തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ നടക്കും.വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനായി ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 22000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇവരില്‍ 111 ഡിവൈഎസ‌്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്‌ഐ, എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും ലോക്നാഥ് ബഹ്റ അറിയിച്ചു. പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം; സർക്കാർ അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ച പരാജയം
തിരുവനന്തപുരം: ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗം ഫലം കണ്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ യോഗത്തില്‍ അറിയിച്ചു.ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായി ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്കരിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഹൈസ്കൂള്‍ അധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിര്‍ത്തു. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനെതിരെ ജൂണ്‍ മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് അധ്യാപകസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ഇനി ചര്‍ച്ച നടത്തുമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും സംയുക്ത അധ്യാപക സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം;ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.അന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും സമര്‍പ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 19 ന് അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാകുന്നതോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ദിവസങ്ങള്‍ക്ക് മുൻപ് രേഖപ്പെടുത്തി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.
പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്
പയ്യന്നൂർ:കള്ളവോട്ട് കണ്ടെത്തിയതിനെ കഴിഞ്ഞ ദിവസം റീപോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിന് നേരെ ബോംബേറുണ്ടായത്.ബോംബേറിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കല്ല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19ആം ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റായിരുന്നു പത്മനാഭന്‍.രാവിലെ ചെറിയ രീതിയില്‍ പിലാത്തറയില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ ബോംബേറുണ്ടായത്. പോളിങ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അര്‍ധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം;കേരളത്തിൽ യുഡിഎഫ് മുന്നേറ്റം
ന്യൂഡൽഹി:എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം.അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറ് മണിയോടെ പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചനം. യു.പി.എ 132, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍. റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്ന് പറയുന്നു. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നും പ്രവചിക്കുന്നു. 542 സീറ്റുകളില്‍ 305 എണ്ണം എന്‍.ഡി.എ നേടുമെന്നാണ് ജന്‍കി ബാത്ത് പോള്‍ പ്രവചിക്കുന്നത്. യു.പി.എ 124, മറ്റുള്ളവര്‍ 113 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍.ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷത്തിന് ഇത്തവണ നിരാശ തന്നെ ഫലം എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. അതായത് എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണ തുടര്‍ച്ച തന്നെയാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.കേരളത്തില്‍ യു.ഡി.എഫ് 15ഉം എല്‍.ഡി.എഫ് 4ഉം എന്‍.ഡി.എ 1ഉം സീറ്റുകള്‍ ലഭിക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ – ആക്സിസ് സര്‍വെ പ്രകാരം യു.ഡി.എഫിന്15 മുതല്‍ 16 സീറ്റുകളും എന്‍.ഡി.എഫിന് 3 മുതല്‍ അഞ്ച് സീറ്റുകളും എന്‍.ഡി.എക്ക് പരമാവധി ഒരു സീറ്റും ലഭിക്കും.
കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ റീപോളിങ് പുരോഗമിക്കുന്നു
കണ്ണൂർ:കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ് നടക്കുന്ന കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പർ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പർ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പർ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്.കണ്ണൂര്‍ ധര്‍മടത്ത് റീപോളിങ് നടക്കുന്ന സ്‌കൂള്‍ വളപ്പിനുള്ളില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ നീക്കി. റീപോളിങ്ങിന് മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളില്‍ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ചിത്രവുമായി ഇവര്‍ ഒത്തുനോക്കും. ഇതിനു ബൂത്തില്‍ പ്രത്യേക മറ ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. ഓരോ ഡിവൈഎസ്പിക്കു വീതമാണു സുരക്ഷാച്ചുമതല. എല്ലായിടത്തും വെബ് കാസ്റ്റിങ്ങും വിഡിയോ ചിത്രീകരണവുമുണ്ട്.
ഇന്ന് നിശബ്ദ പ്രചാരണം;കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴു ബൂത്തുകളിൽ നാളെ റീപോളിങ്
കണ്ണൂർ:കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാളെ റീപോളിങ് നടക്കുന്ന കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കും.കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. കടുത്ത മത്സരം നടന്നതിനാല്‍ റീപോളിങിനെ അതീവഗൗരവമായാണ് മുന്നണികള്‍ സമീപിക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും വീടുകയറിയുള്ള സ്‌ക്വാഡ് പ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. റീപോളിങ് നടക്കുന്ന നാലു ബൂത്തിലും തെരഞ്ഞെടുപ്പ് ചുമതലയ്‌ക്കു പുതിയ ഉദ്യോഗസ്‌ഥരെയാകും നിയോഗിക്കുക. പോളിങ് സ്‌റ്റേഷനിലും പരിസരങ്ങളിലും അതീവസുരക്ഷ എര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെബ്‌കാസ്‌റ്റിങ്ങ് വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവും ഒരുക്കും.കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിമാരും വീടുകള്‍ കയറി പ്രചാരണം നടത്തും.
കള്ളവോട്ട്;കാസർകോഡ്,കണ്ണൂർ ജില്ലകളിൽ മൂന്നിടങ്ങളിൽ കൂടി റീപോളിങ്
കണ്ണൂർ:കാസർകോഡ്,കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം.19 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.ഇതോടെ മൊത്തം ഏഴു ബൂത്തുകളില്‍ റീ പോളിംഗ് നടക്കും.നേരത്തെ നാലു ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു.കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പർ 48 കൂളിയാട് ജി. എച്ച്. എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു. പി. എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു. പി. എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്.കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക്, കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവയാണ് നേരത്തെ റീപോളിങ് നടത്താൻ തീരുമാനിച്ച നാല് ബൂത്തുകൾ.റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്‌ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സർവറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് നടത്താൻ തീരുമാനമെടുത്തത്.
കണ്ണൂരും കാസർകോട്ടും കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ് നടക്കും
കാസര്‍ഗോഡ്: കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഞായറാഴ്ച റീപോളിംഗ് നടക്കും.കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പർ ബൂത്തുകളിലും കണ്ണൂര്‍ പാമ്ബുരുത്തി മാപ്പിള എ.യു.പി.എസ് 166 ആം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.കള്ളവോട്ട് നടന്ന ബുത്തുകളില്‍ റീപോളിംഗ് നടത്തിയേക്കുമെന്ന് രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. റീപോളിംഗ് പ്രഖ്യാപിച്ച ബൂത്തുകളില്‍ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ പോളിംഗ് നടക്കും. ഈ ബൂത്തുകളില്‍ ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം പരസ്യപ്രചരണം നടത്താം. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം. കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യത്തില്‍ ആദ്യ പരാതി നല്‍കിയത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങള്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പെരിയ ഇരട്ടക്കൊലകേസ്;വിദേശത്തായിരുന്ന എട്ടാംപ്രതി പിടിയിൽ
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിദേശത്തായിരുന്ന എട്ടാം പ്രതി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബിഷാണ് പിടിയിലായത്.വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയ ഇയാളെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷം ഷാര്‍ജയിലേക്ക് കടന്നതായിരുന്നു പ്രതി. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം നടത്തിവരുന്നതിനിടെയാണ് പ്രതി മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.കേസില്‍ പ്രതികളായ സി പി എം മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരനെയും സംഘത്തെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കിയ കുറ്റത്തിന് ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനേയും എന്നിവരെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.