തൃശൂർ:തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു.അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.തിരൂര്‍ സ്വദേശി ആറുവയസ്സുള്ള അലന്‍ ആണ് മരിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിനു സമീപം പുറ്റേക്കരയിലാണ് അപകടം നടന്നത്.ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
കൊച്ചിയിൽ വൻ സ്വർണക്കവർച്ച;കവർന്നത് ആറുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണം
കൊച്ചി:കൊച്ചിയിൽ വൻ സ്വർണക്കവർച്ച.കാറില്‍ കൊണ്ടുവരികയായിരുന്ന ആറ് കോടിയോളം വിലവരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ആലുവ ഇടയാറിലെ സിആര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. കാറിന്‍റെ പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സിആര്‍ജി മെറ്റല്‍സ് കമ്ബനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തില്‍ കാര്‍ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു.അതേസമയം കവര്‍ച്ചയ്ക്ക് പിന്നില്‍ സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവര്‍തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. കമ്പനിയുടെ സമീപത്ത് വച്ച് നടന്ന കവര്‍ച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് പറയുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിആര്‍ജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ, സ്വര്‍ണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചു മരണം
മുംബൈ:പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചു മരണം.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.പൂനെയിലെ ഉര്‍ലി ദേവച്ചി എന്ന പ്രദേശത്തെ വസ്ത്രവ്യാപാര ഗോഡൗണിലാണ് തീപിടിച്ചത്. ഗോഡൗണിനുള്ളില്‍ ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അതിവേഗത്തില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കാത്തതാണ് മരണത്തിനിടയാക്കിയത്.സംഭവത്തെ തുടര്‍ന്ന് അഗ്നിശമനസേനയുടെ നാല് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, തീ പടരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂൺ 3 ന് ആരംഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂൺ 3 ന് ആരംഭിക്കും.സംസ്ഥാനത്ത് ആദ്യമായാണ് ഹയര്‍ സെക്കന്‍ററി ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങുന്നത്.ഇതിനായി ഹയർ സെക്കന്ററി പ്രവേശന നടപടികൾ വേഗത്തിലാക്കും.ഈ മാസം 10 മുതൽ 16 വരെ പ്ലസ് വൺ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.കഴിഞ്ഞ വർഷം ജൂൺ നാലിന് നടന്ന ട്രയൽ അലോട്മെന്റ് ഇത്തവണ മെയ് 20ന് നടക്കും. ആദ്യ അലോട്മെന്റ് മെയ് 24ന് നടക്കും.കഴിഞ്ഞ വർഷം ഇത് ജൂൺ 11 നായിരുന്നു നടന്നത്.രണ്ട് അലോട്മെന്റിലൂടെ ഹയർ സെക്കന്ററി പ്രവേശന നടപടികൾ പൂർത്തീകരിച്ച് ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും.ഹയർ സെക്കന്ററി വരെ 203 അധ്യയന ദിനങ്ങളും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 226 അധ്യയന ദിനങ്ങളും ഉറപ്പ് വരുത്തുന്ന അക്കാദമിക് കലണ്ടറും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ ഏകീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;84.33 ശതമാനം വിജയം
തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;84.33 ആണ് വിജയശതമാനം.വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44%) കുറവ് പത്തനംതിട്ട( 78 %)യിലുമാണ്.14224 കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 71 ആണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. prd live, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം;സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു
ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് എതിരായ ലൈംഗികാരോപണത്തിൽ പ്രതിഷേധം നടന്നതിന് പിന്നാലെ സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു. ലൈംഗീക പീഡന പരാതിയില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി പരിസരത്ത് പ്രതിഷേധം നടന്നത്.വനിതാ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.സുപ്രീംകോടതിയ്ക്ക് മുന്‍പില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്‌ആപ്പ് ഗ്രൂപ്പാണ് സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം ആഹ്വാനം ചെയ്തത്. കൂടാതെ, ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. ചില വനിതാ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി ലൈംഗികാരോപണ കേസിൽ ചീഫ് ജസ്റ്റീസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസിനെതിരേ ആരോപണം ഉന്നയിച്ചത്. പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് നല്‍കാത്തത് നീതിയല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ണമായും അനീതിയായാണ് തോന്നുന്നതെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു.അതേസമയം പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിക്ക് മുമ്ബാകെ ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു.സമിതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതിനാല്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടരാന്‍ സമിതി തീരുമാനമെടുത്തിരുന്നു.
അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ.ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയിരിക്കുന്നത്. ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ആരോപണം ഉന്നയിച്ചിരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്തിരുന്നത്.ഇതിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ അറിയിച്ചു.
ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു;98.11 ശതമാനം വിജയം
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു.98.11 ആണ് ഇത്തവണ വിജയശതമാനം.പരീക്ഷ എഴുതിയ കുട്ടികളില്‍ 4,26,513 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.37,334 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം.മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 2493 കുട്ടികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഇത്തവണ ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടുമില്ല. 599 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി വിജയം നേടി.സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ എഴുതാം. പരമാവധി മൂന്ന് വിഷയം എഴുതാമെന്നും ഡിപിഐ അറിയിച്ചു.www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം അറിയാനാവും. പിആര്‍ഡി ലൈവ്, സഫലം ആപ്പുകള്‍ വഴിയും ഫലമറിയാം.വ്യക്തിഗത റിസല്‍റ്റിനു പുറമെ സ്കൂള്‍,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസല്‍റ്റ് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് ഫലം പ്രഖ്യാപിച്ചത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു
തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ (75) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തലശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കലാകാരനായിരുന്നു മൂസ.”വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ തന്റെ പാട്ടുജീവിതം തുടങ്ങുന്നത്.പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ച അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു. മൂന്നുറിലേറെ തവണ കലാപരിപാടികള്‍ക്കായി അദ്ദേഹം വിദേശത്ത് പോയിട്ടുണ്ട്.എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്‍റെയും മകനാണ്.കുഞ്ഞാമിയാണ് ഭാര്യ, മക്കള്‍; നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ.
ലോക്‌സഭാ തിരഞ്ഞെടുപ്പ്;അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.7 സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി, ലഖ്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനാലും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.രാജസ്ഥാന്‍ 12, മധ്യപ്രദേശ് 7, ഝാര്‍ഖണ്ഡ് 4, ബീഹാര്‍ 5, ബംഗാള്‍ 7, കശ്മീര്‍-2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സ്മൃതി ഇറാനി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന 51 മണ്ഡലങ്ങളില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരുന്നു ബിജെപി നേടിയിരുന്നത്. 51ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തില്‍ നിന്നും വലിയൊരു തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. കശ്മീരില്‍ കശ്മീരില്‍ ലഡാക്ക് മണ്ഡലത്തിലെ കാര്‍ഗില്‍, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പം ഇന്നാണ് നടക്കുന്നത്. അനന്തനാഗില്‍ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പില്‍ 10% വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്.543ല്‍ 425 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം കഴിയുന്നതോടെ പൂര്‍ത്തിയാകും.