും പ്രസന്നയും തത്ക്ഷണം മരിക്കുകയായിരുന്നു. വാനില്‍ കുടുങ്ങി ഗുരുതര പരിക്കേറ്റാണ് വിജയകുമാര്‍ മരിച്ചത്.11 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും കെ.വി.എം, മതിലകം ആശുപത്രികളിലും പ്രവേശിപ്പിച്ചു.തിരുവനന്തപുരം പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന സ്കോര്‍പ്പിയോ വാനിനെ മറികടക്കുന്നതിനിടെയാണ് ബസ് ട്രാവലറില്‍ ഇടിച്ചത്. ട്രാവലര്‍ തലകീഴായി മറിഞ്ഞു. മൂന്ന് കുട്ടികളും ഡ്രൈവറും ഉള്‍പ്പെടെ 14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അപകടം നടന്ന് അരമണിക്കൂറിനുശേഷം പൊലീസെത്തിയാണ് പരിക്കറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുകയായിരുന്നു.