കണ്ണൂർ:കണ്ണൂരിൽ അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിലോട് തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കിഴുത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന്‍ രജിത്ത് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിഴുത്തള്ളിയിലെ വീടും സ്ഥലവും വിറ്റ് തന്നട ബസാറില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. തളിപ്പറമ്പിലെ പെട്രോൾപമ്പിൽ ജീവനക്കാരനായിരുന്ന രജിത്ത് ഒരു മാസം മുന്‍പാണ് കണ്ണൂരിലെ പെട്രോള്‍ പമ്പിലേക്ക് മാറിയത്.സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.എടക്കാട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്;ലേഖയുടെ ഭർത്താവ് ചന്ദ്രനടക്കം നാലുപേർ പോലീസ് കസ്റ്റഡിയിൽ
നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്.മരണപ്പെട്ട വീട്ടമ്മ ലേഖയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്നാണ് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്.ഇത് പ്രകാരം ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍,ചന്ദ്രന്റെ അമ്മ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നീ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു;മകൾ മരിച്ചു;അമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു
തിരുവനന്തപുരം:വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവത്തിൽ മകൾ മരിച്ചു.അമ്മയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു അമ്മയും മകളും തീകൊളുത്തിയത്. ഡിഗ്രി വിദ്യാര്‍ത്ഥിനി വൈഷ്ണവി(19) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്ബത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്.സംഭവത്തോടെ ബാങ്ക് നടപടി വിവാദത്തിലായിരിക്കുകയാണ്.ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ സമ്മര്‍ദം ചെലുത്തിയെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും ആത്മഹത്യക്ക് ശ്രമിച്ചതതെന്നും അദ്ദേഹം പറഞ്ഞു.ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നല്‍കണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു
കാസർകോഡ് ഇരട്ടക്കൊലപാതകം;ഏരിയ സെക്രെട്ടറിയടക്കം രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഏരിയ സെക്രെട്ടറിയടക്കം രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ.ഉദുമ ഏരിയ സെക്രട്ടറി മണികണ്‌ഠന്‍, കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണന്‍ എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ ഒളിവില്‍ പോകാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.അതേസമയം, ഇരുവരുടെയും അറസ്‌റ്റ് സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും
കോഴിക്കോട്:നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് മുക്കം പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിഷാദ് വി മുഹമ്മദ് എന്ന അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഐടി പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്തെടുത്തത്. താന്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ചെയ്തത് എന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ ഇത് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക തന്നെ തള്ളിക്കളഞ്ഞിരുന്നു.
ഇത്തവണ ആകെ 175 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 173 പേരും സ്‌കൂളില്‍ നിന്ന് വിജയിച്ചിരുന്നു. 22 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിച്ചു. സയന്‍സില്‍ നിന്ന് 17 പേരും കൊമേഴ്സില്‍ നിന്ന് അഞ്ച് പേരും. കൂടാതെ 12 കുട്ടികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു. 2014- 15 വര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിടത്ത് നിന്നാണ് നാല് വര്‍ഷം കൊണ്ട് വലിയ നേട്ടത്തിലേക്ക് സ്‌കൂള്‍ എത്തിയത്. സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
തൃശ്ശൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
തൃശൂർ:തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33) , മൂന്നരവയസ്സുളള ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക എന്നിവരാണ് മരിച്ചത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊടുത്താൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു; ജാഗ്രത നിർദേശം നൽകി
കൊച്ചി:വേനൽചൂട് കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു.11 ദിവസത്തിനിടെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജില്ലയിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍. മലപ്പുറത്തുമാത്രം 139 പേര്‍ക്കാണ് ഈ മാസം ഒന്നുമുതല്‍ 11 വരെ രോഗം ബാധിച്ചത്.അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.രോഗികളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെങ്കിലും എളുപ്പത്തില്‍ പടരുന്നതിനാല്‍ പ്രത്യേക ജാഗ്രതവേണം.ചൊള്ള എന്നും പൊട്ടി എന്നും പ്രാദേശികമായി അറിയപ്പെടുന്ന, വായുവിലൂടെ വളരെ വേഗത്തില്‍ പകരുന്ന വൈറസ് രോഗമാണ് ചിക്കന്‍പോക്സ്. നേരിയ ചൊറിച്ചിലോടുകൂടി തുടങ്ങുന്ന ചുവന്നുതിണര്‍ത്ത പാടുകളില്‍നിന്ന് തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് പ്രധാന രോഗലക്ഷണം. ഇതിനുമുന്നോടിയായി തലവേദന, പനി, ക്ഷീണം എന്നിവയും അനുഭവപ്പെടാം. കുരുക്കള്‍ പിന്നീട് ശരീരത്തിലാകമാനം വ്യാപിക്കുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യും.10-21ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗം ബാധിച്ചയാള്‍ മൂക്കുചീറ്റിയാലും തുമ്മിയാലും രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാലും പകരും.
