കണ്ണൂർ:കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് ചരിത്ര ഭൂരിപക്ഷത്തോടെ മിന്നും വിജയം.ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.സുധാകരന്റേത്. മണ്ഡലം രൂപീകരിച്ച ശേഷം 1952ല്‍ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുന്‍പ് കണ്ണൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം.ഇതിനു മുന്‍പ് ആറു തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മൂന്നുതവണ സി.പി.എം.വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 43191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരന്‍ വിജയിച്ചത്. 2014-ല്‍ ആ വിജയം ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചെങ്കിലും 6535 വോട്ട് മാത്രമായിരുന്നു ശ്രീമതിക്ക് ഭൂരിപക്ഷം.ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങള്‍ മാത്രമല്ല സിപിഎമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യാവസാനം ശക്തമായ ആധിപത്യം പുലര്‍ത്താന്‍ കെ.സുധാകരന് കഴിഞ്ഞു.സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയായിരുന്നു കെ. സുധാകരന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എടയന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്‍റെ വധം,കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തുടങ്ങിയവയൊക്കെ യു.ഡി.എഫ്. പ്രചാരണായുധമാക്കി.ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനായി സുധാകരന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.ശബരിമല വിഷയം സര്‍ക്കാരിനെതിരായി തിരിച്ച ബിജെപിയുടെ രാഷ്ട്രീയനീക്കം കേരളത്തില്‍ മറ്റു മണ്ഡലങ്ങളിലെന്നതുപോല കണ്ണൂരിലും കോൺഗ്രസ്സിന് ഗുണം ചെയ്തു എന്നുവേണം കരുതാൻ.
നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് ലോകരാഷ്ട്രങ്ങൾ
ന്യൂഡൽഹി:പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനവുമായി കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോദിയെ അഭിനന്ദിച്ചു. അതേസമയം ബിജെപി ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും.
വയനാട്ടിൽ വൻ മുന്നേറ്റവുമായി രാഹുൽ ഗാന്ധി;അമേത്തിയിൽ പിന്നിൽ
വയനാട്:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരള-കേന്ദ്ര രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി വൻ മുന്നേറ്റം നടത്തിയിരിക്കുന്നു.ഏകദേശം എഴുപത് ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി മുന്നിലാണ്.ഏകദേശം രണ്ടരലക്ഷത്തോളമാണ് രാഹുലിന്റെ ഭൂരിപക്ഷം. ഇത് ഇനിയും ഉയരുമെന്നാണ് സൂചന. എൽഡിഎഫ് സ്ഥാനാർഥി പി.സുനീറാണ് വയനാട്ടിൽ രണ്ടാം സ്ഥാനത്ത്.അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയിൽ സ്‌മൃതി ഇറാനി തേരോട്ടം തുടരുകയാണ്.സിറ്റിംഗ് എംപിയായ രാഹുൽ ആദ്യ റൗണ്ടിൽ മുന്നേറിയെങ്കിലും പിന്നീട് സ്‌മൃതി ഇറാനി ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്.കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് അമേത്തി.
വോട്ടെണ്ണൽ;കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം;യുഡിഎഫ് മുന്നിൽ
കണ്ണൂർ:വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം.നിലവിൽ യുഡിഎഫ് നേതാവ് കെ.സുധാകരനാണ് കണ്ണൂരിൽ മുന്നേറുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മുപ്പത് മിനിട്ടിൽ എൽഡിഎഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് യുഡിഎഫ് ശക്തമായി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.പ്രവചനാതീതമായ മണ്ഡലമായ കണ്ണൂരിൽ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് കണ്ണൂരിലെ ജനങ്ങൾ.അഭിമാന പോരാട്ടം നടന്ന കണ്ണൂരിൽ കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കേന്ദ്രത്തിൽ എൻഡിഎ ക്ക് മികച്ച മുന്നേറ്റം;ലീഡ് നില കേവലഭൂരിപക്ഷവും കടന്നു
ന്യൂഡൽഹി:തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേന്ദ്രത്തിൽ എൻഡിഎ ക്ക് മികച്ച മുന്നേറ്റം.ലീഡ് നില കേവലഭൂരിപക്ഷവും കടന്നു.രാവിലെ പത്തുമണിയോടെയുള്ള ഫലസൂചനകളിൽ 542 ൽ 327 സീറ്റിൽ ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്.മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.
ജനവിധി ഇന്നറിയാം;വോട്ടെണ്ണൽ അല്പസമയത്തിനകം
ന്യൂഡൽഹി:പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 29 കേന്ദ്രങ്ങളിലായി കൃത്യം എട്ടുമണിക്ക് തന്നെ എണ്ണിത്തുടങ്ങും.പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ അറിയാൻ സാധിക്കും.പതിനൊന്നുമണിയോടെ തിരഞ്ഞെടുപ്പിലെ ഏകദേശ ട്രെൻഡുകൾ മനസിലാക്കാം.വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
ന്യൂഡൽഹി:വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്.അതേസമയം വിവിപാറ്റ് ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നിരാശാജനകമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. കമ്മീഷന്റെ തീരുമാനത്തില്‍ ഭിന്നതയുണ്ടോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുകയാണ്. ഇവിഎം ബി.ജെ.പിയുടെ ഇലക്ട്രോണിക് വിക്ടറി മെഷീന്‍ ആണോയെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്‌വി ചോദിച്ചു.
വോട്ടെണ്ണൽ;ആദ്യം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:നാളെ നടക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ആദ്യം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും.സുപ്രീം കോടതി നിർദേശിച്ച പ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് ഒത്തുനോക്കുന്ന നടപടി ആദ്യം പൂർത്തിയാക്കണം. അതിനു ശേഷം മാത്രമേ മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാവൂ.വോട്ടുകളും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റും എണ്ണണം.പോൾ ചെയ്ത വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ എന്തുചെയ്യുമെന്ന് വ്യക്തത വരുത്തണം,ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപാകെ വെച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 22 പാർട്ടികൾ ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനു ശേഷമാണ് ഇത്തരം ആവശ്യങ്ങളുമായി ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ എത്തിയത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്,സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി,മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അഹമ്മദ് പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അരുണാചല്‍ എംഎല്‍എ ഉള്‍പ്പെടെ 11 പേരെ നാഗാ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
തലസ്ഥാനത്തെ തീപിടുത്തം;നാലു കടകൾ കത്തിനശിച്ചു;വീടുകളിലേക്കും തീപടരുന്നു
തിരുവനന്തപുരം:നഗരത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നാല് കടകൾ കത്തിനശിച്ചു.കുടകളും ബാഗുമെല്ലാം വില്‍ക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാല്‍ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സിനും . കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തി തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി.വലിയതോതില്‍ പരിശ്രമിച്ചിട്ടും രണ്ട് മണിക്കൂറിന് ശേഷവും തീ അണയ്കക്കാന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എംജി റോഡില്‍ ഇതുവഴിയുള്ള ഗതാഗതമെല്ലാം നിയന്ത്രിച്ചിട്ടുണ്ട്. രൂക്ഷമായ ഗതാഗത കുരുക്കാണ് തലസ്ഥാന നഗരത്തില്‍ അനുഭവപ്പെടുന്നത്.തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാൻസ്ഫോർമറുകൾ കെഎസ്‌ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്.അതേസമയം തീയണയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ ഫയര്‍ ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. ചെങ്കല്‍ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.