കണ്ണൂർ: ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു.വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍ (19) എന്നിവരാണ് മരിച്ചത്.ബാരാപ്പോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.നാല് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ കുളിക്കാനായി എത്തിയിരുന്നത്.നാലു പേര്‍ പുഴയില്‍ നീന്തുന്നതിനിടെ രണ്ട് പേര്‍ മുങ്ങിപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം എത്തിയത്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
തിരുവനന്തപുരം:മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.കുട്ടികളെ വരവേൽക്കാൻ വിപുലമായ പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ നടന്നത്.ഒരു ലക്ഷത്തി നാല്പത്തി ഏഴായിരം കുട്ടികളാണ് ഇത്തവണ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയിരിക്കുന്നത്.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വർഷത്തിന്റെ പ്രത്യേകത.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ഓണാവധിക്ക് മുൻപ് ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകൾ ഹൈടെക് ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്കൂളുകൾ ലഹരിവിമുക്തമാക്കുമെന്നും നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുമെന്നും ഇതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽകുളം സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.
ബാലഭാസ്‌ക്കറിന്റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി
തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌ക്കറിന്റെ മരണം അപകടമരണമല്ലെന്ന് കലാഭവൻ സോബിയുടെ മൊഴി.വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു.മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ എത്തിയ ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഗാന്ധിനഗറില്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മൊഴിയിലും സോബി ആവര്‍ത്തിച്ചു.രണ്ട് പേര്‍ ഓടിപ്പോയെന്നത് താന്‍ കണ്ടതായി ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നതായും സോബി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
നിപ;പ്രതിരോധ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു
കൊച്ചി:നിപ വൈറസിന് നല്‍കുന്ന മോണോക്ലോണ്‍ ആന്റിബോഡി എന്ന പ്രതിരോധമരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു.നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതിനാല്‍ ഈ മരുന്ന് ഉപയോഗിച്ചേക്കില്ല. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കും.അതേസമയം നിപരോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഇവരുടെ സാംപിളുകള്‍ പൂണെയിലേക്കും മണിപ്പാലിലേക്കും ആലപ്പുഴയിലേക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെയോ മറ്റന്നാളോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ് ആയിരിക്കും എന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു.നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്.ഏതെങ്കിലും മേഖലയില്‍ സ്കൂള്‍ അടച്ചിടേണ്ടതുണ്ടോയെന്ന് വൈകിട്ട് മാത്രമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
നിപ;വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി;മരുന്ന് ഇന്നെത്തും
കൊച്ചി:നിപ ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍.വിദ്യാര്‍ത്ഥിയുടെ പനി കുറയുകയും ആരോഗ്യനില മെച്ചപെടുകയും ചെയ്തു. ചികിത്സയ്ക്കായുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എന്ന മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും ഇന്ന് കൊച്ചിയില്‍ എത്തിക്കും. രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാകും ഇത് നല്‍കുക.അതേസമയം പനിബാധിതരായ 5 പേര്‍ കളമശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.5 പേരുടേയും സ്രവങ്ങള്‍ ഇന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയക്കും.നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ പരിചരിച്ച 3 നഴ്‌സുമാരും വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രോഗിയുമായി ബന്ധമില്ലാത്ത ചാലക്കുടി സ്വദേശിയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
കൊച്ചിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി
കൊച്ചി:കൊച്ചിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി.യുവാവിന് പനിയും അസ്വസ്ഥതയുമുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇപ്പോഴുമുണ്ട്.പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന് ഇടയ്ക്കിടയ്ക്ക് ബോധക്ഷയം സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനിപ്പോള്‍ മാറ്റമുണ്ട്. ഭക്ഷണത്തോടും മരുന്നുകളോടും രോഗി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.മാത്രമല്ല നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാർക്കും പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹ്യത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുകയാണ്. നിപ സ്ഥിരീകരിച്ചുവെന്ന് അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയതായും മന്ത്രി അറിയിച്ചു.ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.
പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് പുറത്ത്;കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധ സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി
കൊച്ചി:ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപയാണെന്ന് സ്ഥിരീകരിക്കുന്ന പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടി.ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം സ്ഥിരീകരിച്ചു.നിപാ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ഇന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചത്.ഇന്നലെ വൈകുന്നേരമാണ് രക്തസാമ്പിളുകൾ പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചത്. അതേസമയം വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാര്‍ അടക്കം 86 പേര്‍ നിലവില്‍ ആരോഗ്യ നിരീക്ഷണത്തിലാണ്.രോഗിയെ പരിചരിച്ച രണ്ട് നേഴ്‌സുമാര്‍ക്കും പനി ബാധയുണ്ട്. അവരും നിരീക്ഷണത്തിലാണ്. മരുന്നും മറ്റു സംവിധാനവുമെല്ലാം സുസജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ മൂന്ന് പേർ കൊല്ലത്ത് നിരീക്ഷണത്തിലാണുള്ളത്. തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.പിന്നീട് തൃശ്ശൂരില്‍ വച്ചു നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണ്. അതേസമയം ഇവര്‍ മൂന്ന് പേര്‍ക്കും നിലവില്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചതെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.നിപ ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ പ്രതിരോധ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ തീരുമാനം.പനി നിര്‍ണ്ണയം നടത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് നീക്കം.ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനമടക്കം നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
നിപ;യുവാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു; ഒൻപത് ജില്ലകളിൽ നിന്നുള്ളവർ നിരീക്ഷണത്തിൽ
കൊച്ചി:കൊച്ചിയിൽ നിപ രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു.യുവാവിന്‍റെ സ്രവപരിശോധന റിപ്പോര്‍ട്ട് പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും . ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. യുവാവുമായി ബന്ധപ്പെട്ടവരിലാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തതിനാല്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.അതേസമയം വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.എറണാകുളം, തൃശൂര്‍, കളമശേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും. 1056 എന്ന നമ്പറില്‍ ആരോഗ്യ വകുപ്പിന്റെ ദിശാ സെന്ററുമായും പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാം.നിപ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിപ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നലാ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചു
കൊച്ചി:കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.പൂനെ വൈറോളജി ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. എറണാകളുത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ വടക്കേക്കര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സ്വകാര്യ ആശുപത്രി യുവാവിന്റെ രക്ത സാമ്പിളുകൾ ആദ്യം ബംഗളൂരുവിലെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.ഇതില്‍ നിപ കണ്ടെത്തിയതോടെ സ്വകാര്യ ആശുപത്രി വിവരം ആരോഗ്യ വകുപ്പിന് കൈമാറി.തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമ്പിളുകൾ ആലപ്പുഴയിലേക്കും പൂനയിലേക്കും മണിപ്പാലിലേക്കും അയച്ചു. ആലപ്പുഴയിലെ പരിശോധനയിലും നിപ തന്നെയെന്ന് കണ്ടെത്തി.ഇന്ന് രാവിലെ പൂനെ വൈറോളജി ലാബും നിപ സ്ഥിരീകരിച്ചുള്ള വിവരം സംസ്ഥാന ആരോഗ്യവകുപ്പിന് അനൌദ്യോഗികമായി കൈമാറി.സമാനമായ റിപോര്‍ട്ട് തന്നെയാണ് മണിപ്പാല്‍ ലാബിന്റെതെന്നുമാണ് സൂചനകള്‍. പക്ഷേ മണിപ്പാലില്‍ നിന്നുള്ള റിപോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും നിപ ബാധ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക.
അതേസമയം നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്‍റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില്‍ പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്‍ന്ന് ആരോഗ്യ ഡയറക്ടര്‍ ഇന്നലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിയുന്ന യുവാവിനെ പരിചരിക്കേണ്ടതടക്കമുള്ള നിര്‍ദേശങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു.കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന
തിരുവനന്തപുരം:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന.പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ട്.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. തൃശൂരില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചത്.അതേസമയം നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ എല്ലാ സജ്ജീകരമങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.