ലോക്സഭാ തിരഞ്ഞെടുപ്പ്;ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാർഖണ്ഡ് നാല് എന്നിങ്ങനെയായി ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.രാവിലെ ഏഴുമണിയോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങ്ങും ഇതോടൊപ്പം നടക്കും.അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവർ ഇന്ന് ജനവിധി തേടും.ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, ബിജെപിക്കായി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ മത്സരരംഗത്തുണ്ട്.ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണക്കേസിലെ പ്രതി പ്രഗ്യാസിങ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍;അനുമതി കർശന ഉപാധികളോടെ
തൃശൂർ:തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.മെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കേനട തള്ളിത്തുറക്കുന്ന വിളംബര ചടങ്ങിലാണ് രാമചന്ദ്രന്‍ ഉണ്ടാകുക.അതേസമയം കര്‍ശന നിബന്ധനകളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്ടര്‍ അനുമതി നല്‍കിയത്.നാല് പാപ്പാന്മാര്‍ കൂടെ വേണം, ആനയുടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വെയ്ക്കണം, രാവിലെ 9.30 മണി മുതല്‍ 10.30 വരെയുള്ള സമയത്തില്‍ മാത്രമേ എഴുന്നെള്ളിക്കാവൂ എന്നിവയാണ് നിർദേശങ്ങൾ.ജനങ്ങളുടെ സുരക്ഷയെ മുന്നില്‍കണ്ടാണ് ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ഗജവീരനില്‍ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോര്‍ട്ടു നല്‍കിയതോടെ കലക്റ്റർ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നല്‍കുകയായിരുന്നു.മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.
മദപ്പാടോ മുറിവുകളോ ഇല്ല;തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂർണ്ണ ആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്
തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര്‍ണആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്.മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് മുറിവുകളോ രാമചന്ദ്രന്റെ ശരീരത്തില്‍ ഇല്ലെന്നും ആന പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയന്നു.ജില്ലാ കളക്‌ടര്‍ ടി.വി അനുപമ നിയോഗിച്ച മൂന്നംഗ മെഡിക്കല്‍ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആനയ്‌ക്ക് മദപ്പാടുണ്ടോ, ശരീരത്തില്‍ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മെഡിക്കല്‍ സംഘം പരിശോധിച്ചത്.അനുസരണക്കേട് കാട്ടുന്നുണ്ടോ എന്ന് അറിയാൻ അതിരാവിലെ ആനയെ കുളിപ്പിക്കുന്ന സമയത്താണ് മെഡിക്കൽ സംഘം എത്തിയത്.ഈ നേരമായിരിക്കും ആനകള്‍ അനുസരണാ ശീലങ്ങള്‍ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്ബേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും.രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.ആരോഗ്യം അനുകൂലമാണെങ്കില്‍ പൂരവിളംബരത്തിന് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ ഒരു മണിക്കൂര്‍ ഉള്‍പ്പെടുത്തുമെന്ന് തൃശൂര്‍ കലക്ടര്‍ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.