ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം ഏഴുമണിക്ക് രാഷ്ട്രപതിഭവനിൽ നടക്കും.മന്ത്രിമാരെ കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ അറിയാം.രാവിലെയോടെ എല്ലാവർക്കും ഔദ്യോഗികമായി വിവരം കൈമാറും.നാളെ രാവിലെ പ്രധാമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണവും മന്ത്രിസഭംഗങ്ങൾക്ക് ലഭിക്കും.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന.ഒന്നാം മോഡി സർക്കാരിൽ മന്ത്രിമാർ വഹിച്ചിരുന്ന വകുപ്പുകളിൽ വലിയ തോതിലുള്ള മാറ്റത്തിനു സാധ്യത കുറവാണ്.എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രെട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ഇന്ന് തീരുമാനിക്കും. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ,വി.മുരളീധരൻ,അൽഫോൻസ് കണ്ണന്താനം എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ ആയിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ നാളെ അധികാരമേൽക്കുക.
ബംഗാളിൽ രണ്ട് തൃണമൂല്‍ എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
കൊൽക്കത്ത:മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കി പശ്ചിമ ബംഗാളിൽ അട്ടിമറി നീക്കവുമായി ബി.ജെ.പി. രണ്ട് എം.എല്‍.എമാരും അന്‍പതോളം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു സി.പി.എം എം.എൽ.എയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.തൃണമൂൽ കോൺഗ്രസിൻറ എം.എൽ.എമാരായ ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. അതേസമയം ഇനിയും കുറേ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള സി.പി.എം എം.എൽ.എ രവീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച മറ്റൊരു എം.എല്‍.എ. പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.എം.എൽ.എമാരെയും കൌണ്‍സിലര്‍മാരെയും ചാക്കിട്ട് പിടിച്ചതോടെ മമത ബാനര്‍ജിയെയും തൃണമൂൽ കോൺഗ്രസിനെയും കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം; രാജിവെയ്ക്കാനൊരുങ്ങി രാഹുൽഗാന്ധി; അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ ശ്രമം
ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാനൊരുങ്ങി രാഹുൽ ഗാന്ധി.അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്.രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം.രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് രാഹുല്‍ സമയം നല്‍കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്തെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
കൊച്ചി നഗരത്തിൽ വൻ തീപിടുത്തം;നാലുകടകൾ കത്തിനശിച്ചു
കൊച്ചി:കൊച്ചി നഗരത്തിൽ വൻ തീപിടുത്തം.ബ്രോഡ്‌വേയിലുള്ള ഭദ്രാ ടെക്‌സ്‌റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാലുകടകൾ പൂർണ്ണമായും കത്തിനശിച്ചു.12 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാധമികമായ നിഗമനം.തീപിടുത്തത്തിന് പിന്നാലെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.തീപടർന്ന കെട്ടിടത്തിൽ നിന്നും വൻ തോതിൽ പുക ഉയരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വഴിപാട് സ്വർണ്ണത്തിലെ കുറവ്;ശബരിമലയിൽ ഇന്ന് ഓഡിറ്റ് നടത്തുന്നു
പത്തനംതിട്ട:2017 മുതല്‍ ശബരിമലയിലേക്ക് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കണക്ക് പരിശോധിക്കുന്നതിനായി ശബരിമലയിൽ ഇന്ന് ഓഡിറ്റ് വിഭാഗം പരിശോധന നടത്തും.ദേവസ്വം ഓഫീസിലാണ് ഓഡിറ്റിങ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്ട്രോങ് റൂമിലെ മഹസര്‍ ദേവസ്വം ഓഫീസിലെത്തിച്ചു. രേഖകള്‍ കണ്ടെത്തിയില്ലെങ്കില്‍ ആറന്മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും.ഇതിനായി ഹൈക്കോടതി പ്രത്യേക ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേകകളില്ലാത്തത്. സാധാരണ ശബരിമലയിൽ കാണിയക്കായി സ്വർണ്ണം വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A റജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോഗ് റൂമിലേക്ക് മാറ്റുമ്പോൾ റജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണ്ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല. സാധാരണ സ്ട്രോഗ് റൂമിലേക്ക് ഇവ മാറ്റുമ്പോൾ അവിടുത്തെ മഹസറിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഇവ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്ട്രോങ്ങ് റൂമിലെ മഹസർ പരിശോധിക്കുക ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്ട്രോഗ് റൂമിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.
നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു
ന്യൂഡൽഹി:നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.വൈകീട്ട് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ എം.പിമാരുടെ യോഗമാണ് നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തത്.ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദേശിച്ചത്.നിതിൻ ഗഡ്‌കരി,രാജ്‌നാഥ് സിങ് എന്നിവർ ഇതിനെ പിന്താങ്ങി. രാഷ്ട്രപതിയോട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനുള്ള അനുമതിയും നരേന്ദ്രമോദിക്ക് യോഗം നല്‍കി. അല്പസമയത്തിനകം തന്നെ രാഷ്ട്രപതിയെകണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്രമോദി ഉന്നയിക്കും.അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിച്ച് കഴിഞ്ഞാല്‍ രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎയെ ക്ഷണിക്കും.മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി,മറ്റ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശ്ശൂരിൽ അതീവ ജാഗ്രതാ നിർദേശം നൽകി
തൃശൂർ:ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശ്ശൂരിലെ തീരപ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.വെള്ളനിറത്തിലുള്ള ബോട്ടിൽ പതിനഞ്ചോളം വര്മ്മ ഐസിസ് തീവ്രവാദികൾ ലക്ഷദ്വീപിലേക്കും മിനിക്കോയിയിലേക്കും പുറപ്പെട്ടിട്ടുണ്ടെന്നും ഇവർ കേരളാ തീരത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കരയിലും കടലിലുമുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സൂറത്തിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലനകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം;15 മരണം
ഗാന്ധിനഗർ:ഗുജറാത്തിൽ സൂറത്തിൽ സാരസ്ഥാന മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.തീപിടുത്തത്തിൽ 15 പേർ മരിച്ചു.അഗ്‌നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.15പേരുടെ മരണം സ്ഥിരീകരിച്ചതായും,മരണസംഖ്യ ഇനിയും ഉയരുമെന്നും സൂറത് പോലീസ് കമ്മീഷണർ സതീഷ് കുമാർ മിശ്ര പറഞ്ഞു. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
കർണാടകയിൽ വാഹനാപകടത്തിൽ നാല് കൂത്തുപറമ്പ് സ്വദേശികൾ മരിച്ചു;മരണപ്പെട്ടത് വിവാഹം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ
ബെംഗളൂരു:കർണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു.കണ്ണൂർ കൂത്തുപറബ് സ്വദേശികളായ രണ്ടു ദമ്പതികളാണ് മരിച്ചത്.കൂത്തുപറമ്പ് പൂക്കോട് കുന്നപ്പടി ഈക്കിലിശ്ശേരി ജയ്‌ദീപ്,ഭാര്യ ജ്ഞാനതീർത്ഥ,ജയദീപിന്റെ സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ,ഭാര്യ ജിൻസി,എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയതായിരുന്നു ഇവർ.ഒരാഴ്ച മുൻപാണ് കിരണിന്റെയും ജിൻസിയുടെയും വിവാഹം കഴിഞ്ഞത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവർ ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.തിരിച്ച് നാട്ടിലേക്ക് മടങ്ങവേ പുലർച്ചെ മധൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.കാർ ഓടിച്ചിരുന്ന ജയദീപടക്കം മൂന്നുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കൂത്തുപറമ്പ്.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ കോഴിക്കോട് വ്യാപക അക്രമം;വീടുകൾക്ക് നേരെ ബോംബേറ്
കോഴിക്കോട്:തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ കോഴിക്കോട് വ്യാപക അക്രമം. ജില്ലയിലെ ഏറാമല തട്ടോളിക്കരയിലാണ് അക്രമം ഉണ്ടായത്. മേഖലയിലെ സിപിഎം- ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കൂടാതെ വൈക്കിലക്കരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെയും ബോംബേറുണ്ടായി.ഇന്ന് പുലര്‍ച്ചെയാണ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറുണാടയത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം വളയത്ത് സിപിഎം–ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.